UPDATES

വായന/സംസ്കാരം

തിരുവിതാംകൂറിന്റെ ജീവിതസമരവും സി കേശവനും; പാഠപുസ്തകങ്ങള്‍ക്ക് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

പുരസ്‌കാരങ്ങൾ വാരി വിതറുന്നവർ ആരും ഈ മഹാ പുസ്തകം കണ്ടില്ലേ? ഈഴവന്റെ പുസ്തകം ആയതു കൊണ്ട് കോൺഗ്രസ് പണ്ഡിതരും, കോൺഗ്രസുകാരൻ ആയതു കൊണ്ട് ഇടതു ബുദ്ധിജീവികളും തമസ്കരിച്ചതാണോ?

എ ജി ജയശ്രീ

എ ജി ജയശ്രീ

സി കേശവൻ എന്തുകൊണ്ട് വിസ്മരിക്കപ്പെടുന്നു?

ഞാൻ പഠിച്ച, ഞാൻ അറിഞ്ഞ എല്ലാ അറിവുകളേയും തട്ടിതെറിപ്പിച്ച്, അറിവിന്റെ പ്രകാശ ഗോപുരം ആയി എനിക്ക് മുകളിൽ കത്തി നിൽക്കുന്നു, മൂന്നു വർഷങ്ങൾക്ക് മുൻപ് മാത്രം ഞാൻ കാണാൻ ഇട വന്ന സി കേശവന്റെ “ജീവിതസമരം”. സി കേശവൻ മരിച്ചിട്ട് 49 വർഷമായി. 65 വർഷങ്ങൾക്ക് മുൻപ്, 1953-ഇൽ പ്രസിദ്ധീകരിച്ച “ജീവിതസമര”ത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ രാജഭരണ കാലത്തിലെ തിരുവിതാംകൂറിന്റെ ചരിത്രം, രാജഭക്തരായ ആസ്ഥാന ചരിത്രകാരന്മാർ മനഃപൂർവം രേഖപ്പെടുത്താത്ത ചരിത്രം, അസാധാരണമായ ശൈലിയിൽ അവതരിപ്പിക്കുന്നു. സാധാരണ വാക്കുകൾ. (നമ്മുടെ പണ്ഡിതന്മാരുടെ പുസ്തകങ്ങളിൽ കാണാത്ത വെറും സാധാരണ വാക്കുകൾ.) ലളിതമായ ശൈലി. പക്ഷെ ഈ വാക്കുകൾ ജ്വലിക്കുന്നു. പ്രതിപാദിക്കപ്പെടുന്ന വസ്തുതകൾ പൊള്ളുന്നതായതു കൊണ്ട് ലളിതമായ വാക്കുകൾക്കു തീയുടെ തീക്ഷണതയും പ്രകാശവും.

എൻ്റെ അമ്മയുടെയും അച്ഛന്റെയും കാലത്ത്, എന്റെ അമ്മൂമ്മയുടെയും അപ്പൂപ്പൻറെയും കാലത്തു, ഈ കൊച്ചു നാട്ടിൽ നടന്ന മനുഷ്യാവകാശലംഘനത്തിന്റെ കഥ, അവകാശങ്ങൾക്കായി ഇവിടെയുള്ള ഈഴവർ നടത്തിയ നീണ്ട സമരത്തിന്റെ കഥ. ഇത് ഞാൻ പഠിച്ചിട്ടില്ല. എന്റെ തലമുറ പഠിച്ചിട്ടില്ല. എന്റെ മക്കൾ പഠിച്ചിട്ടില്ല. അവരുടെ തലമുറ പഠിച്ചിട്ടില്ല. ഈ മണ്ണിന്റെ ചരിത്രം അറിഞ്ഞു കൂടെങ്കിലും ഞങ്ങൾക്ക് ഫ്രഞ്ച് വിപ്ലവത്തിനെ കുറിച്ചും അമേരിക്കയിലെ വിപ്ലവത്തിനെ കുറിച്ചും നല്ല വിവരം ഉണ്ട്. തിരുവിതാംകൂറിന്റെ ചരിത്രം നമ്മൾ അറിയണ്ടേ? പഠിക്കണ്ടേ? രേഖപ്പെടുത്തണ്ടേ? രേഖപ്പെടുത്തിയ ചരിത്രം, “ജീവിതസമരം”, എന്ത് കൊണ്ട് യൂണിവേഴ്സിറ്റിയുടെ പാഠ്യപദ്ധതിയിൽ കാണുന്നില്ല? എന്ത് കൊണ്ട് ഈ പുസ്തകത്തിന്‍റെ കോപ്പികൾ കോളേജ് ലൈബ്രറികളിൽ കാണുന്നില്ല?

പല കോളേജ് ലൈബ്രറികളിലും ഈ പുസ്തകം ഇല്ല. ഒന്നോ രണ്ടോ ലൈബ്രറികളിൽ ഒന്നോ രണ്ടോ കോപ്പികൾ. അത് കണ്ടിട്ടുള്ളത് ഒന്നോ രണ്ടോ പേർ. ചരിത്ര വിദ്യാര്ഥികളോ അധ്യാപകരോ അവരുടെ സാധാരണ സംഭാഷണങ്ങളിലോ അക്കാദമിക് ചർച്ചകളിലോ ഈ പുസ്തകത്തിനെ പരാമർശിക്കുന്നത് ഞാൻ കേട്ടിട്ടില്ല. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നൂറ്റാണ്ടുകളായി നിലനിന്ന മനുഷ്യാവകാശ ലംഘനം തന്റെ ജീവിതകഥയിൽ കൂടി സി കേശവൻ അവതരിപ്പിക്കുകയാണ്. അവകാശങ്ങൾ നിഷേധക്കപെട്ട ഈഴവ സമുദായം നടത്തിയ ഐതിഹാസിക സമരങ്ങൾ ആണ് ഈ പുസ്തകത്തിലെ പ്രധാന പ്രമേയം. മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം ഇല്ല. ഇഷ്ടമുള്ള പേര് ഇടാനുള്ള അവകാശമില്ല. ഭൂമി വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും നിയന്ത്രണം. ആരാധനയ്ക്ക് സ്വാതന്ത്ര്യമില്ല. പൊതു നിരത്തു ഉപയോഗിക്കാൻ അവകാശമില്ല. ആഭരണം ഇടാൻ അവകാശമില്ല. വിദ്യയും വിദ്യാലയങ്ങളും സർക്കാർ ആപ്പീസുകളും അന്യം. എങ്ങനെയെങ്കിലും പഠിച്ചാൽ പോലും സർക്കാർ ഉദ്യോഗത്തിന് അർഹരല്ല.

ഈ ഇല്ലായ്മകൾ സൃഷ്ടിച്ച രാജഭരണത്തിനെതിരെ നടത്തിയ നീണ്ട സമരത്തിന്റെ കഥയാണ് “ജീവിതസമരം”. എന്ത് കൊണ്ടാണ് സി കേശവൻ സത്യസന്ധമായി രേഖപ്പെടുത്തിയ ഈ തിരുവിതാംകൂര്‍ ചരിത്രം അക്കാദമിക് പണ്ഡിതന്മാർ ഒതുക്കിയത്? രാജഭക്തി ഇന്നും ഓച്ഛാനിച്ചു നിൽക്കുന്ന തിരുവനന്തപുരം കേരള സർവകലാശാലയുടെ ആസ്ഥാനം ആകുമ്പോൾ ഈ ചോദ്യം ചോദിക്കുന്നത് മൗഢ്യമാണ്. പുരസ്‌കാരങ്ങൾ വാരി വിതറുന്നവർ ആരും ഈ മഹാ പുസ്തകം കണ്ടില്ലേ? ഈഴവന്റെ പുസ്തകം ആയതു കൊണ്ട് കോൺഗ്രസ് പണ്ഡിതരും, കോൺഗ്രസുകാരൻ ആയതു കൊണ്ട് ഇടതു ബുദ്ധിജീവികളും തമസ്കരിച്ചതാണോ?

RSS-ഇന്റെ മുദ്രാവാക്യങ്ങളിൽ പുളകം കൊണ്ട്, ഒരിക്കൽ നിഷേധിച്ചിരുന്ന ഹിന്ദു ആചാരങ്ങൾ ഇന്ന് അത്യുത്സാഹത്തോടെ പാലിക്കുന്ന ഈഴവരോട് എനിക്ക് പറയാനുള്ളത് ഇതാണ്: ചവിട്ടി മെതിക്കപെട്ട ഒരു സമൂഹത്തിന്റെ പിൻതലമുറക്കാരായ നിങ്ങൾ ഈ പുസ്തകം വായിച്ചിരിക്കണം. നിങ്ങളുടെ പിതാമഹന്മാർ നടത്തിയ ജീവിതസമരങ്ങൾ അറിയണം. ചരിത്രകാരന്മാർ തുന്നിപ്പിടിപ്പിച്ച തൊങ്ങലും കിന്നരിയും അഴിഞ്ഞു വീണ് തിരുവിതാംകൂർ നഗ്നമായി നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ ഞെട്ടും. ഇതിലെ ഓരോ പേജും നിങ്ങളെ ഞെട്ടിക്കും. ഈ പുസ്തകത്തിനോട് മുഖം തിരിക്കുന്നവർ മലയാള ഭാഷയെ നിന്ദിക്കുകയും, തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ഒരു വലിയ ജന സമൂഹത്തെയും അവരുടെ സമരത്തെയും പരിഹസിക്കുകയും ആണ് ചെയ്യുന്നത്.

എ ജി ജയശ്രീ

എ ജി ജയശ്രീ

മുന്‍ പ്രിന്‍സിപ്പല്‍, എസ് എന്‍ കോളേജ് കൊല്ലം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍