UPDATES

സിനിമ

പേരറിയിച്ചവന്‍റെ വാക്കും വഴിയും- സുരാജിനൊപ്പം

സിറാജ് ഷാ
(സഹസംവിധായകന്‍, പേരറിയാത്തവര്‍)

ദേശീയ അവാര്‍ഡ് പ്രഖ്യാപന ദിവസം രാവിലെ തന്നെ മലയാളത്തിന് ലഭിച്ച അവാര്‍ഡുകളെക്കുറിച്ച് ചില വാര്‍ത്തകള്‍ ചോര്‍ന്ന് വന്നുകൊണ്ടിരുന്നു. സംവിധായകന്‍ ഡോ: ബിജു എല്ലാ അവാര്‍ഡ് പ്രഖ്യാപന ദിവസവും പറയാറുള്ളത് തന്നെ ഇത്തവണയും ആവര്‍ത്തിച്ചു. “തീര്‍ച്ചയായും അവാര്‍ഡ് പ്രതീക്ഷിക്കുന്നു. ജൂറിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനമെന്തായാലും സ്വാഗതം ചെയ്യും.” അക്കൂട്ടത്തില്‍ ഡോ: ബിജു ഒരു കാര്യം കൂടി ഉറപ്പിച്ച് പറഞ്ഞു. അത് സുരാജിന് അവാര്‍ഡ് പ്രതീക്ഷിക്കുന്നു എന്നതായിരുന്നു.

ഒടുവില്‍ വൈകുന്നേരം പ്രഖ്യാപനം വന്നപ്പോള്‍ മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്. ഡോ: ബിജുവിനെപ്പോലെ എനിക്കും ഒട്ടും അത്ഭുതം തോന്നിയില്ല. കാരണം ഈ ചിത്രത്തിനൊപ്പം ആദ്യന്തം ഉണ്ടായിരുന്നു. സഹസംവിധായകനായി. പേരറിയാത്തവര്‍ ചിത്രീകരിക്കുമ്പോള്‍ കണ്ടതാണ് കഥാപാത്രത്തിനായി സുരാജ് എന്ന നടന്‍ അനുഭവിക്കുന്നതെല്ലാം. രാപ്പകല്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണം. മിക്കപ്പോഴും കഠിനമായ വെയില്‍. ഒട്ടുമിക്ക സമയവും തമിഴ്നാട്ടിലെ ചവര്‍കൂമ്പാരത്തിനിടയില്‍ മണിക്കൂറുകളോളം ചിത്രീകരണം. ഒട്ടും മുഷിവും അസ്വസ്ഥതയും ആ നടന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല.
 

കാണാനും അഭിനന്ദിക്കാനുമായി തിരുവനന്തപുരത്തെ കരമനയിലെ ഷൂടിംഗ് ലൊക്കേഷനിലെത്തുമ്പോള്‍ സുരാജ് സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും നടുവിലായിരുന്നു. പേരറിയാത്തവരിലെ സഹതാരം കൃഷ്ണന്‍ ബാലകൃഷണന്‍ സുരാജിനെ കെട്ടിപ്പുണര്‍ന്ന് സന്തോഷം പങ്കുവയ്ക്കുന്നു. ആദ്യ മധുരം നല്‍കിയതും കൃഷ്ണന്‍ തന്നെ. നിലയ്ക്കാതെ ചിലയ്ക്കുന്ന ഫോണുമായി സുരാജിന്‍റെ സന്തത സഹചാരി ഉണ്ണി ഒപ്പമുണ്ട്. ഡോ: ബിജു നേരത്തെ തന്നെ സുരാജിനെ വിളിച്ച് ഫോണിലൂടെ അഭിനന്ദനം അറിയിച്ച് കഴിഞ്ഞു. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അനില്‍ അമ്പലക്കരയും നടന്‍ റഹ്മാനും തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനും ലൊക്കേഷനിലുണ്ടായിരുന്നു.

അതിനിടയില്‍ സുരാജിന്‍റെ ആദ്യ പ്രതികരണം, “എനിക്ക് ലഭിച്ച പുരസ്കാരം മലയാള ഭാഷയ്ക്കും മലയാള സിനിമയ്ക്കും സമര്‍പ്പിക്കുന്നു.”

ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചതിങ്ങനെ. “എന്നെ തേടിവന്ന് ഈ ചിത്രത്തില്‍ നായനാക്കിയത് സംവിധായകന്‍ ഡോ ബിജുവാണ്. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കാന്‍ പലരും മടിച്ചപ്പോള്‍ ഒരു നല്ല ചിത്രത്തിനായി മുന്‍പോട്ട് വന്നത് നിര്‍മ്മാതാവ് അനില്‍ അമ്പലക്കരയാണ്. അവര്‍ ഇരുവരുമാണ് ഈ ചിത്രം യാഥാര്‍ഥ്യമാക്കിയത്. അവരോടുള്ള നന്ദിയും സ്നേഹവും ആദ്യം പ്രകടിപ്പിക്കുന്നു”
 

പേരറിയാത്തവരിലെ കഥാപാത്രത്തെക്കുറിച്ച്?
“നഗരമാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തൊഴിലാളികളെ പലപ്പോഴും പരിപാടികളും ഷൂട്ടിംഗും കഴിഞ്ഞു വരുമ്പോള്‍ കാണാറുണ്ട്. അവരിലൊരാളാണ് എന്‍റെ കഥാപാത്രം. എനിക്കടുത്തറിയാവുന്ന ചിലരും ഇങ്ങനെയുള്ള തൊഴിലാളികളാണ്. അവരുടെ ജീവിതം എനിക്കറിയാം. അതെല്ലാം കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.”

അപ്പോഴേക്കും മമ്മൂട്ടിയുടെ ഫോണ്‍കോളുമായി മാനേജര്‍ എത്തി. മമ്മൂക്കാ… എന്നു നീട്ടി വിളിച്ചാണ് സംസാരം തുടങ്ങിയത്. സിനിമയില്‍ തന്‍റെ ഏറ്റവും വലിയ ഊര്‍ജസ്രോതസായ മമ്മൂട്ടിയോടുള്ള സ്നേഹവും ആദരവും കടപ്പാടുമൊക്കെ ആ വിളിയില്‍ നിറഞ്ഞു നിന്നിരുന്നു.

ഷൂടിംഗ് ലൊക്കേഷനില്‍ നിന്ന് താമ്പാനൂര്‍ ഹൈസിന്ത് ഹോട്ടലിലേക്ക്. മേക്കപ്പഴിച്ച് അഞ്ചു മിനുറ്റ് കൊണ്ട് ധൃതിപിടിച്ച് ഹോട്ടലില്‍ നിന്നിറങ്ങി. എന്തിനാണ് തിരക്ക് പിടിച്ചോടുന്നത് എന്നു ചോദിച്ചപ്പോള്‍, “എന്‍റെ വെഞ്ഞാറമൂടും വീടും സുഹൃത്തുക്കളും കഴിഞ്ഞേ എന്തുമുള്ളൂ. അവരവിടെ എനിക്ക് സ്വീകരണം തരാന്‍ തയ്യാറായി കാത്തു നില്‍ക്കുകയാണ്. സമ്പത്ത് എം പിയും മറ്റും അവിടെയുണ്ട്. ആ സ്നേഹം സ്വീകരിക്കാന്‍ ധൃതി പിടിച്ചല്ലെ പറ്റൂ.”
 

എന്‍റെ ഫോണില്‍ ഞങ്ങള്‍ സ്നേഹപൂര്‍വം ജെ ഡി എന്നു വിളിക്കുന്ന പ്രശസ്ത ബോളിവുഡ് ശബ്ദലേഖകന്‍ ജയചന്ദ്രന്‍ ചക്കാടത്തിന്‍റെ വിളി എത്തി. സുരാജിന്‍റെ ഫോണ്‍ ബിസിയായതുകൊണ്ടാണ് ഈ വിളി. പേരറിയാത്തവരുടെ ശബ്ദലേഖകനാണ് രാംലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സിങ്ക് സൌണ്ട് ചെയ്ത ജയദേവന്‍. ഫോണ്‍ സുരാജിന് കൈമാറി. സംഭാഷണം അവസാനിച്ചപ്പോള്‍ ചോദിച്ചു, ഇനി കോമഡി വിട്ടുള്ള പരിപാടികളാവും അല്ലേ?

“അടിസ്ഥാനപരമായി ഞാന്‍ ഒരു കൊമേഡിയനാണ്. അതായിരുന്നു സിനിമയിലുള്ള എന്‍റെ വഴി. അവിടേക്കാണ് ഡോ: ബിജു എന്നെ തേടി ഈ കഥാപാത്രവുമായി എത്തിയത്. അതെനിക്ക് പുരസ്കാരം നേടിത്തന്നു എന്നത് ശരിയാണ്. ഇനിയും നല്ല കഥാപാത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. പക്ഷേ കോമഡി വിട്ട് പോകില്ല.”

സിനിമയുടെ ചിത്രീകരണ അനുഭവങ്ങളില്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത്?
“പേരറിയാത്തവര്‍ ചിത്രീകരണം അവസാനിച്ച ദിവസം അവസാന ഷോട്ട് കഴിഞ്ഞ് ഡോക്ടറോട് ഞാന്‍ പറഞ്ഞു; ഈ ഇട്ടിരിക്കുന്ന കോസ്റ്റ്യൂം എനിക്ക് വേണമെന്ന്. ആദ്യമായാണ് ഒരു ലൊക്കേഷനില്‍ കോസ്റ്റ്യൂം എടുത്തുകൊണ്ട് ഞാന്‍ പോകുന്നത്. എന്നിട്ട് ഒരു തമാശയും പറഞ്ഞു. ഇനി ഡെല്‍ഹിയില്‍ കാണാമെന്ന് (ചിരിക്കുന്നു) അതാണ് പെട്ടെന്നോര്‍മ്മ വരുന്നത്.”
 

നിലയ്ക്കാത്ത ഫോണ്‍ വിളികള്‍ക്കിടയില്‍ വെഞ്ഞാറമൂട് എത്തി. എം സി റോഡിനിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. ആരവങ്ങള്‍ക്കിടയില്‍ അര മണിക്കൂര്‍ ചടങ്ങ്. പിന്നീട് വീട്ടിലേക്ക്. കുടുംബാംഗങ്ങളുടെ സ്നേഹ പ്രകടനം.

രാത്രി 11 മണി കഴിഞ്ഞപ്പോള്‍ എല്ലാ ചാനല്‍ സ്റ്റുഡിയോകളും പിന്നിട്ട് ഡോ: ബിജുവെത്തി. വന്ന പാടെ പിന്നില്‍ നിന്ന് ഓടിയെത്തി ബിജുവിനെ മുകളിലേക്കുയര്‍ത്തിക്കൊണ്ടാണ് സുരാജ് തന്‍റെ സ്നേഹം അറിയിച്ചത്.

അപ്പോഴും സുരാജിന്‍റെ കൂട്ടുകാരുടെയും നാട്ടുകാരുടെയും വരവ് അവസാനിച്ചിരുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍