UPDATES

ഓട്ടോമൊബൈല്‍

മാരുതി സുസുക്കിയുടെ പുതിയ മൈക്രോ എസ്യുവി എസ്-പ്രെസോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

ക്രോമിയം ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എസ്-പ്രെസോയുടെ എക്സ്റ്റീരിയറിനെ അലങ്കരിക്കുക

പുതിയ മൈക്രോ എസ്യുവി മോഡലായ എസ്-പ്രെസോ സെപ്റ്റംബര്‍ 30-ന് ഇന്ത്യയിലെത്തുന്നു.മാരുതി സുസുക്കിയുടെ പുതിയ മൈക്രോ എസ്യുവി മോഡലാണ് എസ്-പ്രെസോ.കഴിഞ്ഞ ഇന്ത്യ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍-എസ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണിത്.

സ്റ്റാന്റേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളില്‍ ആകെ ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുമെന്നാണ് സൂചന. ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുക. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പവര്‍ നല്‍കുന്നതാണ് ഈ എന്‍ജിന്‍.

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമില്‍ ബോക്‌സി ഡിസൈന്‍ ശൈലിയിലാണ് വാഹനത്തിന്റെ നിര്‍മാണം. ഇതിനോടകം പുറത്തുവന്ന സ്പൈ ചിത്രങ്ങള്‍ പ്രകാരം മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എസ്-പ്രെസോയുടെ എക്സ്റ്റീരിയറിനെ അലങ്കരിക്കുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് വകഭേദവും ഇതിലുണ്ടാകും. ആള്‍ട്ടോയെക്കാള്‍ വലുതും ബ്രെസയേക്കാള്‍ കുഞ്ഞനുമാണ് എസ്-പ്രെസോ.

3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 1170 കിലോഗ്രാമാണ് ഭാരം. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും.സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഢംബര ഭാവമൊരുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍