UPDATES

ഓട്ടോമൊബൈല്‍

മലിനീകരണത്തിനും ഇന്ധനക്ഷാമത്തിനും വിട; ഇലക്ട്രിക് ബസ് ആണ് താരം

ഷെന്‍സെനെ മാതൃകയാക്കാന്‍ മറ്റു മെട്രോ നഗരങ്ങള്‍ തീരുമാനിച്ചാല്‍ ലോകത്തിന് തന്നെ വലിയ ആശ്വാസമാകും

മലിനീകരണം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം വന്‍ നഗരങ്ങളിലെ മുഖ്യ പ്രശ്‌നമാണ്. ഇതിനോട് പൊരുതാന്‍ വരും വര്‍ഷങ്ങളില്‍ പരമ്പരാഗത ഇന്ധനങ്ങള്‍ മാറ്റിപ്പിടിക്കാനുള്ള തീരുമാനത്തിലാണ് പ്രധാന നഗരങ്ങള്‍. ലോകത്താകമാനം ഇതിനുള്ള ശ്രമങ്ങളും പരീക്ഷണങ്ങളും ആരംഭിച്ചു. അതിനിടക്ക് ഒരു നഗരം അവിടത്തെ ആയിരിക്കണക്കിന് ബസ്സുകളെ ‘ഗ്രീന്‍’ ആക്കിയിരിക്കുകയാണ്. ഒരു മുഴം മുന്‍പേയുള്ള നേട്ടം.

2017 ഡിസംബര്‍ അവസാനമാണ് ചൈനയിലെ ഷെന്‍സെന്‍ നഗരത്തിലെ 16, 359 സിറ്റി ബസ്സുകളില്‍ വൈദ്യുതിയിലോടാന്‍ തുടങ്ങിയത്. നഗരത്തിലെ 12 ദശലക്ഷം ആളുകളാണ് ഈ ബസ്സുകളുടെ സേവനം ഉപയോഗിക്കുന്നത്. ഇത് പ്രകാരം 345,000 ടണ്‍ ഇന്ധനമാണ് ഓരോ വര്‍ഷവും ലാഭിക്കാനാകുക. മാത്രമല്ല കാര്‍ബണ്‍ ഡൈ ഓക്‌സഡ് തള്ളുന്നതില്‍ 1.35 മില്യണ്‍ ടണ്‍ കുറവാണുണ്ടാകുക.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ്സുകളുടെ നിര ഷെന്‍സെനിലാണ്. നഗരത്തിലെ മുഴുവന്‍ ബസ്സുകളെയും ഇലക്ട്രിക് ആക്കാനുള്ള ലക്ഷ്യം നിറവേറ്റണമെങ്കില്‍ നൂറുകണക്കിന് മില്യണ്‍ ഡോളര്‍ ഇനിയും മുടക്കേണ്ടതുണ്ട്. വിവിധ കമ്പനികളില്‍ നിന്നായി ബസ്സുകള്‍ വാങ്ങാനാണ് ഉദ്ദേശം. ഒപ്പം 800 ചാര്‍ജ് പോയന്റുകളും 510 ബസ്സ് ചാര്‍ജിങ്ങ് സ്‌റ്റേഷനുകളും സ്ഥാപിക്കണം.

ഈ അഭിമാന പദ്ധതിക്ക് പുറകില്‍ ഷെന്‍സെനിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം മേധാവി സെങ്ങ് ജിങ് യു ആണ്. നഗരത്തിലെ ടാക്‌സികളെ വൈദ്യുതി ഉപയോഗിച്ച് ഓടിക്കലാണ് ഇദ്ദേഹത്തിന്റെ അടുത്ത സ്വപ്നം. നിലവില്‍ 12, 518 കാബുകളില്‍ 62.5 ശതമാനവും പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. 2020 ഓടെ പദ്ധതി പൂര്‍ത്തികരിക്കാനാണ് ജിങ് യു വിന്റെ ലക്ഷ്യം.

ലോകത്തെ 12 വലിയ നഗരങ്ങള്‍ 2025 ഓടെ മലിനീകരണം സൃഷ്ടിക്കാത്ത വാഹനങ്ങളിലേക്ക് മുഴുവനായും മാറാന്‍ തീരുമാനിച്ചതായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടക്ക് ഷെന്‍സെന്‍ കൈവരിച്ചത് ഒരു സുപ്രധാന നേട്ടമാണ്. വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം കൊണ്ട് പൊറുയി മുട്ടിയിരിക്കുന്ന ഈ കാലത്ത് ഇതിനെ മാതൃകയാക്കാന്‍ മെട്രോ നഗരങ്ങള്‍ തീരുമാനിച്ചാല്‍ ലോകത്തിന് തന്നെ വലിയ ആശ്വാസമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍