UPDATES

unni

വാഗമണ്‍ എന്തുമാത്രം മാറിപ്പോയി? പതിനാറോ പതിനേഴോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യം പോകുന്നത്. ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന്. കൂട്ടുകാരുടെ ഒപ്പം പോയത് ഇന്നത്തെ ഞാനല്ല. പ്രായത്തിന്‍റേതായ എല്ലാ തല്ലുകൊള്ളിത്തരങ്ങളുമുള്ള ഒരു പയ്യന്‍. പൈന്‍ മരങ്ങളുടെ ചുവട്ടില്‍ നിന്ന് തെന്നി വീണത് ഇപ്പോഴും ഓര്‍മ്മയുണ്ട്. പെട്ടെന്ന് നമ്മള്‍ നഗരത്തില്‍ നിന്നും ഒരു വിദൂര ദേശത്തെത്തുന്ന പോലെ തോന്നിയിരുന്നു. നിറയെ കാട്ടുമരങ്ങളുണ്ടായിരുന്നു വഴിയുടെ ഇരു വശവും. ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോടേ എന്ന ജഗതിയുടെ തമാശയും പറഞ്ഞു നടന്നത് ഓര്‍മ്മ വന്നു. ഇന്നിപ്പോള്‍ എവിടെ പോയി ആ കാട്? റോഡരികില്‍ കുത്തിച്ചാരി വച്ചിരിക്കുന്ന വീടുകളുണ്ട്. കടകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍. ആര്‍ഭാടങ്ങളുടെ നേര്‍ക്കാഴ്ച്ചയായി ഇപ്പോള്‍ വാഗമണ്‍; ആകെ ഒരു 'ഡെവലപ്മെന്റ്' ഫീല്‍ തന്നെ! 

 

കഴിഞ്ഞ ദിവസമാണ്, കൊല്ലത്തുനിന്ന് രണ്ട് സുഹൃത്തുക്കളെത്തിയത്. എന്നാല്‍ പിന്നെ ഒരു വാഗമണ്‍ യാത്ര ആയിക്കളയാം എന്നു തോന്നി. ഒപ്പം പ്രിയപ്പെട്ടവളുടെ പരിഭവവും. നൂറും അഞ്ഞൂറും കിലോമീറ്റര്‍ താണ്ടി മൈസൂര്‍ വരെ കൊണ്ടു പോയെങ്കിലും വെറും അറുപത് കിലോമീറ്റര്‍ ദൂരത്തുള്ള വാഗമണ്‍ ഇതുവരെ കാണിച്ചിട്ടില്ലല്ലോ എന്ന പരാതി തീര്‍ത്തിട്ടു തന്നെ വേറെ കാര്യം. അതിരാവിലെ തന്നെ ഇറങ്ങി. സീസണ്‍ അല്ലാത്തതു കൊണ്ട് വലിയ തണുപ്പ് കാണാനിടയില്ല എന്ന് ഊഹിക്കാം. കോളേജില്‍ പഠിച്ചിരുന്ന ആ ഒരു സമയത്തെ മനസ്സ് ഇടയ്ക്കൊക്കെ വന്ന് എത്തി നോക്കി പോയി. കയറ്റം കയറുമ്പോള്‍ കാറ്റിന് കുളിരും കൂടി വരുന്നു. 

 

എട്ടര ആയപ്പോഴേക്കും വാഗമണ്‍; നേരേ ടൌണിലേയ്ക്ക്. പണ്ടത്തെ പോലെയല്ല വഴിയില്‍ കുറേ ഹോട്ടലുകളുണ്ട്. അത്ര പോഷ് ഒന്നുമല്ല, ഒരു നാടന്‍ ലുക്ക് ഉള്ളവ തന്നെ. ഒരിടത്ത് കയറി. ചൂട് അപ്പവും കടലക്കറിയും. സുഹൃത്തുക്കള്‍ വെജിറ്റബിള്‍ കറി വാങ്ങി. കഴിച്ചു കൊണ്ടിരുന്നപ്പോഴാണ്, പല്ലില്‍ എന്തോ തടഞ്ഞത്. എടുത്തു നോക്കിയപ്പോള്‍ കടലയോളം വലിപ്പമുള്ള ഒരു കല്ല്. പ്ലേറ്റ് എടുക്കാന്‍ സപ്ലയര്‍ വന്നപ്പോഴും കല്ലിനെ നോക്കി നെടുവീര്‍പ്പിടുന്ന ഞങ്ങളെ കണ്ടുകൊണ്ട് ചോദിച്ചത് രസകരമായ ഒരു ചോദ്യമായിരുന്നു, "അത് വെന്തിട്ടില്ല അല്ലേ?". ചിരിച്ചു കൊണ്ട് ഹോട്ടല്‍ വിട്ടിറങ്ങി. ആദ്യം പോയത് പൈന്‍ വാലിയിലേയ്ക്ക്, പണ്ട് ഒന്നു വീണതാണ്. പക്ഷേ അങ്ങോട്ടേയ്ക്കുള്ള ഗതാഗത പ്രശ്നം കാരണം പോകാന്‍ കഴിഞ്ഞില്ല. കാര്‍ ആദ്യം ഒന്നെടുത്തെങ്കിലും തിരിച്ചു കയറ്റം ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞതു കൊണ്ട് ഞാന്‍ അവിടെ കിടന്നു,  കൂടെയുള്ളവര്‍ പോയി കണ്ടു വരട്ടെ, ഞാന്‍ ഒരിക്കല്‍ കണ്ടതുമാണ്. അല്ലെങ്കിലും കുത്തനേയുള്ള പൈന്‍ മലകളില്‍ വീല്‍ ചെയറുകൊണ്ട് എങ്ങനെ പോകാനാണ്? പക്ഷേ അവിടെ കിടന്നതു കൊണ്ട് ഗുണമുണ്ടായി. തൊട്ടടുത്ത ഭീകര റിസോര്‍ട്ടിന്‍റെ സെക്യൂരിറ്റിയെ പരിചയപ്പെട്ടു. ഡെയിലി നാലായിരം രൂപ റൂം റെന്‍റുള്ള റിസോര്‍ട്ട് കണ്ട് കണ്ണു തള്ളി ഞാനും പിന്നെ വന്നു കഥകേട്ട ശേഷം കൂടെയുള്ളവരും കണ്ണു തള്ളി നിന്നു.

 

സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സ്‌റ്റഡീസിന്റെയും ജൈവവൈവിധ്യ ബോര്‍ഡിന്റെയും പരിസ്‌ഥിതി ആഘാത റിപ്പോര്‍ട്ടുകള്‍ മറികടന്ന് കോലാഹലമേട്ടില്‍ ക്വാറികള്‍ അനുവദിക്കുന്നു എന്ന പരസ്യം വന്നിട്ട് അധികകാലമായില്ല. പതിനാറു വര്‍ഷം മുന്‍പ് കണ്ട വാഗമണ്‍ തന്നെ എത്രയോ മാറിപ്പോയിരിക്കുന്നു. എത്ര അപൂര്‍വ്വങ്ങളായ മരങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഒക്കെയും നശിപ്പിക്കപ്പെട്ടു. റോഡ് പണികള്‍ നിരന്തരമായി നടന്നു കൊണ്ടേയിരിക്കുന്നു, ഇതു കൂടാതെയാണ്, വര്‍ദ്ധിച്ചു വരുന്ന റിസോര്‍ട്ടുകള്‍. ഇതും കൂടാതെയാണ് എണ്ണമറ്റ ക്വാറികള്‍. കോലാഹലമേട്ടിലെത്തിയപ്പോള്‍ ഒപ്പമുള്ളവരോട് വെറുതേ പറഞ്ഞു, "ഒന്നു കൂടി നോക്കിക്കോളൂ; ഇനി ചിലപ്പോള്‍ ഇതൊന്നും പിന്നൊരിക്കല്‍ കാണാന്‍ കിട്ടിയെന്നു വരില്ല". ഒരിക്കലും ആ വാക്ക് യാഥാര്‍ത്ഥ്യമാകരുതേ എന്നാണ് ആഗ്രഹം. പക്ഷേ ഭൂമാഫിയ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. എത്ര നാള്‍ നമുക്ക് നമ്മുടെ മണ്ണ്‍ നിലനിര്‍ത്താനാകും? അതിലൂടെ കിട്ടുന്ന ജീവവായു ലഭിക്കും? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനേയും നിസ്സാരമായി തള്ളിക്കളഞ്ഞവരാണ്, നമ്മുടെ ഭരണാധികാരികള്‍. പരിസ്ഥിതിയേക്കാള്‍ വലിയ വികസനം വരുമ്പോള്‍ വനങ്ങള്‍, മലകള്‍ ഒക്കെ നശിപ്പിക്കപ്പെട്ടേ പറ്റൂ എന്നാണോ? 

 

മൊട്ടക്കുന്നിലേയ്ക്ക് കയറാന്‍ പാസ്സ് വേണ്ടി വന്നു. തനിയെ വീല്‍ ചെയര്‍ ഉരുട്ടുന്നതു കണ്ടിട്ടോ എന്തോ എനിക്കു ഫ്രീ പാസ് ആയിരുന്നു. പച്ചപ്പ് കുറവാണ്, വേനലായതു കൊണ്ടാവും. എങ്കിലും വെയിലില്ലാത്ത സ്ഥലത്ത് കുളിര്‍മ്മയുണ്ട്. കുന്നിന്‍റെ മുകളിലേയ്ക്ക് എല്ലാവരും ഓടിക്കയറി. കയറുന്നില്ല എന്ന് വിചാരിച്ചെങ്കിലും കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചു അവസാനം കയറി. അങ്ങനെ വെറുതേ വിടാന്‍ പറ്റുമോ? കുന്നിന്‍റെ മുകളിലിരുന്ന് ഫോട്ടോസ് എടുക്കുമ്പോള്‍ ആത്മവിശ്വാസം തോന്നി. മനസ്സു കൊണ്ട് കയറണ്ടാ എന്നു തീരുമാനിച്ചിരുന്നുവെങ്കില്‍ കയറില്ലായിരുന്നു. ഈ കുന്നിലിങ്ങനെ വെയിലു കൊണ്ട് ഇരിക്കാന്‍ പറ്റില്ലായിരുന്നു. താഴേയ്ക്ക് നോക്കുമ്പോള്‍ മരത്തിനു താഴേ ഇരുന്നിടത്ത് കുറേ കുട്ടികള്‍ വന്നു നില്‍ക്കുന്നുണ്ട്. ഫോട്ടോ എടുക്കാനുള്ള ഒരുക്കങ്ങള്‍. ജീവിതം ആസ്വദിക്കാനുള്ളതു തന്നെ. അതും ആത്മവിശ്വാസത്തോടെ ആസ്വദിക്കാനുള്ളത്.

 

തിരികെ പോരുമ്പോള്‍ കഷ്ടകാലത്തിന്, സീറ്റ് ബെല്‍റ്റ് ഇടാന്‍ മറന്നിരുന്നു. ഇറങ്ങി കയറിയ ധൃതിയില്‍ മറന്നതാണ്. നല്ല സമയം! വാഗമണ്‍ ഇറങ്ങും മുന്‍പ് തന്നെ പോലീസ് കൈകാട്ടി. പക്ഷേ കാറിനുള്ളിലേയ്ക്ക് നോക്കിയതും "ഓക്കെ, പൊക്കോ" എന്ന് പറഞ്ഞു കൈകാട്ടി. കാറിന്‍റെ പെഡലുകളുടെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടാവണം. ഭാഗ്യം, രക്ഷപെട്ടു. ഇതിനു മുന്‍പ് ഓവര്‍ സ്പീഡിനു ഒരിക്കല്‍ പിടിച്ചപ്പോഴും ഇതേ കാരണത്തില്‍ രക്ഷപെട്ടതാണ്. ഇത്തവണയും ദൈവം കാത്തു. ഇനിയും ഇട്ടില്ലെങ്കില്‍ ശരിയാവില്ല എന്ന തോന്നലില്‍ പിന്നെ ബെല്‍ട്ട് ഇട്ടു. തിരികെ പോരുന്ന വഴിക്ക് ഒരു നാടന്‍ കടയില്‍ നിന്ന് നല്ല ഇഞ്ചിയും മുളകും ചതച്ചിട്ട നാടന്‍ സംഭാരവും കുടിച്ച് ഉച്ചയോടെ വാഗമണ്‍ കുന്നുകളോട് ഞങ്ങള്‍ വിട പറഞ്ഞു.  

 

ഇനിയും പോകണമെന്നുണ്ട്. അടുത്ത ഹേമന്തത്തില്‍, അതായത് ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ ഒരിക്കല്‍ പോകണം. ഇടയ്ക്കിടെ ആ സമയത്ത് മഴയുണ്ടാകാറുണ്ടെന്ന് ആരോ പറഞ്ഞിരുന്നു. അതു നനയാന്‍ രസമാണെന്ന്. ഇനി പോകുമ്പോള്‍ ആ കുന്നുകളും മരങ്ങളും അവിടുത്തെ പരിസ്ഥിതിയും അവിടെ തന്നെ ഉണ്ടായിരുന്നെങ്കില്‍. ഒന്നുറപ്പ്, വാഗമണ്‍ പഴയ വാഗമണ്‍ അല്ല, അവിടെ ആ പഴയ ശാന്തത ഇപ്പോള്‍ ഇല്ല… 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍