UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

നിങ്ങളുടെ ആണ്‍കോയ്മ അപഹാസ്യമാണ്: പ്രീത ജി.പി മറുപടി പറയുന്നു

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഒരു അനുബന്ധം. ഫെമിനിസം സംബന്ധിച്ച് വ്യക്തികള്‍ തമ്മിലും ഗ്രൂപ്പുകളായി തിരിഞ്ഞുമൊക്കെ പുരോഗമിച്ച ചര്‍ച്ചകളുടെ ഒരറ്റത്ത് പ്രീത ജി.പി ഉണ്ടായിരുന്നു. വ്യക്തിപരമായ അധിഷേപങ്ങള്‍ ഉള്‍പ്പെടെ ഏറ്റുവാങ്ങിയെങ്കിലും അതിനുള്ള മറുപടി അങ്ങനെയല്ല വേണ്ടത് എന്നാണ് അവര്‍ പറയുന്നത്. കാരണങ്ങള്‍ വളരെ അടിസ്ഥാനപരം തന്നെയായത് കൊണ്ട് മാറേണ്ടതും അത്തരം കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് അവര്‍ അതിനു കാരണമായി പറയുന്നത്. തന്‍റെ നിലപാടുകള്‍ സംബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് പ്രീത ജി.പി മറുപടി പറയുന്നു. 
 
സ്ത്രീയും പുരുഷനും സാമൂഹിക പദവിയില്‍ തുല്യരാണ്. തീര്‍ച്ചയായും ഞാന്‍ പൊരുതുന്നത് എന്നും ചാരുകസേരയില്‍ ഇരുന്ന് ചായ ഓര്‍ഡര്‍ ചെയ്തു കുടിക്കാന്‍ നിങ്ങള്‍ക്ക് സമൂഹം അനുവദിച്ച ആനുകൂല്യത്തെ തന്നെയാണ്. ഇതാണ് ഫെമിനിസത്തിന്റെ ഏറ്റവും ലളിതമായ നിര്‍വചനം. 
 
മനുഷ്യന്റെ സംസ്‌കാരമെന്നത് ജന്തുവാസനകളെ അതിജീവിക്കലാണ്. ജന്തുലോകം ജൈവീക പ്രത്യേകത അനുസരിച്ച് ആണ്‍ / പെണ്‍ മേധാവിത്വത്തില്‍ അധിഷ്ഠിതമാണ്. അവിടെ തുല്യതയും പല വിഷയത്തിലും കാണാം. എന്നാല്‍ പ്രകൃതിയില്‍ മേധാവിത്വം കേവലമായ പരിണാമ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്. അവിടെ യുക്തിയോ ബുദ്ധിയോ ഇല്ല. ആണ്‍, പെണ്‍ സാമൂഹിക അസമത്വത്തെ ന്യായീകരിക്കാന്‍ ജന്തുവാസനകളെ കൂട്ട് പിടിക്കുമ്പോള്‍ ഒന്നോര്‍ക്കണം, ജന്തുലോകം അസമത്വങ്ങളുടെ കൂടെപ്പിറപ്പാണെന്ന്. അവിടെ കൈയ്യൂക്ക് മാത്രമാണ് മാനദണ്ഡം. മനുഷ്യലോകത്ത് വ്യക്തിബന്ധങ്ങള്‍ കൈയ്യൂക്കില്‍ അധിഷ്ഠിതമാണ് എന്ന് വാദിക്കാന്‍ നിങ്ങള്‍ക്കാകുമോ?
 
ഉള്ളില്‍ രൂഡമൂലമായ ജന്തുപ്രകൃതിക്ക് മുമ്പില്‍ തലകുനിക്കുന്നവര്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ, അത് വര്‍ഗ, വര്‍ണ്ണ, ജാതി, ലിംഗം എന്തുമാകട്ടെ, ന്യായീകരിക്കാന്‍ കഴിയുകയുള്ളു. ഉദാത്തമായ ഒരു സംസ്‌കാരം ആര്‍ജിക്കണമെങ്കില്‍ തീര്‍ച്ചയായും അതിന് ജന്തുവാസനകളെ അടിച്ചമര്‍ത്തി മനുഷ്യപക്ഷത്ത് നിന്ന് ചിന്തിക്കാനുള്ള കരുത്ത് നമ്മുടെ മസ്തിഷ്‌കത്തിനു ഉണ്ടാകണം. എന്നും നഗ്‌ന കപികള്‍ ആകാന്‍ വിധിക്കപെട്ട ഇരകളാണ് എപ്പോളും ലിംഗ അസമത്വങ്ങളുടെ വക്താക്കള്‍ ആയി നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ നമ്മോടു സമരസപെടുന്നവരുടെയും സമരം ചെയ്യുന്നവരുടെയും ചിന്താഗതികളുടെ വിശകലനം മാത്രം മതി ഇത് മനസ്സിലാക്കാന്‍. പക്ഷെ അത് അവിടെ ഉപേക്ഷിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും അസമത്വത്തിന്റെ വക്താക്കളായി, ഇരകളായി നിലകൊല്ലുമ്പോള്‍ യഥാര്‍ത്ഥ സംസ്‌കാരം ആര്‍ജിക്കാന്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ എടുക്കും. അപ്പോളേക്കും മനുഷ്യന്‍ ഭൂമിയില്‍ അവശേഷിക്കുമോ? അറിയില്ല. അതുകൊണ്ട് തന്നെ നമ്മള്‍ സംസ്കാരം ഇന്ന് ആര്‍ജിക്കേണ്ടതാണ്. അതിനായി ശക്തമായ ചെറുത്തുനില്പ്പ് ആവശ്യവുമാണ്. നാം മുന്നോട്ടു വയ്ക്കുന്ന ഓരോ പുരോഗമന ആശയവും പൊതുസമൂഹത്തിന്റെ ജന്തുവാസനകളോട് തന്നെയാണ് ഏറ്റുമുട്ടുന്നത്; അതുകൊണ്ട് തന്നെയാണ് ഇത്രവലിയ ചെറുത്തുനില്‍പ്പ്, വ്യക്തി ഹത്യ ഇതൊക്കെ ഉടലെടുക്കുന്നത്.
 
 
സ്ത്രീ, പുരുഷ അസമത്വങ്ങളുടെ മൂലകാരണം ഇന്ന് നിലനില്ക്കുന്ന പിതൃദായ കുടുംബസംവിധാനമാണ്. ഇന്ന് നമ്മള്‍ ഉയരത്തി പിടിക്കുന്ന കുടുംബ അഭിമാനവും അന്തസും ഒക്കെ എന്താണ്? അതിലെ സ്ത്രീകളുടെ ലൈംഗിക നിയന്ത്രണം മാത്രമാണത്. അതായത് സ്ത്രീ എത്രകണ്ട് അതിനുള്ളില്‍ സമരസപെടുന്നുവോ അത്രകണ്ട് കുടുംബ മാഹാത്മ്യവും ഉയരുന്നു. ഇന്ന് നിലനില്ക്കുന്ന എല്ലാ സാമൂഹിക ക്രമങ്ങളും കുടുംബം എന്ന സ്വേച്ഛാധിപത്യ സ്ഥാപനത്തിന്റെ നിലനില്പിനായി രൂപം കൊണ്ടതാണ്. ഇതിന്റെ തന്നെ ഭാഗമായി ഉയര്‍ന്നു വന്നതാണ് ഇന്ന് നിലനില്ക്കുന്ന എല്ലാ മത, സദാചാര നിയമങ്ങളും. മതം പോലും കുടുംബ വ്യവസ്ഥയുടെ മറ്റൊരു രൂപം ആണ്. സര്‍വ്വം നിയന്തിക്കുന്ന ഒരു ആണ്‍ദൈവം, ഈ ആണ്‍ദൈവങ്ങള്‍ സൃഷ്ടിച്ച ആണ്‍ബോധ ലൈംഗിക സദാചാരവും. ഇത് കൂടുതലും പ്രകടമാകുന്നത് സെമിറ്റിക് മതങ്ങളിലാണ്. ഈ അലിഖിത സദാചാര ബോധത്തില്‍ നിന്നാണ് മനുഷ്യന്റെ നിലനില്പ്പും അവന്റെ വ്യക്തി ബന്ധങ്ങള്‍ പോലും.
 
പ്രകടമായ ആണ്‍ലൈംഗികത അവന്റെ കഴിവും പ്രകടമായ സ്ത്രീ ലൈംഗീകത പരിഹാസ്യവും അല്ലെങ്കില്‍ തെറ്റും ആണ്. ഈ സാമൂഹികബോധമാണ് ഇന്ന് കാണുന്ന സ്ത്രീ പീഡനങ്ങളുടെ കാതലായ കാരണം. ഇവിടെ (വേട്ടക്കാരന്‍ / ഇര), ഈ രണ്ടു വിഭാഗം ഇരകളെ സൃഷ്ടിക്കുന്ന ഈ മനോഭാവം ഇന്നും പ്രകടമായിത്തന്നെ നിലനില്ക്കുകയും ന്യയീകരിക്കപെടുകയും ചെയ്യുന്നു. ഇവിടെ വേട്ടക്കാരന്‍ നേരിടുന്ന സാമൂഹികമായ (വീര്യം കുറഞ്ഞ ) പ്രശ്‌നങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, ഇതില്‍ നിന്നും അവനെ മോചിപ്പിച്ച്, കൂടുതല്‍ ലളിതമായ അവസ്ഥകളില്‍ അവനെ സംരക്ഷിക്കാന്‍ ഉള്ള ശ്രമമാണ്, ഇരയാണ് ഇവിടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന ബോധം സൃഷ്ടിക്കുന്നത്. അത് വസ്ത്രം ആകാം, അവളുടെ പ്രണയം ആകാം, അവളുടെ സെക്‌സ് ആകാം. ഇവിടെ ഉള്ളിലെ ബാലാത്സംഗിക്ക് വേണ്ടി, ആണ്‍ബോധ ആധിപത്യത്തിന് വേണ്ടി, ആധിപത്യ സമൂഹം ബോധപൂര്‍വം സൃഷ്ടിക്കുന്ന നടപടികള്‍ ആണ് ഇരയെ പഴിചാരല്‍. അപ്പോള്‍ ഞങ്ങള്ക്കും അമ്മയില്ലേ പെങ്ങളില്ലേ എന്ന് ചോദിക്കുന്നവരോട്, സതിയുടെ പേരില്‍ ചുട്ടു കൊല്ലപെട്ട സ്ത്രീകള്‍ക്ക് ഒക്കെ അച്ഛനും സഹോദരനും ഉണ്ടായിരുന്നില്ലേ എന്ന്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഒരു സ്ത്രീയുമായി നിങ്ങള്‍ക്കുള്ള വ്യക്തി ബന്ധം ഒരിക്കലും അവളെ സാമൂഹിക അനാചാരങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടില്ല. മരിച്ചു ഓരോ അച്ഛനും സഹോദരനും മകനും അവളെ ആ സാമൂഹിക ക്രമത്തിന് വേണ്ടി പരുവപെടുത്തി, ഉത്തമയായ സ്ത്രീ ആക്കാന്‍ ഉള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തിയതും, നടത്തുന്നതും. വേറിട്ട ചുരുക്കം ചില ശബ്ദങ്ങള്‍, കരുത്തുള്ള ശബ്ദങ്ങളാണ് അവളുടെ മോചനത്തിന് വഴിവച്ചത്. വേട്ടക്കാരന് ഒപ്പം നില്ക്കുന്ന അനീതിയുടെ പ്രഭവകേന്ദ്രം ആണ്‍ബോധ-ആധിപത്യ കുടുംബസംവിധാനം തന്നെയാണ്. 
 

                                                                                      @Chris Van Es 
 
ഏതെങ്കിലും തരത്തില്‍ അസമത്വം നിലനില്ക്കുന്ന സമൂഹം മറ്റു പല അസമത്വങ്ങളുടെയും കൂടി സൃഷ്ടികര്‍ത്താവ് ആണ്. ലിംഗ അസമത്വം നിലനില്ക്കുന്ന കുടുംബസംവിധാനം ആധിപത്യ മൂല്യങ്ങളുടെ പാഠശാലയുമാണ്. ദുര്‍ബലന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരു വ്യക്തിയെ പരിശീലിപ്പിക്കുന്ന പാഠശാലയും ഇത് തന്നെ. മനുഷ്യന്റെ ജന്തുവാസനകളെ തൃപ്തിപ്പെടുത്തുന്ന ഈ സ്ഥാപനം, എല്ലാ ആധിപത്യ പ്രവണതകളുടെയും ഉത്ഭവകേന്ദ്രം ആണ്. പുരുഷാധിപത്യ സമൂഹം ഓരോ പുരുഷനെയും ഒരു ‘ഭരിക്കുന്നവന്‍’ ആക്കാനും സ്ത്രീയെ ‘ഭരിക്കപെടുന്നവള്‍’ ആക്കാനും പരിശീലിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അവസരം കിട്ടിയാല്‍ അവന്‍ ആരുടേയും എന്തിന്റെയും അധിപനാകാന്‍ ശ്രമിക്കുന്നു. അസമത്വങ്ങളോട് കുറ്റബോധം ഇല്ലാതെ സമരസപ്പെടാന്‍ അവനെ പ്രാപ്തനാക്കുന്നതും ഈ പരിശീലനം ആണ്. അതുകൊണ്ട് തന്നെയാണ് ജാതി, വര്‍ണ്ണ വ്യവസ്ഥകള്‍ ഒരു വിഘ്നവും ഇല്ലാതെ നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്നതും. 
 
പുരോഗമന ആശയങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന പലരും സാമൂഹികമായ ആണ്‍, പെണ്‍ വേര്‍തിരിവുകളോട് ശക്തമായി സമരസപ്പെടുന്നതായി കാണാം. എല്ലാ സാമൂഹിക ആചാരങ്ങളും വ്യക്തമായ ആണ്‍കോയ്മയുടെതാണ്. അത് വിവാഹം ആയാലും ചോറൂണ് ആയാലും. ഇപ്പോളും വിവാഹങ്ങള്‍ ആധിപത്യ മൂല്യങ്ങളെ നിലനിരത്തിയാണ് നടക്കുന്നത്. സ്ത്രീകള്‍ നിന്നു കൊണ്ട് വിവാഹത്തില്‍ പങ്കെടുക്കണം, പുരുഷന്‍ ഇരുന്നും. താലികെട്ട്, സീമന്തരേഖയിലെ സിന്ദൂരം ഇതൊക്കെ നമ്മുടെ ചുറ്റുമുണ്ട്. സ്ത്രീയെക്കൊണ്ട് പങ്കാളിയുടെ കാലു പിടിപ്പിക്കുന്ന ചടങ്ങ് ഇന്നും പലയിടത്തും നിലനില്ക്കുന്നു. ഒരു പ്രതിഷേധവും ഇല്ലാതെ ആണ്‍, പെണ്‍ പൊതുബോധം അത് അനുസരിക്കുന്നു.
 
ഇരയും വേട്ടക്കാരനും ഒക്കെ ഇവിടെ ഇരകള്‍ കൂടിയാണ്. ഈ കുടുംബ സംവിധാനത്തിന് ഉതകുന്ന നിലയില്‍ രൂപപ്പെട്ട സമൂഹത്തില്‍ നിന്നുമാണ് നിങ്ങള്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടത്. അത്തരത്തിലുണ്ടാകുന്ന മൂല്യക്രമങ്ങളാണ് ഈ രണ്ട് ഇരകളെയും സൃഷ്ടിക്കുന്നതും. അതാണ് നിങ്ങളിലെ നിങ്ങള്‍ എന്നു പറയുന്നതും.  
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍