UPDATES

ഓഫ് ബീറ്റ്

കോമഡിക്കാര്‍ അത്ര വലിയ സങ്കടത്തിലാണോ?

പീറ്റര്‍ മക്ഗ്രോ, ജോയല്‍ വാര്‍ണര്‍ 
(സ്ളേറ്റ്)

 

ലോസ് ഏഞ്ചലസിലെ കോമഡി ക്ലബ്ബായ ലാഫ് ഫാക്ടറിയില്‍ ഒരു ഇന്‍ഹൌസ് തെറാപ്പി നടക്കാറുണ്ട്. ആഴ്ചയില്‍ രണ്ടുദിവസം അവിടെ ജോലി ചെയ്യുന്ന തമാശക്കാര്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലുള്ള ഓഫീസില്‍വെച്ച് ഒരു സൈക്കോളജിസ്റ്റിനെ കാണാറുണ്ട്‌, അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ലാഫ് ഫാക്ടറിയുടെ ഉടമയായ ജെമി മസദ പറയുന്നു; “എണ്പതുശതമാനം കൊമേഡിയന്‍മാരും ദുരന്തജീവിതങ്ങളില്‍ നിന്ന് വരുന്നവരാണ്. അവര്‍ക്ക് സ്നേഹം ലഭിക്കാറില്ല. മറുള്ളവരെ ചിരിപ്പിച്ച്ചാണ് അവര്‍ സ്വന്തം ദുഃഖങ്ങള്‍ മറക്കുക.”

 

തമാശക്കാര്‍ എല്ലാവരും ട്രാജഡി നിറഞ്ഞവരാണെന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. കോമഡികളിലെ ഏറ്റവും വലിയ ഒരു വാര്‍പ്പുമാതൃക തന്നെയാണ് ദുഃഖ, ദുരിതങ്ങളും മദ്യവും മയക്കുമരുന്നും ഒക്കെയുള്ള തമാശക്കാരന്റെ ജീവിതം. ഒരുപാട് ഉദാഹരണങ്ങളും നമുക്ക് കാണാന്‍ കഴിഞ്ഞേക്കും. മക്ഗ്രോയും സംഘവും ഹ്യൂമര്‍ റിസര്‍ച്ച് ലാബിനുവേണ്ടി ഒരു ഓണലൈന്‍ പഠനം നടത്തിയപ്പോള്‍ 43 ആളുകളും പറഞ്ഞത് തമാശക്കാര്‍ക്ക് എന്തോ പ്രശ്നമുണ്ടെന്നാണ്. മുപ്പത്തിനാലു ശതമാനം ആളുകള്‍ പറഞ്ഞത് തമാശക്കാര്‍ എങ്ങനെയെങ്കിലും ഒക്കെയുള്ള കുഴപ്പക്കാരായിരിക്കും എന്നും. 

 

തമാശപറയല്‍ അഥവാ സ്റ്റാന്റ്അപ്പ് കോമഡി എന്ന കലാരൂപം അവതരിപ്പിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ ഈ ധാരണയും പ്രചാരത്തിലുണ്ട്. ആഫ്രിക്കന്‍ അമേരിക്കന്‍ കലാകാരനായ ചാര്‍ളി ചേസ് ആണ് സ്റ്റാന്റ്അപ്പ് കോമഡി എന്ന പ്രതേകിച്ച് കൊസ്റ്യൂമോ രംഗ ഉപകരണങ്ങളോ വേണ്ടാത്ത ഈ കലാരൂപം സൃഷ്ടിച്ചത് എന്ന് കരുതപ്പെടുന്നു. 1880-കളില്‍ അദ്ദേഹം ഈ കലാരൂപം അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ അത് ശ്രദ്ധേയമാവുകയും വിജയിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. നെര്‍വസ് ബ്രേക്ക്ഡൌണ്‍  ഉണ്ടായതിനുശേഷം 1916ല്‍ തന്റെ ഹോട്ടല്‍മുറിയില്‍ വെച്ച് അദ്ദേഹം മരിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെ അപകടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

കോമഡി ഇന്ഡസ്ട്രിയില്‍ വിജയിക്കണമെങ്കില്‍ മാനസികമായ തകരാറുകള്‍ നിര്‍ബന്ധമാണോ? തമാശപറയണമെങ്കില്‍ കുറച്ച് കിറുക്കുണ്ടാവണമേന്നുണ്ടോ?

 

1980-കളില്‍ ഭാര്യാ, ഭര്‍തൃ-സൈക്കോ തെരാപ്പിസ്റ്റുമാരായ സീമൂര്‍-റോഡാ ഫിഷര്‍ ഈ വിഷയം പഠിക്കാന്‍ ശ്രമിച്ചു. വീടുകളിലെ പ്രശ്നങ്ങള്‍ കൊണ്ട് ക്ലാസില്‍ കോമാളികളായി മാറുന്ന കുട്ടികളാണ് പിന്നീട് തമാശക്കാരായി മാറുന്നത് എന്ന വിഷയമാണ് അവര്‍ പഠിക്കാന്‍ ശ്രമിച്ചത്. പ്രമുഖരായ നാല്‍പ്പതു പ്രൊഫഷണല്‍ തമാശക്കാരില്‍ അവര്‍ വിശദമായ സൈക്കോളജി പരിശോധനകളും ഇങ്ക്ബ്ലോട്ട് ടെസ്റ്റും ഒക്കെ നടത്തി. പലരുടെയും കുട്ടിക്കാലം ദുഃഖഭരിതമായിരുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. അച്ഛനമ്മമാരുടെ അഭാവമോ അവഗണനയോ ഒക്കെയാണ് ഇവരെ നന്മതിന്മകളുടെയും മാലാഖമാരുടെയും പിശാചുക്കളുടെയും സാങ്കല്‍പ്പിക ലോകത്തിലെത്തിച്ചത് എന്ന് അവര്‍ കണ്ടെത്തി. പലരും തമാശക്കാരാവുന്നത് തങ്ങള്‍ മോശക്കാരല്ല, പ്രശ്നക്കാരല്ല എന്നൊക്കെ മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടിയാണ് എന്നാണ് അവരുടെ പഠനം സൂചിപ്പിച്ചത്.

 

എണ്‍പതുകളില്‍ നടന്ന ഈ പഠനത്തോടു ചേര്‍ന്ന്പോകുന്ന പുതിയ പഠനങ്ങളുമുണ്ട്. ബ്രിടീഷ് ജേര്‍ണല്‍ ഓഫ് സൈക്യാട്രിയില്‍ ഈയിടെ വന്ന ഒരു ലേഖനത്തില്‍ അഞ്ഞൂറിലേറെ അമേരിക്കന്‍, ബ്രിട്ടീഷ്, ഓസ്ട്രേലിയന്‍ കൊമേഡിയന്‍മാര്‍ തങ്ങളുടെ സൈകോട്ടിക്ക് പേഴ്സണാലിറ്റി ടെസ്റ്റ്‌ നടത്തിയതിനെപ്പറ്റി പറയുന്നുണ്ട്. സാധാരണ മനുഷ്യരേക്കാള്‍ സൈക്കോട്ടിക്ക് സ്വഭാവങ്ങള്‍ കൂടുതലുള്ളത് കൊമേഡിയന്‍മാരിലാണെന്നു ഗവേഷണം സൂചിപ്പിക്കുന്നു.

 

എന്നാല്‍ കഥ അത്ര ലളിതമാകില്ല. ഗിള്‍ ഗ്രീന്ഗ്രോസ് എന്ന നരവംശശാസ്ത്രജ്ഞന്‍ വര്‍ഷങ്ങളായി സ്റ്റാന്റ്അപ്പ് കൊമേഡിയന്‍മാരെപ്പറ്റി പഠിച്ചുവരികയാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ വ്യത്യസ്തമാണ്. സാധാരണക്കാരെക്കാള്‍ കൂടുതലായ ബാല്യകാലപ്രശ്നങ്ങളൊന്നും കൊമേഡിയന്‍സിനുള്ളതായി കണ്ടിട്ടില്ലെന്നും അവര്‍ കൂടുതല്‍ ന്യൂറോട്ടിക് ആയി കാണുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അവര്‍ സ്വതവേ ഉള്‍വലിഞ്ഞ സ്വഭാവക്കാരായിരിക്കുമെന്നും മറ്റുള്ളവര്‍ക്ക് അവരോട് താല്‍പ്പര്യം കുറവായിരിക്കുമെന്നും അദ്ദേഹത്തിന്റെ പഠനം സൂചിപ്പിക്കുന്നുണ്ട്. “സ്റ്റേജില്‍ കാണുന്ന വ്യക്തിത്വമായിരിക്കില്ല ജീവിതത്തിലെ അവരുടെ വ്യക്തിത്വം” എന്ന് ഗ്രീന്ഗ്രോസിന്റെ പഠനം പറയുന്നു. 

 

 

പിന്നെ എന്തിനാണ് തമാശക്കാര്‍ പ്രശ്നക്കാരാണ് എന്ന് ആളുകള്‍ ധരിക്കുന്നത്? ഒരുപക്ഷെ പ്രശ്നം തമാശക്കാരിലാകില്ല, തമാശ ഉണ്ടാക്കുന്നതിലാവാം. തമാശക്കാര്‍ സ്ഥിരമായി പ്രശ്നങ്ങളെ അനാവരണം ചെയ്യുന്നു, പറഞ്ഞുകൂടാത്ത കാര്യങ്ങള്‍ പറയുന്നു- അതൊക്കെയാണ് തമാശയുണ്ടാക്കുന്നത്. മക്ഗ്രോയുടെ തമാശസിദ്ധാന്തം പ്രകാരം എന്തെങ്കിലും പ്രശ്നമുള്ള സാഹചര്യങ്ങളില്‍ നിന്നാണ് തമാശ ഉണ്ടാകുന്നത്. തമാശ പറയുന്നവര്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ തങ്ങളുടെ ജീവിതങ്ങളില്‍ നിന്നുതന്നെയാണ് കണ്ടെത്തുന്നത്. അതാണ്‌ അവര്‍ ചിരിയുണര്‍ത്താന്‍ ഉപയോഗിക്കുന്നതും. അതുകൊണ്ടാണ് അവര്‍ക്ക് അല്‍പ്പം പിരിയിളകി കിടക്കുകയാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നതും.

 

ഈ സിദ്ധാന്തം ശരിയാണോ എന്ന് പരിശോധിക്കാനായി മക്ഗ്രോ നാല്‍പ്പതുപേരുടെയിടയില്‍ ഒരു പഠനം നടത്തി. ഓരോരുത്തരും മറ്റുള്ളവരോട് പറയാന്‍ ഒരു ചെറിയ കഥ മെനഞ്ഞെടുക്കണം. പകുതിപ്പേരോട് തമാശയുള്ള കഥയും മറ്റുപകുതിയോടു കഥ രസകരമായിരിക്കണമെന്നും മാത്രമാണ് പറഞ്ഞത്. തമാശക്കഥകള്‍ക്കിടയില്‍ സാനിട്ടറി നാപ്ക്കിന്‍ വിഴുങ്ങിയ പട്ടിയുടെ കഥയും മദ്യപിച്ച് മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടിയ കഥയും ഒക്കെ ഉണ്ടായിരുന്നു. രസകരമായ കഥകളില്‍ വഴിതെറ്റിപോയതിനെപ്പറ്റിയും ഫ്രിസ്ബീ ടീമില്‍ പങ്കെടുക്കാന്‍ പരിശീലനം നടത്തിയ കഥയും ഒക്കെയാണ് ഉണ്ടായിരുന്നത്. ഈ കഥകള്‍ വായിച്ച് ഇതില്‍ ഏത് എഴുത്തുകാരാണ് പ്രശ്നക്കാര്‍ എന്ന് വിലയിരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ പ്രശ്നക്കാരായി ആളുകള്‍ കണ്ടത് തമാശക്കഥകള്‍ എഴുതിയവരെയായിരുന്നു.

 

 

ഒരു പക്ഷെ തമാശക്കാര്‍ മറുള്ളവരെക്കാള്‍ അത്രവലിയ പ്രശ്നത്തിലൊന്നുമായിരിക്കില്ല. തങ്ങളുടെ അബദ്ധങ്ങള്‍ കൂടുതല്‍ വിളിച്ച്പറയുന്നത് അവരുടെ ജോലിയുടെ ഭാഗമാണെന്നു മാത്രമായിരിക്കാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍