UPDATES

ഓട്ടോമൊബൈല്‍

അ‌ടിപൊളി സ്റ്റൈലില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ്

ഉപഭോക്താക്കള്‍ രൂപമാറ്റം വരുത്തി ആകര്‍ഷകമാക്കിയ തണ്ടര്‍ ബേഡ് മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തണ്ടര്‍ബേഡ് എക്സിനെ കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്സിനെ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ രൂപമാറ്റം വരുത്തി ആകര്‍ഷകമാക്കിയ തണ്ടര്‍ ബേഡ് മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തണ്ടര്‍ബേഡ് എക്സിനെ കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രോം ഘടകങ്ങള്‍ നന്നേ കുറവാണിതിന്. സൈലന്‍സര്‍ അടക്കം എല്ലായിടത്തും കറുപ്പ് മയം. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ആദ്യമായി അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും ലഭിച്ചതും തണ്ടര്‍ബേഡ് എക്സിനാണ്.

സാധാരണ തണ്ടര്‍ബേഡിനെപ്പോലെ 350 സിസി , 500 സിസി വകഭേദങ്ങള്‍ എക്സ്‍ മോഡലിനുമുണ്ട്. തണ്ടര്‍ബേഡ് 350 എക്സിന് വിംസിക്കല്‍ വൈറ്റ്, റോവിങ് റെഡ് എന്നീ രണ്ട് പുതിയ നിറങ്ങളുണ്ട്. തണ്ടര്‍ബേഡ് 500 എക്സിന് ഗെറ്റ്എവേ ഓറഞ്ച്, ഡ്രിഫ്റ്റര്‍ ബ്ലൂ എന്നീ നിറങ്ങളും.

മുന്‍ഭാഗത്ത് കുഴിവുള്ള ഒറ്റ സീറ്റ്, പുതിയ ഗ്രാബ് റെയിലുകള്‍ , നീളം കുറഞ്ഞ റിയര്‍ മഡ് ഗാര്‍ഡ്, നിവര്‍ന്ന ഹാന്‍ഡില്‍ ബാര്‍ എന്നിവ തണ്ടര്‍ബേഡ് എക്സിന് വ്യത്യസ്തവും ആകര്‍ഷകവുമായ രൂപം സമ്മാനിക്കുന്നു.മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുണ്ട്.

എന്‍ജിനുകള്‍ക്ക് മാറ്റമില്ല. തണ്ടര്‍ബേഡ് 350 എക്സിന്റെ 345 സിസി, സിംഗിള്‍ സിലിണ്ടര്‍ , ട്വിന്‍ സ്പാര്‍ക്ക് എയര്‍കൂള്‍ഡ് എന്‍ജിന് 19.80 ബിഎച്ച്പി -28 എന്‍എം ആണ് ശേഷി. ഇലക്ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷനുള്ള 499 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍കൂള്‍ഡ് എന്‍ജിനാണ് തണ്ടര്‍ബേഡ് 500 എക്സിന്. ശേഷി 27.2 ബിഎച്ച്പി -41.30 എന്‍എം.

സാധാരണ തണ്ടര്‍ബേഡുമായി വില താരതമ്യം ചെയ്താല്‍ എണ്ണായിരം രൂപയോളം അധികമാണ് എക്സ് മോഡലിന്. ഡല്‍ഹി എക്സ്‍ഷോറൂം വില: തണ്ടര്‍ബേഡ് 350 എക്സ് -1,56,849 രൂപ, തണ്ടര്‍ബേഡ് 500 എക്സ് – 1,98,878 രൂപ. സാധാരണ തണ്ടര്‍ബേഡിന്റെ വില്‍പ്പന തുടരുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍