UPDATES

വിദേശം

അഫ്ഗാന്‍ കുഞ്ഞുങ്ങളുടെ ചുടലപ്പറമ്പോ?

കെവിന്‍ സിയെഫ് (വാഷിങ്ങ്ടണ്‍ പോസ്റ്റ്) 

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ പട്ടാളം പിന്‍വാങ്ങുമ്പോള്‍ അവര്‍ അപകടകരമായ ചില അവശേഷിപ്പുകള്‍ ഉപേക്ഷിച്ചുപോകുന്നുണ്ട്. ഏതാണ്ട് 800 സ്ക്വയര്‍ മൈല്‍ സ്ഥലം നിറയെ നിര്‍വീര്യമാക്കാത്ത ഗ്രനേഡുകള്‍, റോക്കറ്റുകള്‍, ഷെല്ലുകള്‍.

പട്ടാളം സ്ഥലംവിട്ടുവെങ്കിലും ഡസന്‍ കണക്കിന് കുട്ടികളാണ് ദിവസവും ഇവ കാരണം മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യുന്നത്. അപകടങ്ങള്‍ ഇനി കൂടിവരാനാണ് സാധ്യത. അമേരിക്ക വെറും മൂന്നുശതമാനം ആയുധ അവശിഷ്ടങ്ങള്‍ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.

സ്ഫോടകാവശിഷ്ടങ്ങളുടെ സാന്നിധ്യമുള്ള ഈ പ്രദേശം ന്യൂയോര്‍ക്ക് നഗരത്തെക്കാള്‍ വിസ്തൃതമാണ്. അവിടെനിന്ന് അപകടകരമായ വസ്തുക്കള്‍ എല്ലാം നീക്കം ചെയ്യണമെങ്കില്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. ഇതിനു ഏകദേശം ഇരുനൂറ്റിയമ്പതുകോടി ഡോളര്‍ ചെലവു വരും. എന്നാല്‍ പ്ലാനിംഗിലെ പിഴവുകള്‍ മൂലം ഈ ഫണ്ട് ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല.

“നമ്മള്‍ യുദ്ധം ചെയ്യുകയാണ്, ഇപ്പോള്‍ ഇതിനൊന്നും സമയമില്ല” എന്നായിരുന്നു ചിന്തയെന്നു യുഎസ് ആര്‍മി മൈന്‍ ആക്ഷന്‍ സെന്ററിന്റെ തലവനായ മൈക്കല്‍ ഫുള്ളര്‍ പറയുന്നു.
 

ഉയര്‍ന്ന സ്ഫോടകശേഷിയുള്ള ഈ അവശിഷ്ടങ്ങള്‍ കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ ദിവസവും കൂടിവരികയാണ്.

മൊഹമ്മദ്‌ യൂസഫ്‌ (13), സയ്യദ് ജവാദ് (14) എന്നിവര്‍ ഗസ്നിയിലെ യുഎസ് സേനയുടെയും പോളിഷ് സേനയുടെയും ഫയറിംഗ് റേഞ്ചില്‍ നിന്നും നൂറു യാര്‍ഡ്‌ അപ്പുറമാണ് വളര്‍ന്നത്. മിലിട്ടറി പരിശീലനങ്ങളുടെ സ്ഫോടന ശബ്ദങ്ങള്‍ അവരുടെ ഗ്രാമത്തിലെ ജനാലച്ചില്ലുകളെ നടുക്കിയിരുന്നെങ്കിലും അവര്‍ അതിനോട് പരിചിതരായി.

എന്നാല്‍ യുഎസ് –നാറ്റോ സൈന്യങ്ങളുടെ പിന്‍വാങ്ങലോടെ സ്ഫോടനങ്ങള്‍ കുറഞ്ഞപ്പോള്‍ ലോഹക്കഷണങ്ങള്‍ പെറുക്കിയെടുത്ത് വില്‍ക്കാനായി കുട്ടികള്‍ ആ പരിസരത്ത് എത്തി. പല യു എസ് സ്ഫോടകവസ്തുക്കളും നിര്‍വീര്യമാക്കാതെ അവിടെ കിടന്നിരുന്നുവെന്നും ആരെങ്കിലും ഒന്ന് തൊട്ടാല്‍ മതി അത് പൊട്ടിത്തെറിക്കാന്‍ എന്നും അവര്‍ക്ക് അറിയില്ലായിരുന്നു.

കഴിഞ്ഞ മാസം വലിയ ഒരു പൊട്ടിത്തെറി കേട്ടാണ് ജവാദിന്‍റെ അച്ഛന്‍ സയ്യദ് സാദിക്ക് ഓടിഎത്തിയത്. മകന്റെ രക്തത്തില്‍ മൂടിയ ശരീരമാണ് അയാള്‍ കണ്ടത്.

“ഇടതുവശം മുറിഞ്ഞുപോയിരുന്നു. എനിക്കവന്റെ ഹൃദയം കാണാമായിരുന്നു. കാലുകളും പോയിരുന്നു.”, അച്ഛന്‍ പറയുന്നു.

അഞ്ചുമീറ്റര്‍ ചുറ്റളവിലുള്ള ആരെയും കൊന്നുകളയുന്ന ഒരു നാല്‍പ്പത് എംഎം ഗ്രനേഡിലാണ് കുട്ടികളില്‍ ഒരാള്‍ ചവിട്ടിയത്. രണ്ടാളും മരിച്ചു.

“മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്നവരാണ് അമേരിക്കക്കാരെങ്കില്‍ ഇതെങ്ങിനെ സംഭവിച്ചു?” സാദിക്ക് ചോദിക്കുന്നു.
 

2012 മുതല്‍ ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ മൈന്‍ ആക്ഷന്‍ കോര്‍ഡിനേഷന്‍ സെന്റര്‍ എഴുപതോളം അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് കൂടുതലാണ്. എന്നാല്‍ ഈ കണക്കുകള്‍ പോലും പൂര്‍ണ്ണമായ ഒരു ചിത്രം തരുന്നില്ല. യുഎന്‍ വിവരങ്ങളില്‍ ഉള്‍പ്പെടാത്ത പതിനാല് അപകടങ്ങള്‍ വാഷിംഗ്ടണ്‍ പോസ്റ്റ്‌ കണ്ടെത്തിയിരുന്നു.

അപകടം സംഭവിച്ചവരില്‍ പലരും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ മേയ്ക്കാനോ വിറകുശേഖരിക്കാനോ പോയവരാണ്. ഇതില്‍ എണ്‍പത്തിയെട്ട് ശതമാനവും കുട്ടികളാണ്.

അമേരിക്ക നയിക്കുന്ന ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്സ് പിന്‍വാങ്ങുന്നതോടെയാണ് ഈ പ്രശ്നം തുടങ്ങിയത് എന്ന് അബിഗേല്‍ ഹാര്‍ട്ട്ലി പറയുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ അവര്‍ ഈ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു.

സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് ഉയര്‍ന്ന യുഎസ് മിലിട്ടറി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അതിനു സമയമെടുക്കുമെന്നും കോടിക്കണക്കിന് ഡോളറുകള്‍ കോണ്‍ഗ്രസ് അനുവദിച്ചാല്‍ തന്നെ ഇവ നീക്കം ചെയ്യുക വളരെ സങ്കീര്‍ണ്ണമായ ജോലിയായിരിക്കുമെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്യാനുള്ള പ്ലാന്‍ ഉണ്ടാകുന്നതിനും മുന്‍പേ തന്നെ അഫ്ഗാനിസ്ഥാനിലെ എന്നൂരിലേറെ ബേസുകള്‍ അടയ്ക്കുകയും സേനയെ പിന്‍വലിക്കുകയും ചെയ്തിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. ചിലയിടങ്ങളിലെ സ്ഫോടകവസ്തുക്കള്‍ രണ്ടായിരത്തിനാലുമുതലുള്ളതാണ്. ഇപ്പോള്‍ സര്‍വേകള്‍ നടത്താന്‍ പോലും ആളുകളില്ല. ചിലയിടങ്ങളില്‍ സുരക്ഷാഉദ്യോഗസ്ഥരായിപ്പോലും യുഎസ് സേനയില്ല.
 

“ഇത്തരം ഇടങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നവരില്ല ഇപ്പോള്‍,” പേരുവെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. “ഇത് അവിടെനിന്ന് നീക്കണമെന്നും ശരിയായകാര്യം ചെയ്യണമെന്നും കരുതിയാല്‍ തന്നെ അത് ആര് ചെയ്യും? അവരെ ആരു സംരക്ഷിക്കും?”

ഈ കഴിഞ്ഞ മാസങ്ങളില്‍ യുഎസ് മിലിട്ടറിയുടെ ഒരു സംഘം ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്ന ഒരിടത്തുനിന്നും കുറെയേറെ സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തിരുന്നു. ഫണ്ട് അനുവദിച്ചാല്‍ വര്‍ഷങ്ങള്‍ നീളുന്ന ഒരു ശ്രമം ആരംഭിക്കാമെന്നും അവര്‍ പറയുന്നു.

ഉയര്‍ന്ന യുഎസ് മിലിട്ടറി ഉദ്യോഗസ്ഥര്‍ ഈ പ്രശ്നത്തിന് അധികം പ്രാധാന്യം കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

അഫ്ഗാനിസ്ഥാനിലെ ഉയര്‍ന്ന യുഎസ് കമാണ്ടര്‍ ആയ ജെനറല്‍ ജോസഫ് ഡന്‍ഫോര്‍ഡ് മാര്‍ച്ചില്‍ ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞത് “ഈ പ്രശ്നം” പരിഹരിക്കാന്‍ മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്നാണ്. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞത്  ഡന്‍ഫോര്‍ഡ് യുഎസ് സേനയെ അവിടെ നിന്ന് നീക്കുന്ന പ്രശ്നമാണ് ഉദ്ദേശിച്ചത്, അല്ലാതെ മനുഷ്യര്‍ അപകടപ്പെടുകയും മരിക്കുകയുമൊക്കെ ചെയ്യുന്ന ഈ “സ്ഫോടന പ്രശ്നത്തിന്റെ” കാര്യമല്ല എന്നാണ്.

യുഎസും നാറ്റോയും കണ്ടെത്തിയ 240 അപകടമേഖലകള്‍ ഏതാണ്ട് വന്‍നഗരങ്ങളുടെ വലിപ്പം വരുന്നവയാണ്. ഏറ്റവും പ്രധാനം ഹെല്‍മാന്ദ് എന്ന പ്രവിശ്യയാണ്, ഇത് വാഷിംഗ്‌ടണ്‍ നഗരത്തിന്റെ രണ്ടിരട്ടി വിസ്തൃതിയുള്ള ഒരു പ്രദേശമാണ്.

ഇതിലെ പകുതിയോളം റേഞ്ചുകള്‍ അഫ്ഗാന്‍സേനയ്ക്ക് നല്‍കും. ബാക്കിയുള്ളവയില്‍ നാല്‍പ്പതോളം ഇന്റര്‍നാഷണല്‍ കോആലിഷനിലെ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കും. ഇവ വൃത്തിയാക്കണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. ബാക്കിയുള്ള 73 റേഞ്ചുകള്‍ ഏതാണ്ട് 800  സ്ക്വയര്‍ മൈല്‍ വരും. ഓരോ റേഞ്ചിലും ആയിരക്കണക്കിന് സ്ഫോടകവസ്തുക്കളുണ്ടാകുമെന്നാണ് യു എസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം അറുപത് സ്ക്വയര്‍മൈല്‍ ഉള്ള ഒരിടത്തുനിന്നും കോണ്‍ട്രാക്ടര്‍മാര്‍ നീക്കം ചെയ്തത് 32,000  സ്ഫോടകവസ്തുക്കളാണ്.
 

ചില ഗ്രനേഡുകളും മറ്റും സമ്മര്‍ദ്ദം കൊണ്ടും സ്ഫോടനമുണ്ടാകണമെന്നില്ല. അവ അപകടമൊന്നുമുണ്ടാക്കാതെ വര്‍ഷങ്ങളോളം കിടന്നേക്കാം. ഈ റേഞ്ചുകള്‍ പൂര്‍ണ്ണമായിവൃത്തിയാക്കിയാല്‍ മാത്രമേ സാധാരണ ജനത്തിനുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയൂ.

അഫ്ഗാനിസ്ഥാന്‍ യുഎന്‍ കണ്‍വന്‍ഷന്‍ ഓണ്‍ സെര്‍ട്ടന്‍ കണ്‍വന്‍ഷണല്‍  വെപ്പന്‍സ് എന്നതില്‍ അംഗമല്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഇത് വൃത്തിയാക്കേണ്ടതിന്റെ നിയമപരമായ ബാധ്യതയില്ലെന്നാണ് യുഎസ് പക്ഷം. 

രണ്ടായിരത്തിയൊന്നില്‍ അമേരിക്കന്‍ സേന വരുന്നതിനുമുന്‍പ്തന്നെ ലോകത്തിലെ ഏറ്റവും അധികം മൈനുകള്‍ ഉള്ള രാജ്യമായിരുന്നു അഫ്ഗാനിസ്ഥാന്‍. പത്തുവര്‍ഷത്തിനുശേഷം 89ല്‍ സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങിയപ്പോള്‍ രാജ്യം മുഴുവന്‍ അവര്‍ അവശേഷിപ്പിച്ചത് ഇരുപതുകോടി സ്ഫോടകവസ്തുക്കളാണ്. ആയിരക്കണക്കിന് കുട്ടികളുടെ മരണത്തിന് ഇവ കാരണമായിട്ടുണ്ട്. ഇവ നീക്കം ചെയ്യാനും യുഎസ് ഗവണ്മെന്റിനു ഫണ്ട് ലഭിച്ചിട്ടുണ്ട്. 2023ഓടെ ഈ പ്രോജക്റ്റ് പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

ഫയറിംഗ് റേഞ്ചുകളില്‍ മാത്രമല്ല താലിബാനെതിരെ യുദ്ധം നടന്ന 331 സ്ഥലങ്ങളിലും സ്ഫോടക അവശിഷ്ടങ്ങളുണ്ട്‌. ഇവ നീക്കം ചെയ്യാന്‍ ശ്രമിക്കില്ല എന്നാണ് യുഎസ് അധികൃതര്‍.

“ഇവയൊന്നും കണ്ടെത്താന്‍ കഴിയില്ല, കാരണം എവിടെയാണ് ഇവ ലാന്‍ഡ്‌ ചെയ്തതെന്ന് ആര്‍ക്കറിയാം?”, പേര് വെളിപ്പെടുത്താത്ത മറ്റൊരു യുഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഏറ്റവുമധികം പ്രശ്നം ഉണ്ടാകുന്നത് ആളുകള്‍ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ഇടങ്ങളിലാണ്.  അപകടങ്ങളുടെ സാഹചര്യത്തില്‍ വേലികളും ബാരിക്കേഡുകളും ഉയര്‍ത്താനും അമേരിക്ക വിസമ്മതിക്കുന്നു. അഫ്ഗാന്‍ കുട്ടികള്‍ വേലികള്‍ മറികടന്നും തുരുമ്പു പെറുക്കാന്‍ വരുമെന്നാണ് അവര്‍ പറയുന്നത്. കാബൂളിനടുത്തുള്ള അമേരിക്കന്‍ ഫയറിംഗ് ഫീല്‍ഡിനടുത്ത് സ്ഥിരമായി കുട്ടികള്‍ അലഞ്ഞുനടക്കുന്നത് കാണാം. ചില നാടോടികുടുംബങ്ങള്‍ ഫയറിംഗ് റേഞ്ചിനുള്ളില്‍ ടെന്റ് കെട്ടി താമസിക്കുന്നതും കാണാം.

“ഞങ്ങള്‍ക്ക് ആടിനെ മേയിക്കാന്‍ സ്ഥലമില്ല,” അമ്പതിനാലുകാരനായ മൊഹമ്മദ്‌ റാസ് ഖാന്‍ പറയുന്നു. റേഞ്ചു മാത്രമാണ് ഏക പുല്‍പ്രദേശം. “ഓരോ തവണ മക്കള്‍ ടെന്റ് വിട്ടുപോകുമ്പോഴും ആധിയാണ്.”
 

റേഞ്ചിനടുത്തുള്ള സ്ഥലം അഫ്ഗാന്‍ ഗവണ്മെന്റിന്റെയാണ്. അത് ഈയിടെ തിരികെ എത്തിയ അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കി. വീടുകളില്‍ ഫയറിംഗ് റേഞ്ചില്‍ നിന്നുള്ള സ്ഫോടനങ്ങളില്‍ തകര്‍ന്ന ജനാലച്ച്ചില്ലുകള്‍ ടേപ്പ് കൊണ്ട് ഒട്ടിച്ചുവെച്ചിരിക്കുന്നു.

കുടുംബം ഇങ്ങോട്ട് താമസം മാറ്റി രണ്ടുമാസം കഴിഞ്ഞാണ് അബ്ദുല്‍ വക്കീല്‍ എന്ന പന്ത്രണ്ടുകാരന്‍ വിറകുതേടി അറിയാതെ റേഞ്ചിലെത്തിയത്. മെയിന്‍റോഡില്‍ നിന്ന് മുപ്പതുമീറ്റര്‍ മാറിയപ്പോള്‍ അവന്‍ ഒരു സ്പോടകവസ്തുവില്‍ ചവിട്ടി. അവന്റെ ഒരു കാല്‍ തെറിച്ചുപോയി. മറ്റേ കാല്‍ കാബൂള്‍ ആശുപത്രിയില്‍ വെച്ച് മുറിച്ചുനീക്കി.അവന് വെയ്പ്പ്കാലോ വീല്‍ചെയറോ ഇല്ല. അവനെ എല്ലായിടത്തും എടുത്തുകൊണ്ട് പോകണം.

“കാലില്ലാതെ അവന്‍ എന്തുചെയ്യും? അവന്റെ സഹോദരന്‍ അബ്ദുല്‍ മദീന്‍ പറയുന്നു. “അവന്റെ ഭാവിയെപ്പറ്റി പ്രതീക്ഷകളില്ല.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍