UPDATES

കേരളം

അഡ്വ. ജയശങ്കറിന്റെ വോട്ടെടുപ്പ് നിരീക്ഷണങ്ങള്‍

അഡ്വ. എ ജയശങ്കര്‍
രാഷ്ട്രീയ നിരീക്ഷകന്‍
 
 
വോട്ടിംഗ് ശതമാനം ഉയര്‍ന്നത് നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഗുണം ചെയ്യുന്നത് ഇടതു മുന്നണിക്കായിരിക്കും. ഇതുവരെ വോട്ട് രേഖപ്പെടുത്താത്തവരും തെരഞ്ഞെടുപ്പ് പ്രക്രിയയേയും രാഷ്ട്രീയത്തേയും പുച്ഛത്തോടെ നോക്കിയവരുമായ ഒരു വിഭാഗം ബൂത്തുകളിലെത്തി എന്നതാണ് ഇത്തവണ നടന്ന വോട്ടെടുപ്പിലെ പ്രത്യേകത.
 
ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, സി.പി.ഐ (എം.എല്‍) എന്നീ ചീളുപാര്‍ട്ടികള്‍ അവര്‍ക്ക് സാധ്യമായ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എസ്.ഡി.പി.ഐ. കഴിഞ്ഞ തവണ പല മണ്ഡലങ്ങളിലും മുസ്ലീംലീഗിന് പിന്തുണ കൊടുക്കുകയായിരുന്നു.
 
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം ഇരട്ടിയോളം വര്‍ദ്ധിച്ചാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചത് 6.3 ശതമാനം ആയിരുന്നു. 8.5 ശതമാനം വരെ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് വോട്ടുണ്ട്. ബി.ജെ.പിയുടെ നല്ലൊരു പങ്ക് വോട്ട് കഴിഞ്ഞ തവണ യു.ഡി.എഫ് ആണ് നേടിയത്. കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശിതരൂര്‍, പീതാംബരക്കുറുപ്പ് എന്നിവര്‍ ലോക്‌സഭയിലെത്തിയതിന് പിന്നില്‍ ബി.ജെ.പിയുടെ സഹായവും ഉണ്ടായിരുന്നു. ബി.ജെ.പിക്കാര്‍ ഇത്തവണ താമരയ്ക്ക് തന്നെ കുത്തിയതിനാല്‍ ഈ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയ സാധ്യത കൂടുതല്‍. 
 
 
ഇത്തവണ തിരുവനന്തപുരത്ത് മത്സരം സി.പി.ഐയുടെ ബെനറ്റ് എബ്രഹാം, ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ എന്നിവര്‍ തമ്മിലായിരുന്നു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ആറ്റിങ്ങലില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. എ. സമ്പത്ത് ജയിക്കും.
 
കൊല്ലത്ത് ബി.ജെ.പി വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദന് മറിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. കടലോര പ്രദേശം യു.ഡി.എഫിന് ഒപ്പം നില്‍ക്കുമ്പോള്‍ ചടയമംഗലം, പുനലൂര്‍, ചാത്തന്നുര്‍ എന്നീ സ്ഥലങ്ങള്‍ എല്‍.ഡി.എഫിനോട് മമത പുലര്‍ത്തുന്നുണ്ട്. പിണറായി വിജയന്റെ പരനാറി പ്രയോഗം വേട്ടെടുപ്പില്‍ പ്രതിഫലിച്ചേക്കും.
 
കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ മത്സരിച്ചത് താരപ്രഭയില്ലാത്ത, വലിയ താരഭാരമില്ലാത്ത സി.ബി ചന്ദ്രബാബുവിനോടായിരുന്നു. അതുകൊണ്ട് തന്നെ നെഗറ്റീവ് ഏറ്റവും കൂടുതല്‍ തെളിഞ്ഞ് നിന്നത് കെ.സി വേണുഗോപാലിന്റേതായിരുന്നു. കോണ്‍ഗ്രസ് വിരുദ്ധ വികാരവും സരിത പ്രശ്‌നവുമെല്ലാം നിറഞ്ഞ് നിന്നപ്പോള്‍ ചന്ദ്രബാബുവിനെക്കുറിച്ച് ആരും വലിയ ചര്‍ച്ച നടത്തിയില്ല. വി.വി രാഘവനോട് കെ.കരുണാകരന്‍ പരാജയപ്പെട്ടത് പോലെ, പി.ശങ്കരനോട് എം.പി.വീരേന്ദ്ര കുമാര്‍ മത്സരിച്ച് തോറ്റത് പോലെ ഒരു വന്‍മരം ഇത്തവണ ആലപ്പുഴയിലും നിലംപൊത്താന്‍ സാധ്യതയുണ്ട്.
 
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും പരാജയഭീതിയില്‍ നില്‍ക്കുന്ന മന്ത്രിയാണ്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജിനും കോട്ടയത്ത് ജോസ് കെ മാണിക്കുമാണ് സാധ്യത.
 
എറണാകുളത്ത് അവസാനഘട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.വി തോമസ് രക്ഷപെട്ട് പോകാന്‍ സാധ്യതയുണ്ടെങ്കിലും ക്രിസ്റ്റി ഫെര്‍ണാണ്ടസിന് പകരം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി അനിതാ പ്രതാപ് ആണ് മത്സരിച്ചിരുന്നതെങ്കില്‍ കെ.വി.തോമസിന്റെ പരാജയം ഉറപ്പാകുമായിരുന്നു. എറണാകുളം മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പോലും ആം ആദ്മി പാര്‍ട്ടിയുടെ ചുവരെഴുത്തുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നല്ല മതിപ്പ് സൃഷ്ടിക്കാന്‍ അനിതാ പ്രതാപിന് കഴിഞ്ഞിട്ടുണ്ട്. ഫ്‌ളാറ്റുകളില്‍ നിന്ന് ഇറങ്ങിവരുന്ന വോട്ടും ഹിന്ദു പത്രം വായിക്കുന്നവരും ആം ആദ്മിക്ക് അനുകൂലമാകാനാണ് സാധ്യത.
 
ചാലക്കുടിയില്‍ സഖ്യകക്ഷി ഇല്ലാതെ തന്നെ കോണ്‍ഗ്രസിന് ജയിക്കാവുന്ന മണ്ഡലമാണ് ചാലക്കുടി. ഇവിടെ പി.സി.ചാക്കോ തോറ്റാല്‍ കോണ്‍ഗ്രസ് പിരിച്ച് വിടുകയായിരിക്കും നല്ലത്. കൃഷ്ണപിള്ളയ്ക്കും ഇ.എം.എസിനും എ.കെ.ജിക്കും ഒപ്പം ഇന്നസെന്റിന്റെ ചിത്രവും വച്ച പോസ്റ്ററുകള്‍ കണ്ടാല്‍ സി.പി.എമ്മുകാര്‍ പോലും വോട്ടു ചെയ്യാതെ തിരിച്ചു പോയാലും അത്ഭുതപ്പെടാനില്ല. 
 
 
തൃശൂരില്‍ കാറ്റ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാണ്. ലീഗിന്റെ മണ്ഡലം അവര്‍ക്ക് തന്നെ വിടാം. അതേ സമയം പൊന്നാനിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കോണ്‍ഗ്രസുകാര്‍ ഇറങ്ങിയിരുന്നു.
 
കണ്ണൂരിനെപോലെ നല്ല മത്സരം നടന്ന മണ്ഡലമാണ് പാലക്കാട്. ആലത്തുര്‍ വരെ എത്തിയെങ്കിലും പാലക്കാട്ടേയ്ക്ക് പ്രതിപക്ഷ നേതാവ് പ്രചരണത്തിന്  എത്തിയില്ലെന്നത് ശ്രദ്ധേയമാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നത് എം.പി വീരേന്ദ്രകുമാറാണെല്ലോ. 
 
വയനാടില്‍ എങ്ങാനും സി.പി.ഐ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ജയിച്ച് പോയാല്‍ അത് അദ്ദേഹത്തിന്റെ ഗുണം ആയിരിക്കില്ല. അത് ഉറപ്പായും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിന്റെ കൈയിലിരിപ്പ് കൊണ്ടായിരിക്കും. ഷാനവാസ് കോണ്‍ഗ്രസുകാരേയും ലീഗിനേയും അത്രയ്ക്ക് വെറുപ്പിച്ചിട്ടുണ്ട്. കോഴിക്കോട് നല്ല മത്സരമാണ് നടന്നതെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് നേരിയ മേല്‍ക്കൈ ഉണ്ട്. 
 
വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഷംസീറിനോടുള്ള ദേഷ്യം ആര്‍.എം.പിക്കാര്‍ കൈപ്പത്തിയില്‍ കുത്തിത്തീര്‍ത്താല്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രക്ഷപെട്ടു. 
 
കണ്ണൂരില്‍ യു.ഡി.എഫ്.സ്ഥനാര്‍ത്ഥി കെ.സുധാകരന് എതിരേ മികച്ച പോരാട്ടമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി നടത്തിയത്. 
 
കാസര്‍ഗോഡ് മണ്ഡലത്തില്‍ അഡ്വ ടി സിദ്ദിഖ് നല്ല യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്നു. പക്ഷെ വിജയം ഇടതുപക്ഷത്തിനായിരിക്കും. 13 സീറ്റുകള്‍ വരെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍