UPDATES

ഓട്ടോമൊബൈല്‍

പാഞ്ഞുപോകുന്ന മാരുതി കാറിന്റെ ഉള്ളിലെ ഫീച്ചറുകൾ എങ്ങനെ തിരിച്ചറിയാം? ഒരു വേരിയന്റ് പഠനസഹായി

കാറുകളുടെ പുറത്തെഴുതി വെച്ച സൂചനകളിൽ നിന്നും അവ ഏത് വേരിയന്റാണെന്ന് തിരിച്ചറിയുന്നതിനെക്കുറിച്ച്.

എന്റെ പക്കലുള്ളത് ഒരു സ്വിഫ്റ്റ് കാറാണ്. അതിൽ ഞാൻ അമ്മയോടൊപ്പം പോകുമ്പോൾ മുൻപിൽ ഏതെങ്കിലും സ്വിഫ്റ്റ് കാർ കണ്ടാൽ അമ്മ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “മോനെ അത് നമ്മുടെ വണ്ടി പോലെ തന്നെ ഒള്ള വണ്ടിയല്ലേ?” പലപ്പോഴും സംശയിക്കുന്ന വണ്ടി സ്വിഫ്റ്റ് തന്നെയാകുമെങ്കിലും അവ മറ്റേതെങ്കിലും വേരിയന്റുകളോ ഡീസൽ പതിപ്പുകളോ ആയിരിക്കും. “അമ്മേ, അത് ഡീസൽ വണ്ടിയാണ് അല്ലെങ്കിൽ അത് ഫുൾ ഓപ്ഷൻ വണ്ടിയാണ്, നമ്മുടെ പെട്രോൾ മോഡൽ അല്ലേ” എന്ന് പറയുമ്പോൾ അമ്മ എന്നെ വളരെ അത്ഭുതത്തോടെ നോക്കി ചോദിക്കും: “ഇവിടെയിരുന്ന് ആ കാറിന്റെ കാര്യം നിനക്കെങ്ങനെ പറയാൻ പറ്റുന്നു?” ജാഡ ഇറക്കാൻ കിട്ടിയ അവസരം കളയാതെ മായാവി സിനിമയിലെ കണ്ണൻ സ്രാങ്കിനെ (സലിം കുമാറിനെ) മനസ്സിൽ വിചാരിച്ച് “ഇതൊക്കെ എന്ത്!!” എന്ന് തള്ളും.

പക്ഷെ അധികം വൈകാതെ തന്നെ ചേട്ടൻ ഇതിന്റെ പിന്നിലെ രഹസ്യം അമ്മക്ക് പറഞ്ഞു കൊടുത്തു. ഒരു സമയം വരെ എനിക്കും ‘മാലും നഹി’ ആയിരുന്നു ഇതൊക്കെ. ഞാനെന്തിന് ഇതെല്ലാം ഇവിടെ പറയുന്നു എന്ന് നിങ്ങൾക്ക് തോന്നിക്കാണും. കാറുടമകളിൽ ഏതാണ്ട് അറുപതു ശതമാനം വരുന്ന ആളുകൾക്ക് കാറുകളിൽ തന്നെയുള്ള തരം തിരിവ് അറിയാമെന്നാണ് ഞാൻ കരുതുന്നത്. ആണ് ബാക്കി വരുന്ന നാൽപ്പത് ശതമാനത്തിനു വേണ്ടിയാണ് ഞാൻ ഇവിടെ എഴുതാൻ പോകുന്നത്.

മാരുതിയുടെ സ്വിഫ്റ്റ് കാർ തന്നെ ഉദാഹരണമായി നമുക്കെടുക്കാം. ചില കാറുകളിൽ LX, LXi, LDi അല്ലെങ്കിൽ ZDi, ZXi എന്ന് എഴുതിയിരിക്കുന്നത് നിങ്ങൾ കണ്ടിരിക്കും. അവയൊക്കെ കമ്പനി ഒരേ കാർമോഡലിൽ തന്നെ ചില ആക്സസറികൾ‌ കൂട്ടിയും കുറച്ചും കസ്റ്റമേഴ്സിന് വേണ്ട രീതിയിൽ പല വേരിയന്റുകാളായി നിർമ്മിക്കുന്നവയാണ്. ഇതിന്റെ ഒരു ഗുണം എന്തെണെന്നു വെച്ചാൽ നമുക്ക് എന്തൊക്കെ ഫീച്ചറുകൾ വേണമെന്ന് ഈ വേരിയന്റുകളിൽ നോക്കി തീരുമാനിക്കാം.

ഉദാഹരണത്തിന്, ലക്ഷ്വറി ഫീച്ചറുകളായ പവർ അസിസ്റ്റന്റ് സ്റ്റിയറിംഗ്, എയർകണ്ടീഷൻ, അലോയ് വീൽ, പവർ വിൻഡോ തുടങ്ങിയവയും സേഫ്റ്റി ഫീച്ചറുകളായ എയർബാഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സെൻട്രൽ ലോക്കിങ് തുടങ്ങിയവയും, ഉൾച്ചേർത്തും അല്ലാതെയും തരം തിരിവ് നടത്തിയിരിക്കുന്നതു കാണാം. ഈ തരംതിരിവുകളുടെ പ്രധാന ഗുണം എന്താണെന്നു വെച്ചാൽ നമ്മുടെ ആവശ്യങ്ങൾക്കാനുസരിച്ചുള്ള വാഹനം നമുക്ക് തിരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ്.

ഇനി നമുക്ക് LXi എന്ന വേരിയന്റിലേക്ക് വരാം. ഇവിടെ സേഫ്റ്റി ഫീച്ചറുകളായ ABS, Airbag എന്നിവ ഉണ്ടായിരിക്കുകയില്ല. പകരം സാധാരണ ഹൈഡ്രോളിക് ബ്രേക്കുകൾ ആയിരിക്കും നിർമ്മാതാക്കൾ ലഭ്യമാക്കിയിരിക്കുന്നത്. LXi എന്ന വേരിയന്റിൽ മുന്നിലെ രണ്ടു ഡോറുകളിൽ മാത്രമായിരിക്കും പവർ വിൻഡോ ചേർത്തിരിക്കുക. ഇതിൽ മ്യൂസിക് സിസ്റ്റം കമ്പനി നൽകുന്നില്ല. നമുക്ക് ആവശ്യമെങ്കിൽ പുറത്തു നിന്ന് വാങ്ങി ഘടിപ്പിക്കാവുന്നതാണ്.

ഇനി VXi ലേക്ക് വരുകയാണെങ്കിൽ, 4 പവർ വിൻഡോകൾ, ഇൻ ബിൽറ്റ് മ്യൂസിക് സിസ്റ്റം എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ചതാണിത്. LXi-യുമായി താരതമ്യം ചെയ്യുമ്പോൾ പ്രകടമായ പല മാറ്റങ്ങളും VXi-ൽ നമുക്ക് കാണാൻ സാധിക്കും. ഇനി ZXi-ലെ സവിശേഷതകൾ നമുക്ക് ഒന്നു നോക്കാം. മുൻ വേരിയന്റുകളുടെ എല്ലാ സൗകര്യങ്ങളും കൂടി നിർമ്മിച്ചവയാണ് ZXi. ABS മുതൽ അലോയ് വീൽസ് വരെ ഈ വേരിയന്റുകളിൽ കാണും.

എളുപ്പത്തിൽ ഇവ ഒന്ന് നോക്കുകയാണെങ്കിൽ:

LX = Base Version
LXi = Base Version + Power steering (‘i’ എന്ന അക്ഷരം സൂചിപ്പിക്കുന്നത് power steering-നെയാണ്)
VXi = Base Version + Power Steering + Central Locking + Power Window + Music System
ZXi = VXi options + ABS+ Airbag + Alloy Wheels etc

LXi, VXi, ZXi എന്നിവ പെട്രോൾ വേരിയന്റുകളെയും LDi, VDi, ZDi എന്നിവ ഡീസൽ വേരിയന്റുകളെയും സൂചിപ്പിക്കുന്നു. വാഹനങ്ങൾ വാങ്ങുവാൻ പോകുമ്പോൾ അല്ലെങ്കിൽ റോഡിൽ വാഹനങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്കിത് ഉപകാരപ്പെടും എന്ന് വിശ്വസിക്കട്ടെ.

സിജി പ്രസന്നന്‍

സിജി പ്രസന്നന്‍

മെക്കാനിക്കല്‍ എഞ്ചിനിയര്‍, ചെങ്ങന്നൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍