UPDATES

മാവിലംതോട്, എടയ്ക്കല്‍ ഗുഹ… അധികൃതരുടെ അനാസ്ഥ കൊണ്ട് നഷ്ടപ്പെടുന്ന കേരളത്തിന്റെ ചരിത്ര സമ്പത്തുകള്‍

ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ കേരള സിംഹം പഴശ്ശിരാജ മരിച്ചു വീണ സ്ഥലമാണ് മാവിലാംതോട്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യൂ വരിച്ച കേരള സിംഹം കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ജീവന്‍ പൊലിഞ്ഞ വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത മാവിലാംതോട്ടിലെ സ്മാരക തറ, 1894 ല്‍ കണ്ടെത്തിയതും സംസ്ഥാനത്തെ തന്നെ ഏറ്റവും അധികം ബ്രാഹ്മി ലിഖിതങ്ങള്‍ ഉള്ളതുമായ എടയ്ക്കല്‍ ഗുഹ തുടങ്ങി വയനാട്ടിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്നതു കടുത്ത അലംഭാവം.

ലോക വിനോദ സഞ്ചാര ഭൂപട പട്ടികയില്‍ തന്നെ ഒന്‍പതാം സ്ഥാനമെന്ന ഖ്യാതി നേടിയ വയനാട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇവിടെ സഞ്ചാരികളലുടെ തിരക്ക് ഒഴിഞ്ഞ ഒരു നേരവും ഇല്ല. ഓരോ വര്‍ഷം കഴിയുംതോറും സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം ചരിത്ര സ്മാരകങ്ങള്‍ നിരവധി ഉള്ള ജില്ല എന്ന നിലയിലും വയനാടന്‍ യാത്രകള്‍ സഞ്ചാരികള്‍ക്ക് എന്നും നിറം പകരാറുണ്ട്. പക്ഷേ ടൂറിസം വകുപ്പിനും അധികൃതര്‍ക്കുമൊന്നും ഇത് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. വയനാട്ടിലെ പല ടൂറിസം കേന്ദ്രങ്ങള്‍ക്കും വളര്‍ച്ചയേക്കാള്‍ തളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശമ്പളക്കുറവ്, അടിസ്ഥാന സൗകര്യമില്ലായ്മ, ആവശ്യത്തിനു ജീവനക്കാരില്ലാത്തത്, തുുടങ്ങി പലകാരണങ്ങളും വയനാട്ടിലെ ടൂറിസം മേഖലയില്‍ തിരിച്ചടികളാകുന്നുണ്ട്.

വയനാട്ടില്‍ എന്ന കേരളത്തിന്റെ തന്നെ പ്രധാനമായി ആവശ്യമായി സംരക്ഷിക്കപ്പെടേണ്ടതാണ് ചരിത്ര സ്മാരകങ്ങളായ എടയ്ക്കല്‍ ഗുഹയും മാവിലാംതോടും. ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ടൂറിസം കേന്ദ്രങ്ങള്‍. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന പല പദ്ധതികളും വാഗ്ദാനങ്ങളും ചുവപ്പ് നാടയില്‍ മാത്രമായി ഒതുങ്ങുമ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെയാണ് അറിഞ്ഞോ അറിയാതെയോ അധികൃതര്‍ ഇല്ലാതാക്കുന്നത്.

ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ കേരള സിംഹം പഴശ്ശിരാജ മരിച്ചു വീണ സ്ഥലമാണ് മാവിലാംതോട്. കേരള കര്‍ണാടക വനാതിര്‍ത്തിയിലെ വണ്ടിക്കടവിനടുത്താണ് ഈ ചരിത്ര പ്രസിദ്ധമായ ഈ സ്ഥലം. അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം ഇപ്പോള്‍ പകല്‍ സമയത്ത് സാമൂഹിക വിരുദ്ധരുടെയയും രാത്രയില്‍ കാട്ടാനകളുടെയും കേന്ദ്രമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണെങ്കില്‍ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്തമേ അല്ല എന്ന നിലപാടും.

വാഗ്ദാനങ്ങളുടെ പൂമഴയ്ക്ക് മാവിലാംതോടിന് ഒരു കുറവും ഉണ്ടായിട്ടില്ല. ആ കാര്യത്തില്‍ മാത്രം ജില്ലാ പഞ്ചായത്തും മന്ത്രിമാരും ബ്ലോക്ക് പഞ്ചായത്തുമൊക്കെ മത്സരിച്ചു. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മതില്‍, ചെറുവേലി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പൂന്തോട്ടം, സമീപത്തുള്ള കന്നാരം പുഴയില്‍ തടയണ നിര്‍മ്മിച്ച് അതില്‍ ബോട്ട് സവാരി, ചരിത്ര മ്യൂസിയം ഇതൊക്കെയാണ് വാഗ്ദാന പട്ടിക. പക്ഷേ ഒന്നും ഇതുവരെ നടന്നിട്ടില്ലെന്നു മാത്രം. പുറംമ്പോക്കിലെ തുണ്ട് ഭൂമിയില്‍ പഞ്ചായത്ത് നിര്‍മിച്ച സ്മാരക തറയും പിന്നീട് ജില്ലാ പഞ്ചായത്ത് ഉണ്ടാക്കിയ സ്മാരക കവാടവും ആകെയുണ്ട്. ബാക്കിയൊന്നും പാതിവഴിയില്‍ ആയിട്ടുപോലുമില്ല. സ്വകാര്യഭൂമിയില്‍ കൂടി വേണമായിരുന്നു ആദ്യകാലത്തു സന്ദര്‍ശകര്‍ സ്മാരക തറയില്‍ എത്താന്‍. ഇതിനു പരിഹാരമായിട്ടായിരുന്നു ജില്ലാ പഞ്ചായത്ത് രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്. അവിടെ പഴശ്ശിയുടെ പേരില്‍ പല പദ്ധതികളും നടപ്പാക്കുമെന്നും വാഗ്ദാന പട്ടിക നിറവേറ്റാന്‍ 1.78 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി വരികയാണെന്നുമൊക്കെ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. പക്ഷെ അതും ഒന്നും നടന്നില്ല. പഴശ്ശി പ്രതിമ അനാച്ഛാദനം ചെയ്യാന്‍ വന്ന അന്നത്തെ ടൂറിസം വകുപ്പു മന്ത്രിയും മോശമാക്കിയില്ല. രാജ്യത്തെ തന്നെ മികച്ച കേന്ദ്രമാക്കി മാവിലാംതോടിനെ മാറ്റും എന്നാണു മന്ത്രി പറഞ്ഞത്.

ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച പഴശ്ശിരാജ സ്മാരക ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, നിര്‍മ്മിതി കേന്ദ്ര നിര്‍മ്മിച്ച കെട്ടിടമടക്കം അനാഥമായി കിടക്കുകയാണ് ഇന്നും. ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച പഴശ്ശിയുടെ പൂര്‍ണ്ണകായ പ്രതിമ മാത്രമാണ് ആകെയൊരാശ്വാസം.

‘ജില്ലാ പഞ്ചായത്തും ഇപ്പോള്‍ മാവിലാംതോടിനെ മറന്നു. നാട്ടില്‍ ഞങ്ങള്‍ ഉണ്ടാക്കിയ മാവിലാംതോട് സംരക്ഷണ സമിതിക്ക് പോലും ഈ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. നിര്‍മ്മാണത്തിന്റെ പേരില്‍ ഈ സ്ഥലത്തെ മരം മുറിച്ചതുമായി ബന്ധപ്പെട്ട കേസും നിയമ നടപടിയുമൊക്കെ പദ്ധതി പൂര്‍ത്തികരണത്തിന് തടസ്സമായി എന്നാണ് അധികൃതര്‍ പറയുന്നത്. മാവിലാംതോടിന്റെ പ്രാധാന്യം മനസ്സിലാക്കി ഇവിടെ വരുന്ന പലരും നിരാശരായി മടങ്ങുന്നത് കാണാം.’ വ്യാപാരിയായ രാമന്‍കുട്ടി പറയുന്നു. എല്ലാ വര്‍ഷവും നവംബര്‍ 30ന് പഴശ്ശി അനുസ്മരണം നടത്തിയാല്‍ മാത്രം ഈ ചരിത്ര സ്മാരകത്തിന്റെ പ്രാധാന്യമോ പദവിയോ നിലനിര്‍ത്താനോ സംരക്ഷിക്കാനോ കഴിയില്ലെന്ന് അധികൃതര്‍ ഇനിയും മനസ്സിലാക്കേണ്ടതുണ്ട്.

പൈതൃക പദവിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന എടയ്ക്കല്‍ ഗുഹയുടെ സ്ഥിതിയും വ്യത്യസ്തമല്ല. യുനെസ്‌ക്കോയുടെ പൈതൃക പദവി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്താതതതിനാലാണ് എടയ്ക്കല്‍ ഗുഹയുടെ സ്വപ്നങ്ങള്‍ പൂവണിയാത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുനെസ്‌കോയുടെ ന്യൂഡല്‍ഹി ഫോറമാണ് പഠനം ആരംഭിച്ചതെങ്കിലും ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം പാതി വഴിയില്‍ നിന്നു പോവുകയാണ് ഉണ്ടായത്.
നവീന ശിലായുഗത്തിന്റെ സംസ്‌കൃതിയെ ശിലയില്‍ രേഖപ്പെടുത്തിയ എടയ്ക്കല്‍ ഗുഹ പൈതൃക പദവിക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമാണെന്ന് ചരിത്ര വിദഗ്ദര്‍ കണ്ടെത്തിയുന്നു. 1894ല്‍ മലബാര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന ഫോസ്റ്റാണ് ചിത്രങ്ങളും എഴുത്തുകളും ആദ്യമായി പുറം ലോകത്തിന് കാട്ടിക്കൊടുത്തത്. തുടര്‍ന്ന് ഗുഹയിലെ ശിലാ ലിഖിതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തുകയും കേരളത്തില്‍ തന്നെ ഇത്രയധികം തെളിവുകള്‍ അവശേഷിക്കുന്ന മറ്റൊരു കേന്ദ്രമില്ലെന്നും കണ്ടെത്തിയതുമൊക്കെ ശരി തന്നെ. ആ ശരിയില്‍ നിന്നും 2011ല്‍ തുടങ്ങിയ പൈതൃക പദവിക്ക് വേണ്ടിയുള്ള പഠനം 2012ഓടെ ഊര്‍ജ്ജിതമായെങ്കിലും പതിയെ പതിയെ അതും അസ്തമിച്ചു പോയി.

പൈതൃക പദവി ഒരു കേന്ദ്രത്തിന് യുനെസ്‌കോ നല്‍കുന്നത് കാലപ്പഴക്കത്തെ മാത്രം നോക്കിയല്ല. അതില്‍ അപൂര്‍വതയും വ്യത്യസ്തതയുമാണ് പ്രധാനം. എടയ്ക്കലിനോട് സാമ്യമുള്ള ശിലാലിഖിതങ്ങള്‍ വേറെ ഉണ്ടെങ്കിലും ഇത്രയും വലുപ്പത്തിലും വീതിയുള്ളതുമായത് ഇന്ത്യയില്‍ മറ്റിടങ്ങളില്‍ ഇല്ലാത്തത് എടയ്ക്കലിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ‘പൈതൃക പദവി ലഭിച്ചാല്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സംരക്ഷണം ഗുഹാ ചിത്രങ്ങള്‍ക്ക് ലഭിക്കും. ഇതിന്റെ പ്രാരംഭ നടപടികളെല്ലാം നടന്ന് വരികയാണ്. ശിലാലിഖിതങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണവും പ്രാധാന്യവും കൈ വരുന്നതോടെ അത് ലോകത്തിന് മുന്‍പില്‍ തന്നെ എടയ്ക്കലിന് വലിയ പ്രാധാന്യം കൈവരും.‘ എടയ്ക്കല്‍ ഗുഹ മാനേജര്‍ ബിനു ജോസഫ് പറയുന്നു.

മനുഷ്യര്‍, മൃഗങ്ങള്‍, ചക്രങ്ങള്‍ എന്നിവയുടെയല്ലാം ചിത്രങ്ങള്‍ ഗുഹയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2015 ല്‍ എടയ്ക്കലില്‍ റോക്ക് ഷെല്‍ട്ടര്‍ ഉള്‍പ്പെടുന്ന അഞ്ച് ഏക്കറിന് ചുറ്റും 300 മീറ്റര്‍ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചുട്ടുണ്ടെങ്കിലും മഴയും സമീപ പ്രദേശങ്ങളിലെ പാറകളിലെ ഖനനവും മഴത്തുള്ളികള്‍ പതിയുന്നതുമൊക്കെ ചിത്രങ്ങളുടെ നാശത്തിന് കാരണമാക്കുന്നുണ്ട്. വര്‍ഷത്തില്‍ 5 ലക്ഷം സന്ദര്‍ശകരാണ് എടയ്ക്കലില്‍ സന്ദര്‍ശനം നടത്തുന്നത്. കേരളത്തില്‍ തന്നെ ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ചരിത്ര പ്രാധാന്യം ഉള്ള സ്ഥലം എടയ്ക്കല്‍ ഗുഹയാണ്.

അമ്പുകുത്തിമലയിലെ 120 വര്‍ഷം പഴക്കമുള്ള ഈ ചരിത്ര സ്മാരകത്തോടുള്ള അലസ മനോഭാവം മാറ്റി എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനെല്ലാം ഡി.റ്റി.പി.സിയും ഉദ്യോഗസ്ഥരും, ജന പ്രതിനിധികളും ജില്ലാ പഞ്ചാത്തുമെല്ലാം ഒരുപോലെ മുന്‍പോട്ട് വരണം. ഈ അതുല്യമായ ചരിത്ര സ്മാരകങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ച് പിടിക്കാന്‍ കഴിയാത്ത ഒരു സംസ്‌കാരം കൂടിയാവും നമുക്ക് നഷ്ടമാവുക.

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനാണ് ജിബിന്‍ വര്‍ഗീസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍