UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയ്യന്‍കാളിയെ അങ്ങനെ തമസ്കരിക്കാന്‍ കഴിയില്ല

അധഃസ്ഥിതരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കണമെന്ന് ശ്രീമൂലം പ്രജാസഭയിലംഗമായിരു മഹാത്മ അയ്യന്‍കാളി സഭാപ്രസംഗങ്ങളില്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

അജിത് സിംഹന്‍

കേരള സമൂഹത്തിന് മഹാത്മ അയ്യന്‍കാളി സുപരിചിതനായിട്ട് അധികകാലമായില്ല. ചരിത്ര രചയിതാക്കളായ ഒരു വിഭാഗമാളുകളുടെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ മൂലം അദ്ദേഹത്തിന്റെ പ്രോജ്ജ്വലങ്ങളായ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളെ സാംസ്‌കാരിക കേരളത്തിന് വേണ്ടവണ്ണം മനസിലാക്കുന്നതിന് ഇപ്പോഴും സാധിച്ചിട്ടുണ്ടെന്ന്  തോന്നുന്നില്ല. 1863 ഓഗസ്റ്റ് 28ന് തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂരില്‍ അയ്യന്റെയും മാലയുടെയും മൂന്നാമത്തെ  മകനായാണ് മഹാത്മാ അയ്യന്‍കാളി ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടുവച്ച ചിന്താധാരകളെ പിന്‍പറ്റുന്നതിന് ചില ചരിത്രകാരന്‍മാരുടെ തമസ്‌കരണം തിരിച്ചടിയായിട്ടുണ്ട്. അരനൂറ്റാണ്ടോളമായി കേരളത്തില്‍ നടക്കുന്ന ദളിത് ബുദ്ധിജീവി-ആക്ടിവിസ്റ്റ് ഇടപെടലുകളും ദളിത് സംഘടിത പ്രവര്‍ത്തനങ്ങളുമാണ് മഹാത്മ അയ്യന്‍കാളിയെ സാംസ്‌കാരിക കേരളത്തിന്റെ നഭോമണ്ഠലത്തില്‍ പുനഃപ്രതിഷ്ഠിച്ചത്. അക്ഷരം നിഷേധിക്കപ്പെട്ട അധഃസ്ഥിതരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി തിരുവിതാംകൂറില്‍ അദ്ദേഹം നടത്തിയ ഒരുവര്‍ഷക്കാലം നീണ്ടുനിന്ന കാര്‍ഷിക സമരം എടുത്തുപറയേണ്ടതാണ്. സമരത്തെ പരാജയപ്പെടുത്താന്‍ മേല്‍ജാതിക്കാര്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.

അധഃസ്ഥിതരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കണമെന്ന് ശ്രീമൂലം പ്രജാസഭയിലംഗമായിരു മഹാത്മ അയ്യന്‍കാളി സഭാപ്രസംഗങ്ങളില്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മിച്ചല്‍ സായിപ്പിന് ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടായിരുന്നു. തിരുവിതാംകൂറിലെ എല്ലാവരും ഇംഗ്‌ളീഷ് പഠിക്കണമെന്നായിരുന്നു മിച്ചല്‍ സായിപ്പിന്റെ അഭിപ്രായം. സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ അയിത്ത ജാതിക്കാരായ കുട്ടികളെ കയറ്റാത്തതിന്റെ യുക്തി മിച്ചല്‍ സായിപ്പിന് പിടികിട്ടിയില്ല. സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ അയിത്ത ജാതി കുട്ടികളെ പ്രവേശിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിറക്കി. എന്നാല്‍ മേല്‍ജാതിക്കാരുടെ എതിര്‍പ്പുമൂലം ഇതു നടപ്പായില്ല. ബ്രിട്ടീഷ് മിഷണറിമാര്‍ നടത്തിയിരുന്ന സ്‌കൂളുകളില്‍ പുലയ-പറയ വിഭാഗങ്ങളിലെ കുട്ടികളെ പഠിപ്പിച്ചിരുന്നു. എല്‍.എം.എസ് മിഷണറി സഭയുടെ ഫാദര്‍ മീഡ് തന്റെ സ്‌കൂളില്‍ നിശ്ചിത ശതമാനം അയിത്ത ജാതി കുട്ടികളുണ്ടെങ്കില്‍ മാത്രമേ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കിയിരുന്നുള്ളൂ. മിഷിനറി സ്‌കൂളുകളില്‍ പിന്നീട് പുലയ-പറയ കുട്ടികള്‍ മാത്രമായി. ഈ സ്‌കൂളുകള്‍ പിന്നീട് പുല പള്ളിക്കൂടങ്ങള്‍, പറ പള്ളിക്കൂടങ്ങള്‍ എന്ന പേരുകളില്‍ വിളിക്കപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പിന്നീട് പല പ്രാവശ്യമുണ്ടായിട്ടും നായര്‍ പ്രമാണിമാരുടെ എതിര്‍പ്പു മൂലം അയിത്ത ജാതിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശിക്കാനായില്ല. 1904-ല്‍ വെങ്ങാനൂരില്‍ പുലയകുട്ടികള്‍ക്ക് കുടിപ്പള്ളിക്കൂടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കി. 1910-ല്‍ അവസാനമായി വന്ന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനോത്തരവ് നടപ്പിലാക്കാതെ വന്നപ്പോഴാണ് ബാലരാമപുരം ഊരൂട്ടമ്പലം സ്‌കൂളില്‍ പഞ്ചമി എന്ന പെണ്‍കുട്ടിയേയും കൊണ്ട് മഹാത്മ അയ്യന്‍കാളി എത്തിയത്. പുലയകുട്ടിയുടെ സ്‌കൂള്‍പ്രവേശനം എതിര്‍ത്ത നായന്‍മാര്‍ ഊരുട്ടമ്പലം സ്‌കൂളിന് തീവെച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും പുലയ, നായര്‍ സമുദായങ്ങള്‍ തമ്മില്‍ നിരവധിയായ ഏറ്റുമുട്ടല്‍ നടന്നു.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമല്ല മറിച്ച് സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന സമരപരിപാടികളാണ് വേണ്ടതെന്ന തിരിച്ചറിവില്‍ 1913-14 വരെ ഒരു വര്‍ഷം നീണ്ടുനിന്ന കാര്‍ഷിക മേഖലയിലെ പണിമുടക്ക് സമരം നടത്തിയത്. ഈ സമരത്തിന് മുമ്പില്‍ സവര്‍ണ മാടമ്പിമാര്‍ മുട്ടുമടക്കുകയും സര്‍ക്കാര്‍ സ്‌കൂള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുകയും ചെയ്തു. 1908-ല്‍ പുലയര്‍ക്കായി വെങ്ങാന്നൂരില്‍ മഹാത്മ അയ്യന്‍കാളി സ്ഥാപിച്ച സ്‌കൂളാണ് 2009-ല്‍ കെപിഎംഎസ് ഏറ്റെടുത്ത് പരിഷ്‌ക്കരിക്കുന്നതിനായി ശ്രമിക്കുന്നത്. മഹാത്മ അയ്യന്‍കാളിയുടെ ദീര്‍ഘവീക്ഷണമുള്ള സാമൂഹിക ഇടപെടലുകളുടെ മറ്റൊരു മുഖമാണ് 1907-ല്‍ സ്ഥാപിതമായ സാധുജനപരിപാലന സംഘം വെളിപ്പെടുത്തുന്നത്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ സംഘത്തിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. കൂടാതെ വെങ്ങാനൂരില്‍ തുണി നെയ്യുന്നതിനായി പന്ത്രണ്ടോളം ഷട്ടില്‍ തറികള്‍ സ്ഥാപിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നു. കാര്‍ഷിക പണിമുടക്ക് കാലത്ത് തന്റെ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ അനുഭവിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്.

ഗാന്ധിജി കേരളത്തിലെത്തി വെങ്ങാന്നൂരില്‍ അയ്യങ്കാളിയെ കാണാന്‍ ചെന്നപ്പോള്‍ തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബിഎക്കാരെ കണ്ടിട്ട് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അദ്ദേഹം ഗാന്ധിജിയോട് പറഞ്ഞത്. വിദ്യാഭ്യാസത്തിന്റെ വില മനസിലാക്കിയ നിരക്ഷരനായി ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ജീവിച്ച അയ്യന്‍കാളി തന്റെ അവസാനകാലത്ത് എഴുത്തും വായനയും സ്വായത്തമാക്കിയിരുന്നു. വിദ്യാസമ്പന്നരായ നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ സഹചാരിയായിരുന്നു. പിടി കേശവന്‍ ശാസ്ത്രി, തോമസ് വാദ്ധ്യാര്‍, ധനുവച്ചപുരം യാക്കൂബ് ചട്ടമ്പി ഇവരില്‍ പ്രമുഖരായിരുന്നു. കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാത്മ അയ്യന്‍കാളി കായികാഭ്യാസത്തിലൂടെയും എതിരാളികളെ തല്ലിവീഴ്ത്തിയുമാണ് നേരിട്ടതെന്ന് അഭിപ്രായം ഒരു വിഭാഗം ചരിത്രകാരന്‍മാര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ദളിത് ചിന്തകനും ചരിത്രകാരനുമായ കെകെ കൊച്ച് അഭിപ്രായപ്പെട്ടതു പോലെ തല്ലുകാരനായിരുന്നെങ്കില്‍ കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനിലും മഹാത്മ അയ്യന്‍കാളിക്കെതിരെ ഒരു കേസു പോലും നിലവിലില്ലെന്നത് ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. ഒരു വിഭാഗം ചരിത്രകാരന്മാരാല്‍ മറച്ചുപിടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ പൊളിച്ചുകൊണ്ട് ആ മഹാപ്രതിഭയുടെ ചരിത്രം സമൂഹത്തിന്റെ മുന്നിലേക്ക് വരിക തന്നെ ചെയ്യും. അപരിഷ്‌കൃതമായിരുന്ന കേരളത്തെ ഇന്നു കാണുന്ന വിധം ഉടച്ചുവാര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മഹാത്മ അയ്യന്‍കാളിയുടെ പരിശ്രമങ്ങളെ കൂടുതല്‍ വെളിപ്പെടുത്തുവാന്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ക്ക് തന്നെയാണ് ഏറെ ബാധ്യതയുള്ളത്.

(മാധ്യമ പ്രവര്‍ത്തകനും ദളിത് പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍