UPDATES

ഓട്ടോമൊബൈല്‍

ഫോർഡ് ഇക്കോസ്പോർട് എസ്, സിഗ്നേച്ചർ എഡിഷനുകൾ ലോഞ്ച് ചെയ്തു: പുതുതായി എന്തെല്ലാം ഏതെല്ലാം?

ഇക്കോസ്പോർട് എസ് പതിപ്പിലെ പ്രധാന സവിശേഷതകളിലൊന്ന് ഇലക്ട്രിക് സൺറൂഫാണ്. ‘ഫൺ റൂഫ്’ എന്നാണ് ഫോർഡ് ഇതിന് പേരിട്ടിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ചെറു ക്രോസ്സോവർ എസ്‌യുവികളുടെ വിപണിയിൽ വിപ്ലവം സ‍ൃഷ്ടിച്ച വാഹനമാണ് ഫോഡ് ഇക്കോസ്പോർട്. ലോകവിപണിയിൽ തന്നെ പുതിയൊരു എൻജിനുമായി വന്ന് വലിയ തരംഗങ്ങൾ സൃഷ്ടിച്ച ഇക്കോസ്പോർടിന് പുതിയ രണ്ട് വേരിയന്റുകൾ കൂടി ചേർത്തിരിക്കുകയാണ് ഫോർഡ്. എസ് എന്ന പേരിലും സിഗ്നേച്ചർ എഡിഷൻ എന്ന പേരിലുമാണ് ഇവ വരുന്നത്.

ഇക്കോസ്പോർട് എസ് വേരിയന്റിൽ 1 ലിറ്റർ ശേഷിയുള്ള ഇക്കോബൂസ്റ്റ് എൻജിൻ ഘടിപ്പിച്ചിട്ടുണ്ട്. ഈ എൻജിൻ പതിപ്പിന് ദില്ലി ഷോറൂം നിരക്ക് പ്രകാരം 11.37 ലക്ഷം രൂപ വിലവരും. ഡീസൽ എൻജിനാണെങ്കിൽ 11.89 ലക്ഷമാണ് വില.

ഫോർഡ് സിഗ്നേച്ചർ എഡിഷനിൽ ചേർത്തിരിക്കുന്നത് 1.5 ലിറ്റർ ശേഷിയുള്ള ഡ്രാഗൺ സീരീസ് എൻജിനാണ്. പെട്രോൾ എൻജിൻ പതിപ്പിന് 10.40 ലക്ഷവും ഡീസൽ പതിപ്പിന് 10.99 ലക്ഷവുമാണ് വില.

ഇക്കോസ്പോർട് എസ് വേരിയന്റിലെ ഇക്കോബൂസ്റ്റ് എൻജിൻ 123 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 170 എൻഎം ആണ് ടോർക്ക്. എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് ഒരു 6 സ്പീഡ് മാന്വൽ ഗിയർബോക്സാണ്. ലിറ്ററിന് 18.1 കിലോമീറ്ററാണ് മൈലേജ്.

ഇക്കോസ്പോർട് എസ്സിൽ 1.5 ലിറ്റർ ഡീസൽ എൻജിൻ ചേർത്തും ലഭിക്കും. ഇതിന്റെ ശേഷി 98.6 കുതിരശക്തിയാണ്. 205 എൻഎം ടോർക്ക്. ഇതേ എൻജിൻ തന്നെ സിഗ്നേച്ചർ എഡിഷന്റെ ഡീസൽ പതിപ്പിനോടൊപ്പവും ചേർത്തിരിക്കുന്നു.

ഇക്കോസ്പോർട് സിഗ്നേച്ചർ എഡിഷൽനിൽ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗൺ സീരീസ് പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത് 121 കുതിരശക്തിയാണ്. 150 എൻഎം ആണ് ടോർക്ക്. ഇതോടൊപ്പം 5 സ്പീഡ് മാന്വൽ ഗിയർബോക്സ് ചേർത്തിരിക്കുന്നു.

ഇക്കോസ്പോർട് എസ് പതിപ്പിലെ പ്രധാന സവിശേഷതകളിലൊന്ന് ഇലക്ട്രിക് സൺറൂഫാണ്. ‘ഫൺ റൂഫ്’ എന്നാണ് ഫോർഡ് ഇതിന് പേരിട്ടിരിക്കുന്നത്. പുതുതായി ഡിസൈൻ ചെയ്തെടുത്ത ഒരു 17 ഇഞ്ച് അലോയ് വീലും വാഹനത്തിലുണ്ട്. എച്ച്ഐഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ശ്രദ്ധേയമാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു എംഐഡി ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റവും നൽകിയിട്ടുണ്ട്.

പേര് സൂചിപ്പിക്കുന്നതു പോലെ ഇക്കോസ്പോർട്ട് എസ്, സ്പോര്‍ടിയായ കാറുകളുടെ ആരാധകരെക്കൂടി ഉദ്ദേശിച്ചുള്ളതാണ്. ഇക്കാരണത്താൽ തന്നെ ഈ വേരിയന്റിന്റെ സസ്പെൻഷൻ അൽപം സ്റ്റിഫ് ആയിരിക്കും.

എസ് വേരിയന്റിന്റെ പുറം തികച്ചും സ്പോർടിയായ ശൈലിയിൽ രൂപകൽപന ചെയ്തിരിക്കുന്നു. കറുപ്പുനിറത്തിലുള്ള റൂഫ്, സ്മോക്ക്ഡ് ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പ് ഹൗസിങ്ങിനു ചുറ്റും പടർത്തിയ കറുപ്പുരാശി തുടങ്ങിയവ സ്പോർടി കാറുകളെ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കും. ആറ് എയർബാഗുകളാണ് എസ് വേരിയന്റിലുള്ളത്. 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാറിലുണ്ട്.

സിഗ്നേച്ചർ എഡിഷനിലും പുതിയ 17 ഇഞ്ച് അലോയ് ചേർത്തിട്ടുണ്ട്. സൺറൂഫ്, ഗ്രില്ലിനും ചുറ്റും ചുറ്റിയ ക്രോമിയം പട്ട തുടങ്ങിയ സന്നാഹങ്ങൾ കാറിൽ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍