UPDATES

ഓട്ടോമൊബൈല്‍

വാഹനത്തിന്റെ മൈലേജ് എങ്ങനെ വർധിപ്പിക്കാം?

ഒരു വാഹനത്തിന്റെ ഇന്ധനക്ഷമത അല്ലെങ്കിൽ മൈലേജ് എങ്ങനെ വർധിപ്പിക്കാം/നിലനിർത്താം എന്ന് നമുക്ക് പരിശോധിക്കാം.

നമ്മൾ ഒരു വാഹനം സ്വന്തമാക്കുമ്പോൾ നോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അതിന്റെ ഇന്ധനക്ഷമത. വാഹനം വാങ്ങി കുറച്ചു നാൾ കഴിയുമ്പോൾ വേണ്ടത്ര മൈലേജ് കിട്ടുന്നില്ല എന്നത് പലരുടെയും ഒരു പരാതിയാണ്. നമ്മുടെ ഡ്രൈവിംഗ് ശൈലിയിൽ തന്നെ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ ഇന്ധന ക്ഷമത നേടുവാൻ കഴിയും. കൃത്യമായ വേഗതയിൽ ശരിയായ ഗിയർ മാറ്റം ക്രമപ്പെടുത്തി വാഹനം ഓടിച്ച് ശീലിക്കുക.

ഓരോ വാഹനത്തിന്റെയും യൂസർ മാനുവലിൽ ആ വാഹനത്തിന്റെ പവറിനനുസരിച്ച് വിവിധ വേഗതയിൽ ഉപയോഗിക്കേണ്ട ഗിയർ ഏതാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് അവ അതുപോലെ ശീലിക്കുകയാണെങ്കിൽ ഇന്ധനക്ഷമതക്കൊപ്പം എൻജിൻ ലൈഫ് കൂട്ടുന്നതിനും അത് സഹായകമാകും.

ഒരു വാഹനത്തിന്റെ ഇന്ധനക്ഷമത അല്ലെങ്കിൽ മൈലേജ് എങ്ങനെ വർധിപ്പിക്കാം/നിലനിർത്താം എന്ന് ഓരോരോ ഘടകങ്ങളെ പ്രത്യേകമായെടുത്ത് നമുക്ക് പരിശോധിക്കാം.

1. ടയർ

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്നത് അതിന്റെ ടയറുകളാണ്. വാഹന നിർമ്മാതാക്കൾ അവർ നിർമ്മിക്കുന്ന വാഹനത്തിന്റെ ടയറുകളിൽ ഒരു നിശ്ചിത എയർ പ്രഷർ വേണം എന്ന് പറഞ്ഞിട്ടുണ്ടാവും ആ അളവിലുള്ള കാറ്റ് എല്ലാസമയത്തും ടയറുകളിൽ നിലനിർത്താൻ പരമാവധി ശ്രമിക്കണം. കൃത്യമായ ടയർപ്രഷർ ഇല്ലാത്ത വാഹനങ്ങളിൽ ഇന്ധനക്ഷമത 13 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. ടയറുകളിൽ വേണ്ടത്ര കാറ്റ് ഇല്ലെങ്കിൽ സ്വാഭാവികമായി വാഹനത്തിന് അനായാസം നീങ്ങുതിൽ പ്രതിരോധം സൃഷ്ടിക്കും. അതിനാൽ മാസത്തിലൊരിക്കൽ ടയർ പ്രഷർ ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. ഇനി ടയറുകളുടെ കാര്യത്തിൽ എടുത്തുപറയേണ്ട ഒന്നാണ് വീതി കൂടിയതും വീതി കുറഞ്ഞതുമായ ടയറുകൾ. കമ്പനി നിർദ്ദേശിക്കുന്ന ടയറുകൾക്ക് പുറമെ ചിലർ കൂടുതൽ ഫാഷനും സ്റ്റബിലിറ്റിക്കും വേണ്ടിയാണ് വീതി കൂടിയ ടയർ ഉപയോഗിക്കുന്നത്. ഇവയൊക്കെ ഇന്ധനക്ഷമത കുറയാൻ കാരണമാകുന്ന കാര്യങ്ങളാണ്. ആയതിനാൽ, ടയറുകൾ കൃത്യ സമയത്തു മാറ്റി പുതിയത് വാങ്ങുക്കുക. യൂസർ മാനുവൽ നോക്കി ഇവ മനസിലാക്കുക.

2. ക്ലിനിങ്ങുകൾ

എയർ ഫിൽറ്റർ ക്ലീനിങ്, ഓയിൽ ഫിൽറ്റർ ക്ലീനിങ്, സ്പാർക് പ്ലഗ്‌ ക്ലീനിങ്, എൻജിൻ ട്യൂണിങ് എന്നിവ യഥാസമയം നടത്തുക എന്നത് പ്രധാനമാണ്.

(i) എയർ പ്ലഗ്‌ ക്ലീനിങ്

നമുക്കുതന്നെ ചെയ്യാവുന്ന ഒരു കാര്യമാണ് എയർ ഫിൽട്ടർ ക്ലീനിംഗ്. കൂടുതൽ അഴുക്കും പൊടിയും മൂലമുണ്ടാകുന്ന തടസ്സങ്ങൾ കൂടുതൽ ഇന്ധനച്ചെലവിന് കാരണമാകും.

(ii) സ്പാർക് പ്ലഗ്‌ ക്ലീനിങ്

സ്പാർക് പ്ലഗ്‌ ഊരി വൃത്തിയാക്കുന്നത് ഇന്ധനം പൂർണമായും കത്താൻ (combustion) സഹായമാകും. ഇന്ധനം നന്നായി കത്തുന്നത് ഇന്ധനക്ഷമത കൂട്ടുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു.

(iii) ട്യൂണിങ്

ആവശ്യാനുസരണം, സമയാസമയങ്ങളിൽ എൻജിൻ ട്യൂണിങ് നടത്തുന്നത് ഇന്ധനക്ഷമത കൂടുതലാക്കുന്നതിനൊപ്പം എഞ്ചിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യൂസർ മാനുവൽ നോക്കി ഇവ മാറേണ്ട കാലയളവ് നോക്കി കൃത്യ സമയത്തു മാറ്റി പുതിയത് വെക്കുന്നത് വാഹനത്തിന്റെ ഇന്ധനക്ഷമതക്കും, എൻജിന്റെ ലൈഫ് കൂടുന്നതിനും സഹായിക്കും.

3. വാഹനത്തിന്റെ ഭാരം

വാഹന നിർമ്മാതാക്കൾ അവർ നിർമ്മിക്കുന്ന വാഹന മോഡലുകൾക്ക് പരമാവധി കയറ്റവുന്ന അല്ലെങ്കിൽ വഹിക്കാവുന്ന ഭാരം യൂസർ മാനുവലിൽ നല്കിയിട്ടുണ്ടാവും അവ എത്രയാണെന്നു നോക്കി മനസിലാക്കുക .
പരമാവധി ഭാരം കുറയുന്നത് ഇന്ധന ക്ഷമത കൂടുന്നതിന് സഹായിക്കും

4. അനാവശ്യ ബ്രേക്കിങ്ങ് ഒഴിവാക്കുക

വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും പെട്ടെന്ന് ആക്സിലറേഷൻ കൊടുക്കുന്നതും ഇന്ധനം കൂടുതൽ ഉപയോഗിക്കപ്പെടുന്നതിന് കാരണമാകുന്നു. പരമാവധി വേഗത കുറച്ചു ഒരു നിശ്ചിത അകലം പാലിച്ച് വാഹനം ഓടിക്കുക.

5. വാഹനത്തിന്റെ ഇന്ധനം

ഇന്ന് പല പമ്പുകളിലും മായം കലർന്ന ഇന്ധനമാണ് ലഭിക്കുന്നത്. കഴിവതും പരിചയമുള്ള പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കുക. അതിരാവിലെയോ, വൈകുന്നേരങ്ങളിലോ ഇന്ധനം നിറക്കുന്നതാവും കൂടുതൽ നല്ലത്. എഥനോളിന്റെ അംശം കുറഞ്ഞ എണ്ണയാണ് കൂടുതൽ ഗുണമേന്മയുള്ളത് കാരണം എഥനോളിന്റെ അംശം കൂടുതലുള്ള എണ്ണ അതിവേഗം കത്തിത്തീരും. ചില പമ്പുകളിൽ ചെല്ലൂമ്പോൾ ‘extra, speed, Jet ‘ എന്നീ പേരുകളിൽ നല്കുന്ന ഇന്ധനങ്ങളിൽ ഏഥനോളിന്റെ അംശം കുറവാണ് താരതമ്യേന വിലയും ഈ ഇന്ധനത്തിനു കൂടുതൽ ആയിരിക്കും .

6. A/Cയുടെ പ്രവർത്തനം

എസി യുടെ ഫിൽട്ടർ ഇടയ്ക്ക് വൃത്തിയാക്കണം. വാഹനത്തിന്റെ ഗ്ലാസ് മുഴുവനായി അടച്ചിട്ടു വേണം AC ഉപയോഗിക്കുവാൻ. ഓവർടേക്ക് ചെയ്യുമ്പോൾ, കുത്തനെയുള്ള കയറ്റം കയറുമ്പോൾ, നിർത്തിയിട്ട വാഹനം ഓൺ ആക്കുമ്പോൾ ഒക്കെ കഴിവതും AC ഓഫ് ചെയ്തു കൊടുക്കുക. കൂടുതൽ സമയം വാഹനം ഗതാഗതക്കുരുക്കിൽ പെട്ടാൽ വാഹനം ഓഫ് ചെയ്യുന്നത് ഇന്ധനക്ഷമത കൂട്ടും. എസിയുടെ ഫിൽറ്റർ കമ്പനി പറയുന്ന സമയങ്ങളിൽ മാറ്റം വരുത്തി പുതിയത് വെക്കാൻ മറക്കരുത്.

7. സിന്തറ്റിക് ഓയിൽ ഉപയോഗിക്കുക

സാധാരണ ഓയിലിനെ അപേക്ഷിച്ച് സിന്തറ്റിക് ഓയിലിന് വിസ്‌കോസിറ്റി എളുപ്പം കുറയില്ല. അതുകൊണ്ടുതന്നെ ഓയിലിന്റെ കട്ടി കുറയുന്നത് ഒരു പരിധിവരെ കുറയും. സിന്തറ്റിക് ഓയിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ വാഹന നിർമാതാക്കളുടെ, അല്ലെങ്കിൽ ഒരു മെക്കാനിക്കിന്റെ സഹായത്താൽ ചോദിച്ചു മനസിലാക്കി മാത്രമേ ഉപയോഗിക്കാവൂ

8. പോകേണ്ട വഴിയും ദൂരവും നേരത്തെ തീരുമാനിക്കുക

യാത്രക്ക് അനുയോജ്യമായ വഴി തിരഞ്ഞെടുക്കുക. ദൂരം മാത്രമല്ല വഴിയുടെ കണ്ടീഷനും കൂടി നോക്കി വേണം ഇത് തിരഞ്ഞെടുക്കാൻ.

9. എൻജിൻ വാണിങ് സിഗ്നലുകൾ

ഫ്യൂവൽ ഇൻജക്ഷൻ ഉള്ള വാഹനങ്ങളിൽ ഡിസ്‌പ്ലെയിൽ നോക്കി അവ ശരിയായ സിഗ്നലുകളാണ് കാണിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഓക്സി ജൻ സെൻസർ, ഇവാപ്പറേറ്റർ എമിഷൻ സിസ്റ്റം, എന്നിവയുടെ പ്രവർത്തനമാണ് ഡിസ്‌പ്ലെയിൽ കാണുവാൻ സാധിക്കുന്നത്. ഇവയുടെ തകരാറുകൾ 20% വരെ ഇന്ധനക്ഷമത കുറയ്ക്കുകയും വാഹനത്തിന്റെ തകരാറിന് കാരണമാവുകയും ചെയ്യും. നമ്മുടെ വീട്ടിലെ ഒരു കുട്ടിയെ പരിചരിക്കുന്നതു പോലെ വേണം നമ്മുടെ വീട്ടിലെ വാഹനത്തെ നമ്മൾ നോക്കുവാൻ. ആവശ്യമായ സമയത്തു സർവീസ് ചെയ്തും, കൃത്യമായ സമയത്തു യൂസർ മാനുവൽ നോക്കി വാഹനത്തിന്റെ പാർട്സുകൾ മാറ്റിയും വാഹനത്തിന്റെ ലൈഫും ഇന്ധനക്ഷമതയും നമുക്ക് വർധിപ്പിക്കാൻ സാധിക്കും.

സിജി പ്രസന്നന്‍

സിജി പ്രസന്നന്‍

മെക്കാനിക്കല്‍ എഞ്ചിനിയര്‍, ചെങ്ങന്നൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍