UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ഫഹദ് കലക്കി; പരത്തിപ്പറഞ്ഞ് പ്രകാശം കളഞ്ഞ അയാള്‍ ഞാനല്ല

അപര്‍ണ്ണ

നടന്‍ വിനീത് കുമാറിന്റെ കന്നി സംവിധാന സംരംഭം എന്ന നിലയിലാണ് ‘അയാള്‍ ഞാനല്ല’ ആദ്യം വാര്‍ത്തയായത്. രഞ്ജിത്തിന്റെ കഥയും ഫഹദിന്റെ വ്യത്യസ്ത ഗെറ്റ് അപ്പും ഒക്കെ പ്രേക്ഷക പ്രതീക്ഷകളെ ഉയര്‍ത്തി. ട്രെയിലറില്‍ കണ്ട ഫഹദിന്റെ കൊയിലാണ്ടി ഭാഷ വേഗം തന്നെ സംസാര വിഷയവും ആയി.

ഫഹദ് ഫാസിലിന്റെ പ്രകാശനെ ചുറ്റിപ്പറ്റിയാണ് അയാള്‍ ഞാനല്ല വികസിക്കുന്നത്. അനാഥനായ അയാള്‍ പതിനഞ്ചു വയസ്സ് മുതല്‍ കച്ചില്‍ അമ്മാവന്റെ വര്‍ക്ക് ഷോപ്പില്‍ തൊഴിലാളിയാണ്. അമ്മാവന്റെ അല്ലറ ചില്ലറ തട്ടിപ്പുകള്‍ സഹിച്ചാണെങ്കിലും ശാന്ത സുന്ദരമായ ജീവിതമാണ് പ്രകാശന്‍ ഗുജറാത്തില്‍ നയിക്കുന്നത്. അമ്മാവന്റെ പെട്ടെന്നുള്ള മരണം അയാള്‍ വരുത്തിവച്ച കടങ്ങള്‍ തീര്‍ക്കാന്‍ പ്രകാശനെ നിര്‍ബന്ധിതനാക്കുന്നു. നാട്ടില്‍ അമ്മ അയാളുടെ പേരില്‍ എഴുതി വച്ച ആകെയുള്ള കുറച്ചു ഭൂമി വില്‍ക്കാന്‍ പ്രകാശന്‍ തീരുമാനിക്കുന്നു. ബംഗളൂരുവിലുള്ള സുഹൃത്തുകള്‍ മുഖേനയാണ് പ്രകാശന്‍ ഭൂമി വില്‍ക്കുന്നത്. ഇതിനായി അവിടെ എത്തുന്ന പ്രകാശനുണ്ടാവുന്ന വിചിത്രമായ അനുഭവങ്ങളിലൂടെ ആണ് സിനിമ കടന്നു പോകുന്നത്. പ്രകാശനെന്ന നാട്ടിന്‍പുറത്തുകാരന്‍ ബംഗളൂരു നഗരത്തില്‍ കണ്ടുമുട്ടുന്ന ആള്‍ക്കാരും കടന്നു പോകുന്ന വിചിത്രമായ സംഭവ വികാസങ്ങളും ആണ് സിനിമയെ മുന്നോട്ടു നീക്കുന്നത്. കഥയെ മുഴുവനായി മുന്നോട്ടു നയിക്കുന്നത് ഫഹദ് ഫാസിലിന്റെ പ്രകാശന്‍ ആണ്. അയാള്‍ കച്ചിലും ബംഗളൂരുവിലും കണ്ടുമുട്ടുന്നവര്‍ എന്ന് മറ്റു കഥാപാത്രങ്ങളെ ചുരുക്കി വിളിക്കാം. 

സിനിമയുടെ തുടക്കത്തില്‍ കാട്ടുന്ന ഗുജറാത്തി ജീവിതം മലയാള സിനിമക്ക് പുതുമയുള്ള അനുഭവമാണ്. ‘വിലാപങ്ങള്‍ക്കപ്പുറ’ത്തിലെയും ‘കാഴ്ച’യിലെയും അസ്വസ്ഥമായ ഗുജറാത്ത് അല്ല ഈ സിനിമയില്‍. മറ്റെല്ലാ നഗരപ്രാന്തങ്ങളെയും പോലെ സുഖകരമായ നിത്യജീവിതവും അതിലെ പ്രാരാബ്ദങ്ങളും ഒക്കെയാണ് കച്ചിലും. തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്ന ട്വിസ്റ്റുകളെപ്പറ്റി യാതൊരു സൂചനയും തരാതെ ഈ ഭാഗം സഞ്ചരിക്കുന്നു. ഗുജറാത്തി ഭാഷ, ഭക്ഷണം, വസ്ത്രധാരണം, ഉപ്പുപാടങ്ങള്‍ക്കിടയിലുള്ള ജീവിതം ഇവയൊക്കെ ഈ ഭാഗത്ത് വിശദമായി കടന്നു വരുന്നുണ്ട്. പക്ഷെ വിശദീകരിക്കല്‍ ചില സമയത്ത് അധികമാകും പോലെ തോന്നും. കല്യാണം ക്ഷണിക്കാന്‍ വരുന്ന ആള്‍ക്കും ലോറിയില്‍ വരുന്ന ആള്‍ക്കും എല്ലാം സംസാരിക്കാന്‍ ഇടം നല്‍കി വലിച്ചു നീട്ടുന്നുണ്ട് പലപ്പോഴും. 

പ്രകാശന്റെ ബംഗളൂരു ജീവിതവും അവിടെ അയാളുടെ ജീവിതത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളും എല്ലാം രസകരമാണ്. കൊയിലാണ്ടിക്കും കച്ചിനും അപ്പുറം ലോകം കാണാത്ത പ്രകാശന്‍ ഭാഷ അറിയാത്ത നാട്ടില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപെട്ടു അന്ധാളിച്ചു നില്‍ക്കുന്നിടതാണ് ഈ ഭാഗം തുടങ്ങുന്നത്. പരിചയമില്ലാത്ത സാഹചര്യങ്ങളുമായുള്ള പ്രകാശന്റെ മല്‍പ്പിടിത്തത്തെ അവതരിപ്പിക്കുമ്പോള്‍ സിനിമക്ക് വേഗം കൂടുന്നുണ്ട്. പ്രകാശന്‍ നേരിടേണ്ടി വരുന്ന വിചിത്രമായ അനുഭവങ്ങളെ ആസ്വാദ്യമായ രീതിയില്‍ വരച്ചിടുന്നുണ്ട് വിനീതും രഞ്ജിത്തും. ഈ ഭാഗങ്ങള്‍ക്ക് ആദ്യ ഭാഗങ്ങളെ അപേക്ഷിച്ചു വേഗം കൂടുതലാണ്. 

കുടുക്കുകളില്‍ നിന്നും ഊരാകുടുക്കുകളിലേക്കുള്ള പ്രകാശന്റെ യാത്രയും അതില്‍ നിന്നും രക്ഷപ്പെടാനുള്ള അയാളുടെ ശ്രമങ്ങളും ആണ് സിനിമയുടെ അവസാന ഭാഗം. നന്മ-തിന്മകളെപ്പറ്റിയും സൗഹൃദങ്ങളെപ്പറ്റിയും ഉള്ള പ്രകാശന്റെ കാഴ്ചപ്പാടുകള്‍ ഈ ഭാഗത്ത് കീഴ്‌മേല്‍ മറിയുന്നു. കഥയില്ലാത്ത ചെറുപ്പക്കാരന്‍ എന്ന അവസ്ഥയില്‍ നിന്ന് മാറാന്‍ സാഹചര്യങ്ങള്‍ അയാളെ നിര്‍ബന്ധിക്കുന്നു. ഈ ഭാഗത്തിനും ആദ്യ ഗുജറാത്ത് ജീവിതത്തെ പോലെ വലിപ്പം കൂടുതലാണ്. ഇടയ്ക്കുണ്ടായിരുന്ന യാദൃശ്ചികമായ അപ്രവചനീയതകളില്‍ നിന്നും വിരസമായ പ്രവചനീയതയിലേക്ക് സിനിമ നീങ്ങുന്നു. 

സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം ഫഹദിന്റെ പ്രകാശന്‍ ആണ്. ഫഹദിന്റെ ഭൂരിഭാഗം വരുന്ന നാഗരിക കഥപാത്രങ്ങളില്‍ നിന്നും കൊയിലാണ്ടിക്കാരനായ പ്രകാശന്‍ വേറിട്ട് നില്‍ക്കുന്നു. ഇത്രയും നിറഞ്ഞു ചിരിക്കുന്ന ഫഹദിനെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. കൊയിലാണ്ടി ഭാഷയ്ക്ക് കണ്ണൂര്‍ ഭാഷയുടെ പ്രകട സ്വാധീനം ഉണ്ടെങ്കിലും ബോറടിപ്പിക്കുന്നില്ല. മറിയം മുക്കിന്റെയും ഹരത്തിന്റെയും സാമ്പത്തിക പരാജയത്തില്‍ താഴോട്ട് പോയ ഫഹദിന്റെ കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ച ഉണ്ടാക്കാവുന്ന കഥാപാത്രം ആണ് പ്രകാശന്‍. സംഭാഷണങ്ങളിലും ശരീരചലനങ്ങളിലും മലയാള സിനിമ ഫഹദിനോട് അധികം ആവശ്യപ്പെടാത്ത വൈവിധ്യം അയാള്‍ ഞാനല്ല ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നതില്‍ ഫഹദ് വിജയിച്ചിരിക്കുന്നു. 

തമാശകള്‍ക്കും യാദൃശ്ചിതകള്‍ക്കും അപ്പുറം അയാള്‍ ഞാനല്ല ഉന്നയിക്കുന്ന ചോദ്യം ‘ഒരാള്‍ക്ക് എന്താണ്, എവിടെ ആണ് നാട്?’ എന്നതാണ്. സ്വന്തം നാട് നമ്മളെ ഉള്‍ക്കൊണ്ട ഇടമാണ്. പത്താം ക്ലാസ്സ് തോറ്റു നാട് വിട്ട പ്രകാശനെ നാടിന്റെ കേവല ഗൃഹാതുരതകള്‍ തിരികെ വിളിക്കുന്നില്ല. നാട്ടിലേക്ക് തിരിച്ചു വരാനല്ല കച്ചിലേക്ക് തിരിച്ചു പോകാനാണ് എപ്പോഴും അയാള്‍ ആഗ്രഹിക്കുന്നത്. കാമുകി ആയ ഇഷ (മൃദുലാ മുരളി) മാത്രമല്ല അതിന്റെ കാരണം. തനിക്ക് ഇടം തന്ന ഒരിടമാണ് തന്റെ നാട് എന്ന തിരിച്ചറിവാണ്. നാട്ടിലേക്ക് തിരിച്ചു വരാനുള്ള വഴികള്‍ എല്ലാം പ്രണയിനി കൂടെ കൂടിയിട്ടും അയാള്‍ ഉപേക്ഷിക്കുന്നു. 

മറ്റു പല സമകാലീന സിനിമകളെയും പോലെ ലാഗിംഗ് തന്നെയാണ് ‘അയാള്‍ ഞാനല്ല’യുടെയും പരിമിതി. കേന്ദ്ര കഥാതന്തുവിന് അപ്പുറവും ഇപ്പുറവും കഥാപാത്രങ്ങളെ എന്തൊക്കെ ചെയ്യിക്കണം എന്നറിയാതെ സംവിധായകനും കഥാകൃത്തും കഷ്ടപ്പെടുന്നുണ്ട്. ഇത്തിരി വില്ലന്‍ ഛായയുള്ള ടിനി ടോമിന്റെ ചാക്കോ ബ്യുട്ടിഫുള്ളിന്റെയും ഏഴു സുന്ദര രാത്രികളുടെയും നിഴലില്‍ ഒതുങ്ങി. നോബിയുടെ കോമഡിയും ഏല്‍ക്കുന്നില്ല. സമീപകാല പ്രകടനങ്ങളില്‍ ഏറ്റവും നിറം മങ്ങിയ ഒന്നായി രഞ്ജി പണിക്കരുടെത്. പാട്ടുകളെ എവിടെ ചേര്‍ക്കണം എന്നതിലും വിനീതിന് കണ്‍ഫ്യുഷന്‍ വന്ന പോലെ തോന്നി. ക്ലീഷേകളുടെ ഒരു ഘോഷയാത്ര തന്നെ സിനിമയില്‍ ഉണ്ട്. ദുഷ്ടനായ വട്ടിപ്പലിശക്കാരനും അനുയായികളും ചേര്‍ന്ന് നായകന്റെ സ്ഥാവരജംഗമ വസ്തുകള്‍ നശിപ്പിക്കുക, അയാളുടെ ക്രൂരതകള്‍ സ്വപ്നം കണ്ട നായകന്‍ പിടഞ്ഞെണീക്കുക തുടങ്ങിയ സംഭവങ്ങള്‍ ‘അയാള്‍ ഞാനല്ല’യിലും ഉണ്ട്. ഈ വട്ടിപ്പലിശക്കാരന് തലപ്പാവുണ്ട് എന്നത് മാത്രമാണ് പ്രകടമായ വ്യത്യാസം. വ്യത്യസ്തനായ പലിശക്കാരന്‍ എന്നാണാവോ മലയാള സിനിമയില്‍ ഉണ്ടാവുക! ടി.ജി രവിയുടെ അമ്മാവനും കുറെ കാലമായി മലയാള സിനിമയില്‍ കിടന്നു കറങ്ങുന്ന ആളാണ്. അദ്ദേഹത്തെ ചൂഷണം ചെയുന്ന മകളും കാലപ്പഴക്കം കൊണ്ട് ബോറടിപ്പിക്കുന്നു. ഇവരുടെ സംഭാഷങ്ങളിലെങ്കിലും പുതുമ കൊണ്ട് വരാമായിരുന്നു. ഏതു യാഥാര്‍ഥ്യവും ആവര്‍ത്തന വിരസമാകുമ്പോള്‍ ആളുകള്‍ക്ക് മടുക്കും. നായകനെ ഇങ്ങോട്ട് പ്രേമിക്കുന്ന ‘പച്ചപരിഷ്‌ക്കാരി’ പെണ്‍കുട്ടിക്കും വ്യത്യസ്തതകള്‍ ഒന്നും ഇല്ല. നായിക പാതി ഗുജറാത്തി ആയത് കൊണ്ട് തന്നെ പാട്ടിന്റെ തുടക്കത്തിലും നടുക്കും ഒക്കെ തിരുകുന്ന ഹിന്ദിയും മലയാളി പ്രേക്ഷകര്‍ കുറെ അധികം കണ്ടതാണ്. മനു രമേഷിന്റെ ഒറ്റ പാട്ട് പോലും മനസ്സില്‍ നില്‍ക്കുന്നില്ല. 

കുറച്ചൊക്കെ പുതുമയുള്ള അന്തരീക്ഷവും കഥയും അവതരിപ്പിക്കുന്നതില്‍ വിനീതും രഞ്ജിത്തും വിജയിച്ചിരിക്കുന്നു. കുറച്ചു കൂടി നീളം കുറഞ്ഞ, വിശദീകരണങ്ങള്‍ കുറഞ്ഞ ഒരു സിനിമയെടുക്കാന്‍ വിനീതിന് കഴിയട്ടെ. രഞ്ജിത്ത് നന്മ മരങ്ങളെ വിട്ടു പഴയ ഫോമില്‍ എത്തട്ടെ. ഫഹദ് ഇനിയും ഇനിയും വ്യത്യസ്തനാകട്ടെ. പ്രകാശം പരക്കട്ടെ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍