UPDATES

ഓട്ടോമൊബൈല്‍

ഡീസൽ ഗേറ്റ്: ഓഡി കാർ തലവൻ റൂപർട്ട് സ്റ്റാഡ്‌ലർ അറസ്റ്റിൽ; തെളിവ് നശിപ്പിക്കുമെന്ന് ഭയം

എമിഷൻ ടെസ്റ്റുകളെ കബളിപ്പിക്കാൻ ഫോക്സ്‌വാഗൺ ചില സോഫ്റ്റ്‌വെയർ മാറ്റങ്ങൾ കാറിൽ വരുത്തിയതാണ് ഡീസൽ ഗേറ്റ് എന്നറിയപ്പെടുന്ന തട്ടിപ്പുകേസ്.

ജർമൻ കമ്പനിയായ ഫോക്സ്‌വാഗന്റെ ഉടമസ്ഥതയിലുള്ള ഓ‍ഡി കാർ കമ്പനി സിഇഒ റൂപർട്ട് സ്റ്റാഡ്‌ലർ അറസ്റ്റിൽ. ഡീസൽ ഗേറ്റ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിൽ. ഇദ്ദേഹം തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് ഫോക്സ്‌വാഗനെതിരെയുള്ള തട്ടിപ്പ് കേസ് അന്വേഷണത്തിൽ ഓഡി ബ്രാൻഡിനെക്കൂടി ഉൾപ്പെടുത്തിയത്.

എന്താണ് ഡീസൽ ഗേറ്റ്?

എമിഷൻ ടെസ്റ്റുകളെ കബളിപ്പിക്കാൻ ഫോക്സ്‌വാഗൺ ചില സോഫ്റ്റ്‌വെയർ മാറ്റങ്ങൾ കാറിൽ വരുത്തിയതാണ് ഡീസൽ ഗേറ്റ് എന്നറിയപ്പെടുന്ന തട്ടിപ്പുകേസ്. പുതിയ എമിഷൻ ചട്ടങ്ങൾ ലോകത്തെമ്പാടും നടപ്പാക്കി വരുന്ന സാഹചര്യത്തിലാണ് ഫോക്സ്‌വാഗൺ ഈ തട്ടിപ്പ് നടത്തിയത്. എൻജിനിൽ മാറ്റങ്ങൾ വരുത്തുകയോ, പുതിയ എൻജിനുകൾ നിർമിക്കുകയോ ചെയ്യേണ്ടതിനു പകരം എമിഷൻ ശരിയായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കാണിക്കാൻ ചില തരികിടകൾ ഫോക്സ്‌വാഗൺ ചെയ്തു.

അമേരിക്കയിലാണ് ഈ സംഭവം ആദ്യമായി പിടികൂടപ്പെട്ടത്. ഡീസൽ കാറുകളിൽ ഒരു പ്രത്യേക സോഫ്റ്റ്‌വെയർ പണി ചെയ്തുവെക്കുകയാണ് ഫോക്സ്‌വാഗൺ ചെയ്തത്. എൻജിനെ നിയന്ത്രിക്കുന്ന പ്രധാന സോഫ്റ്റ്‌വെയറില്‍ ചില പ്രത്യേക മാറ്റങ്ങൾ വരുത്തുകയായിരുന്നു. മലിനീകരണം പരമാവധി കുറയ്ക്കാനായി എന്‍ജിനിൽ ഇടപെടുന്ന സോഫ്റ്റ്‌വെയറാണിത്.

ഈ സോഫ്റ്റ്‌വവെയർ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്നാണ് ചട്ടം. എന്നാൽ ഫോക്സ്‌വാഗൺ ഈ സോഫ്റ്റ്‌വെയറിലേക്ക് കടത്തിവിട്ട ‘ഡിഫീറ്റ് ഡിവൈസ്’ എന്ന പ്രോഗ്രാം ഇങ്ങനെ സദാസമയവും പ്രവർത്തിക്കുന്നതിനെ തടയുന്നു.

കാർ ടെസ്റ്റ് ചെയ്യാനെടുക്കുമ്പോൾ അധികാരികൾ കാറിൽ ചെയ്യുന്ന ചില പ്രത്യേക പ്രവർത്തനങ്ങളെ തിരിച്ചറിയാൻ ഈ സോഫ്റ്റ്‌വെയറിന് സാധിക്കും. ഈ സന്ദർഭത്തിൽ മാത്രം എൻജിൻ എമിഷൻ നിയമങ്ങൾ പ്രകാരം പ്രവർത്തിക്കാനുള്ള ഇടപെടൽ സോഫ്റ്റ്‌വെയർ നടത്തും. എമിഷൻ ടെസ്റ്റ് പാസ്സാകും!

എൻജിന്റെ പ്രകടനശേഷി കുറയ്ക്കാൻ‌ ഈ മെയിൻ സോഫ്റ്റ്‌വെയറിന് സാധിക്കും എന്നതിനാലാണ് ഫോക്സ്‌വാഗൺ അതിനെ തടയുന്ന പണികൾ ചെയ്തുവെച്ചത്. ഇന്ധനം പൂർണമായും കത്താത്തതാണ് ഡീസൽ എൻജിനുകൾ കൂടുതൽ മലിനീകരണം സ‍ൃഷ്ടിക്കുന്നതിനു കാരണം. മെയിൻ സോഫ്റ്റ്‍വെയർ ഇന്ധനം പൂർണമായും കത്താൻ സഹായിക്കുന്നു. പക്ഷെ, വാഹനത്തിന്റെ പ്രകടനക്ഷമതയെ അത് ബാധിക്കുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍