UPDATES

കേരളം

എറണാകുളം തോമസ് മാഷിന് \’ആപ്പ\’ടിക്കുമോ?

കെ.ജി.ബാലു
 
ഇന്നലെ വരെ മാഷായിരുന്നു എറണാകുളത്തുകാരുടെ സ്വന്തമാള്. ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലത്. 1984 മുതലുള്ള പഴക്കമുണ്ടതിന്. പക്ഷേ ഇന്നിപ്പോ അങ്ങനെയാണോയെന്ന് എറണാകുളത്തുകാരോടൊന്നൂടെ ചോദിച്ചാല്‍ ഒന്നു മടിച്ചശേഷമേ ഉത്തരമുണ്ടാകൂ. 1984 ലാണ് ആദ്യമായി ലീഡറുടെ കൈപിടിച്ച് കുറുപ്പശ്ശേരി വര്‍ക്കി തോമസ് എന്ന പ്രഫ. കെ.വി.തോമസ് എറണാകുളത്ത് മത്സരിക്കുന്നത്.
 
കുമ്പളങ്ങിക്കാരനായ പ്രഫസര്‍, കരുണാകര കടാക്ഷത്താല്‍ 1984, 1989, 1991 തെരഞ്ഞെടുപ്പുകളില്‍ എറണാകുളത്തിന്റെ സ്വന്തമാളായി. 1996-ല്‍ പക്ഷേ, സേവ്യര്‍ അറയ്ക്കലിനെയായിരുന്നു എറണാകുളത്തുകാര്‍ വിജയിപ്പിച്ചത്. ഈ തോല്‍വിയോടെ പ്രഫസര്‍ ദേശീയ രാഷ്ട്രീയ സേവനം ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയ സേവനം തുടര്‍ന്നു.
 
പിന്നീട് ‘സോണിയ പ്രിയങ്കരി’ എന്ന പുസ്തകമെഴുതി, 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ‘കണ്ണിലുണ്ണി’യായിരുന്ന ഹൈബി ഈഡനെ വെട്ടി തന്റെ സീറ്റുറപ്പിച്ചു. വിജയത്തുടര്‍ച്ചയില്‍ ഭക്ഷ്യ വകുപ്പിലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം. ഭക്ഷ്യ സുരക്ഷാ ബില്‍. ഇതിനിടയിലെവിടെയോ മാഷ് മണ്ഡലം മറന്നു.
 
ഇന്ന് 2014 ല്‍ സ്വന്തം മണ്ഡലത്തില്‍ നിന്നും ആറാം തവണ, അഞ്ചാം വിജയം തേടി പാര്‍ലമെന്റിലേക്ക് തോമസ് മാഷ് ജനവിധിതേടുന്നത് വികസന നായകനെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ്. വികസനം ഫ്ളക്‌സ് ബോര്‍ഡിലൂടെ എന്ന നിലയില്‍ എറണാകുളത്തിന്റെ മുക്കിലും മൂലയിലും ചിരിച്ചിരിക്കുന്ന കെ.വി.തോമസാണ് നിറഞ്ഞു നില്‍ക്കുന്നത്.
 
 
വല്ലാര്‍പാടവും ഫ്‌ളൈ ഓവറുകളും ഭക്ഷ്യസുരക്ഷയും എന്നുവേണ്ട മുക്കിയതും മൂളിയതുമായ എല്ലാ ഉദ്ഘാടനവും കുത്തിനിറച്ച് മാഷിറക്കിയ ‘ജനപക്ഷ’മാകട്ടെ അബദ്ധ പഞ്ചാംഗമായിമാറി. വര്‍ഷങ്ങള്‍ പഴകിയ ഉദ്ഘാടനങ്ങളും, മാഷ് തന്നെ ‘ഉദ്ഘാടിച്ച’തിന്റെ പിറ്റെന്ന് തകര്‍ന്ന ‘പഞ്ചവടി’ പാലങ്ങളും മാഷിന്റെ വികസനരേഖയിലിടം കണ്ടു. വികസന നായകന്‍ ഭക്ഷ്യ സുരക്ഷാ ബില്ലിനെകുറുച്ച് മണ്ഡലത്തില്‍ കവലപ്രസംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആന്ധ്രയില്‍ നിന്നും വല്ലാര്‍പാടത്തെത്തിയ 400 ടണ്‍ റേഷനരി ‘മറികൂലിത്തര്‍ക്കം’ കാരണം കരകാണാതെ കിടന്നത് പത്ത് പതിനഞ്ച് ദിവസം. രാജ്യത്തിന്റെ ഭക്ഷ്യ മന്ത്രിക്ക് തന്റെ മണ്ഡലത്തിലെ വര്‍ഷം മുഴുവനുമുള്ള കുടിവെള്ള പ്രശ്‌നത്തില്‍ ഉത്തരമില്ലാതെ പോകുന്നത് തീരദ്ദേശവാസികളുടെ എതിര്‍പ്പുകൂട്ടുന്നു. 
 
ഇങ്ങനെയൊക്കെയാണെങ്കിലും, വൈപ്പിന്‍ ഒഴികെയുള്ള ആറ് നിയമസഭാമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ഭരണനേട്ടം വോട്ടായിമാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മാഷ്.
 
സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കുന്ന എല്‍.ഡി.എഫ് തന്ത്രത്തിന്റെ വിപ്ലവകരമായ തീരുമാനമായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ എറണാകുളം സ്ഥാനാര്‍ഥിത്വം. പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി നേതാവും തമ്മിലെ ശീതസമരത്തില്‍ ഏറ്റവും നാണക്കേടുണ്ടാക്കിയ എറണാകുളം ജില്ലാ കമ്മിറ്റി, തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയില്‍ മുഖംമിനുക്കിയെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തേത്തുടര്‍ന്നുണ്ടായ ഞെട്ടലില്‍നിന്ന് ഇനിയും മുക്തരായിട്ടില്ലെന്നുവേണം കരുതാന്‍.
 
 
1973 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ.എ.എസ്സ് ഓഫീസര്‍, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി എന്നിവയൊക്കെയായിരുന്നെങ്കിലും ആള്‍ക്കൂട്ട ദാരിദ്ര്യം ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന പഴയ കോണ്‍ഗ്രസ് ഭക്തനായ ഐ.എ.എസ് ഉദ്ദ്യോഗസ്ഥന്റെ പ്രചരണത്തിലുടനീളം പ്രകടമാണ്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാവാനുള്ള ഒരു വഴിയും അദ്ദേഹത്തിന്റെ ബ്യൂറോക്രാറ്റിക്ക് ബുദ്ധിയില്‍ തെളിഞ്ഞിട്ടില്ലെന്നു വേണം കരുതാന്‍.
 
ഇതിനൊക്കെപ്പുറമേയാണ് കെ.വി.തോമസിന്റെ ‘എല്‍.ഡിഎഫ് നേമിനി’യാണെന്നുള്ള ചീത്തപ്പേരും. മാഷിന്റെ കൈപ്പത്തിക്കെതിരെ ടെലിവിഷന്‍ ചിഹ്നത്തില്‍ അദ്ദേഹം ‘കുത്തു’ വാങ്ങും. എറണാകുളത്തിന്റെ തീരപ്രദേശങ്ങളില്‍ ലത്തീന്‍ കത്തോലിക്കാ സമുദായത്തിനുള്ള പ്രമുഖ്യം ഇത്തവണ സുഹൃത്തുക്കള്‍ പങ്കിട്ടെടുക്കും.
 
ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ എറണാകുളത്ത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ തവണ തോമസ് മാഷി(3,42,845)നോടും സിന്ധു ജോയി(3,31,005)യോടും പോരാടി 52,968 പേരുടെ പിന്തുണ നേടിയിരുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് ഇത്തവണയും വിജയിക്കാനാകില്ലെങ്കിലും ഒരുലക്ഷത്തിനടുത്ത് വോട്ടുകള്‍ തന്റെ അക്കൗണ്ടിലേക്ക് മറിച്ച് താമരയുടെ മോഡി കൂട്ടാന്‍ കഴിയും. അതിനായി തന്റെതായ പോക്കറ്റുകളില്‍ അവസാനവട്ട കറക്കത്തിലാണ് അദ്ദേഹം.
 
പരമ്പരാഗത പാര്‍ട്ടികളുടെ ഹൃദയങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തി കടന്നുവന്ന ആം ആദ്മി പാര്‍ട്ടി കേരളത്തിലെ മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എറണാകുളത്ത് ശക്തമായ മത്സരത്തിന് രണ്ടും കല്‍പ്പിച്ചാണ്. ഭരണക്കൊഴുപ്പില്‍ കോണ്‍ഗ്രസും മോദിയുടെ മേദസ്സില്‍ ബി.ജെ.പിയും പാര്‍ട്ടിക്കരുത്തുള്ളയിടങ്ങളില്‍ സി.പി.എമ്മും പരമ്പരാഗതമായി ഏറ്റുമുട്ടുന്ന പാട്ടുമത്സരത്തിലേക്കാണ് ഒരു കൈ നോക്കാന്‍ കെജ്രിവാള്‍ ആം ആദ്മിയുമായെത്തിയത്. 
 
ഡല്‍ഹിയിലെ വിജയത്തെ തുടര്‍ന്ന് എറണാകുളത്ത് കേജ്രിവാളിന്റെ ചൂലെടുത്തത് പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിതാ പ്രതാപ്. യുദ്ധമാണ് അനിതാ പ്രതാപിന്റെ താല്പര്യ വിഷയം. എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി ആദ്യമായി അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തക. താലിബാന്റെ കാബൂള്‍ ആക്രമണ റിപ്പോര്‍ട്ടിംഗ്. സി.എന്‍.എന്നിന്റെ ബ്യൂറോ ചീഫ്. ഇതിനൊക്കെ പുറമേ ആം ആദ്മിയുടെ പിന്‍ബലവും. യുവാക്കളോടും മുതിര്‍ന്ന വോട്ടര്‍മാരോടും ഒരേ ആവേശത്തോടെ സമീപിക്കുന്ന അനിത, വോട്ടര്‍മാരില്‍ ആവേശം വിതറിയാണ് മണ്ഡലപരിയടനം നടത്തുന്നത്. 
 
 
സമീപ കാലത്ത് ദേശീയ രാഷ്ട്രീയം ഏറെ ശ്രദ്ധിച്ച എ.എ.പിയെ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നതൊഴിവാക്കിയാല്‍ എ.എ.പി.യുടെ ഗ്രാഫ് ഉയര്‍ന്നതാണ്. കേരളത്തിലെ മറ്റുമണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മദ്ധ്യവര്‍ഗ്ഗ വോട്ടുകളും യുവാവേശവും എറണാകുളത്ത് എ.എ.പിക്കൊപ്പം നില്‍ക്കാനുള്ള സാദ്ധ്യതയേറെയാണ്. പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയില്ലെങ്കിലും 1,06,987 കന്നിവോട്ടര്‍മാരില്‍ ചലനമുണ്ടാക്കാന്‍ എ.എ.പിക്ക് സാധിക്കും. അതോടൊപ്പം രണ്ടുവള്ളത്തിലും അഞ്ചഞ്ചു വര്‍ഷംകൂടുമ്പോള്‍ മാറി മാറി ചവിട്ടുന്നതില്‍ നിന്നും മാറി മൂന്നാമതൊരു വള്ളത്തില്‍ ചവിട്ടാനുള്ള സാധ്യതകൂടിയാണ് കേരളത്തില്‍ എ.എ.പി തുറന്നിടുന്നത്.
 
സമരമുഖങ്ങള്‍ എറണാകുളം മണ്ഡലത്തില്‍ കുറവല്ല. മൂലമ്പള്ളി, ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സമരങ്ങള്‍, കുടിവെള്ള സമരങ്ങള്‍ തുടങ്ങിയ ജനകീയ സമരമുഖങ്ങളെല്ലാം പുത്തന്‍ പ്രതീക്ഷയെന്ന നിലയില്‍ ആം ആദ്മിയെ സമീപിക്കുന്നതും ആപ്പിന്റെ വോട്ടെണ്ണം കൂട്ടുകയെയുള്ളൂ. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പാളയത്തില്‍ നിന്നായിരിക്കും ഈ കൊഴിഞ്ഞു പോക്കെന്നത് എറണാകുളത്തിന്റെ തെരഞ്ഞെടുപ്പ് ചൂട് മീനച്ചൂടിനും മേലെ നിര്‍ത്തുന്നു. തോമസ് മാഷ് മണ്ഡലത്തില്‍ നിന്ന് പതിവിലുമേറെ വിയര്‍ക്കുന്നു. 
 
ഇതിനൊക്കെ പുറമേയാണ് കഴിഞ്ഞ തവണ തോമസ് മാഷിനൊപ്പം നിന്ന ഒന്നരലക്ഷം വരുന്ന കുടുംബി സമുദായം കുടം ചിഹ്നത്തില്‍ കെ.വി.ബാലകൃഷ്ണനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി നിര്‍ത്തിയതും. മറ്റ് സ്ഥാനാര്‍ഥികള്‍ : കാര്‍ത്തികേയന്‍ (ബി.എസ്.പി- ആന), എം.കെ.കൃഷ്ണന്‍ കുട്ടി ( സി.പി.ഐ.(എം.എല്‍ – അരിവാള്‍ ), ചന്ദ്രഭാനു (എസ്.ആര്‍.പി – ടെലിഫോണ്‍), ഡെന്‍സില്‍ മെന്‍ഡസ് (ജെ.ഡി.(യു) – അമ്പ്), സുള്‍ഫിക്കര്‍ അലി (എസ്.ഡി.പി.ഐ – സീലിംഗ് ഫാന്‍), അനില്‍ കുമാര്‍ (സ്വതന്ത്രന്‍ – ഗ്യാസ് സിലിണ്ടര്‍), കിഷോര്‍ (സ്വതന്ത്രന്‍ – ഷട്ടില്‍), ജൂനോ ജോണ്‍ ബേബി (സ്വതന്ത്രന്‍ – ഐസ് ക്രീം), എന്‍.ജെ. പീയൂസ് (സ്വതന്ത്രന്‍ – ഓട്ടോ റിക്ഷ), രജനീഷ് ബാബു (സ്വതന്ത്രന്‍ – ക്യാമറ), പി.ടി. രാധാകൃഷ്ണന്‍ (സ്വതന്ത്രന്‍ – ബാറ്റ്) എന്നിവരാണ്. 
 
ഇതിനെല്ലാം പുറമേ യോദ്ധാക്കളെ ഭയപ്പെടുത്തുന്ന ഒരു ഒളിയമ്പ് യുദ്ധക്കളത്തില്‍ കാത്തിരിപ്പുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘നോട്ട’. പ്രത്യേകിച്ചൊരു നേട്ടവുമില്ലെങ്കിലും ഒളിഞ്ഞിരുന്ന് ഒരാളെയെങ്കിലും വീഴ്ത്താന്‍ കഴിഞ്ഞാല്‍ ഇവനൊരു നേട്ടം തന്നെ. മെയ് 10 ന് എറണാകുളത്തെ തെരഞ്ഞെടുപ്പു ഫലത്തില്‍ നോട്ടയ്ക്കിത്തിരി വീര്യം കൂടിയോ എന്ന് തോന്നിയാല്‍ ഭയപ്പെടേണ്ടതില്ല. കാരണം ഇവിടെ അവന്റെ കിടപ്പങ്ങനെയാണ്.
 
ഒരു ബാലറ്റ് മെഷീനില്‍ 16 സ്ഥാനാര്‍ഥികളയെ കൊള്ളൂ. എറണാകുളത്ത് 16 സ്ഥാനാര്‍ഥികള്‍. 17 -മനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വന്തം പ്രതിനിധി നോട്ട. അവനുമാത്രമായി പുതുയൊരു ബാലറ്റ് മെഷീന്‍. എറണാകുളത്തെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍…  നേട്ടമൊന്നുമില്ലാത്ത നോട്ട ഒറ്റയ്ക്ക്. എന്നാപ്പിന്നങ്ങോട്ട് കുത്തല്ലേ… അത്ര തന്നെ! 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍