UPDATES

ഓട്ടോമൊബൈല്‍

ഇന്റർസെപ്റ്റർ: റോഡ് ട്രിപ്പുകൾക്കായി എൻഫീൽഡിൽ നിന്ന് ഒരു റിട്രോ സ്റ്റൈൽ കരുത്തൻ

ദീർഘദൂരയാത്രകൾക്ക് ഏറ്റവും യോജിച്ച തരത്തിലാണ് നിർമ്മാതാക്കൾ ഇന്റർസെപ്റ്ററിനെ രൂപകൽപന ചെയ്തിരിക്കുന്നത്.

ഗതിവേഗം കൊണ്ട് കഫേ ലൈറ്റുകൾക്കിടയിൽ ചീറിപ്പാഞ്ഞ് നിരത്തിനെ കീഴടക്കി ഹരം കൊള്ളുന്നവരായിരിക്കില്ല എല്ലാ ബൈക്ക് പ്രേമികളും. വേഗം കുറഞ്ഞ ആരോഗ്യകരമായ റൈഡിങ് ആസ്വദിച്ച് കാഴ്ചയുടെ വീഥിയിൽ അലിഞ്ഞ് ചേരുന്നവരും ധാരാളം. റോയൽ എൻഫീൽഡിന്റെ ആരാധകർ പൊതുവേ അത്തരത്തിൽ ഉള്ളവരാണ്. ദുർഘടമായ ഏത് വഴിയും സുഗമമാക്കാനുള്ള കഴിവുറ്റ മോഡലുകൾ എൻഫീൽഡിനുണ്ട്. അത്തരത്തിലുള്ള ഒരു മികച്ച യോദ്ധാവാണ് ഇന്റർസെപ്റ്റർ.

ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും നമ്മുടെ നിരത്തിനിണങ്ങിയ രീതിയിലാണ് ഇന്റർസെപ്റ്ററിന്റെ രൂപകല്പന. റിട്രോ സ്റ്റൈൽ ബൈക്കുകളായ ബോനെവെൽ, സ്ട്രീറ്റ് 750 പോലുള്ള മോഡലുകൾ സാധാരണക്കാർക്ക് അപ്രാപ്യമാണെങ്കിൽ അതിന് മാറ്റം കുറിക്കുകയാണ് ഇന്റർസെപ്റ്റർ. കോണ്ടിനെന്റൽ ജിടി 650യ്ക്കൊപ്പം റോയൽ എൻഫീൽഡ് അ‌വതരിപ്പിച്ച ഇന്റർസെപ്റ്ററിന് സഹോദരനുമായുള്ള സാമ്യതകളും ചില വ്യത്യാസങ്ങളുമുണ്ട്.

ലുക്കിൽ ഇരു ബൈക്കുകളിലും വ്യത്യസ്തത കൊണ്ടുവാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ടാങ്കും സീറ്റും ഫൂട്ട്പെഗ്സുമാണ് ഇരു ബൈക്കുകളുടെയും വ്യത്യസ്തത എടുത്തു കാണിക്കുന്നത്. ടയറിലും ബ്രേക്കിലും സസ്പൻഷനിലും മാറ്റങ്ങളുണ്ട്. ഈ വേർതിരിവുകൾ മാറ്റിവച്ച് ട്യൂണിങ്​ഗതിയും ഗിയർ റേഷ്യോയും പരിഗണിച്ചാൽ ഈ മോഡലുകൾ അക്ഷരാർത്ഥത്തിൽ ഇരട്ടകൾ തന്നെ.

ജിടി 650-യിലെന്നപോലെ 648 സിസിയോടു കൂടിയ പാരലൽ ട്വിൻ മോട്ടോർ തന്നെയാണ് ഇന്റർസെപ്റ്ററിനും നൽകിയിട്ടുള്ളത്. 47 ബിഎച്ച്പിയും 53 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ഇതിന് കഴിയും. മിഡ് റേഞ്ചിൽ ഉയർന്ന ടോർക്ക് കൈവരിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. കുറഞ്ഞ 2500 ആർപിഎമ്മിൽ ഏകദേശം 80 ശതമാനത്തോളം ടോർക്ക് ആർജിക്കാൻ ഈ വാഹനങ്ങൾക്ക് കഴിയും. ഇതെല്ലാം ഒത്തിണക്കി സിക്സ് സ്പീഡ് ട്രാൻസ്മിഷനിൽ ഏറ്റവും മികച്ച പ്രകടനമാണ് ഇന്റർസെപ്റ്റർ കാഴ്ചവെക്കുന്നത്.

ഇരിപ്പിടമാണ് ഇന്റർസെപ്റ്ററിനെ കൂടുതൽ വ്യത്യസ്തനാക്കുന്നത്. സ്ട്രെയ്റ്റ് ഹാൻഡിൽ ബാറും ഉയരമുള്ള പെഗ്സും റൈഡിങ് കൂടുതൽ സുഖകരമാക്കുന്നു. മാത്രമല്ല വാഹനത്തിന്റെ മുൻഭാഗത്തേക്ക് ഭാരം കുറയ്ക്കാനും അ‌നായാസമായ റൈഡിങ്ങിനും ഇത് സഹായിക്കുന്നു. സങ്കീർണ്ണമായ വളവുകളിൽ പോലും നിയന്ത്രണം വിടാതെ സഞ്ചരിക്കാൻ ഇന്റർസെപ്റ്ററിന്റെ അധികഭാരം ഒരു പരിധി വരെ ഗുണകരമാകുന്നുണ്ട്.

ദീർഘദൂരയാത്രകൾക്ക് ഏറ്റവും യോജിച്ച തരത്തിലാണ് നിർമ്മാതാക്കൾ ഇന്റർസെപ്റ്ററിനെ രൂപകൽപന ചെയ്തിരിക്കുന്നത്. അ‌തിനാൽ റോഡ്ട്രിപ്പുകൾ നടത്തുന്ന യുവാക്കളെയാകും വാഹനം പ്രധാനമായും ലക്ഷ്യമിടുന്നത്.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍