UPDATES

ഓട്ടോമൊബൈല്‍

പരിഹാസം നിര്‍ത്താം, കാറ് വാങ്ങാന്‍ സ്ത്രീകള്‍ക്കും അറിയാം

സ്ത്രീകള്‍ ഒരു കാറ് വാങ്ങുമ്പോള്‍ പരിഗണന നല്‍കുന്ന കാര്യങ്ങള്‍ ഇവയാണ്

കാര്‍ വാങ്ങുന്നതൊക്കെ മുമ്പ് ആണുങ്ങളുടെ മാത്രം കാര്യമായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി അങ്ങനയല്ല. ഇന്ത്യയില്‍ വില്‍പ്പന നടക്കുന്ന കാറുകളില്‍ 15 ശതമാനം വാങ്ങുന്നത് വനിതകളാണ്. ഇവരുടെ എണ്ണം ഭാവിയില്‍ കൂടാനെയുള്ളൂ സാധ്യത. ഉയര്‍ന്ന വിദ്യാഭ്യാസം, വരുമാനമേറിയ ജോലി, മാറിയ ജീവിതസാഹചര്യം, കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള അവസരം എന്നിവയൊക്കെയാണ് സ്ത്രീകള്‍ക്ക് സ്വന്തമായി കാര്‍ വാങ്ങാന്‍ പ്രാപ്തി നല്‍കിയത്. ബാഹ്യരൂപവും നിറവും മാത്രം നോക്കിയാണ് സ്ത്രീകള്‍ കാര്‍ വാങ്ങുന്നതെന്ന് പലരും പരിഹാസച്ചുവയോടെ പറയാറുണ്ട്. എന്നാല്‍ ഇതിലൊന്നും ഒരു വാസ്തവവുമില്ലെന്ന് പ്രിമോണ്‍ ഇന്ത്യ നടത്തിയ അഭിപ്രായസര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നു. കാര്‍ വാങ്ങാനൊരുങ്ങുന്ന സ്ത്രീകള്‍ മുന്തിയ പരിഗണന കൊടുക്കാറുള്ള കാര്യങ്ങള്‍ ഈ സര്‍വേയില്‍ കണ്ടെത്തി. പൊതുവേയുള്ള മുന്‍വിധികളെ തിരുത്തുന്നവയാണ് സര്‍വേയിലെ മിക്ക കണ്ടെത്തലുകളും. അവ എന്തെല്ലാമാണെന്ന് നോക്കാം.

നിറം നോക്കിയല്ല തീരുമാനം
കാര്‍ വാങ്ങുമ്പോള്‍ സ്ത്രീകള്‍ നിറത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എന്ന വിശ്വാസം ശരിയല്ല. വെറും 16 ശതമാനം സ്ത്രീകളാണ് പ്രത്യേക നിറത്തിനു പ്രാധാന്യം കൊടുക്കാറുള്ളത്.

ബ്രാന്‍ഡ് മൂല്യവും ഫീച്ചറുകളും നിര്‍ബന്ധം

കാറിന്റെ ബ്രാന്‍ഡ് മൂല്യത്തിനാണ് സ്ത്രീകള്‍ മുന്തിയ പരിഗണ നല്‍കുന്നത്. രൂപഭംഗി, പുത്തന്‍ സാങ്കേതികവിദ്യ, ഫീച്ചറുകള്‍ എന്നിവയ്ക്കും സ്ത്രീകള്‍ പ്രാധാന്യം കൊടുക്കുന്നു. പുരുഷന്മാര്‍ പരിഗണിക്കാറുള്ള പ്രായോഗികവശങ്ങളായ ഇന്ധനക്ഷമത, പാര്‍ക്ക് ചെയ്യാനുള്ള എളുപ്പം, ബജറ്റ് എന്നിവയൊക്കെ സ്ത്രീകള്‍ അത്ര ഗൗരവമായി കാണുന്നില്ല.

താത്പര്യം മുന്തിയ വകഭേദങ്ങളോട്‌
അത്യാവശ്യം വേണ്ട ഫീച്ചറുകള്‍ മാത്രമുള്ള ഒരു കാറാണ് സ്ത്രീകളായ കുടുംബാംഗങ്ങള്‍ക്കോ സ്‌നേഹിതകള്‍ക്കോ വേണ്ടി പുരുഷന്മാര്‍ നിര്‍ദ്ദേശിക്കുക. ഒരു യാത്രോപാധി എന്ന നിലയ്ക്ക് മാത്രമാണ് അവര്‍ കാറിനെ കാണുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് അതല്ല ആവശ്യം. നിറയെ ഫീച്ചറുകളുള്ള മുന്തിയ വകഭേദമാണ് അവരുടെ മനസില്‍.

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല
സുരക്ഷസംവിധാനങ്ങള്‍ , ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്കായി കൂടുതല്‍ പണം മുടക്കാന്‍ സ്ത്രീകള്‍ക്ക് മടിയില്ല. എയര്‍ബാഗും എബിഎസുമൊക്കെയുള്ള കാറിനോടാണ് അവര്‍ക്ക് താത്പര്യം. സെക്യൂരിറ്റി അലാം സിസ്റ്റം, 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സ്, റിവേഴ്‌സ് ക്യാമറ, കൂടുതല്‍ കവറേജുള്ള ഇന്‍ഷുറന്‍സ് എന്നിവയോടൊക്കെ അവര്‍ ഏറെ താത്പര്യം കാണിക്കും. നാവിഗേഷന്‍ സിസ്റ്റമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വേണമെന്ന ആഗ്രഹക്കാരാണ് മിക്ക സ്ത്രീകളും.

ഏറ്റവും ഇഷ്ടപ്പെട്ടത് ഹോണ്ട
ബ്രാന്‍ഡ് മൂല്യത്തിന് സ്ത്രീകള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് മുമ്പ് പറഞ്ഞല്ലോ. ജപ്പാന്‍ കമ്പനി ഹോണ്ടയോടാണ് കൂടുതല്‍ സ്ത്രീകള്‍ക്കും താത്പര്യം. ഹോണ്ടയുടെ സിറ്റി, ജാസ് മോഡലുകളോടാണ് കൂടുതല്‍ മമത. വാഹനങ്ങളുടെ ഭംഗി ഗുണമേന്മ യാത്രാസുഖം, ഡീലര്‍ഷിപ്പുകളിലെ ജീവനക്കാരുടെ മാന്യമായ പെരുമാറ്റം, മികച്ച വില്‍പ്പനാന്തര സേവനം എന്നിവയൊക്കെ ഹോണ്ടയെ പ്രിയങ്കരമാക്കുന്നു.

ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗനാണ് സ്ത്രീകളുടെ ഇഷ്ടം പിടിച്ചുപറ്റിയ കമ്പനികളില്‍ രണ്ടാം സ്ഥാനം. ലോകമെമ്പാടും പേരുകേട്ട ഫോക്‌സ്‌വാഗന്‍ മോഡലുകളുടെ ഡിസൈന്‍ മികവും പുതിയ സാങ്കേതിക വിദ്യകളും സ്ത്രീകളെ ആകര്‍ഷിക്കുന്നു. പോളോയും വെന്റോയുമാണ് ഇഷ്ടമോഡലുകള്‍. ഉയര്‍ന്ന പരിപാലനച്ചെലവ്, എസിയുടെയും എന്‍ജിന്റെയും അപാകതകള്‍ ഈ മോഡലുകളുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന മറ്റു ബ്രാന്‍ഡുകളും അവയുടെ മോഡലുകളും മുന്‍ഗണനാക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.

നിസാന്‍-മൈക്ര ഹാച്ച്ബാക്ക്
ഫോഡ്-ഇക്കോസ്‌പോര്‍ട് എസ്‌യുവി
മാരുതി സുസൂക്കി- വാഗന്‍ ആര്‍, സ്വിഫ്ട്, ഡിസയര്‍ സെഡാന്‍
റെനോ-ക്വിഡ്
ഹ്യുണ്ടായി -ഇയോണ്‍ , ഐ 20, ക്രെറ്റ
ടൊയോട്ട-എറ്റിയോസ് സെഡാന്‍
ടാറ്റ മോട്ടോഴ്‌സ്-ടിയാഗോ

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍