UPDATES

കേരളം

സ്‌കൂളു പൊളിക്കുന്ന സര്‍ക്കാര്‍

ടീം അഴിമുഖം
 
പഞ്ചാബിലെ ജലന്ദന്‍ കന്റോണ്‍മെന്റില്‍ പോയിട്ടുള്ളവര്‍ക്ക് അവിടുത്തെ ലവ്‌ലി സ്വീറ്റ്‌സ് എന്ന മിഠായിക്കട ഒട്ടും അപരിചിതമല്ല. പതിറ്റാണ്ടുകളായി അന്നാട്ടിലെ മധുര വിതരണക്കാരാണ് ലവ്‌ലി സ്വീറ്റ്‌സ്. 1961-ല്‍ ബല്‍ദേവ് രാജ് മിത്തല്‍ 10 അടി നീളവും 10 അടി വീതവുമുള്ള ഒരു കടമുറിക്കുള്ളില്‍ തുടങ്ങിയതാണ് ലവ്‌ലി സ്വീറ്റ്‌സ്. കാലം കുറെ കഴിഞ്ഞു. ഇന്ത്യയില്‍ മന്‍മോഹന്‍ സിംഗ് ധനമന്ത്രിയാവുകയും ഇന്ത്യന്‍ സാമ്പത്തികരംഗം ആഗോള വിപണിക്കായി തുറന്നുകൊടുത്തു. ഇതിനിടെയാണ് ലവ്‌ലി സ്വീറ്റ്‌സിന്റെ ഉടമസ്ഥരായ മിത്തല്‍ കുടുംബം തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. 
 
അങ്ങനെ അവര്‍ ആദ്യമായി മിഠായിക്കച്ചവടത്തിന് പുറത്തും ബിസിനസുകള്‍ ആരംഭിച്ചു. ലവ്‌ലി ഓട്ടോസ് എന്ന കമ്പനി തുടങ്ങിയെങ്കിലും ഇതില്‍ നിന്നുള്ള വരവിന് പരിമിതിയുണ്ടെന്ന് മിത്തലിന് മനസിലായത്. രാജ്യത്ത് ആ സമയത്ത് പടര്‍ന്നു പന്തലിക്കുന്ന മറ്റ് ബിസിനസുകള്‍ എന്തൊക്കെയെന്ന ആലോചനകളായി പിന്നീട്. ഇത് എത്തി നിന്നത് വിദ്യാഭ്യാസ മേഖലയിലായിരുന്നു. പിന്നെ അധികം സമയമെടുത്തില്ല. മിഠായിക്കടയുടെ അതേ പേരില്‍  ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിി 2005-ല്‍ ജലന്ധറില്‍ നിലവില്‍ വന്നു. 600 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഇവിടെ 25,000 വിദ്യാര്‍ഥികളും ഐ.ഐ.ടികളില്‍ നിന്നുമടക്കമുള്ള 3,500 അധ്യാപകരുമാണ് ഇന്ന് ഈ കോളേജിലുള്ളത്. മിഠായി കച്ചവടത്തിന്റെ ലാഭം നമുക്ക് ഊഹിക്കാം. എന്നാല്‍ വിദ്യാഭ്യാസ കച്ചവടത്തില്‍ നിന്നുണ്ടാകുന്ന ലാഭം നമ്മുടെയൊക്കെ ഊഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒക്കെ അപ്പുറമാണ്. 
 
 
ജലന്ധറിലെ മിത്തല്‍ കുടുംബം മാത്രമല്ല, ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ലാഭം കണ്ടത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ ജി. വിശ്വനാഥന്റെ കുടുംബവും പൂനെ ആസ്ഥാനമാക്കിയുള്ള സിംബയോസിസ് യൂണിവേഴ്‌സിറ്റി നടത്തുന്ന എസ്.ബി മജുംദാറും അമിറ്റി യൂണിവേഴ്‌സിറ്റി നടത്തുന്ന, ജര്‍മനിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയന്‍ കൂടിയായ അശോക് ചൗഹാനും തട്ടിപ്പു പുറത്തുകൊണ്ടുവരുന്ന കോടതി കയറ്റി വലയ്ക്കുന്ന ഐ.ഐ.പി.എം സ്ഥാപകന്‍ അരിന്ദം ചൗധരിയും ഇന്ത്യയുടെ തെക്കുവടക്കും കിഴക്ക് പടിഞ്ഞാറുമൊക്കെയുള്ള അഴിമതി വിദഗ്ധരായ പല രാഷ്ട്രീയക്കാരുമൊക്കെ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമായിരുന്നു ഇത്. സ്ഥലം വിറ്റും കിടപ്പാടം പണയം വച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമൊക്കെ കുട്ടികളെ സ്‌കൂളിലും കോളേജിലുമയയ്ക്കുന്ന മാതാപിതാക്കളെയും ഭാവിയെ കുറിച്ച് ആകുലരായ കുട്ടികളെയുമൊക്കെ ചൂഷണം ചെയ്ത് ഇക്കൂട്ടരൊക്കെ തടിച്ചു കൊഴുക്കുകയാണ്. 
 
ഈ കൂട്ടത്തില്‍ പെടുത്താവുന്ന മറ്റൊരു പേരാണ് കേരള സര്‍ക്കാര്‍. നഷ്ടത്തിലോടുന്ന സ്‌കൂളുകള്‍ പൂട്ടണമെന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലാഭ-നഷ്ട കണക്കില്‍ പെടുത്തേണ്ടതാണെന്നുമുള്ള ധാരണ പുലര്‍ത്തുന്ന ഇത്തരം മനോഭാവത്തിന്റെ കേരള പതിപ്പാണ് കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പില്‍ ഇന്നലെ രാത്രി നടന്ന അഭ്യാസം. പോളിംഗ് ബൂത്തായിരുന്ന സ്‌കൂള്‍ ഇതൊക്കെ കഴിഞ്ഞ് അടച്ചുപൂട്ടി ആളു പോയതോടെ മാനേജരും ശിങ്കിടികളും ചേര്‍ന്ന് വെളുപ്പിനെ ജെ.സി.ബി ഉപയോഗിച്ച് സ്‌കൂള്‍ തകര്‍ക്കുകയായിരുന്നു. 
 
 
നഷ്ടത്തിലോടുന്ന ഈ സ്‌കൂള്‍ സര്‍ക്കാര്‍ കണക്കില്‍ സ്‌കൂളേയല്ല. പക്ഷേ മക്കളു െട ഭാവിയെ കുറിച്ച് ആശങ്കാകുലരായ മാതാപിതാക്കള്‍ക്കും പഠിപ്പിന്റെ വിലയറിയാവുന്ന നാട്ടുകാര്‍ക്കും അത് നഷ്ടം വന്നു പൂട്ടിപ്പോയ ഒരു കച്ചവട സ്ഥാപനമല്ല. മറിച്ച് ഒന്നര നൂറ്റാണ്ടോളം അനേകം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പാഠശാലയാണിത്. അത് പൂട്ടിപ്പോകുന്നത് 100 ശതമാനം സാക്ഷരരാണെന്ന് അഹങ്കരിക്കുന്ന കേരളത്തിന് തീരാക്കളങ്കമാകും. അതിനു പുറമെ, മലാപ്പറമ്പിലെ കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോകാനുള്ള കാരണവുമായി ഇതു മാറാം. 
 
മലാപ്പറമ്പില്‍ ഇടിച്ചു നിരത്തിയ എ.യു.പി സ്‌കൂള്‍ അവിടുത്തെ കുറച്ച് കുട്ടികള്‍ക്ക് നഷ്ടപ്പെട്ട ഒരു സ്‌കൂള്‍ മാത്രമല്ല, മറിച്ച് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ജീര്‍ണതയുടെ പ്രതീകമാണത്. ഗ്രാമീണ മേഖലയില്‍ പോയി പഠിപ്പിക്കാന്‍ മനസില്ലാതെ 15-ഉം 20 ലക്ഷം രൂപ കോഴ കൊടുത്ത് അധ്യാപകരാകുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ ശക്തമായി തന്നെയുണ്ട്. ആത്മാര്‍ഥതയോടെ തന്റെ കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും നമ്മുടെ സര്‍ക്കാരുകള്‍ ചെയ്യുന്നുമില്ല. വഴിപാടു പോലെ വര്‍ഷം തോറും നല്‍കുന്ന  മികച്ച അധ്യാപക പുരസ്‌കാരംം കൊണ്ടല്ല അത് മറികടക്കേണ്ടത്. ഇത്തരത്തില്‍ ബിസിനസ് മാനസികാവസ്ഥയോടെ സര്‍ക്കാര്‍ തന്നെ വിദ്യാഭ്യാസ കച്ചവടം നടത്തുന്നതു കൊണ്ടാണ് നാട്ടില്‍ കൂണുപോലെ സ്വകാര്യ വിദ്യാലയങ്ങള്‍ പെരുകുന്നതും 2500 രൂപയ്ക്കു പോലും പഠിപ്പിക്കാന്‍ അധ്യാപകരെ കിട്ടുന്നതും. അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന മിനിമം കൂലി പോലും കിട്ടാത്ത ഈ അധ്യാപകരാണ് നമ്മുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നത് എന്നോര്‍ക്കണം. 
 
 
കേരള മോഡല്‍ ടൂറിസം നോട്ടീസില്‍ എഴുതി വയ്ക്കാനുള്ളതല്ല. അതിന്റെ സ്പിരിറ്റില്‍ തന്നെ അക്കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ അടിമുടി അഴിച്ചുപണി ആവശ്യമാണ്. വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന വികസന കാര്യങ്ങളില്‍ നാം നേടിയിരിക്കുന്ന പുരോഗതി (?)യുടെ അടുത്ത ഫലപ്രദമായ ചുവടുവയ്പ് എന്നു പറയുന്നത് കേരളത്തെ ഒരു  വിദ്യാഭ്യാസ പവര്‍ഹൗസ് ആക്കി മാറ്റുകയാണ് വേണ്ടത്. അതിനു പ്രചോദനമാകേണ്ടത് ജലന്ധറിലെ ലവ്‌ലി യൂണിവേഴ്‌സിറ്റിയല്ല, പകരം ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളെയാണ് മാതൃകയാക്കേണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള, കാലഘട്ടത്തിന് അനുസരിച്ച് ഭാവനാത്മകമായി പഠനരീതികള്‍ പരിഷ്‌കരിക്കുന്ന, അധ്യാപകര്‍ക്ക് നിലയും വിലയും നല്‍കുന്ന രാജ്യങ്ങളാണിത്. അതിന്, ലാഭ, നഷ്ടക്കച്ചവടം നോക്കുന്ന റിയല്‍ എസ്‌റ്റേറ്റ് പണിയല്ല നമ്മുടെ സര്‍ക്കാര്‍ ചെയ്യേണ്ടത്. 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍