UPDATES

ട്രെന്‍ഡിങ്ങ്

ലോകത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ഹൈഡ്രജൻ ബസ്സുകൾ ലണ്ടൻ നിരത്തുകളിലേക്ക്

സിംഗിൾ ഡക്കർ ഹൈഡ്രജൻ ബസ്സുകൾ ഇതിനകം തന്നെ ലണ്ടൻ നിരത്തുകളിൽ ഇറങ്ങിയിട്ടുണ്ട്.

ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡബിൾഡക്കർ ബസ്സുകൾ അടുത്തവർഷം മുതൽ ലണ്ടൻ നഗരത്തിലിറങ്ങും. അന്തരീക്ഷമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം നേടാൻ ഈ ബദൽ ഇന്ധനം നഗരത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി മോട്ടോറുകൾ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുക. ഈ മോട്ടോറുകളെ പ്രവർത്തിപ്പിക്കുന്നത് ഹൈഡ്രജൻ ഇന്ധന സെല്ലുകളായിരിക്കും. ഈ ഇന്ധന സെല്ലുകൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ഈ പ്രവർത്തനത്തിന്റെ അവക്ഷിപ്തം വെള്ളമാണ്, പുകയല്ല എന്നതിനാൽത്തന്നെ അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നില്ല.

‘ട്രാൻസ്പോർട് ഫോർ ലണ്ടൻ’ കോർപ്പറേഷനാണ് നിരത്തുകളിൽ ഹൈഡ്രജൻ ബസ്സുകൾ ഓടിക്കുക. ഈ ബസ്സുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഇതോടൊപ്പം ഒരുക്കേണ്ടതുണ്ട്. ഇന്ധനം നിറയ്ക്കാനുള്ള സംവിധാനങ്ങളടക്കം ഈ ബസ്സുകൾക്ക് ആകെ വരുന്ന ചെലവ് 12 ദശലക്ഷം പൗണ്ടാണ്. ഇതിൽ 5 ദശലക്ഷം പൗണ്ട് പാരിസ്ഥിതികാഘാതം സൃഷ്ടിക്കാത്ത പദ്ധതികൾക്കുള്ള യൂറോപ്യൻ ഫണ്ടിങ്ങിലൂടെ വരും. വാഹനങ്ങളുടെ ഓട്ടച്ചെലവ് ഏതാണ്ട് ഡീസൽ വാഹനങ്ങളുടേതിന് സമാനമായിരിക്കും.

സിംഗിൾ ഡക്കർ ഹൈഡ്രജൻ ബസ്സുകൾ ഇതിനകം തന്നെ ലണ്ടൻ നിരത്തുകളിൽ ഇറങ്ങിയിട്ടുണ്ട്. വടക്കൻ അയർലാൻഡിലെ റൈറ്റ്ബസ്സ് (Wrightbus) ആണ് ഡബിൾഡക്കറുകൾ ട്രാൻസ്പോർട് ഫോർ ലണ്ടനു വേണ്ടി നിർമിക്കുക.

യുഎസ്ബി ചാർജിങ് പോയിന്റുകൾ അടക്കമുള്ള സന്നാഹങ്ങൾ വാഹനത്തിൽ യാത്രക്കാർക്ക് ലഭ്യമാക്കും. പടിഞ്ഞാറൻ ലണ്ടനും വെംബ്‌ലേയ്ക്കുമിടയിൽ മൂന്ന് റൂട്ടുകളിൽ ഈ ബസ്സുകൾ ഓടും. ലണ്ടൻ നഗരത്തെ ‘അൾട്രാ ലോ എമിഷൻ സോൺ’ ആയി കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. പരിധികവിഞ്ഞ് മലിനീകരണമുണ്ടാക്കുന്ന ബസ്സുകൾ ദിവസം 100 പൗണ്ട് പിഴ നൽകേണ്ടതായിട്ടുണ്ട്.

യൂറോപ്പില്‍ത്തന്നെ ഇത്രയധികം മലനീകരണരഹിത പൊതുഗതാഗത വാഹനങ്ങൾ യൂറോപ്പിൽ ഒരു രാജ്യത്തുമില്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. നഗരത്തിലെ ബസ്സ് ഗതാഗതത്തെ മലനീകരണ വിമുക്തമാക്കാൻ 85 ദശലക്ഷം പൗണ്ടിന്റെ നിക്ഷേപം നടത്താൻ തങ്ങൾ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വളരെ ചെലവേറിയ ഏർപ്പാടായതിനാൽ ഹൈഡ്രജൻ ഇന്ധന ബസ്സുകൾ അത്രകണ്ട് വ്യാപകമായിട്ടില്ല. ജലത്തെ ഇലക്ട്രോലൈസ് ചെയ്ത് ഹൈഡ്രജൻ ശേഖരിക്കുകയാണ് ഇന്ധനശേഖരണത്തിനുള്ള വഴി. ഇത് ചെലവേറിയ പരിപാടിയാണ്. ഒട്ടും കാർബൺ ബഹിർഗമനം ഇല്ലാത്തതാകയാൽ, മലിനീകരണം മൂലം ബുദ്ധിമുട്ടുന്ന സമ്പന്നമായ പടിഞ്ഞാറൻ നാടുകൾ പലതും ഈ വഴിക്ക് ധാരാളം നിക്ഷേപം നടത്തുന്നുണ്ട്. മുൻവർഷങ്ങളിലേതിനെക്കാൾ മികച്ചതും ചെലവു കുറഞ്ഞതുമായ സാങ്കേതികതയായി ഹൈഡ്രജൻ ഇന്ധന സാങ്കേതികത മാറിയിട്ടുണ്ട്.

മെഴ്സിഡിസ് ബെൻസാണ് ഹൈഡ്രജൻ വാഹനങ്ങള്‍ക്കു വേണ്ടി തുടക്കം മുതൽ പരിശ്രമിച്ചിരുന്നത്. ബാല്യദശയിൽ, ഈ സാങ്കേതികതയുടെ അപകടസാധ്യകൾ വളരെ വലുതായിരുന്നു. മെഴ്സിഡിസ്സിന്റെ ഹൈഡ്രജൻ കാറിനെ ‘ആത്മഹത്യാവാഹനം’ എന്നാണ് പലരും കളിയാക്കിയിരുന്നത്. എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഇന്ധനമാണ് ഹൈഡ്രജൻ എന്നതായിരുന്നു കാര്യം. തങ്ങളുടെ ബി ക്ലാസ് ഹാച്ച്ബാക്കിൽ ഹൈഡ്രജൻ ഇന്ധന സാങ്കേതികത പ്രയോഗിച്ച് ലോകമെമ്പാടും ഓടിച്ചു നടന്ന് പ്രചാരണം കൊടുക്കാനും മെഴ്സിഡിസ് ശ്രമിക്കുകയുണ്ടായി. ഹൈഡ്രജൻ ഫില്ലിങ് സ്റ്റേഷനുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവയ്ക്ക് ആവശ്യമാണ് എന്നതും പൊതുനിരത്തിലേക്ക് ഇറക്കുന്നതിന് പ്രശ്നമായിരുന്നു. ഈ പ്രശ്നങ്ങൾ‌ നൂതനമായ സാങ്കേതികതകൾ കൊണ്ടും ഫണ്ടിങ് വഴിയുമെല്ലാം പരിഹരിക്കപ്പെടുന്നുണ്ട് ഇപ്പോൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍