UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റിലെ കുലംകുത്തികളോ വെസ്റ്റിന്‍ഡീസ്? -അയാസ് മേമന്‍ എഴുതുന്നു

Avatar

വെസ്റ്റിന്‍ഡീസ് ടീം ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയത് ഞെട്ടിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ ലോകമാകമാനമുള്ള ക്രിക്കറ്റ് പ്രേമികളെക്കൂടിയാണ്. പ്രതിഫല തര്‍ക്കമാണ് വിന്‍ഡീസ് കളിക്കാരെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതെന്ന് കേള്‍ക്കുന്നു. എന്തായാലും ഈ രീതിയിലുള്ള പിന്മാറ്റം മുന്‍പ് കണ്ടിട്ടില്ലാത്തതാണ്.

പര്യടനങ്ങളില്‍ നിന്ന് ടീമുകള്‍ പിന്മാറുന്നത് ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്.എന്നാല്‍ അതിനെല്ലാം പിന്നിലുണ്ടായിരുന്ന കാരണങ്ങള്‍ ഇപ്പോള്‍ നടന്നതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. പ്രകൃതിക്ഷോഭം, രാഷ്ട്രീയപ്രശ്‌നങ്ങള്‍, തീവ്രവാദാക്രമണങ്ങള്‍ തുടങ്ങിയവയായിരുന്നു പല പിന്മാറ്റങ്ങള്‍ക്കും പിന്നില്‍.

2008-09 കാലത്ത് ശ്രീലങ്കന്‍ ടീം തങ്ങളുടെ പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. ശ്രീലങ്കന്‍ താരങ്ങളുടെ ബസിനു നേരെ തീവ്രവാദി ആക്രമണം നടന്ന സാഹചര്യത്തിലായിരുന്നു ഈ പിന്മാറ്റം. 2004-05ല്‍ ശ്രീലങ്കയുടെ ന്യൂസിലന്‍ഡ് പര്യടനവും ഇടയ്ക്ക് വച്ച് അവസാനിപ്പിച്ചിരുന്നു.ശ്രീലങ്കയെ ഉള്‍പ്പെടെ ഗ്രസിച്ച സുനാമിയുടെ പശ്ചാത്തലത്തിലായിരുന്നു പര്യടനം അവസാനിപ്പിച്ച് ടീം നാട്ടിലേക്ക മടങ്ങിയത്.

ഇന്ത്യയ്ക്കും പറയാനുണ്ട് ഇതുപോലൊരു പിന്മാറ്റത്തിന്റെ കഥ. 1984 ല്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സമയം. സിയാല്‍ കോട്ട് ഏകദിനമത്സരം നടക്കുന്നതിനിടയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വെടിയേറ്റു മരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഇന്ത്യ കളി മതിയാക്കി നാട്ടിലേക്ക് പോരുകയായിരുന്നു.

കളിക്കാരും ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ തര്‍ക്കം നടക്കുന്നത് പതിവാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരു അന്താരാഷ്ട്ര പര്യടനം ഇടയില്‍വെച്ച് നിര്‍ത്തിപ്പോകുന്നത് ആദ്യമായിട്ടാണ്. എന്താണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പിന്നില്‍?

പല കഥകളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും ഇടയില്‍ ഇപ്പോള്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം കളിക്കാരുടെ പ്രതിനിധിയായ വെസ്റ്റിന്‍ഡീസ് പ്ലേയേസ് അസോസിയേഷന്റെ പിടിപ്പുകേടാണെന്നതാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്ന ആരോപണം. ഇരട്ടത്താപ്പ് കാണിച്ചു എന്നാണ് കളിക്കാര്‍ ഡബ്ല്യു ഐ പി എ യ്‌ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

വിന്‍ഡീസ് നായകന്‍ ഡ്വയന്‍ ബ്രാവോയെ ഉദ്ധരിച്ച് പറഞ്ഞുകേള്‍ക്കുന്നത് (ബ്രാവോയുടെ കീഴില്‍ ടീം മുഴുവന്‍ ഒറ്റയ്‌ക്കെട്ടായി നില്‍ക്കുന്നുണ്ടെന്നതും എടുത്തു പറയുന്നു) താരങ്ങളുടെ പ്രതിനിധിയായി ബോര്‍ഡുമായി ചര്‍ച്ച നടത്തിയ പ്ലേയേസ് അസോസിയേഷന്‍ കളിക്കാരുടെ നിലപാടുകള്‍ ബലികഴിക്കുകയും അവരുടെ പ്രതിഫലത്തെ സംബന്ധിച്ച ബോര്‍ഡ് എടുത്ത നിലപാടുകളോട് കൂറുപുലര്‍ത്തിയെന്നുമാണ്.

എന്നാല്‍ പുതിയ പ്രതിഫല കരാര്‍ കളിക്കാരുടെ താല്‍പര്യങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ളതും ഭാവിതാരങ്ങള്‍ക്കും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും ഉപയുക്തമായി തയ്യാറാക്കിയിട്ടുള്ളതുമാണെന്നാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

എന്നാല്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ച ചില കളിക്കാര്‍ പറഞ്ഞത് അവരുടെ പ്രതിഫലത്തിന്റെ എഴുപത്തിയഞ്ചുശതമാനം ബോര്‍ഡ് കട്ട് ചെയ്തുവെന്നാണ്. അവര്‍ പറഞ്ഞത് ശരിയാണെങ്കില്‍ കളിക്കാരുടെ ആവലാതി നമുക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും പ്ലേയേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പുതിയ പ്രതിഫല കരാര്‍ തയ്യാറാക്കിയത്. പ്ലേയേഴ്‌സ് അസോസിയേഷന്റെ പ്രതിനിധിയായി പങ്കെടുത്തത് മുന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വേവല്‍ ഹൈന്‍ഡ്‌സ് ആണ്. എന്നാല്‍ ഹൈന്‍ഡ്‌സ് കളിക്കാരുടെ വിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഹൈന്‍ഡ്‌സിന്റെ തെറ്റായ നീക്കങ്ങളാണെന്നും വിന്‍ഡീസ് ടീം പറയുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മില്‍ ഉറപ്പുള്ളൊരു ബന്ധമാണ് നിലനിന്നിരുന്നത്. തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ട് ആധികകാലമായിട്ടില്ല. എന്നാല്‍ ആ തര്‍ക്കം ഇതുപോലൊരു നാടകീയസാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന് ആരും കരുതിയില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

2026 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുമോ? നമ്മുടെ കായിക മേലാളന്മാര്‍ അതിനു സമ്മതിക്കുമോ?
മേരിയെ പൊതിഞ്ഞ ബോക്സിംഗ് മേലാളന്‍മാരേ, എനിക്കൊരു കൈത്താങ്ങായി നിങ്ങളെ കണ്ടില്ലല്ലോ- സരിതാ ദേവി ചോദിക്കുന്നു
എന്തുകൊണ്ട് ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടണം?
രവി ശാസ്ത്രിയെ ക്രിക്കറ്റ് ഡയറക്ടറായി നിലനിര്‍ത്തുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്?
ഇന്ത്യ ലോകകപ്പിന് സജ്ജമോ?

വിന്‍ഡീസ് ക്രിക്കറ്റിന്റെ വിമര്‍ശകരും ആരാധകരും ഒരുപോലെ ഈ കാര്യത്തില്‍ പറയുന്നൊരു ന്യായമുണ്ട്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനു മുമ്പ് കളിക്കാര്‍ക്ക് ഈ പരമ്പര വേണ്ടന്നു വയ്ക്കാമായിരുന്നു. അല്ലെങ്കില്‍ ബോര്‍ഡിന് കളിക്കാരുടെ ആശങ്ക പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നു. എന്നാല്‍ ഇരുഭാഗത്തു നിന്നുമുണ്ടായ അനാസ്ഥ ഒരു പരമ്പരയുടെ അകാലചരമത്തിന് ഇടയാക്കി.

ഈ സംഭവങ്ങള്‍ എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ  ക്ഷോഭം വിന്‍ഡീസ് ക്രിക്കറ്റിന്റെ ഭാവിയാത്രയില്‍ അസുഖകരമായി ബാധിച്ചേക്കാം.

വെസ്റ്റിന്‍ഡീസ് ടീമിന്റെ പിന്മാറ്റത്തോടെ ഒന്നു സംഭ്രമിച്ചെങ്കിലും ബിസിസിഐ ഉടന്‍ തന്നെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത മാസം അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ഈ സംഭവ വികാസങ്ങളെല്ലാം മുന്നോട്ടുവയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്. തങ്ങള്‍ക്കു നഷ്ടം സംഭവിച്ച 50-60 മില്യണ്‍ യുഎസ് ഡോളറിന് ബിസിസിഐ വെസ്റ്റിന്‍ഡീസ് ബോര്‍ഡിനോട് നഷ്ടപരിഹാരം ചോദിക്കുമോ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിന്‍ഡീസ് താരങ്ങള്‍ ഒഴിവാക്കപ്പെടുമോ? വിന്‍ഡീസ് ബോര്‍ഡിനോട് പ്രതിഷേധിക്കുന്ന താരങ്ങളുടെ കരിയര്‍ ഇവിടം കൊണ്ട് അവസാനിക്കുമോ? ടി 20 ക്രിക്കറ്റിലെ കുലംകുത്തികളായി ഇവര്‍ പ്രഖ്യാപിക്കപ്പെടുമോ?ഇതിനെല്ലാം പുറമെ ഉയരുന്ന വലിയൊരു ചോദ്യം- അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ടീം കളിക്കാനിറങ്ങുമോ?

ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരങ്ങള്‍ വ്യക്തമല്ല. ഒന്നുമാത്രം പറയാം, ഈ നൂറ്റാണ്ടില്‍ ക്രിക്കറ്റ് എന്ന കളി നേരിടുന്ന വലിയൊരു പ്രതിസന്ധി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍