UPDATES

സിനിമ

സുരാജിന്റെ മേല്‍ വീണ ഇടിത്തീ!

‘ഈ ഊളനും കിട്ടിയോ അവാര്‍ഡ്?’ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നത്തെ പത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രം കണ്ട ഭൂരിഭാഗം മലയാളികളുടെ ആദ്യ പ്രതികരണത്തില്‍ ഒരാള്‍ക്ക് അത്ഭുതം തോന്നാമെങ്കിലും രണ്ടു ദിവസം കഴിഞ്ഞുള്ള സംസ്ഥാന അവാര്‍ഡിന്റെ വാര്‍ത്തയുള്ള പത്രം കാണുമ്പോള്‍ ഇവിടെ പ്രബലമായ ഒരു പൊതുബോധത്തിന്റെ ആകെത്തുകയായിരുന്നു ആ ചോദ്യം എന്ന് മനസ്സിലാകും. രണ്ടു ദിവസം മുന്‍പ് കണ്ട പത്രം ഇപ്പോള്‍ കൊഞ്ഞനം കുത്തി കാണിക്കുകയാണോ എന്നൊരാള്‍ സംശയിച്ചാലും അതില്‍ അസ്വാഭാവികതയില്ല. നാളുകള്‍ക്കു മുന്‍പ് ഒരു പ്രമുഖ ടിവി ചാനലില്‍ സുരാജും നാദിര്‍ഷായും തമ്മിലുള്ള ടോക് ഷോയില്‍ സദസ്സില്‍ ഇരുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും ‘സുരാജിനെ മിമിക്രിയില്‍ അനുകരിക്കാന്‍ വിവരക്കേട് പഠിച്ചാല്‍ മതിയോ’ എന്ന  ചോദ്യം ഉയര്‍ന്നതും മേല്പറഞ്ഞ പൊതുബോധത്തില്‍ നിന്നു തന്നെയാണ്.
 
അടുത്ത കാലത്തായി മലയാള സിനിമകളില്‍ ഈ ‘സോ കോള്‍ഡ് ഊളന്മാര്‍’ ഒരു അത്യാവശ്യമായി മാറിയിട്ടുണ്ട്. ‘മിസ്റ്റര്‍ ബീന്‍ അസാമാന്യ പ്രകടനം കാഴ്ച വെയ്ക്കും പക്ഷെ ആളൊരു ഊളനാ’ എന്ന് പറയുമ്പോലെ ആസ്വദിക്കാനും ചീത്ത വിളിക്കാനും നമ്മുക്ക് ചില ടാര്‍ഗെറ്റുകള്‍ എപ്പോഴും വേണം. അഭിനയ ജീവിതത്തില്‍ ഓരോ നടനും വിവിധ വേഷങ്ങള്‍ ചെയ്യുന്നു, ചിലരാകട്ടെ എപ്പോഴും ഒരേപോലെയുള്ള വേഷങ്ങള്‍ ചെയ്യാനും വിധിക്കപ്പെടുന്നു. എന്നാല്‍ മറ്റു റോളുകളില്‍ നിന്നും വിഭിന്നമായി, കോമഡി ചെയ്യുന്നവര്‍ അഭിനയ കുപ്പായം അഴിച്ചു വെക്കുമ്പോളും അവരുടെ കഥാപാത്രങ്ങള്‍ ചെയ്ത ‘ഊളത്തരങ്ങള്‍’ അവരുടെ കൂടപ്പിറപ്പാണെന്നൊരു ധാരണ ഇവിടെയുണ്ട്. മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ റോവാന്‍ അറ്റ്കിന്‍സണ്‍ ആ കഥാപാത്രത്തില്‍ നിന്നും വിരമിച്ചപ്പോള്‍ അതിലൂടെ തനിക്കുണ്ടായ ‘ബഫൂണ്‍’ ഇമേജിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നത് ഇവിടെ ഓര്‍ക്കാം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും  സ്ത്രീകളെ  മാനഭംഗപ്പെടുതുന്ന റോളുകള്‍ അഭിയനിച്ച മലയാളത്തിലെ നടന്മാര്‍ പൊതുവേദിയില്‍ എത്തുമ്പോള്‍ ‘നിങ്ങള്‍ ഇപ്പോഴും പീഡിപ്പിക്കാറുണ്ടോ’ എന്ന് ആരും ചോദിച്ചു കാണാറില്ല. പക്ഷെ നമ്മുക്ക് കോമഡി കാണിക്കുന്നവര്‍ ജന്മനാ ഊളന്മാരാണ് എന്ന് വിധിക്കുന്നതില്‍ പ്രത്യേക ഒരു സുഖമുണ്ട്, ഇതൊക്കെക്കൊണ്ടു തന്നെയാകും അടൂര്‍ ഭാസിയും, ബഹദൂറും, ജഗതിയുമൊക്കെ നമ്മുക്ക് ഇന്നും ‘നടന്മാ’രാകാതെ ഹാസ്യനടന്മാര്‍ മാത്രമായി അറിയപ്പെടുന്നത്.
 
 
‘പേരറിയാത്തവര്‍’  എന്ന സിനിമ മലയാളികള്‍ കണ്ടിട്ടില്ലാത്തതുകൊണ്ട് സുരാജിന് അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ സ്വാഭാവികമാണ്. 2010-ല്‍ സലിം കുമാര്‍ ഇതേ അവാര്‍ഡ് വാങ്ങിയപ്പോഴും മലയാളികള്‍ക്ക് ഞെട്ടി ശീലം ഉള്ളതിനാല്‍ ഇപ്പ്രാവശ്യത്തെ ഞെട്ടലിനു അത്രയ്ക്ക് പഞ്ച് വന്നില്ല എന്നുമാത്രം. പക്ഷെ മലയാളികള്‍ ശരിക്കും ഞെട്ടിയത് സ്വന്തം നാട്ടിലെ ചലച്ചിത്ര അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡ് വാര്‍ത്ത അറിഞ്ഞാണ്. സലിം കുമാറിന് ‘ആദാമിന്റെ മകന്‍ അബു’വിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടി അധികം വൈകാതെ തന്നെ സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന് തന്നെ ലഭിച്ച ചരിത്രം ഉള്ളതുകൊണ്ട് ഇപ്രാവശ്യത്തെ സംസ്ഥാന അവാര്‍ഡും സുരാജിന് കിട്ടാന്‍ സാധ്യതയുണ്ടെന്ന് ആദ്യം മുതലേ സൂചനയുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി സുരാജ് വീണ്ടുമൊരു ‘ഊളനായി’ മലയാളിയുടെ മുന്നില്‍ അവരോധിക്കപ്പെട്ടു. കോമഡി ഒരു മോശം കലയല്ല, കോമഡി കാണിക്കുന്നവര്‍ മോശപ്പെട്ടവരുമല്ല. ഒരുപക്ഷെ മറ്റെല്ലാ ഭാവങ്ങള്‍ അവതരിപ്പിക്കുന്നതിലും കൂടിയ തന്മയത്വം ഇതിനു ആവശ്യവുമാണ്. അവാര്‍ഡ് എന്നത് എന്നും അംഗീകാരത്തിന്റെ അടയാളം ആണെങ്കില്‍  സുരാജിന് ലഭിച്ച സംസ്ഥാന അവാര്‍ഡ് അധിക്ഷേപിക്കലാണ്. തികച്ചും വൈകാരികതയുടെ പേരിലുള്ള പ്രസ്താവനയല്ലിത്; കാരണം സുരാജ് എന്ന നടന്റെ കരിയര്‍   പരിശോധിച്ചാല്‍ ഈ പറയുന്ന ‘ഹാസ്യ നടനുള്ള അവാര്‍ഡ്’ സുരാജിന് ഒട്ടും ചേരില്ല എന്ന അഭിപ്രായമാണ് മിക്കവര്‍ക്കും ഉള്ളത്. 
 
സുരാജിന്റെ ‘നമ്പറുകള്‍’ കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് പോലും അറിയാതെ തിയേറ്ററില്‍ നിന്നും ഇറങ്ങി പൊയ്‌ക്കൊണ്ടിരുന്ന വലിയ ഒരു ആസ്വാദക വൃന്ദം ഇവിടെയുണ്ട്. വ്യക്തമായ തിരക്കഥയില്ലാത്ത പല സിനിമകളിലും ഭൂരിഭാഗം സമയം ‘സുരാജ് പ്രകടന’ത്തിനായി മാറ്റിവെച്ചത് പലര്‍ക്കും അരോചകമായി തീര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. വളിപ്പുകള്‍, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ എന്നിവ  മാത്രം ജെനറേറ്റ് ചെയ്യുന്ന ഒരു യന്ത്രമായി സുരാജിനെ എപ്പോഴും മലയാള സിനിമയ്ക്ക് ആവശ്യമുണ്ടായിരുന്നു, അല്ലെങ്കില്‍ അതുമാത്രമായിരുന്നു സുരാജിന്റെ ഇതുവരെയുള്ള പ്രസക്തി. അതൊരിക്കലും ഒരു നടന്റെ കുറവായി കാണാനും കഴിയില്ല. സുരാജിന്റെ സംസാരശൈലിയും വിമര്‍ശനത്തിനു വിധേയമായിരുന്നു, ഒടുവില്‍ സാക്ഷാല്‍ മമ്മൂട്ടി അതേ ഭാഷ ഉപയോഗിക്കേണ്ടി വന്നപ്പോളാണ് സുരാജ് വിമര്‍ശനത്തില്‍ നിന്നും ഒരു പരിധിവരെയെങ്കിലും രക്ഷപെട്ടത്. ജഗതിക്ക് പകരമാണ് സുരാജ് വന്നതെന്ന വാദമൊക്കെ വെറുതെയാണ്, സുരാജിന്റെയും ജഗതിയുടെയും ജോലി രണ്ടായിരുന്നു സിനിമയില്‍; രണ്ടു പേര്‍ക്കും അവരുടേത് മാത്രമായ സ്‌പേസ് ഇപ്പോഴും മലയാള സിനിമയിലുണ്ട്. ജഗതിയുടെ കുറവ് നികത്താന്‍ സുരാജിനോട്ടു കഴിഞ്ഞിട്ടുമില്ല. 
 
 
സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ ബാബുരാജിന് മികച്ച വില്ലനുള്ള അവാര്‍ഡ് കൊടുക്കുമ്പോലെയാണ് സുരാജിനു മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് കൊടുത്തിരിക്കുന്നത്. എന്താണ് ഹാസ്യം, എന്തല്ല ഹാസ്യം എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു ജൂറി പാനല്‍ സുരാജിന് മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് കൊടുത്തതിലൂടെ നല്കിയത് ഒരു അംഗീകാരം അല്ല, മറിച്ച് ഒരു കുട്ട നിറയെ കളിയാക്കലായിരുന്നു. ‘ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്’ എന്ന സിനിമയിലെ കുഞ്ഞച്ചന്‍ എന്ന സുരാജിന്റെ കഥാപാത്രം ഓര്‍മ്മയില്‍ ബാക്കി വെയ്ക്കുന്ന ഒരു സീന്‍ പോലും പ്രേക്ഷകര്‍ക്ക് നല്കിയിട്ടില്ല. തികച്ചും അപ്രസക്തമായ റോളുകള്‍ക്ക് അവാര്‍ഡ് നല്കുന്നതിലൂടെ ഒരു പ്രതിഭയെ അപമാനിക്കുകയാണ് അക്കാദമി ചെയ്യുന്നത്.
 
ശരാശരിയില്‍ നിന്നും താഴേക്കുപോയ ‘സ്വപ്നസഞ്ചാരി’ എന്ന സിനിമയിലെ സാധാരണമായ ഒരു പ്രകടനത്തിന് 2011-ല്‍ ജഗതി ശ്രീകുമാറിനും ‘മികച്ച ഹാസ്യ നടനു’ള്ള അവാര്‍ഡ് നല്കിക്കൊണ്ട് വിവാദത്തിലായി ശീലമുണ്ട് നമ്മുടെ അക്കാദമിക്ക്. ദേശീയ അവാര്‍ഡ് നേടി രണ്ടു വര്‍ഷം കഴിയും മുന്‍പേ ‘അയാളും ഞാനും തമ്മില്‍’ എന്ന സിനിമയിലെ ചെറിയൊരു വേഷത്തിനു സലിം കുമാറിനും ഇതേ അവാര്‍ഡ് നല്കി ബാരക്കില്‍ ഇരുത്തിയിട്ടുണ്ട് നമ്മള്‍. ‘ഇവര്‍ വിവാഹിതരായാല്‍’, ‘ഒരു നാള്‍ വരും’ എന്നീ സിനിമകളിലെ അഭിനയത്തിനും ഈ പറഞ്ഞ അവാര്‍ഡ് സുരാജിന് 2009-ലും 2010-ലും ലഭിച്ചിട്ടുണ്ട്. ശരാശരി അഭിനയശേഷി വെളിവാകുന്ന ഇത്തരം സിനിമകളിലെ അഭിനയത്തിന് അവാര്‍ഡ് നല്കുന്നതിന്റെ ഔചിത്യം ഇനിയും വ്യക്തമല്ല. ഇത്തരം ചുരുക്കലുകള്‍ക്കും എത്രയോ അപ്പുറമാണ് ഈ പ്രതിഭകളുടെ സ്ഥാനമെന്ന് ജൂറി പാനല്‍ ഓര്‍മ്മിക്കേണ്ടിയിരുന്നു.
 
1970-കളില്‍ ബഹദൂറിന് മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് നല്കിയ ശേഷം പിന്നീട് ഈ ഏര്‍പ്പാട് നിര്‍ത്തുകയാണ് ചെയ്തത്. അടൂര്‍ ഭാസി ഈ പുരസ്‌കാരത്തിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്നിത് നിര്‍ത്തലാക്കിയത് എന്ന് കേട്ടിട്ടുണ്ട്. പിന്നെ 2009-ല്‍ സുരാജിന് വീണ്ടും ഇതേ അവാര്‍ഡ് കൊടുത്തുകൊണ്ട്  ഈ മാമാങ്കം പുന:സ്ഥാപിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ജഗതിയെ പോലൊരു അതുല്യ പ്രതിഭ അവാര്‍ഡ് വേദികളില്‍ തഴയപ്പെടുന്ന കാഴ്ച മലയാളിക്ക് എന്നും സുപരിചിതമാണ്. സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം അല്ലെങ്കില്‍ കൊമേഡിയന്‍ എന്നതിലപ്പുറം ഈ അതുല്യ പ്രതിഭയെ ആരും അംഗീകരിച്ചിട്ടില്ല. പലപ്പോഴും അതിലുള്ള അതൃപ്തിയും വിഷമവും ജഗതി പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുമുണ്ട്. ‘ഒരു മുണ്ട് വാങ്ങാന്‍ പോലും യോഗ്യതയില്ലാത്തവനെ’ന്നു മുദ്ര കുത്തുന്ന സര്‍ക്കാറുള്ളപ്പോള്‍ സംസ്ഥാന അവാര്‍ഡുകള്‍ ഒന്നും തന്നെ താന്‍ സ്വീകരിക്കില്ല എന്നദ്ദേഹം പറഞ്ഞത് ഇവിടെ ഓര്‍മിക്കുന്നത് നന്നായിരിക്കും. മികച്ച നടന്‍ ഒരാളെ ഉള്ളു (singular) എന്നും അത് പകുത്തു നല്കുന്ന രീതി ശരിയല്ലെന്നും ജഗതി പറഞ്ഞത് ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനവുമായി കൂട്ടി വായിക്കാവുന്നതാണ്. 
 
 
ഹാസ്യനടന്‍ എന്നൊരു ലേബല്‍ തന്നെ ഉണ്ടാക്കിയത് താരനിബിഡമായ മുഖ്യധാരയില്‍ നിന്നും ഇവരെ പോലെയുള്ള പ്രതിഭകളെ ഒരു സേഫ് ഡിസ്റ്റന്‍സില്‍ നിര്‍ത്താനുള്ള ശ്രമമല്ലേ എന്ന് ന്യായമായും സംശയിച്ചു പോകും. പ്രത്യേകിച്ചും ദേശീയ തലത്തില്‍ സുരാജ് അംഗീകരിക്കപ്പെടുമ്പോള്‍ ഏറ്റവും കുറഞ്ഞത് അപമാനിക്കാതിരിക്കാനെങ്കിലും സംസ്ഥാന ചലച്ചിത്ര അക്കാദമിക്കു ശ്രമിക്കാമായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവിന് സംസ്ഥാന അവാര്‍ഡും നല്കണം എന്ന ബാലിശമായ വാശിയല്ല, കാരണം വ്യത്യസ്തമായ ജൂറികളും അഭിപ്രായങ്ങളും ഇവിടെ  പരിഗണനയില്‍ വരുമെന്നത് തന്നെ. പക്ഷെ ഇത്തരമൊരു പ്രസക്തിയില്ലാത്ത അവാര്‍ഡ്, ദേശീയ അവാര്‍ഡിന്റെ മാറ്റു കുറയ്ക്കുമെന്നതില്‍ സംശയമില്ല. നവരസങ്ങളില്‍ ഒരെണ്ണം മാത്രമായ ഹാസ്യത്തിന്റെ പേരില്‍ അവാര്‍ഡിന് എന്തിനൊരു വകഭേദം എന്ന് ചിന്തിക്കുന്നതില്‍ തെറ്റുമില്ല.
 
ലോകത്തൊരിടത്തും മികച്ച ഹാസ്യനടന്‍ എന്ന വിഭാഗത്തില്‍ പുരസ്‌കാരം നല്‍കുന്നില്ലെന്നും ഹാസ്യനടനുള്ള അവാര്‍ഡ് നല്‍കുമ്പോള്‍ മികച്ച ശൃംഗാര നടന്‍, ലാസ്യ നടന്‍ എന്നിങ്ങനെ നവരസങ്ങള്‍ക്കും അവാര്‍ഡ് നല്‍കട്ടെയെന്നുമുള്ള സലിം കുമാറിന്റെ വാദത്തിനു പ്രാധ്യാന്യം ഉണ്ടാകുന്നത് ഇവിടെയാണ്. അതുപോലെ തന്നെ മികച്ച ഹാസ്യ നടന്‍ മാത്രമല്ല മികച്ച ഹാസ്യചിത്രം, ഹാസ്യചിത്ര സംവിധായകന്‍, ഹാസ്യ നടി, ഹാസ്യ വില്ലന്‍, ഹാസ്യ ഗാനം, ഹാസ്യ പശ്ചാത്തല സംഗീതം, ഹാസ്യ ഗായിക/ഗായകന്‍ തുടങ്ങിയ അവാര്‍ഡുകള്‍കൂടി ചലച്ചിത്ര അക്കാദമി അടുത്തവര്‍ഷം മുതല്‍ നല്‍കി തുടങ്ങുമായിരിക്കും എന്നാണു പരിഹാസ രൂപേണ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്.
 
ദേശീയ ചലച്ചിത്ര അവാര്‍ഡ് വാര്‍ത്തകള്‍ വരുമ്പോള്‍ സ്വാഭാവികമായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് കേരളത്തിലെ നടന്മാര്‍ക്ക് മാധ്യമ പ്രാധാന്യം ദേശീയ തലത്തില്‍ ലഭിക്കാറില്ല. ദേശീയ മാധ്യമങ്ങളില്‍ രാജ്കുമാര്‍ റാവുവുമായി സുരാജ് മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു എന്നായിരുന്നു വാര്‍ത്ത, കൂടെ കൊമേഡിയന്‍ എന്നുള്ള വിശേഷണം വേറെയും. ജൂറിയില്‍ മലയാളി ഉണ്ടായിരുന്നുവെങ്കില്‍ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയവാര്‍ഡ് കിട്ടില്ലായിരുന്നുവെന്ന് നടന്‍ ശ്രീകുമാര്‍ പറഞ്ഞതില്‍ അല്പമെങ്കിലും വസ്തുത ഉണ്ടെന്ന് സംസ്ഥാന അവാര്‍ഡ് വാര്‍ത്തകള്‍ തോന്നിപ്പിക്കരുതായിരുന്നു എന്നാണു എന്റെ അഭിപ്രായം. എല്ലാവരും തഴയുമ്പോള്‍ കൂടെയൊരു തള്ളുകൂടി കൊടുക്കുന്ന രീതിയല്ല ഇവിടെ ആവശ്യം. ഏറ്റവും കുറഞ്ഞത് ഈ അവാര്‍ഡ് ഒഴിവാക്കാമായിരുന്നു, എന്തിനാണ് ഒരു അവാര്‍ഡ് ‘വെറുമൊരു കോമഡി’ ആക്കുന്നത്!
 
വാല്‍: കേന്ദ്രത്തിലെ മികച്ച നടനെ സംസ്ഥാനത്തെ കോമാളി ആക്കുന്നതും ഭവാന്‍ (കേരളത്തില്‍  മാത്രം കണ്ടു വരുന്ന ഒരു ‘ഭവാന്‍’)!
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍