UPDATES

ഓട്ടോമൊബൈല്‍

സാഹസിക യാത്രകൾ ലക്ഷ്വറിയാക്കാൻ ജീപ്പിന്റെ താരം -റാൻഗ്ലെർ റുബികോൺ

ഓഫ് റോഡ് യാത്രകൾക്ക് സഹായകമായ രീതിയിൽ ഹെവി ഡ്യൂട്ടി ഗ്യാസ് ഷോക്‌സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനത്തിന് ഏറെ പ്രാധാന്യം നൽകുന്ന റാൻഗ്ലറിൽ എബിഎസ്‌, അഡ്വാൻസ്ഡ് എയർ ബാഗുകൾ നൽകിയിട്ടുണ്ട്. കരുത്തേറിയ ബി പില്ലർ സവിശേഷത ക്യാബിൻ സുരക്ഷ ഉറപ്പാക്കുന്നു.

ഓട്ടോമൊബൈൽ മേഖലയിൽ ദിനംപ്രതി പുതിയ രൂപത്തിലും ഭാവത്തിലുമായി വാഹനങ്ങൾ പെരുകുകയാണ്. അതിൽ എല്ലാ മോഡലും വിപണിയിൽ സജീവമാകണമെന്നില്ല. ഉശിരന്മാരായ ചില മോഡലുകൾ ആരാധകരുടെ മനസ്സ് കീഴടക്കുകയും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുമ്പോൾ മറ്റു ചിലത് പൊലിഞ്ഞ്‌ പോകുന്നു. ഓൺ റോഡ്, ഓഫ് റോഡ് വാഹനങ്ങൾക്ക്‌ ആരാധകർ ഏറെയുണ്ട്. വന്യമായ ലുക്കും കരുത്തുറ്റ പ്രകടനവും കൊണ്ട് ഓൺ റോഡിനെയും ഓഫ് റോഡിനെയും ഒരു പോലെ കീഴടക്കിയ ഒരു മോഡൽ ആണ് 2018 ജീപ്പ് റാൻഗ്ലെർ റുബികോൺ (Jeep Wrangler Rubicon). കാലാനുസൃതമായ മാറ്റങ്ങളും നവീകരണങ്ങളുമായാണ് ജീപ്പ് റാൻഗ്ലെറിന്റെ റൂബികോൺ പ്രത്യേക പതിപ്പ് എത്തുന്നത്.

പാരമ്പര്യത്തിലൂന്നിയ നവീകരണം

ഓരോ തവണ എത്തുമ്പോഴും ആധുനികവുമായ മാറ്റങ്ങൾ വരുത്തുന്നു എന്നതു തന്നെയാണ് ജീപ്പ് റാൻഗ്ലെറിനെ ഈ മേഖലയിൽ പിടിച്ച് നിർത്തുന്നത്. നവീകരണത്തിന്റെ പാതയിലാണെങ്കിലും ജീപ്പിന്റെ അടിസ്ഥാന ഘടനയും തന്മയത്വവും നിലനിർത്താനുള്ള ശ്രമം നിർമാതാക്കളിൽ നിന്നുണ്ടായിട്ടുണ്ട്. ജീപ്പിന്റെ 4X4 കേപ്പബിലിറ്റിയും മെച്ചപെടുത്തിയതും കാര്യക്ഷമതയുള്ളതുമായ എൻജിനും കൂടുതൽ സുരക്ഷാ സംവിധാനങ്ങളും പുരോഗമിച്ച സാങ്കേതികതകളും മികച്ച ഓൺ റോഡ് – ഓഫ് റോഡ് ഡൈനാമിക്‌സും ജീപ്പ് റാൻഗ്ലർ മോഡലുകളെ ശക്തരാക്കുന്നു.

ഏഴ് വെർട്ടിക്കൽ ഓപ്പനിങ്ങോടുകൂടിയ ഗ്രില്ലും അതിന്റെ ഇരുവശങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള വലിപ്പമേറിയ റൌണ്ട് ഹെഡ്‍ലൈറ്റും ആണ് റാൻഗ്ലറിന്റെ മുഖമുദ്ര. മുൻപിലെ ഈ മാതൃക ജനലക്ഷങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്ന ഒന്നാണ്. ഗ്രില്ലിനു മുകളിലേക്കായി ചെറിയ വളവ് ഉള്ളത് എയർഫ്‌ളോയും എയ്റോഡൈനാമിക്‌സും മെച്ചപ്പെടുത്തുന്നു.

മുൻവശത്ത് റൗണ്ട് ഹെഡ്‍ലൈറ്സ് ആണെങ്കിൽ പുറകിൽ ചതുരാകൃതിയിലുള്ള ടെയിൽ ലാംപ്സ് ആണ് റുബികോൺ മോഡലിനുള്ളത്. എൽഇഡി ഹെഡ്‍ലൈറ്റിനും ഫോഗ് ലാംപ്‌സും ഡേടൈം റണ്ണിങ് ലൈറ്റിസും ചേർന്ന് ഒരു പ്രഭാവലയം തന്നെ തീർത്തിരിക്കുകയാണ് റുബികോണിൽ. ആധുനിക ആവശ്യങ്ങൾക്കൊത്ത് ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ അലൂമിനിയം ഡോറുകൾ, ഹൂഡ്, വിൻഡ്ഷീൽഡ് ഫ്രെയിം, മഗ്നീഷ്യം ടെയിൽ ഗേറ്റ് തുടങ്ങിയ പ്രത്യേകതകൾ വാഹനത്തിന്റെ ഭാരം കുറക്കാനും അത് വഴി ഇന്ധനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.

ഓൺ റോഡിലും ഓഫ് റോഡിലും വമ്പൻ

നല്ല രീതിയിലുള്ള ഗ്രൗണ്ട് ക്ലിയറൻസും ആവശ്യത്തിന് വലിപ്പവുമുള്ള ഈ വാഹനത്തിനു ഓഫ് റോഡിലൂടെ പോകുമ്പോൾ കേടുപാട് ഉണ്ടാകാതിരിക്കാനും എൻജിൻ തകരാറിലാകാതിരിക്കാനും സ്കിഡ് പ്ലേറ്റ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമാവുന്ന എസ്‌യുവി വാഹനങ്ങളിൽ ഏറ്റവും മികച്ച ക്ലിയറൻസിൽ ആണ് ഈ വാഹനം ഇറക്കിയിരിക്കുന്നത്. ചെളിയിലൂടെയും, വെള്ളത്തിലൂടെയും, പാറക്കൂട്ടങ്ങൾക്കിടയിലൂടെയും വാഹനത്തിനു കേടുപാട് കൂടാതെ സഞ്ചരിക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലിയറൻസ് ആണ് ഇതിൽ നൽകിയിട്ടുള്ളത്. മുൻപിലെ ലുക്ക് പരിചിതമായി തോന്നുമെങ്കിലും ഇരു വശങ്ങളിലെയും കാഴ്ചയിലും മറ്റു ചില ഘടകങ്ങളുമാണ് ഈ മോഡലിന്റെ വ്യത്യസ്തത തുറന്ന് കാണിക്കുന്നത്.

ഈ വാഹനത്തിന്റെ സാങ്കേതിക മികവിനെ വിശേഷിപ്പിക്കുന്ന ഒരു ബാഡ്ജ് ഇതിന്റെ ഒരു വശത്തായി ഘടിപ്പിച്ചിട്ടുണ്ട്. ട്രെയിൽ റേറ്റഡ് (Trail rated ) എന്നാണ് അതിൽ എഴുതിട്ടുള്ളത്. ഏത് കാലാവസ്ഥയിലും നിരത്തിലും വാഹനത്തിനു കേടുപാടുകൾ സംഭവിക്കാതെ സഞ്ചരിക്കാൻ കഴിയുന്നതിനെ പ്രതിധാനം ചെയുന്നതാണ് ഈ ബാഡ്‌ജ്. ബോക്ക്സി സ്റ്റൈലിലാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്. അത്യാവശ്യം നീളമുള്ള റുബിക്കോണിന്റെ ഡോറുകൾ ഊരിമാറ്റാൻ പറ്റുന്നതാണ്. വാഹനത്തിന്റെ റൂഫ് ഹാർഡ് ടോപ് ആയിട്ടാണ് സ്റ്റാൻഡേർഡ് മോഡൽ ഇറങ്ങുന്നതെങ്കിലും ഇത് സോഫ്റ്റ് ടോപ് ആക്കാനുമാകും. യാത്രയുടെ സ്വഭാവത്തിനനുസരിച്ച് ആവശ്യാനുസരണം മുകളിലെ ആവരണം ഊരി മാറ്റി, പ്രകൃതിയുമായി ചേർന്ന് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാം.

വാഹനത്തിന്റെ വലിപ്പത്തിൽ കാര്യമായ പങ്കു വഹിച്ചിരിക്കുന്നത് ഇതിന്റെ വീൽ ആർച്ച് ആണ്. വീൽ ആർച്ചിന്റെ മുകളിൽ വരെ വെള്ളത്തിലൂടെ സഞ്ചരിച്ചാലും വാഹനത്തിന്റെ ഇന്റീരിയറിൽ വെള്ളം കയറിയാലും വാഹനത്തിന് യാതൊരു വിധ തകരാറും സംഭവിക്കില്ല. കറുത്ത ബമ്പർ ആണ് മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്നത്.

ഓഫ് റോഡ് യാത്രകൾക്ക് സഹായകമായ രീതിയിൽ ഹെവി ഡ്യൂട്ടി ഗ്യാസ് ഷോക്‌സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനത്തിന് ഏറെ പ്രാധാന്യം നൽകുന്ന റാൻഗ്ലറിൽ എബിഎസ്‌, അഡ്വാൻസ്ഡ് എയർ ബാഗുകൾ നൽകിയിട്ടുണ്ട്. കരുത്തേറിയ ബി പില്ലർ സവിശേഷത ക്യാബിൻ സുരക്ഷ ഉറപ്പാക്കുന്നു. വളരെ വിശാലവും ആഡംബര പ്രതീതിയും നൽകുന്ന അകത്തളം കമനീയമാണ്‌. വെള്ളത്തിലൂടെ പോലും ഓടിക്കാൻ കഴിയുന്നതിനാൽ ജീപ്പ് റാൻഗ്ലെറിന്റെ ഉൾഭാഗം വെള്ളമൊഴിച്ചു കഴുകാൻ പറ്റുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.

ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഇന്റീരിയർ

ഡാഷ്ബോർഡിനാണെങ്കിലും സെന്റർ കൺസോളിനാണെങ്കിലും അത്തരത്തിൽ ഉള്ള പ്രത്യേക മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സെന്റർ കൺസോളിൽ കളർ മോണിറ്ററോട് കൂടിയ ടച്ച് സ്ക്രീൻ ഘടിപ്പിച്ചിട്ടുണ്ട്. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി സെന്റർ കൺസോളിൽ ആണ് പവർ വിൻഡോ സ്വിച്ചുകൾ നൽകിയിരിക്കുന്നത്. ഇതിന്റെ സ്പീക്കർ മുകൾ ഭാഗത്തു ആണ് പിടിപ്പിച്ചിരിക്കുന്നത്. വെള്ളം കയറുന്നത് മുന്നിൽ കണ്ടാണ് ഇത്തരമൊരു രീതി പിന്തുടർന്നിരിക്കുന്നത്.

ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ആണ് ഉള്ളത്. ആം റെസ്റ്റിൽ ചെറിയ സ്റ്റോറേജ് സ്പേസ് ഒരുക്കിയിട്ടുണ്ട്. അനലോഗ് മീറ്റർ കൺസോളിൽ ഡിജിറ്റൽ ഘടകങ്ങളും ഉൾപെടുത്തിയിട്ടുണ്ട്. മൾട്ടി ഫങ്ങ്ഷൻ സ്റ്റീയറിങ് വീൽ ആണ്. സ്റ്റീയറിങ്ങിന്റെ അടിഭാഗത്താണ് ഓഡിയോ നിയന്ത്രിക്കാനുള്ള സ്വിച്ചുകൾ നൽകിയിട്ടുള്ളത്.

5 സീറ്റർ ആയ ജീപ്പ് റാൻഗ്ലെർ റുബികോണിന്റെ പിന്നിലെ സീറ്റ് കുറച്ച് സ്ട്രെയ്റ്റ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഓഫ് റോഡിലൂടെ യാത്ര ചെയ്യുമ്പോഴും കരുതലോടെ ഇരിക്കാൻ ഇത് സഹായിക്കുന്നു. പിൻസീറ്റ് മടക്കിവച്ചാൽ ബൂട്ട് സ്പേസ് കൂട്ടാം. പ്രീമിയം ഇൻസ്ട്രുമെന്റ്‌ ക്ലസ്റ്റർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ടയർ പ്രഷർ മോണിറ്ററിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററും നൽകിയിരിക്കുന്നു. നമ്മുടെ ഡ്രൈവിംഗ് മികവ് മാത്രം ഉണ്ടെങ്കിൽ ഏതു നിരത്തും അനായാസം കയ്യടക്കാൻ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ഈ ജീപ്പിനു സാധിക്കും.

മൾട്ടീമീഡിയ, എന്റർടൈൻമെന്റ് സംവിധാനങ്ങളായ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. മുന്നിലും പിന്നിലും രണ്ട് യുഎസ്ബി പോർട്ടുകൾ വീതം നൽകിയത് പിൻ സീറ്റിലെ യാത്രികർക്കും മീഡിയ സെന്ററുമായി ബന്ധപ്പെടാൻ സഹായിക്കുന്നു. പിന്നിലെ സീറ്റിന്റെ താഴ്ഭാഗത്തു ചെറിയ സ്റ്റോറേജ് സ്പേസ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലോക്ക് സംവിധാനത്തോട് കൂടിയ ഗ്ലോവ് ബോക്സ് യാത്രക്കിടയിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം.

അത്യാധുനികമായ സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയാണ് റുബികോൺ നിരത്തിലെത്തുന്നത്. ബ്ലൈൻഡ് സ്പോട് മോണിറ്ററിങ്, റെയർ പാത് ഡിറ്റക്ഷൻ, ഡൈനാമിക് ഗ്രിഡ് ലെൻസോടു കൂടിയ പാർക്ക് വ്യൂ റിയർ ബാക് അപ്പ് കാമറ, 4 സ്റ്റാൻഡേർഡ് എയർ ബാഗുകൾ, ഇലക്ട്രോണിക് സ്റ്റേബിലിറ്റി കണ്ട്രോൾ (ESC) തുടങ്ങിയ സംവിധാനങ്ങൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.

സാങ്കേതിക സവിശേഷതകൾ

പുതിയ റുബികോണിൽ 2ലിറ്റർ 4 സിലിണ്ടർ പെട്രോൾ ടർബോ യൂണിറ്റും 3.6 ലിറ്റർ വി6 എൻജിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. 2 ലിറ്റർ യൂണിറ്റിൽ ഇ ടോർക്കും അതിന്റെ ഹൈബ്രിഡ് സവിശേഷതകളായ ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ്, ഇലക്ട്രിക്ക് പവർ അസ്സിസ്റ്റ്, എസ്റ്റെൻഡഡ്‌ ഫ്യൂവൽ ഷട്ട് ഓഫ്, ട്രാൻസ്മിഷൻ ഷിഫ്റ്റ് മാനേജ്‌മന്റ്, ഇന്റലിജന്റ് ബാറ്ററി ചാർജിങ്, റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

8 സ്പീഡിന്റെ ഓട്ടോ ട്രാൻസ്മിഷൻ മികച്ച പ്രതികരണവും വഴക്കവും തരുന്നു. ഭാരമില്ലാത്ത മെറ്റീരിയൽസ് ഉപയോഗിച്ചുള്ള രൂപകല്പന ഏതു നിരത്തിലും അനായാസം സഞ്ചരിക്കാൻ സഹായിക്കുന്നു. 277എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള ജീപ്പ് ഡിപ്പാർച്ചർ ആംഗിളും ബ്രേക്ഓവറും മികച്ച രീതിയിൽ കൈകാര്യം ചെയുന്നു. മുന്നിലും പിന്നിലുമായി ആക്സിൽ ലോക്ക് ഘടിപ്പിച്ചിട്ടുണ്ട്.

30 ഇഞ്ച് പൊക്കത്തിൽ വരെ വെള്ളത്തിൽ ഇറങ്ങാൻ റുബികോണിന് കഴിയും. ഓഫ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഫ്യൂവൽ ടാങ്കിനും, എൻജിനും, ഓയിൽ പാൻസിനും തകരാറുകൾ സംഭവിക്കാതിരിക്കാൻ 4 ശക്തിയേറിയ സ്കിഡ്പ്ലേറ്റുകളും ബാറുകളും ഘടിപ്പിച്ചിരിക്കുന്നത് ഡ്രൈവിന്റെ ത്രില്ല് നിലനിർത്തുന്നു.

ഏകദേശം 56 ലക്ഷം മുതൽ വില തുടങ്ങുന്ന ജീപ്പ് റാൻഗ്ലെറിന്റെ 2 ഡോർ മോഡൽ സ്‌പോർട്, സ്‌പോർട് എസ്‌, റുബികോൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്‍തമായ രൂപത്തിൽ ലഭ്യമാണ്. സ്‌പോർട്, സ്‌പോർട് എസ്‌, സഹാറ, റുബികോൺ എന്നിവയാണ് 4 ഡോർ മോഡലുകൾ.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍