UPDATES

ലൈംഗിക ദാരിദ്ര്യം പിടിച്ച മലയാളീ, അനീഷിനെ നിങ്ങള്‍ കൊന്നതാണ്

പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ക്കുള്ള സ്വകാര്യതയെ ബഹുമാനിക്കാന്‍ മലയാളി എന്നാണ് പഠിക്കുക?

പൊലീസുകാര്‍ തന്നെ സദാചാര പൊലീസുകാരാകുന്ന കേരളത്തില്‍ സാധാരണക്കാര്‍ അങ്ങനെ ആവുന്നതില്‍ അദ്ഭുതമില്ല. സദാചാര പൊലീസിംഗിനെ തടയാന്‍ ഉത്തരവാദിത്തപ്പട്ടവര്‍ തന്നെ അത് നടത്തുമ്പോള്‍ അതിന് എല്ലാ അര്‍ത്ഥത്തിലും ലൈസന്‍സ് ലഭിക്കുകയും അത് നിര്‍ബാധം തുടരുകയും ചെയ്യും. കേരളത്തില്‍ സദാചാര പൊലീസ് അതിക്രമം ഏറ്റവും വലിയ സാമൂഹ്യപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. അത് ഈ സമൂഹത്തിന്റെ രോഗാതുരമായ മാനസികാവസ്ഥയായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ കൊല്ലം അഴീക്കല്‍ ബീച്ചിലെ സംഭവം. സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും മാനസിക പീഡനത്തിനും നിരന്തരമായ അപമാനിക്കലിനും ശേഷം അനീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നു. കൂട്ടുകാരിയോടൊപ്പം ബീച്ചിലിരുന്ന് സംസാരിച്ചതിന്റെ പേരിലാണ് സദാചാര ആക്രമണമുണ്ടായത്. ഇരുവരേയും മര്‍ദ്ദിക്കുകയും വീഡിയോ എടുത്ത് അപമാനിക്കുകയും അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ അനീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാരില്‍ പലരും സംഭവവുമായി ബന്ധപ്പെട്ട് അനീഷിനോട് പല കാര്യങ്ങളും അന്വേഷിച്ചിരുന്നു. ഇങ്ങനെ വല്ലാതെ മാനസിക സംഘര്‍ഷത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് അനീഷ് ജീവനൊടുക്കിയത്. ഇതില്‍ ഉത്തരവാദികള്‍ നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന അഞ്ച് പേര്‍ മാത്രമല്ല. ഈ സമൂഹം ആകെ തന്നെയാണ്. സദാചാര പൊലീസിംഗിനെ ന്യായീകരിക്കുന്ന ഓരോരുത്തരുമാണ്. അഴീക്കല്‍ ബീച്ചില്‍ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ആവേശത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരും ഇപ്പോള്‍ അനീഷ് ജീവനൊടുക്കിയ സാഹചര്യത്തില്‍ സദാചാര ഗുണ്ടകളെ കഴുവേറ്റാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയ കാപട്യത്തെ കുറിച്ച് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

മലയാളിയുടെ ലൈംഗിക ദാരിദ്ര്യവും ലൈംഗിക അസൂയയും ഒളിഞ്ഞുനോട്ടവും പെര്‍വേര്‍ട്ടിസവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്, ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. അത് ഏതെങ്കിലും ആള്‍ക്കൂട്ടത്തിന്റെ പ്രശ്‌നമല്ല. ഈ നാട്ടിലെ വലിയൊരു വിഭാഗം ആളുകളുടെ മാനസികാവസ്ഥയാണ്. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും സദാചാര പൊലീസിംഗിന്‌റെ പ്രശ്‌നമുണ്ടെങ്കിലും സാമൂഹ്യമായും സാമ്പത്തികമായും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളമാണ് ലൈംഗികതയുടെ കാര്യത്തില്‍ വളരെ പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കുന്നത് എന്ന കാര്യം ഗൗരവതരമാണ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെങ്കിലും സ്വതന്ത്രമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ ഒളിഞ്ഞ് നോക്കപ്പെടാതെയും പൊലീസുകാരാലും സദാചാര പൊലീസുകാരാലും ചോദ്യം ചെയ്യപ്പെടാതെയും ആക്രമിക്കപ്പെടാതെയും വളരുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ ഇല്ലെന്നല്ല. എന്നാല്‍ ഒളിഞ്ഞ് നോട്ടം ഇത്രയ്ക്ക് വ്യാപകമല്ല.

2011ല്‍ കോഴിക്കോട് കൊടിയത്തൂരില്‍ ഷഹീദ് ബാവ എന്ന യുവാവിനെ സദാചാര പൊലീസുകാര്‍ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കെട്ടത്. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകാത്ത ഭീകരമായ അവസ്ഥയിലേയ്ക്ക് കേരളം പോകുന്നുണ്ട്. 2014ല്‍ കോഴിക്കോട് ഡൗണ്‍ടൗണ്‍ കഫേ അടിച്ച് തകര്‍ത്തുകൊണ്ടുള്ള യുവമോര്‍ച്ചയുടെ സദാചാര അതിക്രമം, അതിനെ തുടര്‍ന്ന് സദാചാര പൊലീസിംഗിനെതിരെ കേരളത്തിലുണ്ടായ വ്യാപക പ്രതിഷേധം, അതിന്റെ ഭാഗമായി പ്രതീകാത്മകമായുണ്ടായ ചുംബനസമരം എന്നറിയപ്പെട്ട കിസ് ഓഫ് ലൗ പ്രതിഷേധം, അതിനെതിരായ സംഘപരിവാര്‍ സംഘടനകളുടേയും മുസ്ലീം മൗലികവാദ സംഘടനകളുടേയും അക്രമം, കേരളത്തില്‍ സദാചാര പൊലീസിംഗിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളും അക്രമികള്‍ നടത്തിയ കൊലപാതകങ്ങളും…. ഇങ്ങനെ പോകുന്നു കേരളത്തിലെ സദാചാര ഗുണ്ടായിസത്തിന്റെ ചരിത്രം.

ഭാര്യയും ഭര്‍ത്താവും, അമ്മയും മകനും, സുഹൃത്തുക്കള്‍, പ്രണയിക്കുന്നവര്‍ ഇങ്ങനെ വിവിധ തരത്തില്‍ പെട്ട സ്ത്രീയും പുരുഷനുമായ വ്യക്തികള്‍ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കപ്പെട്ടു. സദാചാര പൊലീസുകാര്‍ നിയമം കാറ്റില്‍പ്പറത്തി തങ്ങളുടെ നിയമം നടപ്പാക്കി. പൊതുസ്ഥലങ്ങള്‍ തങ്ങളുടെ അധികാര പരിധിയിലുള്ളതാണെന്നും അവിടത്തെ ക്രമസമാധാനം തങ്ങളുടെ ചുമതലയാണെന്നുമാണ് പലരുടേയും നാട്യം. എന്നാല്‍ പലപ്പോഴും സദാചാര പ്രശ്‌നങ്ങളല്ലാത്ത മറ്റ് വിഷയങ്ങളില്‍ ഇത്തരം ഇടപെടല്‍ ഉണ്ടായെന്നും വരില്ല. കൊടുങ്ങല്ലൂരില്‍ മദ്ധ്യവയസ്‌കനെ സദാചാര പൊലീസുകാര്‍ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച് കാര്യമായി പരിക്കേല്‍പ്പിച്ചിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. നാട്ടുകാരുടെ സംശയങ്ങളും അനുമാനങ്ങളും ആരോപണങ്ങളും മൂലം മനുഷ്യർക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്.

ഇത്തരം മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പൊലീസും സര്‍ക്കാര്‍ സംവധാനങ്ങളും പല ഘട്ടങ്ങളിലും പ്രവര്‍ത്തിക്കുന്നത് എന്നതാണ് വലിയ ദുരന്തം. പ്രേമത്തിന്റെ അപകടങ്ങളെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്താനുള്ള അപഹാസ്യമായ നിര്‍ദ്ദേശം പാലക്കാട് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ അയച്ച സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. പ്രേമം നടിച്ചുള്ള ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ബോധവത്കരണം നടത്താനാണ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് എല്ലാ ബോധവുമുള്ളത് കൊണ്ട് അതിന്റെ ആവശ്യമില്ലായിരിക്കാം. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പിങ്ക് പൊലീസുകാര്‍ ഉണ്ടാക്കുന്ന ശല്യം ഒരുഭാഗത്ത്. എറണാകുളം മറൈന്‍ഡ്രൈവില്‍ ബഞ്ചിലിരുന്ന് കാറ്റ് കൊള്ളുകയായിരുന്ന യുവാവിനും യുവതിക്കും വനിതാ പൊലീസുകാരി പിന്നില്‍ വന്ന് നിന്ന് പ്രണയവിരുദ്ധ ഉപദേശം നല്‍കുന്ന ചിത്രം ഏറെ വിമര്‍ശനമുയര്‍ത്തിയ ഒന്നാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം വളപ്പില്‍, ബഞ്ചില്‍ തോളില്‍ കയ്യിട്ട് സംസാരിച്ചിരുന്നതിന്റെ പേരില്‍ യുവാവിനേയും യുവതിയേയും പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയ നടപടി വിവാദമാവുകയും വ്യാപക പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. സദാചാര പൊലീസിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പൊലീസ് സ്വീകരിക്കുന്ന സമീപനം വിമര്‍ശനവിധേയമാകേണ്ടതുണ്ട്. സദാചാര പൊലീസിംഗിനെതിരെ മുഖ്യമന്ത്രി ശക്തമായ താക്കീതുകള്‍ ഇടയ്ക്കിടയ്ക്ക് നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൊലീസിന്റെ സമീപനം അങ്ങേയറ്റം പ്രതിലോമകരമാണ്. പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെണ്‍സുഹൃത്തുമൊത്ത് സംസാരിച്ചിരുന്നതിന് പ്രസാദ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു. നേരത്തെ കൊച്ചിയില്‍ കാക്കനാട് തെസ്‌നി ബാനു എന്ന സാമൂഹ്യ പ്രവര്‍ത്തക നേരിട്ട സദാചാര ആക്രമണം അടക്കമുള്ള സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. 2014ല്‍ കൊല്ലം ചിന്നക്കടയില്‍ വച്ച് നടിയും നാടകപ്രവര്‍ത്തകയുമായ ഹിമ ശങ്കറിനുണ്ടായ അനുഭവവും ഓര്‍ക്കേണ്ടതുണ്ട്. സുഹൃത്തിനൊപ്പം രാത്രി ബൈക്കില്‍ പോവുമ്പോഴാണ് പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ പൊലീസ് തടഞ്ഞത്. ഇരുവരെയും രാവിലെ വരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി പറഞ്ഞുവിട്ടു. ഈ സംഭവം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ചുംബനസമരം പോലുള്ള ഘട്ടങ്ങളില്‍ സദാചാര പൊലീസിംഗിനെതിരെ ശക്തമായി പ്രതികരിക്കുകയും എറണാകുളം മഹാരാജാസ് കോളേജില്‍ സദാചാര പൊലീസിംഗിനെതിരെ ഹഗ് ഓഫ് ലൗ എന്ന പരിപാടി സംഘടിപ്പിക്കുകയുമൊക്കെ ചെയ്ത ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പോലെയുള്ള ഇടതുപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും പല ഘട്ടങ്ങളിലും സദാചാര പൊലീസിംഗിന്റെ പേരില്‍ ചീത്തപ്പേര് സമ്പാദിച്ചു. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനേയും ഒരു സ്ത്രീയേയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും എന്തോ മഹത്തായ കാര്യം ചെയ്ത പോലെ അവരെ പൊലീസിലേല്‍പ്പിക്കുകയും ചെയ്താണ് ഡിവൈഎഫ്‌ഐ ആദ്യം മാതൃക കാണിച്ചത്. ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ തിരുവള്ളൂര്‍ മുരളിയേയും കെടി സിന്ധുവിനേയും വടകരയിലെ ഒരു ഓഫീസ് കെട്ടിടത്തില്‍ പൂട്ടിയിട്ട് ഡിവൈഎഫ്‌ഐ നടത്തിയ സദാചാര പൊലീസിംഗ് ഏറെ വിവാദമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വച്ച് മാദ്ധ്യമപ്രവര്‍ത്തകനായ ജിഷ എലിസബത്തിനും ഭര്‍ത്താവിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ സദാചാര പൊലീസിംഗില്‍ അന്നത്തെ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു. ഏറ്റവും അടുത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര പൊലീസിംഗ്. ഇങ്ങനെ നിരവധി സംഭവങ്ങള്‍.

നിരന്തരമായ അപമാനിക്കലിനെ തുടര്‍ന്നാണ് അഴീക്കല്‍ ബീച്ചില്‍ ആക്രമിക്കപ്പെട്ട പാലക്കാട് അട്ടപ്പാടി സ്വദേശിയായ യുവാവ് ജീവനൊടുക്കിയത്. യുവതിയെ അക്രമികള്‍ അസഭ്യം പറയുന്നതായി വീഡിയോയില്‍ കാണാം. ആരെങ്കിലും പറഞ്ഞാല്‍ നീ തുണി പൊക്കുമോടീ എന്നാണ് ഒരുത്തന്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ മറ്റുള്ളവര്‍ തുണിപൊക്കുന്നതും താഴ്ത്തുന്നതുമെല്ലാം ശ്രദ്ധിക്കാനുള്ള ജാഗ്രത ആര്‍ക്കെങ്കിലും ഉപകാരമുള്ള വിഷയങ്ങളില്‍ കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. മറ്റുള്ളവരുടെ തുണി അഴിയുന്നതിന്റേയും അഴിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ആവേശത്തോടെയും ആര്‍ത്തിയോടെയും അന്വേഷിക്കുകയും അത് പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും അതിനായി കാത്തിരിക്കുകയും ചെയ്യുന്നവരാണ് തുണിയിലൂടെ ഉരിയപ്പെടുന്ന, താഴെ വീഴുന്ന സംസ്‌കാരത്തെ കുറിച്ച് ആശങ്കപ്പെടുന്നത് എന്നതാണ് പരിഹാസ്യമായ കാര്യം.

അവര്‍ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ തന്നെ ചെയ്തിട്ടുണ്ടെങ്കില്‍ പോലും അതില്‍ ഇടപെടേണ്ട ഒരു കാര്യവും നാട്ടുകാര്‍ക്കില്ല. ദമ്പതികളായ സ്ത്രീയും പുരുഷനും പോലും ഒരുമിച്ച് നടക്കുകയോ, ഒരു ബസില്‍ പരിചയമില്ലാത്ത, സ്ത്രീയുടെ, അല്ലെങ്കില്‍ പുരുഷന്‍റെ അടുത്തിരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയോ ചെയ്യുന്നവരും, മൊബൈലിലും ലാപ് ടോപ്പിലും മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ആസ്വദിക്കുകയും അത് പ്രചരിപ്പിക്കുകയും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്ന കേസുകളില്‍ പോലും ക്ലിപ്പ് ഇറങ്ങിയോ എന്ന് ആശങ്കപ്പെടുകയും ചെയ്യുവരൊക്കെ തന്നെയാണ് സദാചാരം സംരക്ഷിക്കാന്‍ ഇറങ്ങുന്നത്.

പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ക്കുള്ള സ്വകാര്യതയെ ബഹുമാനിക്കാന്‍ മലയാളി എന്നാണ് പഠിക്കുക എന്ന ചോദ്യം ഏറെ കാലമായി ഉന്നയിക്കപ്പെടുന്നതാണ്. സ്വകാര്യതയില്‍ തലയിടാതിരിക്കുക എന്ന സാമാന്യമര്യാദയാണ് വേണ്ടത്. രണ്ട് വ്യത്യസ്ത ലിംഗത്തില്‍ പെട്ട വ്യക്തികള്‍ ഒരുമിച്ചിരുന്നാല്‍ അത് തെറ്റായ കാര്യമായും സംശയകരമായ സാഹചര്യമായും ഒക്കെ തോന്നാവുന്ന ബോധം എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യമുണ്ട്. ലൈംഗികമായ അസൂയയും അതിലൂടെയുണ്ടാവുന്ന വെറുപ്പും തന്നെയാണ് പ്രശ്‌നം. മനുഷ്യര്‍ക്ക് അവരുടെ ശരീരത്തിലുള്ള സ്വയം നിര്‍ണയാവകാശവും ശരീരമല്ലാതെയുള്ള അവരുടെ വ്യക്തിത്വവും അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സദാചാര പൊലീസിംഗ് ഉണ്ടാവുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍