UPDATES

അയ്യങ്കാളിയുടെ പേരില്‍ കോളേജ്; വാര്‍ത്ത തമസ്കരിക്കപ്പെട്ടതിന് പിന്നില്‍

Avatar

ബിനീഷ് പുരുഷോത്തമൻ

വെള്ളാപ്പള്ളി നടേശനും സിപിഎം നേതാക്കളും തമ്മിലെ വാഗ്വാദം കേരളത്തിൽ നിറഞ്ഞു നിന്നപ്പോൾ ദൃശ്യമാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ കാണാതെ വലിയ ഒരു സാമൂഹ്യമാറ്റം സംഭവിച്ചു. ഒരു കോളേജ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാടിനു സമർപ്പിച്ചു. വെറും ഒരു കോളേജ് അല്ല, കേരളത്തിലെ ദളിതരുടെ സംഘടനയായ പുലയർ മഹാസഭയുടെ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനു സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു ഈ കോളേജ്. പൊരിവെയിലിനെ വകവയ്ക്കാതെ പതിനായിരങ്ങൾ ഒത്തുകൂടിയ പുനലൂർ മുൻസിപ്പൽ മൈതാനമായിരുന്നു ഉദ്ഘാടനവേദി. കേരളത്തിലെ മലയോര പ്രദേശമായ പുനലൂരിൽ 2015 ഒക്ടോബർ രണ്ടിനായിരുന്നു ഉദ്ഘാടനം. വാദ്യമേളങ്ങളും കരഘോഷവും വാനോളമുയർന്നപ്പോൾ അയ്യങ്കാളി മെമ്മോറിയൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരളത്തിനു സമർപ്പിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഒരു വലിയ ജനതതിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അനർഘ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ ബിവറേജിന്റെ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്ന വാർത്താപ്രാധാന്യം പോലും ഈ കലാലയം തുറന്നതിനു മുഖ്യധാരാ മാധ്യമങ്ങൾ നൽകിയില്ല.

ഒരു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനായിരുന്നു ആബാലവൃദ്ധം ജനങ്ങൾ തടിച്ചുകൂടിയത്.  സ്ഥാപനവത്കരണമെന്ന ആശയത്തിനപ്പുറം ഒരു രാഷ്ട്രത്തിന്റെ ഭരണസംവിധാനത്തിൽ എസ്.എൻ കോളേജു പോലെ എൻ.എസ്.എസ്  കോളേജ് പോലെ ഒരു അയ്യങ്കാളി കോളേജോ അംബേദ്കർ കോളേജോ കേരളത്തിൽ ഇല്ലെന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കിട്ടിയിട്ടും അവഗണയെന്നു പരിതപിക്കുന്ന മുന്നോക്ക -ഒബിസി വിഭാഗങ്ങൾ ഒരിക്കലും ലക്ഷക്കണക്കിന്‌ വരുന്ന ദളിതരുടെ പേരില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഇല്ലെന്ന് ഓർത്തില്ല, അവർക്ക് ഓർക്കേണ്ട കാര്യവും ഇല്ലല്ലോ. 

നിയന്ത്രണങ്ങൾക്ക് സ്വയം വിധേയമായിക്കഴിഞ്ഞിരുന്നവർക്ക് നിയന്ത്രിക്കാനും നിയമിക്കാനും കഴിയുമെന്ന ഉത്തമബോധ്യത്തെ പൊതുസമൂഹത്തിനു മുന്നിൽ പ്രതിഷ്ഠിക്കുക കൂടിയാണ് ഈ കോളേജു വഴി ചെയ്യപ്പെടുന്നത്. കേരളചരിത്രത്തിൽ വിപ്ലവകരമായ മാറ്റമായിത്തന്നെയാണിതിനെ പൊതുസമൂഹം നോക്കിക്കാണേണ്ടത്. സാമൂഹിക വ്യവസ്ഥിതിയിൽ ഒരു ജനതയുടെ പരിഷ്‌കരണത്തിൽ വിദ്യഭ്യാസസ്ഥാപനങ്ങൾക്കുള്ള സ്ഥാനം വലുതാണ്. കേരളചരിത്രം പരിശോധിച്ചാൽ 1836ലാണ് തിരുവിതാംകൂർ മഹാരാജാവ് ആദ്യമായി കേരളത്തിലൊരു സ്‌കൂൾ സ്ഥാപിക്കുന്നത് എന്നു കാണാം. പഠിക്കുക, പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ദളിതന്റെ   ചിന്തയിൽ നിന്നുപോലും അകലെയായിരുന്നു. ജോലിക്കുള്ള മാനദണ്ഡം വിദ്യാഭ്യാസമാണെന്ന് 1865 ൽ ദിവാനായിരുന്ന മധവറാവു പ്രഖ്യാപിച്ചതോടെ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വർധനവുണ്ടായി. ഇതോടെ വിദ്യാലയങ്ങൾ വിവിധ ജാതികളുടെ സംഘർഷഭൂമിയായി മാറുകയായിരുന്നു. വിദ്യ അഭ്യസിക്കുകയെന്നതിനപ്പുറം തൊട്ടുകൂടായ്മയുടെ തീഷ്ണത നിഴലിക്കുന്ന പൊതുവിടങ്ങളിൽ ഒന്നായിരുന്നു സ്‌കൂളുകൾ. ഭൂരിപക്ഷം അധ്യാപകരും പഠിപ്പിക്കുന്നതോടൊപ്പം ചാതുർവർണ്യത്തിന്റെ മാനദണ്ഡത്തിൽ വിവേചനം നിലനിർത്താനും ശ്രമിച്ചിരുന്നു.


അയ്യങ്കാളി മെമ്മോറിയൽ ആർട്‌സ് ആന്റ് സയൻസ് കോളേജ് ഉത്ഘാടനത്തിന് എത്തിയ ജനാവലി

ആ അവസരത്തിലാണ് വിദ്യാഭ്യാസം അവകാശവാദമായി മഹാത്മാ അയ്യങ്കാളി മുന്നോട്ടുവയ്ക്കുന്നത്.  പൊതു സ്‌കൂളുകളിൽ മറ്റ് സമുദായത്തിലെ കുട്ടികൾ എന്താണോ പഠിക്കുന്നത് അത് തന്റെ കുട്ടികളും പഠിക്കണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ച ആവശ്യം. അതിനനുവദിച്ചില്ലെങ്കിൽ തങ്ങൾ ഇനിമുതൽ പാടത്ത് പണിക്കുവരില്ലയെന്നദ്ദേഹം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസം നേടി മറ്റ് ജോലികൾ ചെയ്യാൻ ഞങ്ങൾ പ്രാപ്തരാകുമെന്നും ഇനി മുതൽ പാടത്ത് പണിക്കുവരുന്നില്ലെന്നുമാണ് അദ്ദേഹം പറയാതെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ജനത ഹൃദയത്തിലേറ്റി. ഉന്നത വിദ്യാഭ്യാസ ശ്രേണികളിൽ അവർ കയ്യൊപ്പു പതിപ്പിച്ചു. പറഞ്ഞു വരുന്നത് കീഴാള വിഭാഗത്തിന്റെ അറിവിനെ റദ്ദുചെയ്തിരുന്ന ഇരുണ്ട കാലഘട്ടത്തെ പിൻതള്ളി അറിവിനെ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ഭരണാധികാരികളായി അവർ മാറിയെന്നാണ്. ഒപ്പം എക്കാലവും അധികാരത്തിന്റെ ചിഹ്നമായി നിന്നിരുന്ന  ഭൂമിയുടെ അവകാശികളായി കീഴാളർ മാറുന്നു എന്ന ചരിത്രപരമായ നേട്ടവും.

കിൻഫ്രയുടെ ഭൂമിയോട് ചേർന്ന ആറേക്കറോളം വരുന്ന മലയാണ് കോളേജിന് നൽകിയത്. അവിടെ പഠിപ്പിക്കുന്ന പട്ടികജാതി വിഭാഗത്തിലെ അധ്യാപകരിൽ ഏറെപ്പേര്‍ ഡോക്ടറേറ്റ് നേടിയവരാണ്. 10 ബിഎക്കാരെ വേണമെന്നാഗ്രഹിച്ച മാഹാത്മാവിനു മുന്നിൽ നൂറുകണക്കിന് ഡോക്ടറേറ്റു നേടിയ ഉദ്യോഗാർത്ഥികൾ തലയെടുപ്പോടെ നിൽക്കുന്നു. കീഴാള വിഭാഗത്തിന്റെ നവോത്ഥാനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വഹിക്കാനുള്ള പങ്ക് വിവരണാതീതമാണ്. മറ്റൊന്നു കൂടി ചൂണ്ടിക്കാണിക്കാതെ വയ്യ. അക്മാസെന്ന ചുരുക്കപ്പേരിലാണ് കോളേജ് അറിയപ്പെടുന്നത്. അതായത് അയ്യങ്കാളി മെമ്മോറിയൽ ആർട്‌സ് ആന്റ് സയൻസ് കോളേജ്. അയ്യങ്കാളിയുടെ പേരിനു മുന്നിലെ മഹാത്മാ എങ്ങനെയോ ഇല്ലാതാകുകയോ മാറ്റി നിർത്തുകയോ ചെയ്യപ്പെട്ടു. പേരിനെ വിളിക്കപ്പെടാനുള്ള സൗകര്യത്തിനാണോ മഹാത്മാ ഒഴിവാക്കിയതെന്ന് ഇതിന്റെ നടത്തിപ്പുകാർക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ചരിത്ര പുസ്തകത്തിന്റെ താളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടുന്ന കോളേജിന്റെ പ്രവർത്തനങ്ങളിൽ മഹാത്മാവായ അയ്യങ്കാളി വെറുമൊരയ്യങ്കാളിയായി മാറിപ്പോയല്ലോയെന്ന ഖേദം ഉള്ളിലൊതുക്കാൻ മാത്രമേ കഴിയുകയുള്ളൂ. അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെ അടുത്തറിയുമ്പോഴാണ് വെറുതെ ഒരാളെ മഹാത്മാവെന്നു വിളിക്കാൻ കഴിയില്ലെന്ന് നമ്മൾ മനസിലാക്കുന്നത്. ആ തിരിച്ചറിവിന്റെ ബോധ്യങ്ങളെ വരുംതലമുറയ്ക്കു പകർന്നു നൽകുമ്പോൾ നമുക്ക് വീഴ്ചവരാതിരിക്കാൻ എനിക്കും നിങ്ങൾക്കും ഒരുപോലെയാണ് ഉത്തരവാദിത്വം എന്ന് വിശ്വസിക്കുന്നു.

(പത്രപ്രവർത്തകനാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍