UPDATES

വിദേശം

പറുദീസയിലെ അവസാനത്തെ ആളുകള്‍

Avatar

ഡോം ഫിലിപ്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആവ ആദിവാസിഭൂമി, ബ്രസീല്‍.  2014 ജനുവരിയില്‍ ബുള്‍ഡോസറുകള്‍, ഹെലിക്കോപ്ടറുകള്‍ തുടങ്ങി സര്‍വസന്നാഹങ്ങളോടെയും ബ്രസീല്‍ പട്ടാളക്കാര്‍ അവിടെ എത്തി. ആദിവാസിഗോത്രങ്ങള്‍ക്കുവേണ്ടി വീണ്ടെടുത്ത ഭൂമിയാണിത്. നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ച്  അവരുടെ വീടുകളും മറ്റ് അനധികൃത നിര്‍മാണങ്ങളും തകര്‍ത്തെറിഞ്ഞ് ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ രക്ഷിക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ അന്നെടുത്ത നടപടിക്ക് രാജ്യാന്തരതലത്തില്‍ പ്രശംസ ലഭിച്ചു.

ലോകത്തിലെ ഏറ്റവുമധികം വംശനാശം നേരിടുന്നതെന്നു കരുതുന്ന ആവ ആദിവാസി ഗോത്രത്തെ സംരക്ഷിക്കാനായിരുന്നു മൂന്നുമാസം നീണ്ടുനിന്ന സേനാനടപടി.

രക്ഷാദൗത്യം ഒരുവര്‍ഷം പിന്നിടുമ്പോള്‍ കുടിയേറ്റക്കാരുടെയും മരംവെട്ടുകാരുടെയും തിരിച്ചുവരവാണ് കാണുന്നത്. സംരക്ഷിതവനമേഖലയില്‍ പലയിടത്തും കന്നുകാലിമേയുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി, വെട്ടിമാറ്റിയ മരങ്ങള്‍ എല്ലാം അധിനിവേശത്തിന്റെ തെളിവാണ്.

427 കുടുംബങ്ങളടങ്ങിയ അനധികൃതകുടിയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയത് ഇരുനൂറിലധികം വരുന്ന സേനയാണെങ്കില്‍ ആദിവാസികള്‍ക്കു തിരിച്ചുലഭിച്ച ഭൂമി സംരക്ഷിക്കാന്‍ ഇന്നു നിലവിലുള്ളത് അരഡസന്‍ ഉദ്യോഗസ്ഥര്‍മാത്രം. വടക്കുകിഴക്കന്‍ മാരന്‍ഹാവോയിലെ 450 സ്‌ക്വയര്‍ മൈല്‍ സംരക്ഷിതപ്രദേശത്തിന്റെ കാവലാളുകളിലൊരാളായ റെയ്മന്‍ഡോ ഒലിവേറ അവരില്‍പ്പെടും. ഇടതിങ്ങിയ വനപ്രദേശത്ത് കുടിയേറ്റക്കാര്‍ നിര്‍മിച്ച റോഡ് ഒലിവേറ കാണിച്ചുതരും. ആവ വര്‍ഗക്കാരുടെ വാസസ്ഥലമായ ജുറിതി ഗ്രാമത്തിനു വളരെ അടുത്താണിത്. ‘ആവകള്‍ പുറംലോകത്തുനിന്നെത്തുന്നവരാല്‍ ഞെരുക്കപ്പെട്ടിരിക്കുന്നു- ഒരു വശത്ത് മരംവെട്ടുകാര്‍. മറുഭാഗത്ത് കുടിയേറ്റക്കാര്‍’.

ഏറ്റവുമധികം അറിയപ്പെടാത്ത ആദിവാസി ഗോത്രസമൂഹങ്ങളുള്ള രാജ്യമാണ് ബ്രസീല്‍. മറ്റാരുമായും ബന്ധമില്ലാതെ ആമസോണ്‍ ഉള്‍ക്കാടുകളില്‍ കഴിയുന്ന ഇവര്‍ക്ക് ആദ്യഭീഷണി ഉയര്‍ത്തിയത് 19-ാം നൂറ്റാണ്ടിലെ റബര്‍ വിപ്‌ളവമാണ്.  കാടുകളിലൂടെ റോഡും പിന്നെ റയില്‍പ്പാതയും വന്നു.

ഈ വികസനം ആവകളെ പട്ടിണിക്കിട്ടു. പരിഷ്‌കൃതസമൂഹവുമായി ബന്ധമൊന്നുമില്ലാതെ വേട്ടയാടി ജീവിക്കുന്ന ഇവര്‍ക്ക് ശബ്ദം കേള്‍ക്കുന്നിടത്ത് ചെറുമൃഗങ്ങള്‍ അടുക്കാത്തതിനാല്‍ ഇര കിട്ടാതായി. 1960ല്‍ 600 അംഗങ്ങള്‍ ഉണ്ടായിരുന്ന ആവകള്‍ ഇന്ന് 450 പേരിലൊതുങ്ങുന്നു.

വളര്‍ത്തുന്ന മൃഗങ്ങള്‍ക്കൊപ്പം മണ്‍വീടുകള്‍ പങ്കിടുന്ന ആവകളെയാണ് ജുറിതി സന്ദര്‍ശിച്ച വാഷിങ്ടണ്‍ പോസ്റ്റ് പ്രതിനിധികള്‍ കണ്ടത്. അഗൗട്ടി എന്നു വിളിക്കുന്ന വലിയ എലികള്‍, ആമകള്‍, പക്ഷികള്‍, കുരങ്ങുകള്‍ എന്നിവയൊക്കെയായിരുന്നു വളര്‍ത്തുമൃഗങ്ങള്‍. ചെറിയതോതില്‍ കൃഷിയും ആവകള്‍ ചെയ്യാറുണ്ട്.

‘എന്റെ കുടുംബം പട്ടിണിയായി. മരംവെട്ടുകാരുടെ ശബ്ദം കേട്ട് ഇരകളെല്ലാം ഓടിപ്പോയി.’ ജുറിതി തലവന്‍ പൈറേ അമ എ ആവ പറയുന്നു.

2012ല്‍ ബ്രിട്ടന്‍ ആസ്ഥാനമായ സര്‍വൈവല്‍ ഇന്റര്‍നാഷനല്‍ ആവകളെ രക്ഷിക്കാനായി കാംമ്പയിന്‍ തുടങ്ങി. ‘പറുദീസയിലെ അവസാനത്തെ ആളുകള്‍’ എന്ന തലക്കെട്ടോടെ വാനിറ്റിഫെയര്‍ മാസികയും ആവകളെപ്പറ്റി ലോകത്തെ അറിയിച്ചു. ഇവയെത്തുടര്‍ന്നുണ്ടായ പൊതുജനാഭിപ്രായമാണ് 2014ല്‍ പട്ടാളത്തെ അയയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

45 ദിവസത്തെ സമയമാണ് കുടിയേറ്റക്കാര്‍ക്കു നല്‍കിയത്. ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ചു പുറത്താക്കി.

‘ഇവിടം മനോഹരമായി. അവര്‍ ആളുകളെ കൊണ്ടുപോയി’, പൈറേ അമ എ ആവ പറയുന്നു.

ആവകള്‍ക്ക് വീണ്ടും വേട്ടയാടാനായി. ഹമോ കോമ എ ആവയുടെ അഭിപ്രായത്തില്‍ ‘ഇരകള്‍ കൂടുതല്‍ അടുത്തെത്തി.’

എന്നാല്‍ നേട്ടങ്ങള്‍ നിലനിന്നില്ല. മരംവെട്ടുകാര്‍ സജീവമായ പ്രദേശങ്ങള്‍ പലയിടത്തുമുണ്ട്. വനാന്തര്‍ഭാഗത്തുകഴിഞ്ഞിരുന്ന ആവകളെ പുറത്തേക്കു കാണുന്നത് പതിവായിരിക്കുന്നു. ഇത് പ്രശ്‌നമാണ്. പുറംലോകവുമായി ബന്ധമില്ലാത്ത ആവകള്‍ക്കു പ്രതിരോധശേഷി കുറവാണ്. മറ്റുള്ളവരുമായുള്ള ഇടകലരല്‍ ഇവരില്‍ ഫ്‌ളൂ തുടങ്ങിയ അസുഖങ്ങള്‍ പടര്‍ത്തുന്നുവെന്നു കണ്ടതിനെത്തുടര്‍ന്ന് ആദിവാസിമേഖലകളിലെ ഇടപെടല്‍ വളരെ കുറയ്ക്കാന്‍ 1980ല്‍ബ്രസീല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ആവ സംരക്ഷിതപ്രദേശത്ത് കാവലിന് ഇന്നുള്ളത് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം. രണ്ടുപേരും അവരുടെ സുരക്ഷയില്‍ ആശങ്കാകുലരാണ്. ഇവരില്‍ ക്‌ളോഡ് മിറോ സില്‍വ പിസ്റ്റലുമായി റോന്തുചുറ്റുമ്പോള്‍ ‘ഞങ്ങളുടെ സുരക്ഷയ്ക്ക് ഇവിടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുകയേ വഴിയുള്ളൂ’വെന്ന് ജൊവോ സാംപായോ പറയുന്നു.

നൂറുഡോളര്‍ കൊടുത്താല്‍ വാടകവെടിവായ്പ്പുകാരെ കിട്ടുന്ന മേഖലയില്‍ തദ്ദേശ ഭൂവുടമകളും മരംവെട്ടുകാരും അക്രമവാസനയുള്ളവരുമാണ്.

ഒഴിപ്പിക്കപ്പെട്ട കുടിയേറ്റക്കാര്‍ തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. കാബെക്കാ ഗ്രാമത്തില്‍ കണ്ട ബൈക്കുകളുടെ അടയാളങ്ങള്‍, അറുനൂറിലധികം കന്നുകാലികളെ മേയാന്‍ വിട്ടെന്ന സമീപഗ്രാമങ്ങളിലെ കൃഷിക്കാരുടെ അവകാശവാദങ്ങള്‍, ഉള്‍ക്കാടുകളിലെ കൃഷിഭൂമികള്‍ എല്ലാം ആവകള്‍ക്കു വീണ്ടും ഭീഷണിയാകുന്നു.

സംരക്ഷിതമേഖലയില്‍നിന്നു വളരെ ദൂരെയല്ലാത്ത സാവോ ജുവോ ദോ കാരു പട്ടണത്തിലേക്കാണ് ഒഴിപ്പിക്കപ്പെട്ടവരില്‍ മിക്കവരും കുടിയേറിയത്. വന്‍ നഷ്ടങ്ങള്‍ സംഭവിച്ച പലരും സംഭവത്തില്‍ രോഷാകുലരുമാണ്.

ബ്രസീല്‍ സര്‍ക്കാരിന്റെ നടപടിയില്‍ 741 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ട റാവുള്‍ പെരേര ദുഃഖിതനാണ്. സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം വരുന്നതിനു തൊട്ടുമുന്‍പു വാങ്ങിയ ഭൂമിയാണ് പെരേരയ്ക്കു തിരിച്ചുനല്‍കേണ്ടിവന്നത്.

കുറഞ്ഞത് 30 പേരെങ്കിലും ഇവിടെനിന്ന് ആമസോണില്‍ മരംവെട്ടുന്നുണ്ടെന്ന് ഇവിടെ കച്ചവടക്കാരനായ ഡേവിഡ് ഫെരേയ്‌റ പറയുന്നു. കാടുകള്‍ കയ്യേറപ്പെടുന്നത് ഇവിടെ പരസ്യമായ രഹസ്യമാണ്. ഇതിനായി നിയമം വളച്ചൊടിക്കപ്പെടുന്നു.

സാവോ ജുവോ ദോ കാരുവില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന തടിമില്ലുകളുടെ ചരിത്രം പരിശോധിച്ചാല്‍ അവ അത്രയൊന്നും നിയമം പാലിക്കുന്നില്ല എന്നു മനസിലാക്കാം.

ഡെല്‍മിറോ ഡെ ഫ്രെയിറ്റാസ് ഇത്തരം ഒരു മില്ലിന്റെ ഉടമയാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫ്രെയിറ്റാസിന്റെ പേരില്‍ 1996 മുതല്‍ 2013 വരെനിലവിലുള്ളത് 15 നിയമലംഘനങ്ങളാണ്. അനുമതിയില്ലാത്ത തടിവില്‍പനയും ഇതില്‍ ഉള്‍പ്പെടും. തന്റെ പേരില്‍ മറ്റാരോ നടത്തിയതാണ് ഇതെന്നാണ് ഫ്രെയിറ്റാസിന്റെ വാദം.

ബ്രസീലില്‍ ആദിവാസി സംരക്ഷിതമേഖലയുടെ വിസ്തൃതി വളരെയധികമാണെന്നതിനാല്‍ അമേരിക്കന്‍ സേന മുഴുവന്‍ ശ്രമിച്ചാല്‍പ്പോലും സംരക്ഷണം നടപ്പാകണമെന്നില്ലെന്ന് ബ്രസീല്‍ പരിസ്ഥിതി ഏജന്‍സി തലവന്‍ ലുസിയാനോ ഇവരിസ്‌റ്റോ പറയുന്നത് അതിശയോക്തിയല്ല.  അനധികൃത മരംവെട്ടുകാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി ഏജന്‍സി രണ്ടുതവണ നടപടിയെടുത്തു. രണ്ടിലും മരംവെട്ടുകാര്‍ തിരികെ വന്നു. മരംവെട്ട് ലാഭകരവും പിടിക്കപ്പെട്ടാല്‍ ശിക്ഷ കുറവുമാണെന്നതാണ് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍