UPDATES

ഓട്ടോമൊബൈല്‍

പുതിയ സ്വിഫ്റ്റ് – അറിയേണ്ട അഞ്ച് കാര്യങ്ങള്‍

ജനുവരി 17 മുതല്‍ മാരുതി സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ സ്വിഫ്റ്റിന്റെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. പതിനൊന്നായിരം രൂപയാണ് ബുക്കിംഗ് ചാര്‍ജ്. വന്‍ ബുക്കിഗാണ് സ്വിഫ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സ്വിഫ്റ്റ്. പ്രായോഗികത, മുടക്കിനൊത്ത മൂല്യം, ഓടിക്കാനുള്ള സുഖം, മികച്ച മൈലേജ് എന്നിവയൊക്കെയാണ് സ്വിഫ്റ്റിന്റെ പ്ലസ് പോയിന്റുകള്‍. ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള മൂന്ന് കാറുകളില്‍ ഒന്നായി തുടരുന്ന സ്വിഫ്റ്റിന്റെ പുതിയ തലമുറയെ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസൂക്കി. ഫെബ്രുവരിയിലെ ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ സ്വിഫ്റ്റിന്റെ സവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം.

1. വലുപ്പം കൂടുതല്‍

ബലേനോ ഹാച്ച്ബാക്കിന്റെ തരം ഹേര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ സ്വിഫ്റ്റ് നിര്‍മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്‌ഫോം. പഴയ മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയതിന്. കുറഞ്ഞ ബോഡി ഭാരം മൈലേജും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തും.

വീല്‍ബേസ് പഴയതിലും 20 മിമീ അധികമുണ്ട്. വീതി 40 മിമീ കൂടി. ഹെഡ്‌റൂം 24 മിമീ വര്‍ധിച്ചിട്ടുണ്ട്. ഫലത്തില്‍ പാസഞ്ചര്‍ കാബിന്‍ കൂടുതല്‍ വിശാലമായി. ബൂട്ട് സ്‌പേസും മെച്ചപ്പെടുത്തിയിരിക്കുന്നു. മുന്‍ഗാമിയെക്കാള്‍ 58 ലീറ്റര്‍ അധികമുണ്ടിത്, 265 ലീറ്റര്‍ ആണ് ഇപ്പോള്‍.

നിലവിലുള്ള സ്വിഫ്റ്റിന്റെ അടിസ്ഥാന രൂപഘടനതന്നെയാണ് പുതിയ സ്വിഫ്ടിന്. മുന്‍ഭാഗം അല്‍പ്പം കൂര്‍ത്തതാണ്. ഓഡി കാറുകളെ ഓര്‍മിപ്പിക്കും മുന്നിലെ ഗ്രില്‍ . ഇത് മസ്‌കുലാര്‍ ലുക്കുള്ള മുന്‍ ബമ്പര്‍ ഇതുമായി കൂടിച്ചേരുമ്പോള്‍ മുന്‍ഭാഗത്തിന് ഗൗരവഭാവം കൈവരുന്നു. ഹെഡ് ലാംപുകളും പുതിയതാണ്. സൈഡില്‍ നിന്നുള്ള കാഴ്ചയില്‍ കാര്യമായ മാറ്റമില്ല. എന്നാല്‍ റൂഫിന് പിന്‍ഭാഗം കൂടുതല്‍ താഴ്ന്നാണ്.

സി പില്ലര്‍ കറുപ്പ് നിറത്തിലാണ്. ഷെവര്‍ലെ ബീറ്റ്, മഹീന്ദ്ര കെയുവി 100 മോഡലുകളെപ്പോലെ പിന്നിലെ ഡോറില്‍ വിന്‍ഡോ ഗ്ലാസിന് അരികിലായി ഡോര്‍ ഹാന്‍ഡില്‍ നല്‍കിയിരിക്കുന്നു. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോര്‍ഡ്, സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പുതിയതാണ്. സെന്റര്‍ കണ്‍സോളില്‍ വലുപ്പം കൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. പ്രൈം ലൂസന്റ് ഓറഞ്ച്, മിഡ് നൈറ്റ് ബ്ലൂ എന്നീ പുതിയ ബോഡി നിറങ്ങളും സ്വിഫ്റ്റിനുണ്ട്.

2. എഎംടി വകഭേദവും ലഭ്യം

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) കാറുകള്‍ക്ക് വര്‍ധിച്ച് വരുന്ന ജനപ്രീതി കണക്കിലെടുത്ത് പുതിയ സ്വിഫ്ടിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് എഎംടി വകഭേദം നല്‍കിയിട്ടുണ്ട്. അഞ്ച് സ്പീഡാണ് എഎംടി.

3. എന്‍ജിന്‍ പഴയത് തന്നെ
നിലവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍ (83 ബിഎച്ച്പി- 113 എന്‍എം) , 1.3 ലീറ്റര്‍ ഡീസല്‍ (75 ബിഎച്ച്പി – 190 എന്‍എം) എന്‍ജിന്‍ തന്നെയാണ് പുതിയ സ്വിഫ്റ്റിനും ഉപയോഗിക്കുന്നത്.

4. മൈലേജില്‍ വര്‍ധന

ബോഡി ഭാരം കുറച്ചതിലൂടെ മൈലേജ് മെച്ചപ്പെടുത്താന്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയത് പ്രകാരം പെട്രോള്‍ വകഭേദത്തിന് മുന്‍ഗാമിയെ അപേക്ഷിച്ച് ഏഴ് ശതമാനം ഡീസല്‍ വകഭേദത്തിന് 12 ശതമാനവും മൈലേജ് മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന്റെ മൈലേജ് പെട്രോള്‍ -ലീറ്ററിന് 22 കിമീ, ഡീസല്‍ – ലീറ്ററിന് 28.4 കിമീ.

5. ബുക്കിംഗ് തുടങ്ങി

ജനുവരി 17 മുതല്‍ മാരുതി സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ സ്വിഫ്റ്റിന്റെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. പതിനൊന്നായിരം രൂപയാണ് ബുക്കിംഗ് ചാര്‍ജ്. വന്‍ ബുക്കിഗാണ് സ്വിഫ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ തന്നെ സ്വിഫ്റ്റിന് ഒന്നര മാസം മുതല്‍ രണ്ട് മാസം വരെ കാത്തിരിപ്പ് സമയം ആയിട്ടുണ്ട്. ലഭിച്ച ബുക്കിംഗില്‍ 65 ശതമാനവും എഎംടി വകഭേദത്തിനാണ്.

 

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍