UPDATES

ഓട്ടോമൊബൈല്‍

ഇരുചക്ര വാഹനങ്ങളില്‍ ‘ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍’ സംവിധാനം നിര്‍ബന്ധമാക്കുന്നു

2017 ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും

ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളില്‍ ‘ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍’ (എ.ഒ.എച്ച്) സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. 2017 ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എ.ഒ.എച്ച് സംവിധാനം നിര്‍ബന്ധമാക്കുന്നത്.

ഇതോടെ ഇരുചക്ര വാഹനങ്ങളിലുള്ള ഹെഡ്‌ലൈറ്റ് ഓണാക്കാനും ഓഫാക്കാനുമുള്ള സ്വിച്ച് (വലത്തെ ഹാന്‍ഡിലില്‍ ഘടിപ്പിച്ചിരിക്കുന്ന) ഇല്ലാതാകും. പുതിയ ഇരുചക്ര വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ ഹെഡ് ലാമ്പ് ഇനി ഓഫാക്കാന്‍ സാധിക്കില്ല. നിലവില്‍ ആഢംബര കാറുകളിലും ചില വിലയേറിയ ബൈക്കുകളിലും ഡേ ടൈം റണ്ണിങ് ലൈറ്റിന് സമാനമായ സംവിധാനം തന്നെയാണ് എ.ഒ.എച്ച്.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഇരുചക്ര വാഹനങ്ങളില്‍ 2003 മുതല്‍ ഡേ ടൈം റണ്ണിങ് ലൈറ്റും എ.ഒ.എച്ചും ഉപയോഗിക്കുന്നുണ്ട്. നേരത്തെ ഇതേക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് ഈ സംവിധാനം നടപ്പാക്കിയ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ കുറഞ്ഞതായി കമ്മറ്റി കണ്ടെത്തിയിരുന്നു.

ഇരുചക്രവാഹനങ്ങള്‍ വളരെ വേഗം മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പകലും രാത്രിയും ഇരുചക്രവാഹനങ്ങളുടെ വിസിബിലിറ്റി വര്‍ധിപ്പിക്കാന്‍ എ.ഒ.എച്ചിന് സാധിക്കുമെന്ന് ഈ രംഗത്തുള്ള വിദഗ്ദ്ധരുടെയും അഭിപ്രായം.

നിലവില്‍ കെ.ടി.എം, ഹോണ്ട തുടങ്ങിയ നിര്‍മ്മാതാക്കള്‍ എ.ഒ.എച്ച് സംവിധാനം ഇരുചക്ര വാഹനങ്ങളില്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ട്. മറ്റ് വാഹന നിര്‍മ്മാതക്കളും പുതിയ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍