UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയില്‍ ഷെവര്‍ലെ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു

2017 ഡിസംബര്‍ അവസാനത്തോടെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കി

അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഷെവര്‍ലെ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വില്‍പ്പനയിലുണ്ടായ ഇടിവാണ് ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിനെ ഇന്ത്യന്‍ നിരത്തില്‍ മടങ്ങുവാന്‍ പ്രേരിപ്പിക്കുന്നത്. 2017 ഡിസംബര്‍ അവസാനത്തോടെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കി. എന്നാല്‍ കയറ്റുമതിയ്ക്കായി ഇന്ത്യയിലെ കാര്‍ നിര്‍മാണശാല പ്രവര്‍ത്തനം തുടരും.

ഇതിനായി പൂനെയിലെ തലേഗന്‍ പ്ലാന്റിനെയാണ് കമ്പനി നിലനിര്‍ത്തുന്നത്. ഏപ്രിലില്‍ ഗുജറാത്തിലെ ഹലോല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ജനറല്‍ മോട്ടോര്‍സ് അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇന്ത്യയില്‍ കമ്പനിയുടെ വിപണി വിഹിതം. രാജ്യത്തെ കമ്പനിയുടെ വാഹന വില്‍പ്പന വളരെ മോശമാണ്. വില്‍പ്പന നിര്‍ത്തിയെങ്കിലും നിലവിലുള്ള വാഹനങ്ങളുടെ സര്‍വ്വീസ് ഷെവര്‍ലെ തുടരും.

അതിനിശേഷം സര്‍വ്വീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് മഹീന്ദ്രയുടെ സഹായം ജനറല്‍ മോട്ടോര്‍സ് തേടിയേക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 1995-ലാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഷെവര്‍ലെ എത്തിയത്. ബീറ്റ്, ടവേര, സ്പാര്‍ക്ക്, എന്‍ജോയി, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്‍, ട്രെയില്‍ ബ്ലേസര്‍ തുടങ്ങിയവയാണ് ഷെവര്‍ലെ ഇന്ത്യയില്‍ അവതരിപ്പിച്ച മോഡലുകള്‍.

ഇവിടെ വില്‍പ്പന അവസാനിപ്പിച്ച ശേഷം ലാറ്റിന്‍ അമേരിക്ക, മെക്‌സിക്കോ തുടങ്ങി രാജ്യങ്ങളിലേക്കായിരിക്കും ഇന്ത്യയില്‍ നിമര്‍മിക്കുന്ന കാറുകള്‍ കമ്പനി പ്രധാനാമായും കയറ്റി അയക്കുക. 1.3 ലക്ഷത്തോളം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട് തലേഗന്‍ പ്ലാന്റിന്. അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് നിലവിലുള്ള കയറ്റുമതി യൂണിറ്റുകള്‍ നേരെ ഇരട്ടിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇപ്പോള്‍ ഏകദേശം 70,000 യൂണിറ്റാണ് കയറ്റുമതി നടക്കുന്നത് ഇത് 150,000 എത്തിക്കാനാണ് ജനറല്‍ മോട്ടോഴ്‌സ് ശ്രമിക്കുന്നത്. ഷെവര്‍ലെ പുതു തലമുറ ബീറ്റ്, എസന്‍ഷ്യ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വില്‍പ്പന നിര്‍ത്തിയ സാഹചര്യത്തില്‍ ഈ മോഡലുകള്‍ കയറ്റുമതി ചെയ്യാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍