UPDATES

കേരളം

സൂര്യനെല്ലി: തലതാഴ്‌ത്തേണ്ടത് കുറ്റവാളികളാണ്‌

ജ്യോതി നാരായണന്‍ 
 
സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കേരളാ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.റ്റി ശങ്കരനും ജസ്റ്റിസ് ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ വിധി നനന്മയും സാമൂഹ്യനീതിയും ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. പ്രതികള്‍ക്ക് കിട്ടിയ ശിക്ഷയേക്കാള്‍ പ്രാധാന്യം തോന്നിയത് വിധിന്യായത്തില്‍ ഈ പ്രശ്‌നത്തില്‍ കാണിച്ച യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനമാണ്. ഇത് പെണ്‍കുട്ടിയുടെ കുറ്റമല്ലെന്നും ചതിയില്‍ പെടുത്തുകയായിരുന്നുവെന്നും ഒരു പെണ്‍കുട്ടിക്ക് ഇത്തരം ആസൂത്രിതവും സംഘടിതവുമായ സാഹചര്യങ്ങളില്‍ നിന്ന് സ്വയം രക്ഷപെട്ടു പോകാനാവില്ലെന്നും ബോധ്യപ്പെടുത്തുന്നു. ആരോഗ്യാവസ്ഥ, മരുന്ന്, മാനസികാവസ്ഥ, ഭീഷണി… നിരവധി ഘടകങ്ങളാണ് പരിഗണിക്കേണ്ടത്. 
 
ഇത്തരം കേസുകളില്‍ അതിക്രമത്തിന് ഇരയാക്കപ്പെട്ടവരുടെ സാഹചര്യങ്ങളില്‍ നിന്ന് നിയമം വ്യാഖ്യാനിച്ചാല്‍ മാത്രമേ നീതി നടപ്പാക്കാനാവൂ. അതുകൊണ്ട് ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഈ കോടതി വിധിക്ക് വലിയ പ്രാധാന്യമുണ്ട്. ഇതുപോലത്തെ നിരവധി കേസുകളില്‍ വിധി പറയാനിരിക്കുന്ന സാഹചര്യത്തില്‍ ഇത് ഒരു ഒറ്റപ്പെട്ട വിധി (വിധിന്യായമെന്നത് ഒരു ഭാഗ്യപരീക്ഷണത്തിനപ്പുറം) ആകാതെ പൊതുസമൂഹവും വിധിപറയാനിരിക്കുന്ന വിധികര്‍ത്താക്കളും ഈ നീതിബോധം ഉള്‍ക്കൊള്ളേണ്ടതുണ്ട്. 
 
 
പെണ്‍കുട്ടി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ ദിവസങ്ങളില്‍ മാത്രമല്ല, അതിനു ശേഷവും പെണ്‍കുട്ടിയും കുടുംബവും നിരവധി ഭീഷണികള്‍ക്കും ആരോപണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും കേസുകള്‍ക്കും, എന്തിന്, വിശ്വാസമനുസരിച്ചുള്ള ആരാധനാ വിലക്കിനു പോലും വിധേയരായി. അതുകൊണ്ടു തന്നെ ഇതുപോലെ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടവര്‍ മൗനം പാലിക്കുകയോ ഭീഷണിക്ക് വഴങ്ങി പിടിച്ചു നില്‍ക്കാനാകാതെ കൊല്ലപ്പെടലിനും ആത്മഹത്യക്കും കേസവസാനിപ്പിക്കുന്നതിനും നിര്‍ബന്ധിതമാകുന്നു. 
 
എന്നാല്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും കുടുംബവും സാമൂഹികവും സാമ്പത്തികവുമൊക്കെയായ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് മറ്റൊരു പെണ്‍കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാകരൂതെന്ന നിലപാടില്‍ കേസില്‍ ഉറച്ചു നിന്നു. ഇനി, കോടതി പോലും പെണ്‍കുട്ടി കുറ്റക്കാരിയല്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ‘സൂര്യനെല്ലി പെണ്‍കുട്ടി’ എന്നതു മാറ്റി സ്വയം രംഗത്തു വരേണ്ടിയിരിക്കുന്നു. ആത്മവിശ്വാസത്തോടെ സാമൂഹിക ജീവിതം നയിക്കണം, പൊതുസമൂഹത്തില്‍ നിന്ന് അവര്‍ക്കതിനുള്ള എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ട്. കുറ്റം ചെയ്തവരാണ്, അപമാനിതരാണ് തലതാഴ്‌ത്തേണ്ടത്. 
 
ഈ കോടതിവിധി ഡല്‍ഹിയിലെ  നിര്‍ഭയയ സംഭവത്തിന്റെ തുടര്‍ച്ചയും പശ്ചാത്തലത്തിലും പൊതുമാനസികാവസ്ഥയും കൂടി കണക്കിലെടുത്തു കൊണ്ടാകാം. എന്നാല്‍ ഇനി വിധി പറയാനിരിക്കുന്ന കേസുകളിലും മറ്റും ഈ സാഹചര്യമുണ്ടാകണമെന്നില്ല. പ്രത്യേകിച്ച് ഉന്നതര്‍ പ്രതികളായി വരുന്ന കേസുകളില്‍. ഏതെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോള്‍, വിധി പറയുമ്പോള്‍ മാത്രം പ്രതികരിച്ച് നിര്‍ത്തുന്നതാണ് നാം കാണുന്നത്. 
 
 
ഇപ്പോള്‍ കോടതികളില്‍, പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നിലനില്‍ക്കുന്ന കേസുകളിലെ പെണ്‍കുട്ടികളുടെ/ സ്ത്രീകളുടെ അവസ്ഥ എന്താണ്? അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണ്? അവരുടെ മുമ്പിലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. പീഡനത്തിന് ഇരയാക്കപ്പെടുന്നവര്‍ ഒറ്റയ്ക്കാണ്. കുറ്റവാളികള്‍ ശക്തരും സംഘടിതരുമാണ്. അതുകൊണ്ടു തന്നെ നിതാന്ത ജാഗ്രത നമുക്കാവശ്യമാണ്. 
 
വൈകിയും ഭാഗികമായും എങ്കിലും കിട്ടിയ ഒരു നീതി നമുക്ക് ആശ്വാസം പകരുമ്പോള്‍ മറ്റ് കേസുകള്‍ക്ക് ഇത് എങ്ങനെ മാര്‍ഗദര്‍ശനമാകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 
 
(പ്രമുഖ വനിതാ ആക്റ്റിവിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകയുമാണ്)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍