UPDATES

ഓട്ടോമൊബൈല്‍

വില്‍പ്പന അരലക്ഷം തികച്ച് ഹോണ്ട ഡബ്ല്യുആര്‍വി

ഹോണ്ട കാര്‍സ് ഇന്ത്യയുടെ കഴിഞ്ഞ 12 മാസത്തെ വില്‍പ്പനയുടെ 28 ശതമാനം ചെറുഎസ്‍യുവിയുടെ വിഹിതമാണ്

ഹോണ്ട കാര്‍സ് ഇന്ത്യയുടെ ചെറു എസ്‍യുവിയായ ഡബ്ല്യുആര്‍വിയുടെ വില്‍പ്പന അരലക്ഷം തികഞ്ഞു. ഫോഡ് ഇക്കോസ്പോര്‍ട്, മാരുതിവിറ്റാര, ബ്രെസ മോഡലുകളുമായി മത്സരിക്കുന്ന ഡബ്ല്യുആര്‍വി 2017 മാര്‍ച്ചിലാണ് വിപണിയിലെത്തിയത്. ഹോണ്ട കാര്‍സ് ഇന്ത്യയുടെ കഴിഞ്ഞ 12 മാസത്തെ വില്‍പ്പനയുടെ 28 ശതമാനം ചെറുഎസ്‍യുവിയുടെ വിഹിതമാണ്.

ജാസ് പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് നാലുമീറ്ററില്‍ താഴെ നീളമുള്ള അഞ്ച് സീറ്റര്‍ എസ്‍യുവി നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ജാസിനെ അപേക്ഷിച്ച് നീളം 44 മിമീ , വീതി 40 മിമീ, ഉയരം 57 മിമീ എന്നിങ്ങനെ കൂടുതലുണ്ട് ഡബ്ല്യുആര്‍വിയ്ക്ക്. വീല്‍ബേസ് 25 മിമീ അധികമുണ്ട്. നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവികളില്‍ ഏറ്റവും നീളക്കൂടുതലുള്ള മോഡലും ഡബ്ല്യുആര്‍വിയാണ്, 3,999 മിമീ ആണ് നീളം.

1.2 ലീറ്റര്‍ പെട്രോള്‍ ( 89 ബിഎച്ച്പി – 110 എന്‍എം) , 1.5 ലീറ്റര്‍ ഡീസല്‍ ( 99 ബിഎച്ച്പി – 200 എന്‍എം) എന്‍ജിനുകളാണ് കോംപാക്ട് എസ്‍യുവിയ്ക്ക് ഉപയോഗിക്കുന്നത്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സും ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുമാണ്. ഡീസല്‍ വകഭേദത്തിന് ലീറ്ററിന് 25.50 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വകഭേദത്തിന് ഇത് 17.50 കിമീ / ലീറ്റര്‍.

കോംപാക്ട് എസ്‍യുവികളിലാദ്യമായി സണ്‍റൂഫും ഡബ്ല്യുആര്‍വിയ്ക്കുണ്ട്. മികച്ച ബൂട്ട് സ്പേസ് ഡബ്ല്യുആര്‍വി നല്‍കുന്നു, 363 ലീറ്ററാണ് ശേഷി. വീല്‍ വലുപ്പം 16 ഇഞ്ച്.

നാവിഗേഷനുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച് സ്ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍ പ്ലേ / ആന്‍ഡ്രോയ്ഡ് ഓട്ടോ, 16 ഇഞ്ച് അലോയ്സ്, ഡേ ടൈം റണ്ണിങ് ലാംപുകള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ മുന്തിയ വകഭേദത്തിനുണ്ട്.

ഇതിനോടകം വില്‍പ്പന നടന്ന അരലക്ഷം ഡബ്ല്യുആര്‍വികളില്‍ 42 ശതമാനം പെട്രോള്‍ വകഭേദവും 58 ശതമാനം ഡീസല്‍ വകഭേദവുമാണ്. മുന്തിയ വകഭേദമായ വിഎക്സിനെയാണ് 80 ശതമാനം ഉപഭോക്താക്കളും തിരഞ്ഞെടുത്തത്.

എക്സ്‍ഷോറൂം വില
പെട്രോള്‍ : എസ് -7.89 ലക്ഷം രൂപ, വിഎക്സ്‍ -9.11 ലക്ഷം രൂപ.
ഡീസല്‍ : എസ് -8.92 ലക്ഷം രൂപ, വിഎക്സ്‍ -9.99 ലക്ഷം രൂപ.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍