UPDATES

ഇന്ത്യ

ബീഹാര്‍ വീണ്ടും ജാതിയുടെ വഴിയില്‍

ഉത്തരേന്ത്യയില്‍ മത, ജാതി സമവാക്യങ്ങളാണ് തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുന്നതെന്ന് ഏറെക്കാലമായുള്ള പറച്ചിലാണ്. ഇതില്‍ വാസ്തവം ഇല്ലാതില്ല താനും. ഇന്ത്യയിലെ ഏറ്റവും അവികസിത പ്രദേശമെന്ന നിലയില്‍ നിന്നു ബിഹാര്‍ സംസ്ഥാനം ഏറെ മാറിയിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്റെ ബിഹാര്‍ അല്ല ഇന്നതെ ബിഹാര്‍. എന്നാല്‍ ഇപ്പോഴത്തെ ബിഹാര്‍ വീണ്ടും ഒരു മാറ്റത്തിന്റെ പാതയിലാണ്. അതിനെ കുറിച്ച് ബിഹാര്‍ സ്വദേശിയും ദൈനിക് നവജ്യോതിയുടെ ഡല്‍ഹി ബ്യൂറോ ചീഫുമായ ശിവേഷ് ഗാര്‍ഗ് അഴിമുഖത്തില്‍ എഴുതുന്നു. 

 

2005-ലെ ശൈത്യത്തില്‍ നിതീഷ് കുമാര്‍ ബീഹാര്‍ സീനില്‍ എത്തുന്നതുവരെ ഒരു പറച്ചിലുണ്ടായിരുന്നു- “ബീഹാറില്‍ ചരിത്രം ആവര്‍ത്തിക്കലല്ലാതെ വേറൊന്നും ഉണ്ടാകില്ല.” എന്നാല്‍ നിതീഷ് കുമാര്‍ വന്നപ്പോള്‍ ബീഹാറില്‍ രംഗം മാറി. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ബീഹാറിസ്വത്വത്തെപ്പറ്റി ഉണ്ടായ അഭിമാനബോധമായിരുന്നു.

 

എന്നാല്‍ പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ സ്വപ്നസാഫല്യങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയാണ് കാണാനാകുക. നേടിയതൊക്കെ നഷ്ടപ്പെട്ടതു പോലെയാണ് ബീഹാര്‍ ഈ ഇലക്ഷനെ നേരിടുന്നത്. മൂടുപടം മാറിക്കഴിഞ്ഞു, ബീഹാര്‍ വീണ്ടും ജാതിയുടെ സ്വത്വത്തിലേയ്ക്ക് തിരിച്ചുപോകുന്നു.

 

ബിജെപിയുമായുള്ള സഖ്യം മുറിച്ചുമാറ്റിയ നിതീഷ് കുമാര്‍ സ്വന്തം നിലയ്ക്ക് ശക്തി പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ദേഷ്യം പിടിച്ച ബിജെപി മേല്‍ജാതി അപ്രിയങ്ങളെ ഉപയോഗിച്ച് ഈ “ചതി”ക്ക് പകരം ചോദിക്കാന്‍ ഒരുങ്ങുകയാണ്.

 

നിതീഷ് – ബിജെപി സഖ്യത്തോടെ ക്ഷീണം പറ്റിയ ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജയില്‍മോചിതനാണ്. കാലിത്തീറ്റകേസാണ് ലാലുവിന്റെ സാമ്രാജ്യം തകര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ ലാലു ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നു. മത്സരിക്കുന്നതില്‍ നിന്ന് ലാലുവിന് വിലക്കുണ്ട്, എന്നാല്‍ ബീഹാറിലെ തന്റെ പങ്കുനേടാനായി കോണ്‍ഗ്രസുമായി ചേര്‍ന്ന് ലാലു ബീഹാറില്‍ ഉടനീളം പ്രസംഗിച്ചു നടക്കുന്നുണ്ട്.

 

 

ബീഹാറിലെ ദളിത്‌ മുഖങ്ങളില്‍ പ്രധാനിയായ രാംവിലാസ് പാസ്വാന്‍ “സെക്കുലറിസവും” “സാമൂഹ്യനീതി”യുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ ബിജെപി പക്ഷത്ത് തിരിച്ചുവന്നിട്ടുണ്ട്. 

 

ഇതൊക്കെ കാരണം രസകരമായ ഒരു ത്രികോണമത്സരമാണ് ഇത്തവണ ബീഹാറില്‍ ഉണ്ടാവുക. നിതീഷും ലാലുവും പരസ്പരം കൊമ്പുകോര്‍ക്കുന്നുവെങ്കിലും രണ്ടാളും ബിജെപി പ്രതിനിധീകരിക്കുന്ന “വര്‍ഗീയശക്തികളെ” അമര്‍ച്ച ചെയ്യുമെന്നും പ്രഖ്യാപിക്കുന്നുണ്ട്. ലാലുവിനെയും ബിജെപിയെയും തോല്‍പ്പിക്കുമെന്ന് നിതീഷും നിതീഷിനെയും ബിജെപിയെയും തോല്‍പ്പിക്കുമെന്ന് ലാലുവും പറയുന്നു.

 

ഇതിനെല്ലാമിടയില്‍ ലോക്കല്‍ നേതാക്കളും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ രംഗത്തുണ്ട്. വര്‍ഷങ്ങളോളം ലാലുവിന്റെ ഹനുമാനായിരുന്ന രാംകൃപാല്‍ യാദവ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആര്‍ജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നിതീഷിന്റെ പഴയ വിശ്വസ്തനായ ഉപേന്ദ്ര കുഷ്വഹ അതിനും മുന്‍പ് തന്നെ ബിജെപിയില്‍ എത്തിയിരുന്നു. നിതീഷ് മന്ത്രിസഭയിലെ കാബിനറ്റ്‌ മന്ത്രിയായിരുന്ന രേണു കുഷ്വഹയും പിന്നാലെ ബിജെപിയില്‍ എത്തിയിട്ടുണ്ട്. മറ്റുപല ലോക്കല്‍ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.  

 

ആര്‍ജെഡിയില്‍ നിന്നും ജെഡിയുവില്‍ നിന്നും നേതാക്കള്‍ ബിജെപിയില്‍ പോകുന്നത് കണ്ടാല്‍ കാവിപ്പാര്‍ട്ടിക്കാണ് വിജയമുണ്ടാവുക എന്ന് തോന്നും. എന്നാല്‍ ബിജെപിയിലേയ്ക്ക് പോകുന്ന നേതാക്കളുടെ പ്രൊഫൈല്‍ ആണ് കാര്യങ്ങളെ കൂടുതല്‍ രസകരമാക്കുന്നത്. പലരും പിന്നോക്കസമുദായങ്ങളില്‍ നിന്നുള്ളവരാണ്. എണ്ണത്തില്‍ കൂടുതലുള്ള യാദവ് ജാതിയില്‍ നിന്നാണ് രാംകൃപാല്‍. രാംവിലാസ് പാസ്വാനോടൊപ്പം ദളിതരുടെ ഒരു ഭാഗവും ബിജെപിയോട് ചായ്വു കാണിച്ചുതുടങ്ങിയിട്ടുണ്ട്.

 

ബിജെപി ഒരു മേല്‍ജാതിപ്പാര്‍ട്ടിയാണ്. എന്നാല്‍ കേന്ദ്രഭരണം നേടാനുള്ള തത്രപ്പാടില്‍ മേല്‍ജാതി പിന്തുണ മാത്രം കൊണ്ട് കാര്യം നടക്കില്ല എന്ന് ബിജെപിക്ക് മനസിലായിട്ടുണ്ട്. മേല്‍ജാതി ജനസംഖ്യ ആകെ പതിനഞ്ചുശതമാനമേ വരൂ. പ്രാദേശികപ്പാര്‍ട്ടികളുടെ പിന്നോക്കസമുദായ – ദളിത്‌ വോട്ട്ബാങ്കുകളില്‍ കടന്നുകയറിയാലേ പുരോഗതിയുണ്ടാകൂ എന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനുവേണ്ടി മേല്‍ജാതി നേതാക്കളുടെ അനിഷ്ടം നേടിയാലും പ്രശ്നമല്ല എന്നാണ് ബിജെപിയുടെ നിലപാട്. മുസാഫര്‍പൂറില്‍ നരേന്ദ്രമോദിയും രാംവിലാസ് പാസ്വാനും ചേര്‍ന്ന് റാലിനടത്തിയപ്പോള്‍ അതില്‍ നിന്ന് നാലു പ്രമുഖ ബ്രാഹ്മണ – ഭൂമിഹാര്‍ നേതാക്കള്‍ മാറിനിന്നതില്‍ നിന്നും ഈ അമര്‍ഷം വ്യക്തമായിരുന്നു.

 

അഭിപ്രായവോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നതരത്തില്‍ ഒരു വിജയം ബീഹാറില്‍ ബിജെപിക്ക് പ്രതീക്ഷിക്കാന്‍ കഴിഞ്ഞേക്കും. അതിനുവേണ്ടി ദളിത്‌-പിന്നോക്കസമുദായങ്ങളുടെ പിന്തുണ നേടണമെന്ന് മാത്രം. നരേന്ദ്രമോദി തന്നെ ഒരു പിന്നോക്കസമുദായാംഗമാണ്. സമുദായങ്ങളുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ ലോക്കല്‍ മുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന് ബിജെപി മനസിലാക്കിക്കഴിഞ്ഞു.

 

 

മേല്‍ജാതിക്കാര്‍, പാസ്വാന്‍ പക്ഷക്കാരായ ദളിതര്‍ (ജനസംഖ്യയുടെ ആറുശതമാനം വരും ഇവര്‍), ഒരു ഭാഗം പിന്നോക്കവര്‍ഗ്ഗക്കാര്‍ എന്നിവരെ മുന്‍നിറുത്തി ഒരു സാമൂഹിക സമവാക്യം ബിജെപി ഒരുക്കിക്കഴിഞ്ഞു.

 

നിതീഷാണോ ലാലുവാണോ ബിജെപിക്ക് പ്രധാനഎതിരാളിയാവുക എന്നതാണ് ഇനിയുള്ള ചോദ്യം. പിന്നോക്കസമുദായക്കാര്‍ പലവഴി പിരിഞ്ഞതുകൊണ്ട് രണ്ടുനേതാക്കളും പതിനാറുശതമാനം വരുന്ന മുസ്ലിം സമുദായത്തെയാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

 

ബിജെപിയുമായി കൂട്ടുപിരിഞ്ഞതോടെ ബീഹാറിലുള്ള ഏക സെക്കുലര്‍ നേതാവ് താനായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാനാണ് നിതീഷിന്റെ ശ്രമം. തന്റെ സെക്കുലര്‍ ഗുണങ്ങള്‍ പലവട്ടം തെളിഞ്ഞതാണെന്നും അതില്‍ കറ പുരളാത്തതാണെന്നും ലാലുവും പറയുന്നു. കോണ്‍ഗ്രസ് ഒപ്പമുള്ളത് കൊണ്ട് മുസ്ലിം വോട്ടുകള്‍ തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് ആര്‍ജെഡി നേതാക്കളുടെ പ്രതീക്ഷ.

 

മുസ്ലിം വോട്ടുകള്‍ എങ്ങോട്ടുപോകും എന്നതനുസരിച്ചാണ് ലാലുവിന്റെയും നിതീഷിന്റെയും ഭാവി. മുസ്ലിം വോട്ടുകള്‍ നേടാനായാല്‍ ഒപ്പമുള്ള യാദവ് ഇതര പിന്നോക്കസമുദായങ്ങളും പാസ്വാന്‍ ഇതര ദളിതുകളും (ഇവരെ മഹാദളിത്‌ എന്ന് പുതിയ പേരും ഇട്ടിട്ടുണ്ട്) ഒപ്പമുള്ള നിതീഷാവും പ്രമുഖസ്ഥാനത്ത് എത്തുക.

 

എന്നാല്‍ ഒരു ഉള്‍ക്കാഴ്ചയുണ്ടാക്കുന്നതില്‍ നിതീഷ് പരാജയപ്പെട്ട മട്ടാണ്. നിതീഷിന്റെ എട്ടു വര്‍ഷം നീണ്ട ഗവണ്മെന്റിനെതിരെ എതിര്‍പ്പുകളുണ്ട്, ബിജെപിയുമായുണ്ടായ അഭിപ്രായഭിന്നതകളും ജെഡിയുവില്‍ പ്രശ്നങ്ങള്‍ തീര്‍ത്തിട്ടുണ്ട്.

 

 

ലോകസഭാ ഇലക്ഷന്റെ രാഷ്ട്രീയ, സാമൂഹിക പരിതസ്ഥിതികള്‍ മനസിലാക്കാന്‍ പറ്റിയ ഇടമാണ് ബീഹാര്‍.

 

പിന്നോക്കസമുദായങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന ലാലുവും നിതീഷും പരസ്പരവും “വര്‍ഗീയ”ബിജെപിക്കെതിരെയും മത്സരിക്കുന്നു. ഈ രണ്ടുപേരുടെ മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ വോട്ടുംകൊണ്ട് പോകാനാകുമോ എന്ന ശ്രമത്തിലാണ് ബിജെപി.

 

ബീഹാറിലെ ജാതി സമവാക്യങ്ങള്‍ ഇങ്ങനെയാണ്

 

യാദവ് – 14.7

മുസ്ലീങ്ങള്‍ – 16.5

മേല്‍ജാതിക്കാര്‍ – 15

കുര്‍മി – 5

കോയിരി – 6.4

ബനിയ – 7.2

മഹാദളിത് – 14.1

ഏറ്റവും പിന്നോക്കക്കാര്‍ – 24

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍