UPDATES

ഓട്ടോമൊബൈല്‍

ഇസുസു എം യു എക്‌സ് ഇന്ത്യയിലെത്തി

ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന എംയു എക്‌സിന്റെ എസി വെന്റസ് റൂഫില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ രണ്ടും മൂന്നും നിരയിലെ യാത്രക്കാര്‍ക്ക് സുതാര്യമായി യാത്ര ചെയ്യാം.

ലോകത്തെ ഏറ്റവും മികച്ച എസ്യുവികളും ഓഫ് റോഡ് വാഹനങ്ങളും നിര്‍മിക്കുന്ന ജാപ്പനീസ് കമ്പനി ആയ ഇസുസു ഇന്ത്യയിലും ചുവടുറപ്പിക്കുകയാണ്. ഇസുസുടെ തന്നെ മോഡലായ എംയു 7 ഇന്ത്യയില്‍ അവതരിച്ചിരുന്നെങ്കിലും കാര്യമായ പ്രകടനം കാഴ്ച വച്ചിരുന്നില്ല. എം യു 7 പിന്‍വലിച്ചിട്ടാണ് ഇസുസു എംയുഎക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. എം യു എക്‌സിന്റെ ഗൗരവ പ്രകൃതം ഇസുസുടെ തന്നെ മറ്റൊരു മോഡലായ ഡി മാക്‌സ് വി ക്രോസ്സിന്റെ മുഖചിത്രമാണ് ഓര്‍മിപ്പിക്കുന്നത്.

17 ഇഞ്ച് വരുന്ന ഡയമണ്ട് കട്ട് അലോയ് വീലിന്റെ അര്‍ച്ച് ആകര്‍ഷകമായ ആകാരം നല്‍കുന്നു. പരന്നതും ലെതറില്‍ തീര്‍ത്തതുമായ ഡാഷ്ബോര്‍ഡ് ആണ് എംയു എക്സിന്റേത്. കറുപ്പും സില്‍വരും ചേര്‍ന്ന ഇന്റീരിയര്‍ ക്ലാസ്സി ലുക്ക് നല്‍കുന്നു. ക്രൂയിസ് കണ്ട്രോള്‍, ഇലക്ട്രോണിക് അഡ്ജസ്റ്റബിള്‍ ഡ്രൈവിംഗ് സീറ്റ്, ട്രാക്ഷന്‍ കണ്ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്‍, എബിഎസ് സംവിധാനം, ഡ്യൂവല്‍ എയര്‍ ബാഗ് തുടങ്ങിയ അനവധി സവിശേഷതകള്‍ ഈ മോഡലിനുണ്ട്. സമകാലിക രീതിയിലുള്ള ടു പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈ പതിപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന എംയു എക്‌സിന്റെ എസി വെന്റസ് റൂഫില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ രണ്ടും മൂന്നും നിരയിലെ യാത്രക്കാര്‍ക്ക് സുതാര്യമായി യാത്ര ചെയ്യാം. റൂഫില്‍ പിടിപ്പിച്ചിരിക്കുന്ന സ്പീക്കറുകള്‍ മികച്ച ഓഡിയോ അനുഭവം ഉറപ്പാക്കുന്നു. റൂഫില്‍ നല്‍കിയിട്ടുള്ള 10 ഇഞ്ചോടുകൂടിയ സ്‌ക്രീന്‍ പിന്നിലെ യാത്രക്കാര്‍ക്ക് സിനിമ അല്ലെങ്കില്‍ മറ്റുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായകമാകുന്നു. പിന്നിലെ സീറ്റ് യാത്രയുടെ സ്വഭാവത്തിനനുസരിച്ച് ആവശ്യാനുസരണം മടക്കി വെച്ചു ലഗേജ് സ്‌പേസ് ആയി ഉപയോഗിക്കാം.

മൂന്നു ലിറ്ററിന്റെ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ആണ് ഇസുസു എംയു എക്സിനു കരുത്ത് പകരുന്നത്. 3,600 ആര്‍പിഎമ്മില്‍ 174 ബിഎച്ച്പിയും 1800-2800 ആര്‍പിഎമ്മില്‍ പരമാവധി 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. മുന്തിയ സുരക്ഷാ ക്രമീകരണങ്ങളോട് കൂടി എത്തുന്ന ഇസുസു എംയു എക്സിനു 2060കിലോഗ്രാം ഭാരം വരും. കുടുംബത്തിലെ എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ സഞ്ചരിക്കാന്‍ യോജിച്ച മോഡലാണിത്. സുരക്ഷ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പോലെ ഓഫ് റോഡ് യാത്രകള്‍ക്കും ഉതകുന്ന തരത്തിലാണ് എം യു എക്‌സിന്റെ രൂപകല്പന.

ബമ്പറിന്റെ ഇരുവശവും ഉള്ള ഹെഡ്‌ലാംപിനോട് ചേര്‍ന്ന് ഡേ ടൈം റണ്ണിങ് ലാംപ് കൊടുത്തിട്ടുണ്ട്. ഓഫ് റോഡ് വാഹനത്തിനു ചേരുംവിധം വമ്പന്‍ വീല്‍ ആര്‍ച്ചുകള്‍ നല്‍കിയത് എം യു എക്സിനു സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു. ടയറുകള്‍ക്ക് മദ്ധ്യേ ഫുട്‌സ്റ്റെപ് കൊടുത്തിട്ടുണ്ട്. പിന്‍ഭാഗത്ത് ആകര്‍ഷകമായ വലിയ ടൈല്‍ ലാമ്പുകളും ഉണ്ട്. രണ്ടു ടെയില്‍ ലാമ്പുകള്‍ക്കിടയില്‍ നീണ്ട ക്രോമിയം സ്ട്രിപ്പ് ഉണ്ട്. പിന്നിലെ ബമ്പറില്‍ റിവേഴ്സ് ലൈറ്റും റിഫ്‌ലക്ടറും നല്‍കിയിരിക്കുന്നു. പ്രൗഢവും ഭംഗിയും ഒത്തിണങ്ങിയ എം യു എക്സില്‍ പിയാനോ ബ്ലാക്കിന്റെ സ്പര്‍ശം എസി വെന്റിലും സെന്റര്‍ കണ്‍സോളിലും കാണാം.

ആംറെസ്റ്റിലും ഡോര്‍ പാടിലും സോഫ്റ്റ് ലെതര്‍ കുഷ്യന്‍ നല്‍കിയിട്ടുണ്ട്. ലെതര്‍ അപ്പോള്‍സ്റ്റര്‍ ആണ് സീറ്റുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. ഉയര്‍ന്ന സീറ്റുകള്‍ ഉള്ള എസ്യുവി എന്ന പ്രത്യേകത കൂടി ഈ മോഡലിനുണ്ട്. 7 ഇഞ്ച് വരുന്ന ടച്ച് സ്‌ക്രീന്‍ ആണ് ഡാഷ്‌ബോഡിലെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ധാരാളം ലെഗ് സ്‌പേസ് ഉള്ളതിനാല്‍ തിയേറ്റര്‍ സീറ്റിങ് സംവിധാനം പോലെ സുഖകരമായി യാത്ര ചെയാം.

എം യു എക്‌സ് 4:4, 4:2 എന്നിങ്ങനെ രണ്ടു വാരിയന്റുകളില്‍ ലഭ്യമാണ്. 4:4 പതിപ്പിന് 28,22,959 രൂപയാണ് എക്‌സ് ഷോറൂം വില. 4:2 പതിപ്പിന് 26,26,842 രൂപയാണ് വില.(ഹൈദരാബാദ് എക്‌സ് ഷോറൂം വില).

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍