UPDATES

സിനിമ

കങ്കണ എന്ന ക്യൂന്‍

എവിടെ നോക്കിയാലും തെരഞ്ഞെടുപ്പു ചൂടാണല്ലോ…! അതിത്തിരി അധികമായിപ്പോയെന്നു തോന്നുന്നുണ്ടെങ്കില്‍ ദേ, ഇതാണ് നിങ്ങള്‍ക്കു പറ്റിയ സ്ഥലം. ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും പുതിയ പ്രവണതകളുടെയും കലയുടെയും സംസ്‌കാരത്തിന്റെയും വിനോദോപാധികളുടെയും പുത്തന്‍ ലോകത്തേക്ക്! ട്രെന്‍ഡിംഗ്. 
 
വണ്‍ ബൈ ടു
മലയാളസിനിമയും ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന്റെ സാദ്ധ്യതകള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. ഇത് ശരിയാണെന്നു ബോദ്ധ്യപ്പെടാന്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്ന ഫഹദ് ഫാസിലിന്റെ പുതിയ സിനിമയായ വണ്‍ ബൈ ടൂവിന്റെ ടീസറുകളും ട്രയിലറുകളും മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. ഹണി റോസും മുരളി ഗോപിയുമായുള്ള ചൂടന്‍ രംഗങ്ങള്‍ കൊണ്ടാണിത്രയും പ്രചാരമെന്നു ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും,ശരിക്കും അതാണോ കാര്യം? ഇന്നത്തെ കാലത്തെ യൂട്യൂബിലെ മല്ലു ആന്റിമാരുടെ (കേരളത്തില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ പ്രചുര പ്രചാരമുള്ള ഒരു യൂട്യൂബ് സെര്‍ച്ചിംഗ് കീവേഡായിരിക്കുന്നു ഈ പദം!) മുതല്‍ കോളേജു കുമാരികളുടെ വരെ ഇക്കിളിരംഗങ്ങളുടെ ബാഹുല്യം വച്ചുനോക്കിയാല്‍ ഇതൊക്കെ വെറും തണുപ്പന്‍ രംഗങ്ങള്‍ മാത്രമല്ലേ? 
 
 
അപ്പോള്‍പ്പിന്നെ എന്താവാം? ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ പോലുള്ള വ്യത്യസ്തങ്ങളായ ഹിറ്റുകളുടെ സ്രഷ്ടാവായ അരുണ്‍ കുമാര്‍ അരവിന്ദിന്റെ സൈക്കോ ത്രില്ലര്‍ (മന:ശാസ്ത്രാപഗ്രഥനപരമായ ചിത്രം) എന്നതാവാം ഒരുപക്ഷെ ഇതേറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ കാരണം. കഥാതന്തുവിന്റെ ബൗദ്ധികനിലവാരം കൊണ്ടും വിവരണരീതി കൊണ്ടും  എഡിറ്റിംഗിന്റെ ചാതുര്യം കൊണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അരുണ്‍ കുമാര്‍. ഒട്ടേറെ പ്രിയദര്‍ശന്‍ സിനിമകളുടെ എഡിറ്റര്‍ ആയിരുന്നു ഇദ്ദേഹം. അതോ എബ്രിഡ് ഷൈനിന്റെ ‘1983’ പ്രേക്ഷകരെ ഉണ്ടാക്കിയെടുത്തതുപോലെ ചെറുപ്പക്കാരെ ചൂണ്ടയില്‍ കൊളുത്താനുള്ള പുത്തന്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണോ ഇതിനു പിന്നില്‍? എന്തായാലും പടം ഇറങ്ങുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഏപ്രില്‍ 19-നു ഇത് റിലീസ് ചെയ്യും എന്നാണ് ഇപ്പോഴത്തെ വിവരം. 
 
 
കങ്കണ എന്ന ക്യൂന്‍!
ഒരു ചൂടന്‍ ചുംബനരംഗത്തിനപ്പുറമുള്ള കാഴ്ചയാണ് ഈയിടെ ഇറങ്ങിയ ഹിന്ദി ഫിലിമായ ക്വീനില്‍ കാണാന്‍ കഴിയുക. 2014-ലെ ഏറ്റവും ചര്‍ച്ചാവിഷയമായ സിനിമയായി ഇത് മാറി; ഒരുപക്ഷെ, ഇതുവരെയെങ്കിലും. ഒരു ചെറിയ ബാനറിലുള്ള, നായികാപ്രാധാന്യമുള്ള, അധികം പ്രചാരമൊന്നും കിട്ടാത്ത ഏതൊരു ബോളിവുഡ് സിനിമയും പോലെ ഒന്ന് പൊന്തിവന്ന് വേഗംതന്നെ അപ്രത്യക്ഷമാകേണ്ടതായിരുന്നു ഇതും. പക്ഷെ, എന്തോ ഒന്ന് സംഭവിച്ചു! റിലീസിന് ശേഷം പയറ്റിയ ‘മൌത്ത് പബ്ലിസിറ്റി’ എന്ന പുതിയ മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിലെ കൂട്ടായ്മകള്‍ വഴി കിട്ടിയ പ്രചാരത്തില്‍ ഒക്കെ ആയിരിക്കാം ഇത്. പിന്നെ നമ്മള്‍ കാണുന്നത് കങ്കണ റാണൌത്തിനെ വരുംകാലത്തെ ഏറ്റവും മികച്ച ഭാവിയുള്ള നായികയാക്കിയേക്കാവുന്ന ചിത്രം കാണാന്‍ ജനം ക്യൂ നില്‍ക്കുന്നതാണ്.
 
 
ഒരു മധ്യവര്‍ഗ്ഗകുടുംബത്തിന്റെ എല്ലാ സുരക്ഷയിലും വളര്‍ന്നുവരികയും, വിവാഹശേഷം, ‘ഉദ്ദേശിച്ചതുപോലെ മോഡേണ്‍’ അല്ലാത്തതിനാല്‍ വിദേശത്തു ജോലിചെയ്യുന്ന നവവരനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. അവള്‍ അവളുടെ ‘മധുവിധുകാലം’ മുഴുവന്‍ ഒറ്റയ്ക്കു യാത്ര ചെയ്യുകയും ലോകത്തെ കണ്ടെത്തുകയും ചെയ്യുമ്പോള്‍ അവളുടെ ആത്മബലം പരീക്ഷിക്കപ്പെടുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നു. ലോകമാകമാനമായി 84 കോടി വാരിക്കൂട്ടിയ ഈ ചിത്രം തീര്‍ച്ചയായും ബോളിവുഡ് കണ്ട ഏറ്റവും തിളക്കമേറിയ സിനിമകളിലൊന്നു തന്നെ. സാധാരണയായി ഹിന്ദിസിനിമ കാണാത്തവര്‍ പോലും കണ്ടിരിക്കേണ്ട ഒരു ചിത്രം എന്ന് പറയാതെ വയ്യ. 
 
 
ഫാരേല്‍ വില്യംസ് ഹാപ്പി
ഇതാണോ ലോകത്തിലെ ഏറ്റവും സന്തോഷം തരുന്ന പാട്ട്? ഇതിനു കിട്ടിക്കൊണ്ടിരിക്കുന്ന പ്രതികരണം കണ്ടിട്ട് , ഒരുപാടുപേരുടെ ഉള്ളില്‍ തറച്ച ലക്ഷണമുണ്ട്. ഇത്രയുംകാലം മഡോണയുടെയും ഡാഫ്റ്റ് പങ്കിന്റെയും ഇഷ്ടാനിഷ്ടങ്ങളോട് സഹകരിച്ചുമാത്രം നാം കണ്ടിട്ടുള്ള ഫാരേല്‍ വില്യംസ് ആദ്യമായി എഴുതി, ചിട്ടപ്പെടുത്തി പാടിയ ഗാനം! ഹാ…! പൂര്‍ണ നിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറി ആ ഗാനം. ‘ഹാപ്പി’ എന്നൊരു ചെറുപേരിലിറങ്ങിയ ഈ പാട്ടിപ്പോള്‍ അമേരിക്കയും ബ്രിട്ടനുമടക്കം ലോകമെമ്പാടും ഹിറ്റ് നമ്പര്‍ വണ്ണാണ്. കഴിഞ്ഞ അഞ്ചാഴ്ചകളായി ഇന്ത്യയിലെ സാറ്റലൈറ്റ് മ്യൂസിക് ചാനലായ VH1-ലെ ടോപ് ടെന്‍ ലിസ്റ്റിലും ഒന്നാമതാണീ ഹാപ്പി സോംഗ്!
 
 
ഈ പാട്ടിനെ സന്തോഷത്തിന്റെ പാരമ്യത്തിലെത്തിക്കാനായി മറ്റൊന്നുകൂടിയുണ്ട്. www.24hoursofhappy.com എന്ന വെബ്‌സൈറ്റില്‍ 24 മണിക്കൂറും ഈ ഗാനം സംപ്രേക്ഷണം ചെയ്യുന്നുണ്ട്, അതും ഹോളിവുഡ് സ്റ്റാറായ ജൈമി ഫോക്‌സിനെപ്പോലുള്ള പലരും പ്രത്യക്ഷപ്പെട്ട് ഗാനത്തോടൊപ്പം പാടുന്നതായി കാണിച്ചുകൊണ്ട്. ഈ പുതിയ ട്രെന്‍ഡ് നെറ്റിലും ടീവിയിലും പുതിയ വൈറലായി മാറിക്കഴിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് പലരും സ്വന്തം വീഡിയോയും ഇറക്കിയിരിക്കുന്നു, പാട്ടിനൊപ്പം അവരും നൃത്തം ചെയ്തുകൊണ്ട്, ‘ഫാരേല്‍ വില്യംസ് ഹാപ്പി വീ ആര്‍ ഫ്രം (നാടിന്റെ പേര് )’ എന്നു പാടുന്നു. ഈ പാട്ടിന്റെ മുംബൈയിലെ ബാന്ദ്രയ്ക്കടുത്ത് ഷൂട്ട് ചെയ്ത ഇന്ത്യന്‍ രൂപമിതാ ഇവിടെ കാണാം. 
 
 
യെസ് ഓര്‍ നോ?
ഇപ്പോള്‍ ചില സിനിമാവിതരണക്കാരുടേത് പോലുള്ള മാര്‍ക്കറ്റിംഗ് തന്ത്രമൊന്നുമില്ലാതെ തന്നെ ഇന്റര്‍നെറ്റില്‍ ശരിക്കും വൈറലായി മാറിക്കഴിഞ്ഞ ഒരു വീഡിയോയാണ് മുംബൈ മലയാളിയും സിനിമാ സംവിധായകനായ പോള്‍ മാത്യുവിന്റേത്. ഇന്ത്യക്കാരുടെ പെരുമാറ്റത്തിന്റെ തന്നെ ഭാഗമായ തലകുലുക്കലിന്റെയും വിവിധതരം തലകുലുക്കലിന്റെ അര്‍ത്ഥങ്ങളെപറ്റിയും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുകയാണ് പോള്‍ മാത്യു ഈ വീഡിയോയില്‍.
 
 
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് രണ്ടു മാസത്തിനുള്ളില്‍ തന്നെ 19 ലക്ഷം പേരിതു കണ്ടുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വൈറലായിരുന്ന ചന്ദ്രലേഖയുടെ രാജഹംസമേ എന്ന ഗാനം അവര്‍ക്ക് നേടിക്കൊടുത്തത് സിനിമകളില്‍ പാടാനുള്ള അവസരങ്ങളും ധാരാളം സ്‌റ്റേജ് ഷോകളുമാണ്. മാത്യുവിന് തന്റെ വീഡിയോകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍