UPDATES

സിനിമ

ചില ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് തടയുന്നതാരാണ്?

സജിന്‍ ബാബുവിന്റെ ‘അയാള്‍ ശശി’ പ്രശ്നവത്ക്കരിക്കുന്ന പ്രേക്ഷക അഭിരുചികള്‍

സുഹൃത്ത് കൂടിയായ സജിൻ ബാബുവിന്റെ രണ്ടാമത്തെ സിനിമയായ ‘അയാൾ ശശി’ കണ്ടു. ശശി, ശശി നമ്പൂതിരിയായോ സാമുവേലായോ വേഷ പകർച്ച നടത്തിയാലും, അയാൾ തിരിച്ചറിയപ്പെടുക ശശിയെന്ന തന്റെ പ്രാഥമിക സ്വത്വമായാണ് എന്ന ബോധ്യമാണ് സിനിമ മുന്നോട്ടു വെക്കുന്നത്. പ്രണയത്തിലൊക്കെ ജാതി എങ്ങനെയാണ് കൃത്യമായി അടയാളപ്പെടുന്നത് എന്നു സിനിമ വരച്ചു കാട്ടുന്നുന്നുണ്ട്. ജീവിതത്തിൽ മാത്രമല്ല മരണത്തിൽ പോലും ഒരാളെ പിന്തുടരുന്നത് തന്റെ സ്വത്വത്തെ കുറിച്ചുള്ള ചിലരുടെ മുൻവിധികൾ ആണ്
എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ആ സിനിമ.

ആദ്യമേ തന്നെ പറയട്ടെ, ഈ കുറിപ്പ് ആ സിനിമയുടെ നിരൂപണമാവാൻ ഉദ്ദേശിക്കുന്നില്ല. സിനിമയ്ക്ക് പുറത്തുള്ള ചിലത് കൂടി വായിക്കാനുള്ള ഒരു ശ്രമമാണ് ഇത്. സിനിമയെന്നല്ല ഒരു കലാവ്യവഹാരവും സ്വാഭാവികമായി സംഭവിക്കുന്ന പ്രക്രിയയാണ് എന്ന് കരുതുന്നില്ല. അതുകൊണ്ട് സിനിമയെ രൂപപ്പെടുത്തുന്ന സ്ക്രീനിനു വെളിയിലുള്ള ചില സാഹചര്യങ്ങളെ കുറിച്ച് കൂടി പറഞ്ഞു പോവേണ്ടി വരുന്നു. അത് ഈ സിനിമയിൽ മാത്രമായി ഒതുങ്ങുന്നുമില്ല.

മുഖ്യധാരാ വ്യവഹാരങ്ങൾക്ക് പുറത്തു രൂപം കൊള്ളുന്ന എല്ലാ സിനിമകൾക്കും അത് സനൽ കുമാർ ശശിധരന്റെയോ, സുദേവന്റെയോ, കെആർ മനോജിന്റെയോ ഡോ. ബിജുവിന്റെയോ ഇത്തരം ശ്രമം നടത്തുന്ന മറ്റാളുകളുടെയോ സിനിമകൾ ആവട്ടെ അത് പ്രസക്തവുമാണ്.

‘അയാൾ ശശി’ എന്നെ സംബന്ധിച്ചു പ്രസക്തമായ ഒരു സിനിമയായിരുന്നു എന്ന് ആദ്യമേ പറയട്ടെ. നല്ലത്/ചീത്തത് എന്ന ദ്വന്ദത്തിൽ വിശ്വസിക്കാത്തതുകൊണ്ട് ഞാൻ എന്തിനെയും കാണുന്നത് എന്നെ സംബന്ധിച്ച് അത് പ്രസക്തമാണോ അല്ലയോ എന്ന് മാത്രമാണ്. കാഴ്ചകളുടെ ചില ഏകതാനതകൾ മറികടക്കാൻ എന്നെ സഹായിച്ചുവെന്നത് കൊണ്ടാണ് ഈ സിനിമ എനിക്ക് പ്രസക്തമാവുന്നത്. അത് കൂടാതെ മറ്റൊരു കാരണം കൂടിയുണ്ട്. അത് ഒരു പ്രേക്ഷകന്റെ വ്യക്തിഗതമായ ചോയിസിനെ കുറിച്ചുള്ള ചില ചോദ്യങ്ങളാണ്. ഒരാൾ എന്താണ് കാണേണ്ടത് എന്ന് തിരുമാനിക്കുന്നത് ആരാണ്? പ്രേക്ഷകനാണോ? അതോ മറ്റു ഏതെങ്കിലും ഘടകങ്ങളാണോ? ഒരു സിനിമ കാണാനുള്ള പ്രേക്ഷകന്റെ ചോയിസിനെ നിയന്ത്രിക്കാൻ കഴിയുന്ന തിരുമാനങ്ങൾ ആരുടെതാണ്? ആ തിരുമാനങ്ങൾക്ക് പ്രേക്ഷകൻ വഴങ്ങി കൊടുക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യത്തിൽ ഒരു ജനാധിപത്യ വിരുദ്ധതയില്ലേ? ഇതാണ് ആ ചോദ്യങ്ങൾ.

അതുകൊണ്ട് തന്നെ മുഖ്യധാരയ്ക്ക് പുറത്ത് നിൽക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സ്പേസ് ഉണ്ടാവുന്നത് തന്നെ ഒരു കലാപമാണ്‌. പ്രേക്ഷകന്റെ അഭിരുചികളെ കുറിച്ച് ചില മുൻവിധികൾ ഉത്പ്പാദിപ്പിച്ച്, അതിനു മറുപുറത്ത് നിൽക്കുന്ന ചിത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് തടയുന്ന ചില ധാരണകളോടുള്ള കലാപം.

ചില ഉദാഹരണങ്ങൾ പറയാം. സജിൻ ബാബുവിന്റെ ‘അസ്തമയം വരെ’ റിലീസ് ചെയ്തപ്പോൾ ഞാൻ തിയറ്ററിൽ പോയി കണ്ടിരുന്നു. അതുപോലെ തന്നെ കെആർ മനോജിന്റെ ‘കന്യക ടാക്കിസ്’, സനൽ കുമാർ ശശീധരന്റെ ‘ഒരാൾപ്പൊക്കം’ തുടങ്ങിയ സിനിമകളും തിയറ്ററിൽ പോയി കണ്ടിരുന്നു. ഈ സിനിമകൾ ഞാൻ കണ്ടത് ഞായറാഴ്ചകളിൽ അല്ലാത്ത ദിവസങ്ങളിൽ ആയിട്ടു കൂടി തിയേറ്റർ 50 ശതമാനം ഫുള്ളായിരുന്നു. അവധി ദിവസങ്ങളില്ലാതെ തിരുവനന്തപുരത്തെ തിയേറ്ററുകളിൽ സിനിമ കണ്ടിട്ടുള്ളവർക്കറിയാം വർക്കിംഗ്‌ ഡേയിൽ തിയേറ്ററുകളിൽ എത്ര ആളുകൾ കയറുമെന്ന്. ഈ സിനിമകൾ പലതും തിയേറ്ററുകളിൽ രണ്ടു മൂന്നു ആഴ്ചകളിൽ കൂടുതല്‍ ഓടിയിട്ടുമുണ്ട്. സുദേവന്റെ ക്രൈം നമ്പർ 89, ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം, സനൽ കുമാർ ശശിധരന്റെ ഒഴിവു ദിനത്തിലെ കളി എന്നീ സിനിമകൾ റിലീസ് ചെയ്തപ്പോൾ തിയറ്ററിൽ പോയി കാണണമെന്നുണ്ടായിരുന്നെങ്കിലും അത് മറ്റ് ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. അവയ്ക്കും തിയറ്ററുകളിൽ നല്ല പ്രതികരണമാണ് ലഭിച്ചത് എന്നറിയുന്നു.

അത് സുചിപ്പിക്കുന്നത് ചില ധാരണകളെ ഭേദിക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞുവെന്നാണ്. എന്നിട്ടും ഇവയൊക്കെ തിയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ അപ്രധാനമായ ടൈംസ്ലോട്ടുകളിൽ, നൂൺ ഷോകൾ തുടങ്ങിയവയിൽ ഒതുങ്ങിപോവുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉണ്ടാവുന്നു.

മുഖ്യധാരാ എന്ന് വിവക്ഷിക്കുന്ന അധീശ ബോധ്യങ്ങൾ ഉണ്ടാക്കിയെടുക്കുന്ന പ്രേക്ഷക അഭിരുചികളെ കുറിച്ചുള്ള ചില ധാരണകൾ കൂടി പ്രശ്നവത്കരിക്കണ്ടേതുണ്ട്. അതുകൊണ്ട് തന്നെ മുഖ്യധാരയ്ക്ക് പുറത്തു നടക്കുന്ന ഇത്തരം ചലച്ചിത്രാന്വേഷണങ്ങൾക്ക് മതിയായ പ്രേക്ഷക പങ്കാളിത്വവും തിയറ്റർ റിലീസും ഉണ്ടാവേണ്ടതുണ്ട്. ആധിപത്യം നേടിയ അഭിരൂചികൾ അട്ടിമറിക്കപ്പെടുകയെന്നത് ഒരു പ്രത്യയശാസ്ത്രപരമായ പ്രശ്നം കൂടിയാണ്. കാരണം നമ്മുടെ അഭിരുചികൾ തീരുമാനിക്കാനുള്ള നമ്മുടെ അവകാശത്തിന്റെ പ്രശ്നം കൂടി അതിൽ അടങ്ങിയിട്ടുണ്ട് എന്നത് തന്നെ.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സാബ്ലൂ തോമസ്

സാബ്ലൂ തോമസ്

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍