UPDATES

ട്രെന്‍ഡിങ്ങ്

3,000 കരാർ ജീവനക്കാരെ പിരിച്ചു വിട്ടെന്ന് മാരുതി: വാഹനവിപണിയിൽ ഇടിവ് തുടരുന്നു

ഈ വർഷം തങ്ങളുടെ മോഡലുകളിൽ 50 ശതമാനത്തിനും സിഎൻജി പതിപ്പുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് മാരുതിയെന്നും ഭാർഗവ ഓഹരിയുടമകളെ അറിയിച്ചു.

മാരുതി സുസൂക്കി തങ്ങളുടെ പ്ലാന്റുകളിലെ 3000 കരാർ ജീവനക്കാരെ പിരിച്ചു വിടുന്നു. വാഹനങ്ങളുടെ ഡിമാൻഡിൽ വന്ന ഇടിവാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാരണത്താൽ നിർമിച്ച വാഹനങ്ങൾ തന്നെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. മാരുതി സുസൂക്കി ചെയർമാൻ ആർസി ഭാർഗവ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതുതായി നിലവിൽ വന്ന സുരക്ഷാ മാനദണ്ഡങ്ങൾ കാറുകളോട് ചേര്‍ക്കേണ്ടി വന്നത് ഉൽപ്പാദനച്ചെലവിൽ വലിയ വർധനയുണ്ടാക്കിയിട്ടുണ്ടെന്ന് ആർസി ഭാർഗവ കമ്പനിയുടെ ഓഹരിയുടമകളുടെ വാർഷിക ജനറൽ ബോഡിയിൽ ചൂണ്ടിക്കാട്ടി. ഇത് കാറുകളുടെ വിലയിലുണ്ടാക്കിയ വർധന വലിയ വിഭാഗമാളുകളെ വാങ്ങുന്നത് മാറ്റി വെക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒമ്പത് മാസമായി രാജ്യത്തെ ഓട്ടോമൊബൈൽ വിപണി വൻ തിരിച്ചടി നേരിടുകയാണ്. തൊഴിലാളികളെ പിരിച്ചുവിടുന്നതും ഷോറൂമുകൾ അടച്ചിടുന്നതുമെല്ലാം സാധാരണമായിത്തുടങ്ങിയിട്ടുണ്ട്. പതിനായിരങ്ങൾക്കാണ് നേരിട്ടും അല്ലാതെയും ഈ വിപണിയുടെ ഇടിവ് നിമിത്തം ജോലി നഷ്ടമായിരിക്കുന്നത്.

ഇതിനിടെ എമിഷൻ ചട്ടങ്ങൾ‌ പുതുക്കാൻ സുപ്രീംകോടതി നൽകിയിട്ടുള്ള നിർദ്ദേശവും വിപണിക്ക് ക്ഷീണമായിരിക്കുകയാണ്. 2020 മാർച്ച് മാസത്തോടെ എൻജിനുകളുടെ നിലവാരം വർധിപ്പിക്കണം. നിലവിൽ നാലാം എമിഷൻ ചട്ടമാണ് പ്രയോഗത്തിലുള്ളത്. കുറെക്കൂടി ഇന്ധനം കത്തിക്കാൻ ശേഷി കൂടിയതും മൈലേജ് കൂടിയതുമായ എൻജിനുകള്‍ കൊണ്ടുവരാനാണ് നിർദ്ദേശം. ആറാം കരിമ്പുകച്ചട്ടം നടപ്പിലാക്കണമെങ്കിൽ നിലവിലുള്ള എല്ലാ എൻജിനുകളും മാറ്റേണ്ടി വരും. വലിയ മൂലധനം ആവശ്യമുള്ള ഈ പ്രവർത്തനത്തിലാണ് എല്ലാ വാഹനനിർമാതാക്കളും.

ഈ വർഷം തങ്ങളുടെ മോഡലുകളിൽ 50 ശതമാനത്തിനും സിഎൻജി പതിപ്പുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് മാരുതിയെന്നും ഭാർഗവ ഓഹരിയുടമകളെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍