UPDATES

ഓട്ടോമൊബൈല്‍

ഓഫ് റോഡുകള്‍ കീഴടക്കാന്‍ സ്‌ക്രാംബ്ലര്‍ 1200മായി ട്രിയംഫ് എത്തുന്നു

ഡിസൈനില്‍ സ്‌ക്രാംബ്ലര്‍ 1200ന് സഹോദര മോഡലായ സ്‌ക്രാംബ്ലര്‍ 900മായി സാമ്യം തോന്നിയേക്കാം.

ഓണ്‍റോഡ് – ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ പുത്തന്‍ മോഡലുമായി എത്തിയിരിക്കുകയാണ് ട്രിയംഫ്. അതെ, യാത്രകളോട് അടങ്ങാത്ത അഭിനിവേശം ഉള്ളവര്‍ക്ക് കൂടെ കൂട്ടാന്‍ ഇതാ ഒരു സാഹസിക സഞ്ചാരി- സ്‌ക്രാംബ്ലര്‍ 1200. എക്‌സ് സി, എക്‌സ് ഇ എന്നിങ്ങനെ രണ്ടു പതിപ്പുകളിലായി ഈ മോഡല്‍ ലഭ്യമാണ്. രണ്ടു പതിപ്പുകളും എല്ലാ തരം ഭൂപ്രദേശങ്ങളും കീഴടക്കാന്‍ പോന്ന കരുത്തന്മാര്‍ തന്നെ. എന്നാല്‍ എക്‌സ് ഇ വേരിയന്റ് കൂടുതലായും ഓഫ് റോഡ് യാത്രകളെ കേന്ദ്രീകരിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഡിസൈനില്‍ സ്‌ക്രാംബ്ലര്‍ 1200 സഹോദര മോഡലായ സ്‌ക്രാംബ്ലര്‍ 900മായി സാമ്യം തോന്നിയേക്കാം. എല്‍ ഇ ഡി ലാമ്പുകളും ഹൈ മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സംവിധാനവും സ്‌ക്രാംബ്ലര്‍ 900ന്റെ സമാനമായി തന്നെയാണ് സ്‌ക്രാംബ്ലര്‍ 1200ലും നല്‍കിയിരിക്കുന്നത്. എക്‌സ് സി പതിപ്പ് 2,285 എംഎം നീളവും എക്‌സ് ഇ പതിപ്പ് 2,325 എംഎം നീളവും ആണ് ഉള്ളത്. ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ഇഗ്‌നിഷന്‍, ക്രൂയിസ് കണ്ട്രോള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ സിസ്റ്റം, ഹീറ്റഡ് ഗ്രിപ്‌സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യു എസ് ബി പോര്‍ട്ട് എന്നിങ്ങനെ പുതുതലമുറ വാഹനങ്ങള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാം തന്നെ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

റൈഡിങ്ങില്‍ കുറച്ചു കുസൃതി ഇഷ്ടമാണോ? എങ്കില്‍ ട്രിയംഫ് നിങ്ങള്‍ക്കായി ഗോപ്രോ കണ്ട്രോള്‍ സിസ്റ്റം സമ്മാനിക്കുന്നതാണ്. ഈ സംവിധാനം നിങ്ങള്‍ക്ക് ടി എഫ് ടി സ്‌ക്രീനും സ്വിച്ച് ഗിയറും വഴി നിയന്ത്രിക്കാം. ഇത് ആദ്യമായ് മോട്ടോസൈക്കിളില്‍ ഉപയോഗിച്ചിരിക്കുന്നത് ട്രിയംഫ് ആണ് എന്ന പ്രത്യേകത കൂടി ശ്രദ്ധേയമാണ്. 1200 സിസിയുടെ ലിക്വിഡ് കുള്‍ഡ് മോട്ടോര്‍ ആണ് ഈ പുത്തന്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. 7,400 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പിയും 3,950 ആര്‍പിഎമ്മില്‍ 110 എന്‍എമ്മും ഉത്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ട്രക്‌സ്ടണ്‍ 1200 ആറില്‍ (Thruxton 1200 R ) ഉപയോഗിച്ചിട്ടുള്ള എന്‍ജിന്‍ തന്നെയാണ് സ്‌ക്രമ്‌ബ്ലെര്‍ 1200ലും ഘടിപ്പിച്ചിരിക്കുന്നത്.

6 സ്പീഡ് ട്രാന്‍സ്മിഷന്‍ ആണ് ഇതിലുള്ളത്. ക്രമീകരിക്കാവുന്ന തരത്തിലുള്ള ഷോവ യു എസ് ഡി ഫോര്‍ക് മുന്നിലും ഓലിന്‍സ് ഡ്യൂവല്‍ ഷോക്ക് പിന്നിലും നല്‍കിയിട്ടുണ്ട്. രണ്ടു വേരിയന്റുകളിലും സമാന രീതിയിലുള്ള സസ്‌പെന്ഷന്‍ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും എക്‌സ് ഇ പതിപ്പില്‍ എക്‌സ് സിയെക്കാള്‍ 50 എംഎം കൂടുതല്‍ സസ്‌പെന്ഷന്‍ ട്രാവല്‍ ഇണക്കി ചേര്‍ത്തിരിക്കുന്നു. മാത്രമല്ല രണ്ടിലും ഒരുപോലെ ഉള്ള ബ്രേക്കിംഗ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. 320 എംഎം വരുന്ന ഡിസ്‌ക് ബ്രേക്ക് മുന്നിലും 255 എംഎം. ഡിസ്‌ക് ബ്രേക്ക് പിന്നിലും നല്‍കിയിട്ടുണ്ട്.

സ്‌ക്രാംബ്ലര്‍ 1200ല്‍ ആറ് റൈഡിങ് മോഡുകളാണ് ഉള്ളത്. അതില്‍ റോഡ്, റെയിന്‍, ഓഫ് റോഡ്, സ്പോര്‍ട് എന്നീ മോഡുകള്‍ രണ്ടു പതിപ്പുകളിലും ഉണ്ടെങ്കിലും എക്‌സ് ഇ പതിപ്പില്‍ ഓഫ് റോഡ് പ്രൊ എന്ന മോഡ് കൂടി ഉള്‍പെടുത്തിയിട്ടുണ്ട്. കോര്‍ണറിങ് എ ബി എസ്, ഓട്ടോമാറ്റിക് ട്രാക്ഷന്‍ കണ്ട്രോള്‍, ഇനെര്‍ഷിയേല്‍ മെഷര്‍മെന്റ് യൂണിറ്റ് തുടങ്ങിയ സവിശേഷതകളും എക്‌സ് ഇ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സ്‌ക്രാംബ്ലര്‍ 1200 ഇന്ത്യയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും 2019 പകുതിയോടെ ഈ ഉശിരന്‍ നമ്മുടെ കരയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍