UPDATES

ഓട്ടോമൊബൈല്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ ആദ്യ ഇലക്ട്രിക് ബൈക്ക്; റിവോള്‍ട്ട് RV400 പുറത്തിറക്കി

റിബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ RV 400 വാഹനം ലഭ്യമാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനത്തോടെ രാജ്യത്തെത്തുന്ന ആദ്യ ഇലക്ട്രിക് ബൈക്കായ RV 400 ഇന്ത്യയില്‍ പുറത്തിറക്കി. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്‌സും RV മോഡലുകളിലുണ്ട്. രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്സ്ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് RV 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രൂപത്തില്‍ സമാനമാണെങ്കിലും ഇതിനെക്കാള്‍ അല്‍പം ചെറിയ മോഡലാണ് RV 300 ഇലക്ട്രിക്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. മുന്നിലും പിന്നിലും 17 ഇഞ്ച് എട്ട് സ്പോക്ക് അലോയി വീലാണ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 240 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്. ഇതിനൊപ്പം അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും (CBS) റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും (RBS) സ്റ്റാന്റേര്‍ഡായുണ്ട്.

മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരമാണ് RV 400 സഞ്ചരിക്കുക. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ആകെ 108 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 1.5kW മോട്ടോറും 60 വോള്‍ട്ട് 2.7kW ബാറ്ററിയുമാണ് RV 300 ലുള്ളത്. RV 400 നെക്കാള്‍ ഏഴ് കിലോഗ്രാം ഭാരവും കുറവാണ്. ഒറ്റചാര്‍ജില്‍ 80-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ RV 300ന് സാധിക്കും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ പരമാവധി വേഗത.

75000 കിലോമീറ്റര്‍ അല്ലെങ്കില്‍ 5 വര്‍ഷമാണ് ഇതിന്റെ വാറണ്ടി പിരീഡ്. ഓരോ 10000 കിലോമീറ്റര്‍ കൂടുമ്പോഴുമാണ് സര്‍വീസ് പിരീഡ്. ബാറ്ററിക്ക് എട്ട് വര്‍ഷം അല്ലെങ്കില്‍ ഒന്നര ലക്ഷം കിലോമീറ്ററാണ് വാറണ്ടി. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്റര്‍ വരെ ഫ്രീ മെയ്ന്റനന്‍സും കമ്പനി നല്‍കും.റിബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ RV 400 വാഹനം ലഭ്യമാകും. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് (മൈ റിവോള്‍ട്ട് പ്ലാന്‍) റിവോള്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. 37 മാസ കാലയളവില്‍ മാസംതോറും 3,499 രൂപയ്ക്ക് RV 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയത്തിന്റെ വില. ഇതിനൊപ്പം ചെറിയ RV 300 മോഡലും റിവോള്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. മാസംതോറും 2,999 രൂപയാണ് ഇതിന് നല്‍കേണ്ടത്. തുടക്കത്തില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍