UPDATES

കാഴ്ചപ്പാട്

മാതൃകയാകേണ്ടവരാണ് മാതാപിതാക്കള്‍

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി 
 
 
 
ആരാണ് താങ്കളുടെ റോള്‍ മോഡല്‍…? ഞാനേറെ തവണ അഭിമുഖീകരിച്ചിട്ടുള്ള ഒരു ചോദ്യം! ആവര്‍ത്തിക്കപ്പെടുമ്പോഴോക്കെ, ആദ്യം പറഞ്ഞ ഉത്തരം മാറ്റിപ്പറയത്തക്ക വിധം പുതിയതെന്തെങ്കിലും കടന്നു വരുന്നുണ്ടോയെന്നറിയാന്‍ ഉള്ളിലൊരു തിരച്ചില്‍ നടത്താറുണ്ട്. ഇല്ല, എത്രവട്ടം ചികഞ്ഞാലും ഉത്തരം എപ്പോഴും ഒന്നാണ്; എന്റെ മാതൃകകള്‍ എന്റെ അപ്പച്ചനും അമ്മയും തന്നെ. ഏതെങ്കിലും ലോകനേതാക്കന്മാരോ, മതാധിപന്മാരോ, ബിസിനസ് ടൈക്കൂണുകളോ അല്ല; എന്നെ ജനിപ്പിച്ച്, വളര്‍ത്തി, പഠിപ്പിച്ച് സ്വതന്ത്രനാക്കി ജീവിതത്തിന്റെ നേരിന് മുന്നിലേക്ക് അനുഗ്രഹിച്ചാശീര്‍വദിച്ച് പറഞ്ഞുവിട്ട മാതാപിതാക്കള്‍ തന്നെയാണ് എന്റെ റോള്‍ മോഡല്‍സ്. ഈ തുടക്കം എന്നെക്കുറിച്ചോ, എന്റെ മാതാപിതാക്കളെക്കുറിച്ചോ പറയാന്‍വേണ്ടിയല്ല, പറയാനുള്ളത് വേദനയോടെ കാണേണ്ടിവരുന്ന ചില മൂല്യച്യുതികളെക്കുറിച്ചാണ്. അപകടകരമായ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചാണ്, മാതാപിതാക്കള്‍, കുടുംബം എന്നീ വലിയ സത്യങ്ങള്‍ക്ക് സംഭവിക്കുന്ന കാലിടര്‍ച്ചകളെക്കുറിച്ചാണ്.
 
ഇന്നത്തെ തലമുറയുടെ പ്രതിിധിനിയല്ല ഞാന്‍, എന്നാല്‍ സജീവമായി ഈ തലമുറയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ മക്കളിലൂടെ, സഹപ്രവര്‍ത്തകരിലൂടെ, ഞാന്‍ ബന്ധം പുലര്‍ത്തുന്ന അനേകം ചെറുപ്പക്കാരിലൂടെ;  അങ്ങനെ പലവിധത്തില്‍. ഇവിടെയെല്ലാം നടത്തിയ വീക്ഷണങ്ങളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞ പല യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. എന്തൊരു മത്സരയോട്ടമാണ് ഇന്ന്? കളിയുടെ എല്ലാ നിയമങ്ങളും തെറ്റിച്ചാണ് ഈ ഓട്ടം. തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ എങ്ങനെയെങ്കിലും ഒന്നാമതാകണമെന്നാണ് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത്. അതിനെന്തു ചെയ്യാനും അവര്‍ തയ്യാറാകുന്നു. ഇതുവഴി തനിക്ക് അര്‍ഹതയില്ലാത്തത് കൈവശം വന്നുചേരുകയാണ് നമ്മുടെ കുട്ടികള്‍ക്ക്. ഇതവരെ തെറ്റായ ജീവിതരീതിയിലേക്ക് തള്ളിവിടുന്നു. കഴിവില്ലെങ്കിലും മറ്റുവഴികളിലൂടെ പോയാല്‍ തനിക്ക് ഒന്നാമതെത്താമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത്തരം തലമുറ ശക്തിപ്രാപിക്കുന്ന സമൂഹത്തിലാണ് മൂല്യങ്ങള്‍ക്ക് സ്ഥാനം നഷ്ടമാകുന്നത്. ഇന്ത്യ ഒരു സൂപ്പര്‍പവറായി മാറിയെന്ന് നമ്മള്‍ മേനി പറയാന്‍ തുടങ്ങിയിരിക്കുന്നു.  സാമ്പത്തിക ശക്തിയാര്‍ജ്ജിക്കുന്ന നമ്മള്‍ സാമൂഹികബോധം മറക്കുകയാണ്. പേനാക്കത്തി കൈവശം വച്ചിരുന്നവര്‍ക്ക് റിവോള്‍വര്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങി എന്നതിപ്പുറം മറ്റെന്ത് ശേഷിയാണ് ഇക്കണോമിക്കല്‍ ഗ്രോത്ത് കൊണ്ടുണ്ടായിരിക്കുന്നതെന്നും അന്വേഷിക്കണം.
 

                                                            @David Shannon
 
എതന്വേഷണവും വേരില്‍ നിന്ന് തുടങ്ങുന്നതുപോലെ മ്മുടെ കുട്ടികളെ ഗ്രസിച്ചിരിക്കുന്ന പാപചിന്തകളുടെ ഉറവിടം തിരക്കിയിറങ്ങിയാല്‍ ചെന്നെത്തുന്നത് നേരത്തെ സൂചിപ്പിച്ചപോലെ മാതാപിതാക്കളിലാണ്. പഴയൊരു കഥയോര്‍മ വരുന്നു. മോഷണ ശ്രമത്തിനിടയില്‍ ചെയ്ത കൊലപാതകത്തിന് മരണശിക്ഷയ്ക്ക് ഒരാളെ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിനു മുമ്പായി ജയിലധികാരി അവനോട് അവസാന ആഗ്രഹം ചോദിച്ചു. ‘തനിക്ക് അമ്മയെ കാണണം’. അവന്റെ ആഗ്രഹാര്‍ത്ഥം ദൂരെ ഗ്രാമത്തിലുള്ള വൃദ്ധയായ ആ മാതാവിനെ ജയിലിലെത്തിച്ചു. കൈവിലങ്ങുകളോടെ തന്റെ അമ്മയുടെ സമീപം ചെന്ന കുറ്റവാളി നിമിഷനേരം കൊണ്ട് അവരുടെ ഒരു ചെവി കടിച്ചു മുറിച്ചു. എല്ലാവരും ഞെട്ടിത്തരിച്ചുപോയി. അവന്റെ ആക്രമണത്തില്‍ നിന്ന് ആ വൃദ്ധമാതാവിനെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചശേഷം ജയിലധികാരി അമ്പരപ്പോടെ അവനോട് തിരിക്കി – ‘നീ എന്തു ഭ്രാന്താണ് ചെയ്തത്’? ആ കുറ്റവാളി ശാന്തനായി പറഞ്ഞു -‘ഞാന്‍ ഈ അവസ്ഥയില്‍ ആയതിനു കാരണം ആ സ്ത്രീയാണ്. കുട്ടിക്കാലത്ത് ഞാന്‍ ചെയ്ത ചെറിയ തെറ്റുകള്‍ കണ്ടിട്ടും എന്നെ പിന്തിരിപ്പിക്കാനല്ല, പ്രോത്സാഹിപ്പിക്കാാണ് അമ്മ ശ്രമിച്ചത്. ഞാന്‍ വീണ്ടും തെറ്റുകള്‍ ചെയ്തു. ഓരോവട്ടവും അവര്‍ കണ്ണടച്ചു. അങ്ങനെ ഞാന്‍ വലിയൊരു കള്ളായി, കൊലപാതകിയായി, ഇപ്പോള്‍ കഴുമരത്തിലേക്കും പോകുന്നു. അമ്മ എന്നെ ആദ്യമേ തടഞ്ഞിരുന്നെങ്കിലോ’? ശരിയല്ലേ? തെറ്റുകളിലേക്ക് പോകാനല്ല, തെറ്റുകള്‍ ചെയ്യാതിരിക്കാനാണ് ഓരോ അച്ഛനമ്മമാരും മക്കളെ മസ്സിലാക്കിപ്പിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ നേരത്തെ പറഞ്ഞ മത്സരയോട്ടത്തില്‍ മാതാപിതാക്കള്‍ തന്നെ റൂള്‍സ് മറക്കുന്നു.                                                            
 
എന്റെ മാതാപിതാക്കള്‍ എന്നോട് കര്‍ശനമായാണ് പെരുമാറിയിരുന്നത്. ഒരു കാര്യത്തിലും പ്രത്യേക പരിഗണനയൊന്നും തന്നിരുന്നില്ല. അച്ചടക്കം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുക തന്നെ വേണം. ഉപദേശം കൊണ്ടോ അപേക്ഷകൊണ്ടോ അത് സാധ്യമല്ലാതായെന്നുവരാം. മക്കളെ അടിച്ചുവളര്‍ത്തണം എന്ന ചട്ടമായിരുന്നു പഴയകാലത്തെ മാതാപിതാക്കള്‍ക്ക്. എന്നാല്‍ ഇന്നത് മാറിയിട്ടുണ്ട്. അതേ സമയം കുട്ടികളുടെ അനാവശ്യമായ വാശികള്‍ക്കു മുന്നില്‍ മാതാപിതാക്കള്‍ കീഴടങ്ങിക്കൊടുക്കുന്ന ശീലവും വളര്‍ന്നിട്ടുണ്ട്. ഇതവരോടുള്ള സ്നേഹമല്ല, അവരില്‍ തെറ്റായൊരു പ്രവണത വളര്‍ത്തിയെടുക്കലാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി സ്വാര്‍ത്ഥനാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ആ സ്വാര്‍ത്ഥതയുണ്ട്. ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഐസ്ക്രീമിനുവേണ്ടി വാശിപിടിച്ചു കരയുന്ന കുഞ്ഞിന് അത് വാങ്ങിക്കൊടുക്കാന്‍ വേണ്ടി യാത്രയുടെ പകുതിയില്‍ വണ്ടിയിറങ്ങുന്ന അമ്മയോ അച്ഛനോ യഥാര്‍ത്ഥത്തില്‍ അവിടെ കാണിക്കുന്നത് സ്നേഹമല്ല, മറിച്ച് എന്തും നേടിയെടുക്കാന്‍ വാശിയിലൂടെ കഴിയുമെന്ന് ആ കുട്ടിയുടെ ഉള്ളില്‍ ഒരു അബദ്ധചിന്ത ഉറപ്പിച്ചുകൊടുക്കുകയാണ്. ഈ കുട്ടി വളരുമ്പോള്‍ അവന്റെ ആഗ്രഹം ഐസ്ക്രീമില്‍ നിന്നും വേറേ പലതിലേക്കും പരിധി വിട്ടിട്ടുണ്ടായിരിക്കും.
 
 
എന്റെ പിതാവിനൊപ്പം ഇരിക്കാനോ അദ്ദേഹത്തിന്റെ മുന്നില്‍ ചെന്നു നില്‍ക്കാനോ എനിക്ക് ഭയമായിരുന്നു. അദ്ദേഹം ക്രൂരനായൊരു പിതാവായതുകൊണ്ടല്ല, എനിക്കദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനത്തില്‍ നിന്നുണ്ടായതായിരുന്നു അത്. ഇന്ന് അച്ഛുനും മക്കളും കൂട്ടുകാരാണ്. നല്ലതാണത്. പക്ഷെ, അതവനെ ആരേയും പേടിയില്ലാത്തവന്‍ എന്ന അപകടത്തിലേക്ക് തള്ളിവിടാന്‍ ഇടയാക്കരുത്. അതവരെക്കൊണ്ട് എന്തും ചെയ്യിക്കും. നിയമവ്യവസ്ഥകളെ വിലവയ്ക്കാത്തവരായി നമ്മള്‍ മാറുന്നുണ്ട്. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാനോ, ക്ഷമയോടെ ക്യൂവില്‍ നില്‍ക്കാനോ തയ്യാറാകുന്നില്ല. കുറച്ചുനാളുകള്‍ക്കു മുമ്പ് ബംഗളൂരു എയര്‍പോര്‍ട്ടില്‍വെച്ച് ഒരു സംഭവമുണ്ടായി. വെളിയിലേക്ക് വരുന്ന സമയത്ത് എനിക്കു മുന്നേ ചെറുപ്പക്കാരായ ഒരാണും പെണ്ണും. അവരുടെ വേഷത്തിലും രീതികളിലും നിന്നും രണ്ടുപേരും ടെക്കികളായിരിക്കാമെന്ന് ഞാന്‍ ഊഹിച്ചു. ഭാര്യാഭര്‍ത്താക്കന്മാരോ കാമുകീകാമുകന്മാരോ അതോ കൂട്ടുകാരോ എന്ന കാര്യത്തില്‍ ഒരൂഹത്തിന് ഞാന്‍ ഒരുങ്ങിയില്ല. അതെന്തായാലും എനിക്കു മുന്നിലൂടെ ട്രോളിയില്‍ ലഗേജുകളും തള്ളിക്കൊണ്ടു നടന്നു നീങ്ങിയ അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ട്രോളിയില്‍ നിന്ന് ഒഴിഞ്ഞ ഒരു വാട്ടര്‍ബോട്ടില്‍ താഴെ വീണു. അവര്‍ രണ്ടുപേരും ഞാനും ഇത് കണ്ടു. എന്നാല്‍ യാതൊരു ഭാവഭേദവും കൂടാതെ ആ ബോട്ടില്‍ തങ്ങളുടേതല്ലെന്ന മട്ടില്‍ അവര്‍ മുന്നോട്ടുപോയി. പിറകെ വന്ന ഞാന്‍ ഈ ബോട്ടില്‍ എടുത്ത് അടുത്തുകണ്ട വേസ്റ് ബിന്നില്‍ ഇട്ടു. എന്റെ പ്രവര്‍ത്തി രണ്ടുപേരും കാണുന്നുണ്ടായിരുന്നു. ചെറിയൊരു ചമ്മല്‍മാത്രം മുഖത്തുണ്ടായതെന്നാല്ലാതെ മറ്റൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. ഈ അലസത, കൃത്യവിലോപം; ഇതാണ് ഇന്നത്തെ യുവത്വത്തിന്റെ പ്രശ്നം. അവര്‍ക്ക് സമൂഹത്തിനോട് ബാധ്യതയില്ലെന്ന മട്ടിലാണ് ജീവിക്കുന്നത്. സഹജീവികളോട് അനുകമ്പ തോന്നുന്നില്ല അവര്‍ക്ക്. വീട്ടില്‍ ഭിക്ഷയാചിച്ചു വന്നവന്റെ കാര്യം അകത്തുചെന്ന് അച്ഛനോട് പറയുന്ന കുട്ടിയോട് അച്ഛന്‍ പറയുന്നത് ഇവിടെയാരും ഇല്ലെന്നു പറയാനാണ്. മറ്റുള്ളവരെ സഹായിക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ആ കുട്ടി ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. വളരുമ്പോള്‍ അവന്‍ അങ്ങനയെ പെരുമാറുകയുള്ളൂ.
 
 
പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നവരാണല്ലോ നമ്മള്‍. അവരെപ്പോലെ വസ്ത്രം ധരിക്കാനും മേക്കപ്പ് ചെയ്യാനുമൊക്കെ വലിയ ഉത്സാഹമാണ്. പാശ്ചാത്യസംസ്കാരത്തെ അനുകൂലിക്കലാണ് നമ്മുടെ സമൂഹത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന വിമര്‍ശനവുമുണ്ട്. എന്നാല്‍ അവര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന മൊറാലിറ്റി എന്തുകൊണ്ട് നമ്മള്‍ അനുകരിക്കുന്നില്ല. ട്രാഫിക് റൂള്‍സ് തെറ്റിക്കാനോ ക്യൂ പാലിക്കാതിരിക്കാനോ അവര്‍ തയ്യാറാകില്ല. ഒരിക്കല്‍ ഫ്രാന്‍സില്‍ കണ്ട കാഴ്ച്ചയാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. ഔദ്യോഗികാവശ്യങ്ങളുടെ ഭാഗമായി എത്തിയ ഞാന്‍ ഒരു സായാഹ്നത്തില്‍ അവിടെയുള്ളൊരു പാര്‍ക്കില്‍ പോയി. ആ സമയത്ത് ഒരു സ്ത്രീ തന്റെ അരുമയായ പട്ടിക്കുട്ടിയുമായി പാര്‍ക്കിലെത്തി. യജമാനത്തിയോടൊപ്പം സവാരി നടത്തുന്നതിടയില്‍ പട്ടിക്കുട്ടി പാര്‍ക്കിലെ മനോഹരമായ പുല്‍ത്തകിടിയില്‍ കാഷ്ഠിച്ചു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ആ സ്ത്രീ അടുത്ത നിമിഷത്തില്‍ കയ്യിലെ ബാഗ് തുറന്ന് അതില്‍ നിന്നും കൈയുറയെടുത്ത് ധരിച്ച് മറ്റൊരു പേപ്പറില്‍ ആ കാഷ്ഠം മുഴുവന്‍ വാരിയെടുത്ത് വേസ്റ് ബിന്നില്‍ നിക്ഷേപിച്ചു. ആ പുല്‍ത്തകിടി വെള്ളം തളിച്ച് വൃത്തിയാക്കാനും അവര്‍ മറന്നില്ല. മ്മുടെ നാട്ടില്‍ ഇത്തരമൊരു കാഴ്ച്ച സാധ്യമാണോ? ഇതും പാശ്ചാത്യരുടെ കള്‍ച്ചറാണ്. എന്തുകൊണ്ട് ഈ രീതികളൊന്നും നമ്മള്‍ അനുകരിക്കുന്നില്ല? മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അവിടെ കുട്ടികള്‍ക്ക് ലഭിക്കുന്നു. പാശ്ചാത്യ-വികസിത രാജ്യങ്ങളിലൊക്കെ കുട്ടികളെ ശിക്ഷിച്ചാല്‍ അച്ഛനമ്മമാരെ പോലീസ് പിടിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. കുട്ടികളെ കഠിനമായ രീതിയില്‍ ശിക്ഷിച്ചാല്‍ മാതാപിതാക്കള്‍ നിയമടപടിക്കു വിധേയമാകേണ്ടി വരാറുണ്ട്. അതുകൊണ്ട് ഇവിടെയൊന്നും കുട്ടികളെ ശിക്ഷിക്കാറില്ലന്നാണോ? മാതൃകാപരമായ ശിക്ഷകള്‍ അവര്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ട്. വീടിനുള്ളിലെ നോട്ടി കോര്‍ണറില്‍ മണിക്കൂറുകളോളം നിര്‍ത്തുക, കളിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയൊക്കെ അവിടെ കുട്ടികള്‍ക്കുള്ള ശിക്ഷകളാണ്. അതിലുപരി കുട്ടി ഒരു തെറ്റു ചെയ്താല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അവനെ പറഞ്ഞുമനസ്സിലാക്കിക്കാന്‍ അവിടുത്തെ മാതാപിതാക്കള്‍ക്ക് കഴിയുന്നു. നിയമത്തേയും അത് അനുസരിക്കേണ്ടതിന്റെ ബാധ്യതയേക്കുറിച്ചും അവര്‍ കുട്ടികളെ മനസ്സിലാക്കിക്കുന്നു. ആ കുട്ടി രാജ്യത്തെ സ്നേഹിക്കുന്ന ഉത്തമ പൌരന്മാരായി വളരുന്നു. അവന്‍ നിയമം അനുസരിക്കുന്നു. ഒരു പ്രത്യേകത കൂടി അവിടെയുണ്ട്. തെറ്റുകള്‍ക്ക് കൃത്യമായ ശിക്ഷ, കാലതാമസം കൂടാതെ നല്‍കുന്നതില്‍ ആ രാജ്യങ്ങളെല്ലാം തയ്യാറാകുന്നുണ്ട്. നമ്മളോ? ഇതെല്ലാംകൊണ്ട് അവിടെയുള്ളവരെല്ലാം തന്നെ നല്ലവരാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാലും താരതമ്യം ചെയ്തു നോക്കിയാല്‍ നമുക്ക് നമ്മളെയോര്‍ത്ത് ചെറിയ ലജ്ജ തോന്നുമെന്ന് തീര്‍ച്ച.
 
ഒരു മനുഷ്യന്റെ സ്വഭാവരൂപീകരണം പതിനഞ്ചു വയസിനുള്ളില്‍ നടക്കുന്നുവെന്നാണ് പറയുന്നത്. അതിനിടയില്‍ അവന്‍ മനസ്സിലാക്കുന്നതും ചെയ്യുന്നതുമാണ് പിന്നീടുള്ള ജീവിതകാലം പിന്തുടരുന്നത്. ഈ പ്രായത്തിനിടയില്‍ വളരെ ചെറിയൊരു വിഭാഗം കുട്ടികളൊഴിച്ച് ബാക്കിയെല്ലാവരും തങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. അതിനര്‍ത്ഥം കുട്ടികളെ എങ്ങനെ വളര്‍ത്തികൊണ്ടുവരണം എന്നത് മാതാപിതാക്കളുടെ കയ്യിലാണിരിക്കുന്നതെന്നാണ്. അവിടെ നേരത്തെ പറഞ്ഞ മത്സരയോട്ടത്തിന്റെ ഭാഗമായി എന്റെ മകന്‍ പഠനത്തില്‍ ഒന്നാമനാകണം, സ്പോര്‍ട്സില്‍ ഒന്നാമനാകണം, ആര്‍ട്സില്‍ ഒന്നാമനാകണമെന്നൊക്കെ ആഗ്രഹിച്ച്, അവന്റെ കഴിവിനനുസരിച്ച് കിട്ടുന്നതിലും കൂടുതല്‍ ഷോര്‍ട് കട്ട് മെത്തേഡുകളിലൂടെ സംഘടിപ്പിച്ചു കൊടുക്കാന്‍ ശ്രമിച്ചാല്‍ വളര്‍ന്നുവരുന്ന നിങ്ങളുടെ കുട്ടികള്‍ നിങ്ങളേക്കാള്‍ വലിയ തട്ടിപ്പും വെട്ടിപ്പും കാണിച്ച് പലതും സ്വന്തമാക്കാന്‍ തയ്യാറാകും. അതിന്റെ ഫലം ഇന്ന് പല താരങ്ങളും അനുഭവിക്കുന്നതുപോലെ ജയിലില്‍ കിടക്കലോ, സമൂഹത്തിന്റെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികലുമൊക്കെയായിരിക്കും. മാതൃകാപരമായ ജീവിതം നയിച്ച മാതാപിതാക്കളാണ് എന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാനം. സന്മാര്‍ഗികവും മൂല്യാധിഷ്ഠിതവുമായ ജീവിതത്തിലൂടെ മാത്രമേ ഏതൊരു മനുഷ്യനും നിലനില്‍പ്പുള്ളൂവെന്നും ഞാന്‍ തിരിച്ചറിഞ്ഞത് അപ്പച്ചനിലും അമ്മയിലും നിന്നാണ്. ഇന്നേവരെ പിന്തുടരുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതും ആ ജീവിതരീതിയാണ്. അതുകൊണ്ടാണ് പറഞ്ഞു തുടങ്ങിയത് എന്റെ റോള്‍ മോഡല്‍സ് എന്റെ മാതാപിതാക്കളാണെന്ന്. എല്ലാ മനുഷ്യരുടെയും കാര്യത്തില്‍ ഇതാണ് സത്യം. മാതാപിതാക്കള്‍; അവരാണ് യഥാര്‍ത്ഥ റോള്‍ മോഡല്‍സ്! 
 

 

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളം ഒരു വ്യവസായ അനുകൂല സംസ്ഥാനമല്ലെന്ന വാദത്തിന് ഒരു അപവാദമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊണ്ട് 27-മത്തെ വയസില്‍ അദ്ദേഹം തുടങ്ങിയ വി-ഗാര്‍ഡ് ഇന്ന് 1300 കോടി രൂപ വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യമാണ്. വി-ഗാര്‍ഡിനു പുറമെ വണ്ടര്‍ലാ ഹോളിഡെയ്‌സ്, വി-സ്റ്റാര്‍ ക്രിയേഷന്‍സ്, വീഗാലാന്‍ഡ് ഡവലപേഴ്‌സ് എന്നീ സംരംഭങ്ങളും ചിറ്റിലപ്പിള്ളിക്കുണ്ട്. സാധാരണ വ്യവസായികളില്‍ നിന്ന് ചിറ്റിലപ്പിള്ളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ നിലപാടുകളാണ്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു ട്രക്ക് ഡ്രൈവര്‍ക്ക് തന്റെ ഒരു വൃക്ക സൗജന്യമായി നല്‍കിക്കൊണ്ടാണ് അവയവദാനം എന്ന മഹത്തായ കര്‍മത്തെ അദ്ദഹം പ്രോത്സാഹിപ്പിച്ചത്. ഒരു സംരംഭകന്‍ എന്നതിനപ്പുറം നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്ന വിഷയങ്ങളില്‍ സധൈര്യം ഇടപെടുന്നയാള്‍ കൂടിയാണ് ചിറ്റിലപ്പിള്ളി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍