UPDATES

ഓട്ടോമൊബൈല്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടു പുതിയ വൈദ്യുത വാഹനങ്ങള്‍ കൂടി പുറത്തിറക്കുമെന്ന് മഹീന്ദ്ര

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 600 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്

രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടു പുതിയ വൈദ്യുത വാഹനങ്ങള്‍ കൂടി പുറത്തിറക്കുമെന്ന് മഹീന്ദ്ര (എം ആന്‍ഡ് എം). 2019 പകുതിയോടെ ഈ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വികസനഘട്ടത്തിലുള്ള വൈദ്യുത വാഹന മോഡലുകളില്‍ ആദ്യത്തേത് അടുത്ത വര്‍ഷം അവസാനത്തോടെയും രണ്ടാമത്തേത് 2019 മധ്യത്തോടെയും പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എം ആന്‍ഡ് എം മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക വെളിപ്പെടുത്തി.

വൈദ്യുത വാഹന ശ്രേണി വികസിപ്പിക്കാനും ഇത്തരം വാഹനങ്ങളുടെ ഉല്‍പ്പാദനം ഉയര്‍ത്താനുമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 600 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിനും ബാറ്ററി ഘടക നിര്‍മാണത്തിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുമൊക്കെയായിരിക്കും ഈ നിക്ഷേപം വിനിയോഗിക്കുക.

കൂടാതെ വൈദ്യുത വാഹനങ്ങളുടെ പ്രതിമാസ ഉല്‍പ്പാദനം നിലവിലുള്ള 500 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായി ഉയര്‍ത്താനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോര്‍ മേഖലകളില്‍ സംയുക്ത സംരംഭത്തിനുള്ള സാധ്യതയും മഹീന്ദ്ര തേടുന്നുണ്ട്. നിലവില്‍ ‘ഇ വെരിറ്റൊ’, ‘ഇ ടു ഒ പ്ലസ്’, ‘ഇ സുപ്രൊ’ എന്നിവയാണ് മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലുള്ളത്.

ഇതുവരെ 500 കോടിയോളം രൂപ കമ്പനി വൈദ്യുത വാഹന മേഖലയില്‍ നിക്ഷേപിച്ചു കഴിഞ്ഞെന്നു ഗോയങ്ക അറിയിച്ചു. ഇതിനു പുറമെയാണ് വരുംവര്‍ഷങ്ങളില്‍ 600 കോടി രൂപ കൂടി മുടക്കാന്‍ കമ്പനി തയാറെടുക്കുന്നത്. അതേസമയം ബാറ്ററി നിര്‍മാണ മേഖലയിലേക്ക് ഉടനെ പ്രവേശിക്കാന്‍ മഹീന്ദ്രയ്ക്കു പദ്ധതിയില്ലെന്നും മൊഡ്യൂള്‍, മറ്റു ബാറ്ററി ഘടകങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ശ്രദ്ധയൂന്നാനാണ് കമ്പനിയുടെ തീരുമാനമെന്നും ഗോയങ്ക വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍