UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാനലിലെ അന്തിച്ചര്‍ച്ച പോലെ എളുപ്പമാകില്ല അഴീക്കോട് നികേഷിന്

Avatar

കെ എ ആന്റണി

പിതാവിന്റെ പഴയ തട്ടകത്തില്‍ സിപിഐഎം സ്വതന്ത്രനായി മത്സരിക്കാന്‍ ഇറങ്ങുന്ന എംവി നികേഷ് കുമാറിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് മണ്ഡലത്തില്‍ നിന്നും ലഭിക്കുന്ന ആദ്യ ഘട്ട സൂചനകള്‍. കൂത്തുപറമ്പ് വെടിവയ്പ്പിന് കാരണക്കാരനായ എം വി രാഘവനോടുണ്ടായിരുന്ന വിരോധം പുറത്ത് പ്രചരിപ്പിക്കപ്പെടുന്ന രീതിയില്‍ മണ്ഡലത്തില്‍ കാണാന്‍ ഇല്ലെങ്കിലും ഒരു എംഎല്‍എ എന്ന നിലയില്‍ കെ എം ഷാജി വോട്ടര്‍മാര്‍ക്കിടയില്‍ നേടിയെടുത്ത ജനസമ്മതി തന്നെയാണ് മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിന് പ്രധാന വെല്ലുവിളിയാകുന്നത്.

കടലാസിലെ കണക്കുകളും കഴിഞ്ഞ കാല തെരഞ്ഞെടുപ്പ് ഫലങ്ങളിലും എല്‍ഡിഎഫിന് തന്നെയായിരുന്നു ഏറെക്കാലം മണ്ഡലത്തില്‍ മുന്‍തൂക്കം. രണ്ട് തവണ മാത്രമേ മണ്ഡലം യുഡിഎഫിന് അനുകൂലമായുള്ളൂ. സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എംവി രാഘവന്‍ സിഎംപി രൂപീകരിച്ച് സിപിഐഎമ്മിന് എതിരെ അങ്കത്തിന് ഇറങ്ങിയ 1987-ല്‍ വിജയം എംവിആറിന് ഒപ്പമായിരുന്നു. 2000-ത്തിലേറെ വോട്ടുകള്‍ക്ക് സിപിഐഎമ്മിന്റെ ഇപി ജയരാജനെ എംവിആര്‍ തോല്‍പ്പിച്ചു. അടുത്ത യുഡിഎഫ് വിജയം 2011-ല്‍ 493 വോട്ടിന് മുസ്ലിംലീഗിലെ കെഎം ഷാജി നേടിയതാണ്.

വയനാട്ടില്‍ നിന്നും കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ എത്തിയ ഷാജിയുടെ വിജയം ചുരുങ്ങിയ വോട്ടിനായിരുന്നു. ഏറെ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടായിരുന്നു ഈ വിജയം എന്നത് ഷാജിക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. നിലവില്‍ എംഎല്‍എയായിരുന്ന സിപിഐഎമ്മിലെ എം പ്രകാശനെതിരെ ഉയര്ന്ന വ്യക്തിപരമായ ആരോപണങ്ങള്‍ മണ്ഡലത്തില്‍ ബിജെപിയും യുഡിഎഫും ഒരേ പോലെ ആയുധമാക്കിയപ്പോള്‍ ഷാജിക്ക് കഷ്ടിച്ച് ജയിച്ച് കയറാനായി. കണ്ണൂര്‍ മുസ്ലിം ലീഗിലെ ഒരു വലിയ വിഭാഗത്തിന്റെ എതിര്‍പ്പിനെ കൂടി മറികടന്നായിരുന്നു ഷാജിയുടെ ഈ വിജയം എന്നതാണ് ഇക്കുറി അദ്ദേഹത്തിനും മുന്നണിക്കും കരുത്ത് പകരുന്നത്.

നികേഷ് കുമാറിനാകട്ടെ കരുത്ത് പകരുന്നത് പഴയ കുടുംബ ബന്ധങ്ങളും സിപിഐഎം നല്‍കുന്ന പൂര്‍ണ പിന്തുണയുമാണ്. പുതുതായി രൂപീകരിക്കപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷനില്‍പ്പെടുന്ന പഴയ വള്ളിക്കുന്ന് പഞ്ചായത്തില്‍പ്പെട്ട ഒന്നു മുതല്‍ 13 വരെയുള്ള വാര്‍ഡുകളും പഴയ പുഴാതി പഞ്ചായത്തില്‍പ്പെട്ട 54-55 വാര്‍ഡുകളും ഉള്‍പ്പെടുന്ന അഴീക്കോട് മണ്ഡലത്തില്‍ കണക്കില്‍ ഇപ്പോഴും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. കോര്‍പ്പറേഷന് വെളിയില്‍ അഴീക്കോട്, വളപട്ടണം, ചിറയ്ക്കല്‍, നാറാത്ത്, പാപ്പിനിശേരി എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകള്‍ കൂടി ചേരുന്നതാണ് നിലവില്‍ അഴീക്കോട് നിയമസഭ മണ്ഡലം. ഇതില്‍ അഴീക്കോട്, പാപ്പിനിശേരി, നാറാത്ത് പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തില്‍പ്പെടുന്നവയാണ്. വളപട്ടണത്ത് യുഡിഎഫിന്, പ്രത്യേകിച്ച് മുസ്ലിംലീഗിന് മൃഗീയ ഭൂരിപക്ഷമുണ്ട്. കോര്‍പ്പറേഷനില്‍ ലയിക്കപ്പെട്ട പഴയ വള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകളില്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിന് ഏറെ പിന്തുണയുണ്ടെന്നത് യുഡിഎഫിനെ ആശങ്കപ്പെടുത്തുകയും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു.

രാഗേഷ് സ്വതന്ത്രനായി മത്സരിക്കുമെന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും മുഖ്യശത്രുവായ കെ സുധാകരന്‍ ഉദുമയിലേക്ക് നീങ്ങുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തില്‍ ഇനിയെന്ത് എന്ന് രാഗേഷ് പറഞ്ഞിട്ടില്ല. എന്തു തന്നെയായാലും രാഗേഷിന്റെ വിമതപ്പട തന്നെയാണ് അഴീക്കോട് മണ്ഡലത്തില്‍ ഇപ്പോഴും ശ്രദ്ധാ കേന്ദ്രമാകുന്നത്. വെട്ടിമാറ്റപ്പെട്ട അഴീക്കോട് മണ്ഡലത്തിന്റെ പുതിയ ചരിത്രവും ഒരു പക്ഷേ നിര്‍ണയിക്കുക ഈ വിമതര്‍ തന്നെയാകും. ഇതിനിടെ ഷാജിയെ അലോസരപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ കണ്ണൂരിലെ മുസ്ലിംലീഗിലെ ഉപശാലകളില്‍ നിന്നും പുറത്തു വരുന്നുണ്ട്. വയനാട്ടില്‍ നിന്നുമെത്തിയ ഒരാളെ അധികകാലം കണ്ണൂരില്‍ വച്ചു പൊറുപ്പിക്കുന്നതിന് എതിരെയുള്ള കരുനീക്കങ്ങള്‍ സംബന്ധിയായുള്ളതാണ് ഈ വാര്‍ത്തകള്‍. വളപട്ടണം സര്‍ക്കാര്‍ സ്‌കൂളിന് അടക്കം ഒരു സഹായവും ചെയ്യാത്ത എംഎല്‍എ എന്ന രീതിയിലാണ് കണ്ണൂരിലെ സ്ഥാനമോഹികളായ ചില ലീഗുകാര്‍ ഷാജിക്ക് എതിരെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

ഷാജിയുടെ കുറവുകള്‍ക്ക് അപ്പുറത്താണ് നികേഷിന്റെ കുറവുകള്‍ എന്നിടത്താണ് സിപിഐഎം ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത്. നികേഷ് ജയിച്ചാല്‍ ഇയാളെ ഈ മണ്ഡലത്തില്‍ കിട്ടുമോയെന്ന് ഷാജി ഉയര്‍ത്തി വിടുന്ന ചോദ്യം വോട്ടര്‍മാരെ എത്ര കണ്ട് സ്വാധീനിക്കും എന്നത് ഇപ്പോള്‍ പറയാന്‍ ആകില്ലെങ്കിലും മണ്ഡലത്തില്‍ ഒരു എംഎല്‍എയുടെ സാന്നിദ്ധ്യം എത്രമാത്രം ഉറപ്പുനല്‍കാനാകും എന്നിടത്തു കൂടി നില്‍ക്കുന്നു നികേഷിന്റെ അഴീക്കോട്ടെ വിജയ സാധ്യത.

അഴീക്കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എവി കേശവനാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചിറയ്ക്കല്‍ പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞ ബിജെപിക്ക് മണ്ഡലത്തില്‍ 10,000-ത്തിലേറെ വോട്ടുകളുണ്ട്. ഈ വോട്ടുകള്‍ ബിജെപിക്ക് തന്നെ ലഭിക്കുമോ അതോ മറ്റെവിടേക്കെങ്കിലും തിരിയുമോ എന്നുള്ളതിനെ കൂടി ആശ്രയിച്ചിരിക്കുന്നു അഴീക്കോട്ടെ വിധിയെഴുത്ത്.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍