UPDATES

ഓട്ടോമൊബൈല്‍

കലാഷ്നികോവ് സിവി-1: ‘സോഷ്യലിസ്റ്റ് ഡിസൈൻ’ മുതലാളിത്ത കാഴ്ചപ്പാടിൽ

യുഎസ്എസ്ആറിന്റെ ‘സോഷ്യലിസ്റ്റ് കാഴ്ചപ്പാട്’ അന്നത്തെ കാർ ഡിസൈനിങ് സിദ്ധാന്തങ്ങളെയും വലിയ തോതിൽ സ്വാധീനിച്ചിരുന്നു. കാര്യമാത്രമായിരുന്നു എല്ലാം. ആ‍ഡംബരങ്ങളൊന്നുമില്ലാത്ത പ്ലെയിൻ ഡിസൈൻ.

‘കലാഷ്നികോവ്’ എന്ന പേര് കേൾക്കാത്ത ഇന്ത്യാക്കാർ കുറവായിരിക്കും. ഇന്ത്യയും യുഎസ്എസ്ആറും തമ്മിലുള്ള ബന്ധം സജീവമായ കാലം മുതൽക്കേ ഈ പേരിലുള്ള തോക്കുകൾ നമുക്കിടയിൽ പരിചിതമായിത്തീർന്നു. എകെ 47 അഥവാ ‘ഓട്ടോമാറ്റിക് കലാഷ്നികോവ്’ എന്നറിയപ്പെടുന്ന തോക്കുകള്‍ രൂപകൽപ്പന ചെയ്തത് മിഖായേൽ കലാഷ്നികോവ് എന്ന റഷ്യാക്കാരനാണ്. ഇദ്ദേഹം രണ്ടാം ലോകയുദ്ധത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആയുധ നിർമാണ രംഗത്തേക്ക് കടന്നത്. കലാഷ്നികോവ് എന്ന പേരിൽ ആയുധനിർമാണക്കമ്പനി സ്ഥാപിച്ചു. ലോകവിഖ്യാതമായ നിരവധി ആയുധങ്ങൾ കലാഷ്നികോവ് പുറത്തിറക്കുകയുണ്ടായി.

പുതിയ വാർത്തകള്‍ ഏറെ കൗതുകം തരുന്നവയാണ്. കാർനിർമാണ രംഗത്തേക്ക് കടക്കുകയാണ് കലാഷ്നികോവ്. വെറും കാറുകളല്ല, ഇലക്ട്രിക് കാറുകൾ. വെറും ഇലക്ട്രിക് കാറുകളല്ല, ടെസ്‌ലയെ വെല്ലുന്ന ഇലക്ട്രിക് കാറുകൾ!

ലോകോത്തരമായ ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന ടെസ്‌ല ഭാവിയുടെ കാർനിർമാതാവായാണ് അറിയപ്പെടുന്നത്. ഈ കാറുകളെ വെല്ലുന്ന കാറുകളെന്നാൽ കലാഷ്നികോവ് കയറി നിൽക്കാനാഗ്രഹിക്കുന്ന ഇടം ചെറുതല്ലെന്ന് ചുരുക്കം.

എല്ലാറ്റിനും മുന്നോടിയായി ഒരു ഇലക്ട്രിക് കാർ കൺസെപ്റ്റ് കലാഷ്നികോവ് അവതരിപ്പിച്ചിരിക്കുകയാണ്. സിവി-1 എന്നാണ് ഇ കൺസെപ്റ്റിന്റെ പേര്. തികഞ്ഞ ഒരു റിട്രോ ഫീൽ നൽകുന്ന ഡിസൈനാണ് സിവി-1 കൺസെപ്റ്റിനുള്ളത്.

എഴുപതുകളിൽ റഷ്യൻ നഗരങ്ങളിൽ ഇറങ്ങിയിരുന്ന ലിമോസിനുകളുടെ ഡിസൈൻ ശൈലിയാണിത്. യുഎസ്എസ്ആറിന്റെ ‘സോഷ്യലിസ്റ്റ് കാഴ്ചപ്പാട്’ അന്നത്തെ കാർ ഡിസൈനിങ് സിദ്ധാന്തങ്ങളെയും വലിയ തോതിൽ സ്വാധീനിച്ചിരുന്നു. കാര്യമാത്രമായിരുന്നു എല്ലാം. ആ‍ഡംബരങ്ങളൊന്നുമില്ലാത്ത പ്ലെയിൻ ഡിസൈൻ. ഈ ഡിസൈനിന്റെ ഭംഗിയെ അതേപടി പകർത്തിയിരിക്കുകയാണ് സിവി-1.

Izh 2125 കോമ്പി കാറുകളുടെ ഡിസൈനാണ് കലാഷ്നികോവ് തങ്ങളുടെ കാറിനായി ഏറെയും പകർത്തിയിട്ടുള്ളത്. സോവിയറ്റ് നാടുകളിലെ ആദ്യത്തെ ഫാമിലി ഹാച്ച്ബാക്ക് കാറായിരുന്നു അത്. എന്നാൽ പൂർണമായും ഒരു ഹാച്ച്ബാക്ക് ശൈലിയിലാണ് നിർമാണമെന്ന് പറയാനാകില്ല. പിൻവശത്തിന് സ്റ്റേഷൻ വാഗൺ ഡിസൈൻ ശൈലിയോട് ഏറെ അടുപ്പമുണ്ട്. മൊത്തത്തിലുള്ള വലിപ്പത്തിന്റെ കാര്യത്തിലും ഈ അടുപ്പം വ്യക്തമാണ്.

കോമ്പി കാറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന് അവയുടെ ഓഫ് റോഡിങ് കപ്പാസിറ്റിയായിരുന്നു. ഏത് ദുർഘടത്തിലും വിശ്വസിച്ച് കൂടെക്കൂട്ടാവുന്ന ഒന്നായി റഷ്യാക്കാർ കോമ്പിയെ മനസ്സിലാക്കി. ഈ കാർ ഇന്നും റഷ്യാക്കാരുടെ ഓർമകളിൽ നിറവുള്ള സാന്നിധ്യമാണ്. കലാഷ്നികോവ് തങ്ങളുടെ കാറിന് ഈ ഡിസൈൻ തെരഞ്ഞെടുത്തതിനു പിന്നിൽ റഷ്യാക്കാരുടെ നൊസ്റ്റാൾജിയയെ ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യവുമുണ്ടാകാം.

90 കിലോവാട്ടിന്റെ ഒരു ഇലക്ട്രിക് ബാറ്ററിയാണ് കാറിലുള്ളത്. ഒറ്റച്ചാർജിൽ 350 കിലോമീറ്റർ ദുരെ വരെ പോകാൻ കഴിയും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വെറും 6 സെക്കൻഡുകൾ മാത്രമേ വേണ്ടൂ ഈ കാറിന്. ടെസ്‌ല കാറുകളെ വെല്ലുന്ന സാങ്കേതിക സൗകര്യങ്ങളോടെയായിരിക്കും ഈ ഇലക്ട്രിക് കാർ എത്തുക എന്നാണ് കലാഷ്നികോവ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍