UPDATES

ഓട്ടോമൊബൈല്‍

മള്‍ട്ടിക്‌സ് വിടവാങ്ങി

ഇന്ത്യയിലെ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനമായിരുന്നു എയ്ഷര്‍ പൊളാരിസ് പ്രൈവറ്റ്‌  ലിമിറ്റഡ് പുറത്തിറക്കിയ മള്‍ട്ടിക്‌സ്

ഇന്ത്യയിലെ ആദ്യ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനം മള്‍ട്ടിക്‌സ് ഇനി വിപണിയിലുണ്ടാവില്ല. അമേരിക്കന്‍ കമ്പനി പൊളാരീസ് ഇന്‍ഡസ്ട്രീസും ഇന്ത്യയിലെ എയ്ഷര്‍ മോട്ടോഴ്‌സും തുല്യപങ്കാളിത്തത്തോടെ ആരംഭിച്ച എയ്ഷര്‍ പൊളാരീസ്  പ്രൈവറ്റ്‌ ലിമിറ്റഡ് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണിത്. ആറ് വര്‍ഷം മുമ്പാണ് ഈ സംയുക്ത സംരംഭം ആരംഭിച്ചത്. 2017 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ആകെ 289.50 കോടി രൂപയാണ് ഇരുകമ്പനികളും ചേര്‍ന്ന് മുതല്‍മുടക്കിയത്. 2017 മാര്‍ച്ച് 31 വരെ 91.83 കോടി രൂപയുടെ നഷ്ടമുണ്ടായി. സംയുക്ത സംരംഭത്തെ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് അത് അവസാനിപ്പിക്കാന്‍ ഇരുപങ്കാളികളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

2012 ഒക്ടോബറിലാണ് എയ്ഷര്‍ പൊളാരിസ് പ്രൈവറ്റ്‌  ലിമിറ്റഡ് രൂപം കൊണ്ടത്. 2015 ലാണ് മള്‍ട്ടിക്‌സിനെ പുറത്തിറക്കിയത്. ഗ്രമീണരുടെയും ചെറുകിട കച്ചവടം നടത്തുന്നവരുടെയും ആവശ്യങ്ങള്‍ നിറവേറ്റും വിധം പ്രത്യേകം തയ്യാറാക്കിയ വാഹനമായിരുന്നു മള്‍ട്ടിക്‌സ്. മോശം റോഡുകളിലൂടെയുള്ള ഓട്ടത്തിന് അനുയോജ്യമായ ഇന്‍ഡിപ്പെന്‍ഡന്റ് സസ്‌പെന്‍ഷന്‍, മികച്ച മൈലേജുള്ള ഡീസല്‍ എന്‍ജിന്‍, എന്‍ജിന്‍ പവര്‍ ഉപയോഗപ്പെടുത്തി വൈദ്യുതി നിര്‍മിക്കാനുള്ള സംവിധാനം തുടങ്ങിയ ഉപകാരപ്രദമായ സൗകര്യങ്ങള്‍ ഇതിനുണ്ടായിരുന്നു. ഒരേ സമയം ആവശ്യം അനുസരിച്ച് യാത്ര വാഹനമായും ചരക്ക് വാഹനമായും മള്‍ട്ടിക്‌സ് ഉപയോഗിക്കാം.

പോളാരിസിന്റെ ആള്‍ ടെറെയ്ന്‍ വാഹനങ്ങളുടെ പോലെ ട്യൂബുലാര്‍ ഫ്രെയിമുള്ള മള്‍ട്ടിക്‌സിന് 225 മിമീ ആയിരുന്നു ഗ്രൗണ്ട് ക്ലിയറന്‍സ്. അഞ്ച് പേര്‍ക്ക് ഇരിക്കാവുന്ന വിധം സീറ്റുകള്‍ നിവര്‍ന്നിരിക്കമ്പോള്‍ 418 ലീറ്റര്‍ ലഗേജ് സ്‌പേസ് ലഭിക്കും. ഗ്രീവ്‌സ് കോട്ടന്‍ നിര്‍മിച്ച 511 സിസി ഡീസല്‍ എന്‍ജിനായിരുന്നു തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. 2016 ല്‍ ബിഎസ് 4എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന 652 സിസി, വാട്ടര്‍ കൂള്‍ഡ് , ബിഎസ് 4 ഡീസല്‍ എന്‍ജിന്‍ മള്‍ട്ടിക്‌സിന് ഉപയോഗിച്ചു തുടങ്ങി. റിയര്‍ വീല്‍ െ്രെഡവായ മള്‍ട്ടിക്‌സിന്റെ ഒറ്റ സിലിണ്ടര്‍ എന്‍ജിന് 12.80 ബിഎച്ച്പി– 37 എന്‍എം ആയിരുന്നു ശേഷി. നാല് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സുള്ള വാഹനത്തിന് ലീറ്ററിന് 28.45 കിമീ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തത്.

"</p

എന്‍ജിന്റെ പിന്‍ഭാഗത്തുള്ള എക്‌സ്‌പോര്‍ട്ടില്‍ അക്‌സസറിയായി വാങ്ങാവുന്ന ജനറേറ്റര്‍ ഘടിപ്പിക്കാം. എന്‍ജിന്റെ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്ററിന് മൂന്ന് കിലോവാട്ട് വൈദ്യുതി ഉണ്ടാക്കാനാവും. ഡ്രില്ലിങ് മെഷിന്‍, വാട്ടര്‍ പമ്പ്, ലൈറ്റുകള്‍ എന്നിവയൊക്കെ ഈ കറന്റ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ജനറേറ്ററിന് 49,000 രൂപയായിരുന്നു വില.

മള്‍ട്ടിക്‌സിനു കേരളത്തില്‍ 3.49 ലക്ഷം രൂപ മുതലായിരുന്നു എക്‌സ്‌ഷോറൂം വില. കേരളത്തിലും അസമിലുമാണ് മള്‍ട്ടിക്‌സ് ഏറ്റവുമധികം വില്‍പ്പന നടന്നത്. മറ്റു സംസ്ഥാനങ്ങളില്‍ വേണ്ട പോലെ വില്‍പ്പന നേടുന്നതില്‍ മള്‍ട്ടിക്‌സ് പരാജയപ്പെട്ടു. ഇതിനോടകം ആകെ 3,000 മള്‍ട്ടിക്‌സാണ് നിരത്തിലിറങ്ങിയത്. വിപണനത്തിലുണ്ടായ പിഴവണ് മള്‍ട്ടികിസിന്റെ പരാജയത്തിനു കാരണമെന്നു നിസംശയം പറയാം. മള്‍ട്ടിക്‌സിന്റെ മികവ് ജനത്തെ ബോധ്യപ്പെടുത്താന്‍ കമ്പനിയ്ക്ക് കഴിഞ്ഞില്ല. മള്‍ട്ടിക്‌സ് വാഹനങ്ങള്‍ക്ക് തുടര്‍ന്നും വില്‍പ്പനാനന്തരസേവനവും സ്‌പെയര്‍പാര്‍ട്‌സും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍