UPDATES

ഓട്ടോമൊബൈല്‍

2019 മുതല്‍ കാറുകളില്‍ ഈ സുരക്ഷ സംവിധാനങ്ങള്‍ നിര്‍ബന്ധം

കഴിഞ്ഞ വര്‍ഷം മാത്രം അമിത വേഗതകൊണ്ട് ഇന്ത്യന്‍ റോഡുകളില്‍ ഉണ്ടായത് 74,000 അപകടങ്ങള്‍, 1.51 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിയമനിര്‍ദേശങ്ങളുമായി കേന്ദ്ര ഗതാഗതമന്ത്രാലയം. സുരക്ഷിതമായ വാഹനോപയയോഗത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുകയാണ് മന്ത്രാലയം. 2019 ജൂലൈ ഒന്നു ശേഷം നിര്‍മിക്കുന്ന വാഹനങ്ങളില്‍ എയര്‍ ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈര്‍ഡറുകള്‍, വേഗത നിയന്ത്രണ സംവിധാനങ്ങള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് അലര്‍ട്ട്, അടിയന്തര സാഹചര്യങ്ങളില്‍ മാനുവലായി തന്നെ സെന്‍ട്രല്‍ ലോക്ക് സംവിധാനം തകര്‍ക്കാന്‍ കഴിയുന്ന സംവിധാനം എന്നിവ നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതാണെന്നു മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേഗത 80 കിലോമീറ്റര്‍ അധികമായാല്‍ വാഹനങ്ങളില്‍ നിന്നും അപായ സൂചന നല്‍കുന്ന ബിപ്പംഗ് സിസ്റ്റം കാറുകളില്‍ ഉണ്ടായിരിക്കണം. 100 കിലോമീറ്റര്‍ വേഗത കടന്നാല്‍ ഈ ബിപ്പിംഗ് ശബ്ദം കൂടുതല്‍ ഉച്ചത്തിലാവുകയും 120 കിലോമീറ്റര്‍ കടന്നാല്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുകയും വേണം. കഴിഞ്ഞ വര്‍ഷം മാത്രം അമിത വേഗതകൊണ്ട് ഇന്ത്യന്‍ റോഡുകളില്‍ ഉണ്ടായത് 74,000 അപകടങ്ങളാണ്. ഇതില്‍ 1.51 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഭയപ്പെടുത്തുന്ന കണക്കുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്ത റോഡ് അപകടങ്ങളുടേത്. 2015-16 കാലങ്ങളിലായി നടന്നത് പത്തുലക്ഷം അപകടങ്ങള്‍. ജീവന്‍ നഷ്ടമായത് മൂന്നുലക്ഷത്തിനടുത്ത് മനുഷ്യര്‍ക്ക്. 2016 ല്‍ ദിവസംപ്രതി നടന്ന റോഡ് അപകടങ്ങളുടെ എണ്ണം 1,317, മരിച്ചത് 413 പേര്‍ വീതവും. ദേശീയപാതകളില്‍ 34.5 ശതമാനം അപകടങ്ങള്‍ നടന്നപ്പോള്‍ സംസ്ഥാന പാതകളില്‍ 27.9 ശതമാനം അപകടങ്ങള്‍ സംഭവിച്ചു. മറ്റു റോഡുകളിലായി 37.6 ശതമാനം അപകടങ്ങളും. 2015 നെക്കാള്‍ കൂടുതല്‍ അപകടങ്ങളാണ് 2016 ല്‍ നടന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നടന്ന അപകടങ്ങളില്‍ ഡ്രൈവറുടെ പിഴവ് കൊണ്ടാണ് 84 ശതമാനവും സംഭവിച്ചിരിക്കുന്നത്.

റോഡ് സുരക്ഷയുടെ ഭാഗമായി പാസാക്കിയ 2014 ലെ ദി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍ കാര്യക്ഷമമായ ഫലം ഉണ്ടാക്കുന്നില്ലെന്നും പറയുന്നു. പല സംസ്ഥാനങ്ങളിലും ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നല്ലെന്നതാണ് കാരണം. അപകടകരമായും നിയമം തെറ്റിച്ചും വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കുകയാണ് ബില്ലില്‍ പ്രധാനമായും പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കാര്യങ്ങള്‍ തെളിയിക്കുന്നത് റോഡിലെ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ പിഴ ഈടാക്കല്‍ സംവിധാനം കൊണ്ട് കാര്യമായി സാധിച്ചിട്ടില്ലെന്നാണ്. പിഴ ഈടാക്കല്‍ കൊണ്ട് മാത്രം റോഡ് സുരക്ഷ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും സമ്മതിക്കുന്നത്. തകര്‍ന്ന റോഡുകള്‍ അപകടങ്ങള്‍ക്ക് വലിയൊരു കാരണമായി പറയുന്നു. റോഡുകളിലെ കുഴികളില്‍ മൂലമുണ്ടായ അപകടങ്ങളില്‍ 2015 ല്‍ കൊലപ്പെട്ടത് 10,727 പേരാണ്. നല്ല റോഡുകള്‍ അപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് മന്ത്രാലയം തന്നെ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍