UPDATES

ഓഫ് ബീറ്റ്

കുറ്റം പറയാതെ കളിച്ചു നോക്കൂ!

ആന്ദ്രേസ് മാര്‍ട്ടിനെസ്
(സ്ളേറ്റ്)

 

എന്റെ കുട്ടി ഒരു വിഡിയോഗെയിം അടിമയാകില്ലെന്ന് ഞാന്‍ സ്ഥിരം പറഞ്ഞിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിറയെ പുസ്തകങ്ങള്‍, സ്പോര്‍ട്സ്, ടിവി, പലതരം കളികള്‍ എന്നിവയുണ്ടായിരുന്നു. വീഡിയോഗെയിമുകള്‍ എന്നെ ഒരിക്കലും ആകര്‍ഷിച്ചിരുന്നില്ല. ഹൈസ്കൂളില്‍ വെച്ച് കളിച്ച പിസിമാന്‍ മാത്രമാണ് എനിക്ക് ഓര്‍മ്മയുള്ളത്. ജീവിതം തുലയ്ക്കാനുള്ള ഒരു വഴിയാണ് വീഡിയോ ഗെയിം എന്നാണ് ഞാന്‍ കരുതിയിരുന്നത്.

 

അപ്പോള്‍ പിന്നെ എന്തിനാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് അഭിപ്രായം മാറ്റുന്നത്? ഞാന്‍ ഇപ്പോള്‍ സമൂഹത്തില്‍ കാര്യമാത്രപ്രസക്തിയുള്ള ഒരു അംഗമാണ്. എന്റെ ഒന്‍പതുകാരന്‍ മകന് യഥാര്‍ത്ഥ ലോകവുമായി ആരോഗ്യകരമായ ഒരു ബന്ധമാണുള്ളത്.

 

മൂന്നുകാരണങ്ങള്‍ ഞാന്‍ പറയാം. ഒന്നാമത്തേതും ഏറ്റവും ദയനീയവുമായ കാരണം മറ്റുള്ളവരുടെ സമ്മര്‍ദ്ദമാണ്. മകന്റെ പല സുഹൃത്തുക്കള്‍ക്കും വീഡിയോഗെയിം സിസ്റ്റങ്ങളുണ്ട്‌. അതിനെപ്പറ്റിയൊക്കെ മകന്‍ വാചാലനാകാറുണ്ട്. അതുകൊണ്ടു തന്നെ കുറച്ചുനാളുകളായി രസംകൊല്ലി അച്ഛനാകേണ്ടതുണ്ടോ എന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചുവരികയാണ്. മകന്‍ ഐപാഡില്‍ ആവശ്യത്തിനു ഗെയിമുകള്‍ കളിക്കുന്നുമുണ്ട്. ഒരു വലിയ സ്ക്രീനില്‍ ഒന്നിച്ചുകളിച്ചാല്‍ അച്ഛനും മകനുമായി കൂടുതല്‍ അടുപ്പമുണ്ടാകാന്‍ സഹായിക്കുമെന്നും എനിക്ക് തോന്നി.

 

 

രണ്ടാമതായി, മാറിനില്‍ക്കുന്നതിലൂടെ ടെക്നോളജിയുടെ ലോകത്തിലെ പല കാര്യങ്ങളും അപരിചിതമായി മാറുന്നതുപോലെ എനിക്ക് തോന്നി എന്നതാണ്.

 

മൂന്നാമതായി, എന്റെ ധാരണ ഗെയിം കണ്‍സോളുകള്‍ മണ്ടന്‍ ഉപകരണങ്ങളാണെന്നായിരുന്നു. എന്നാല്‍ അവ വളരെ സ്മാര്‍ട്ടായ മീഡിയാഹബ്ബുകളായി മാറിയിട്ടുണ്ട്. അവ ആമസോണ്‍ ഇന്‍സ്റ്റന്റ് വീഡിയോ, നെറ്ഫ്ലിക്സ് മുതലായവ ഇപ്പോള്‍ ലഭ്യമാക്കാറുണ്ട്. ടിവി സ്ക്രീനിനുപകരം ചെറിയ ലാപ്‌ടോപ്‌ സ്ക്രീനില്‍ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്തുകണ്ടിരുന്ന എനിക്ക് എക്സ്ബോക്സിന്റെ മൂല്യം ഇപ്പോള്‍ മനസിലാകുന്നുണ്ട്.

 

ഈ വിശദീകരണങ്ങള്‍ ഒന്നും തൃപ്തികരമായി തോന്നിയില്ലെങ്കില്‍ പിന്നെ കുറ്റം പറയേണ്ടത് എന്റെ സഹോദരനെയാണ്. ഞാനും മകനും ഡാലസിലെ എന്റെ സഹോദരനെ ഈ വര്‍ഷം തുടക്കത്തില്‍ സന്ദര്‍ശിച്ചപ്പോള്‍ FIFA 14 എന്ന ബ്ലോക്ക്ബസ്റ്റര്‍ ഇലക്ട്രോണിക് ആര്‍ട്ട്‌ ഫുട്ബോള്‍ ഗെയിം എത്ര ഗംഭീരമാണെന്ന് അനുഭവിച്ചറിഞ്ഞു.

 

ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ള വീഡിയോഗെയിമുകള്‍ പോലെയൊന്നും ആയിരുന്നില്ല അത്. കുറച്ചുനിമിഷങ്ങള്‍ കളിച്ചപ്പോള്‍ തന്നെ ഈ ഗെയിം അങ്ങേയറ്റം രസകരവും എന്നാല്‍ ബുദ്ധിമുട്ടേറിയതുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കൃത്യമായ കണ്‍ – കൈ വഴക്കവും കളിയെപ്പറ്റിയുള്ള ധാരണയും ഉണ്ടെങ്കിലെ ഇത് കളിക്കാനാകൂ.

 

ഡാലസില്‍ നിന്ന് തിരികെയെത്തിയ ഉടന്‍ തന്നെ ഞാന്‍ ഒരു വീഡിയോ ഗെയിം വാങ്ങാനൊരുങ്ങിയപ്പോള്‍ എന്റെ മകനും എന്റെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കും അത് വിശ്വസിക്കാനായില്ല.

 

 

ഇപ്പോള്‍ ഞാന്‍ ഫിഫ 14 വിജയിക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങളുടെ പക്കല്‍ ഈ ഗെയിം മാത്രമേ ഉള്ളൂ. ശരിയായ കണ്‍ട്രോളുകള്‍ മനസിലാക്കാനും നിങ്ങളുടെ ടീമിലെ കളിക്കാരെക്കൊണ്ട് ഫുട്ബോള്‍ കളിപ്പിക്കാനും ഒക്കെ അത്യാവശ്യം നല്ല ഡിജിറ്റല്‍ കൈവഴക്കം വേണം. ചിലപ്പോഴൊക്കെ ഞാന്‍ ഏതുകളിക്കാരനു വേണ്ടിയാണ് കളിക്കുന്നത് എന്നുപോലും മറന്നുപോകാറുണ്ട്.

 

എന്നാല്‍ ഞാന്‍ പഠിക്കും. എന്റെ കളിക്കാര്‍ തോന്നിയപടി അങ്ങോട്ടും ഇങ്ങോട്ടും ചാടിപ്പോകുന്ന അവസ്ഥയൊക്കെ മാറും. സങ്കീര്‍ണ്ണമായ നിര്‍ദേശങ്ങള്‍ക്കൊടുവില്‍ എന്റെ കളിക്കാര്‍ ഞാന്‍ പറയുന്നതുപോലെ കളിച്ച് മുന്നേറുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നും.

 

എന്റെ പ്രിയപ്പെട്ട കളിയുടെ വീഡിയോരൂപമായതുകൊണ്ട് എന്റെ മകനെ ഈ കളിയുടെ നിയമങ്ങള്‍ പഠിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. മിഡ് ഫീല്‍ഡില്‍ നിന്ന്‍ ബോള്‍ തട്ടിക്കൊണ്ടുവന്നാല്‍ ഗോളടിക്കാന്‍ പറ്റില്ലെന്ന് ഇതിലും നല്ല രീതിയില്‍ മകനെ പഠിപ്പിക്കാന്‍ പറ്റില്ല. കൃത്യമായ സമയത്ത് ഒരു പാസ് കൊടുക്കുന്നതിനെപ്പറ്റിയും.

 

കമ്പ്യൂട്ടറിന്റെ ഓര്‍മ്മയില്‍ നൂറുകണക്കിന് ടീമുകളുടെ ഏറ്റവും പുതിയ കളിരേഖകളുണ്ട്. ക്ലാസ്സിക് വൈരികളായ ചെല്‍സിയ – ആര്‍സെനല്‍ വേണോ ബ്രസീല്‍ – അര്‍ജന്റീന വേണോ അതോ രസകരമായ പുത്തന്‍ എതിരാളികളെ ചേര്‍ത്തുവയ്ക്കണോ എന്നൊക്കെ തീരുമാനിക്കുന്നതും രസമാണ്. സ്റ്റേഡിയത്തിന്റെ ശബ്ദവും സ്വഭാവവും ഒക്കെ ശരിക്കും യഥാര്‍ത്ഥമായി തോന്നാം. ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തരായ രണ്ട് അനൌണ്‍സര്‍മാരുടെ ശബ്ദത്തിലാണ് കമന്ററി.

 

ഞാനും മകനും ഞങ്ങളുടെതായ ഒരു വേള്‍ഡ് കപ്പ് കളിച്ച് വരികയാണ്. ഇതില്‍ പതിനാറു രാജ്യങ്ങളുണ്ട്. വീഡിയോഗെയിം കളിക്കുന്ന അച്ഛന്‍ എന്ന കുറ്റബോധം മാറ്റാനായി ഞങ്ങള്‍ കളിക്കുന്നതിനുമുന്‍പ് കളിക്കുന്ന രാജ്യത്തെ മാപ്പില്‍ കണ്ടെത്തും. അവിടുത്തെ ജനസംഖ്യയും ജിഡിപിയും നോക്കും, കളി തുടങ്ങുന്നതിനു തൊട്ടു മുന്‍പ് രണ്ടുരാജ്യങ്ങളുടെയും ദേശീയഗാനം കേള്‍ക്കും.

 

 

ഫിഫാ 14-ന്‍റെ ഗ്രാഫിക്സിന്റെ ഭംഗിയും യഥാര്‍ത്ഥമായതു പോലെയുള്ള തോന്നലും കൊണ്ട് പലപ്പോഴും ഇത് ശരിക്കും കളി തന്നെയല്ലേ എന്നും തോന്നും. കഴിഞ്ഞ റിയല്‍ മാഡ്രിഡ് – ബാര്‍സിലോണ കളി കഴിഞ്ഞ് വീഡിയോഗെയിമില്‍ ആ കളി കളിച്ചപ്പോള്‍ ഞാന്‍ ബാര്‍സിലോണ കളിക്കാരെ കഴിഞ്ഞ കളിക്ക് വിപരീതമായി നിയന്ത്രിക്കാന്‍ ശ്രമിച്ചുനോക്കിക്കൊണ്ടിരുന്നു. ജോയ്സ്ടിക്ക് ഉപയോഗിച്ച് മെസ്സിയോട് എങ്ങോട്ടുപോകണമെന്ന് ഞാന്‍ നിര്‍ദേശിച്ചുകൊണ്ടിരുന്നു. റൊണാള്‍ഡോ ബോളുമായി അടുത്തുവന്നപ്പോള്‍ ഞാന്‍ എന്റെ ജോയ്സ്റ്റിക്ക് അമര്‍ത്തി.

 

സത്യം പറയാമല്ലോ, ഞാന്‍ ഒന്ന് പേടിച്ചു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍