UPDATES

ഓഫ് ബീറ്റ്

ജനനേന്ദ്രിയ മുറിവുകള്‍ക്കെതിരെ

കര്‍ലാ ആഡം (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ലൈലാ ഹുസൈന്‍ മുറിനിറഞ്ഞിരിക്കുന്ന ബ്രിട്ടീഷ് നിയമനിര്‍മാതാക്കളുടെ മുന്നിലിരുന്ന് ആ ദിവസം ഓര്‍മ്മിക്കുകയാണ്. അന്നാണ് അവരുടെ കുടുംബത്തിലെ നാലുപേര്‍ ചേര്‍ന്ന് അവരെ ബലമായി പിടിച്ചുകിടത്തി ജനനേന്ദ്രിയം ബ്ലേഡ് ഉപയോഗിച്ച് ഛേദിച്ചത്.

“ഞാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു, ഇന്‍ജക്ഷന്‍, മുറിക്കുന്നത്, തുന്നുന്നത്, എല്ലാം”, അവര്‍ക്ക് ഏഴുവയസുണ്ടായിരുന്നപ്പോള്‍ സൊമാലിയയില്‍ വെച്ചുനടന്ന ഈ സംഭവം അവര്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.

ബ്രിട്ടനില്‍ സ്ത്രീ ജനനേന്ദ്രിയം ഛേദനം എങ്ങനെ തടയാനാകും എന്നതിനെപ്പറ്റി ബ്രിട്ടന്റെ ഹോം അഫയേര്‍സ് സെലക്റ്റ് കമ്മറ്റി നടത്തിയ ഒരു അന്വേഷണത്തോടാണ് ലൈല ഇങ്ങനെ പ്രതികരിച്ചത്. ക്രൂരമായ ഓര്‍മ്മകള്‍ പങ്കുവെച്ചതിലൂടെ അവരും മറ്റു സ്ത്രീകളും ഈ പ്രശ്നത്തെ നേരിടാന്‍ രാഷ്ട്രീയനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.
 

യൂറോപ്പിലുള്ള പലര്‍ക്കും ജനനേന്ദ്രിയം മുറിക്കല്‍ ചിന്തിക്കാനാവാത്ത ഒരു കാര്യമാണ്. അത് ദൂരെ എവിടെയെങ്കിലും നടക്കുന്ന കാര്യമായാണ് കരുതപ്പെടുന്നത്. ലോകമാകമാനം ജനനേന്ദ്രിയം ഛേദിക്കപ്പെടുന്ന 125 മില്യന്‍ സ്ത്രീകളില്‍ പലരും ആഫ്രിക്കന്‍-മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 

എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ആചാരം നടന്നുവരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ആണ് ഏറ്റവുമധികം ഇരകള്‍ ഇതെപ്പറ്റി സംസാരിച്ചിട്ടുള്ളത്.

“എന്നെപ്പോലെ ഒരു ലണ്ടന്‍ ആക്സന്റുമായി സംസാരിക്കുന്ന ഒരാള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ടയാളാകും എന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ പ്രയാസമുണ്ടാകാറുണ്ട്.”, ഒരു സൈക്കോതെറാപ്പിസ്റ്റ് ആയ മുപ്പത്തിമൂന്നുകാരി ലൈല പറയുന്നു. ബ്രിട്ടനില്‍ വിവാദമായിത്തീര്‍ന്ന “ദി ക്രുവല്‍ കട്ട്’ എന്ന ഡോക്യുമെന്‍ററിയില്‍ ലൈലയെപ്പറ്റി പരാമര്‍ശമുണ്ട്.
 

സ്ത്രീജനനേന്ദ്രിയത്തിന്റെ പുറത്തുള്ള ഭാഗം ഭാഗികമായോ പൂര്‍ണ്ണമായോ മുറിച്ചുനീക്കുകയാണ് ചെയ്യുന്നത്. അനസ്തേഷ്യ ഉപയോഗിക്കാതെ കത്തിയോ ബ്ലേഡോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതില്‍ ഏറ്റവും ഗുരുതരമായത് യോനിയുടെ തുറന്നഭാഗം പൂര്‍ണ്ണമായി തുന്നിച്ചെര്‍ക്കുന്ന ടൈപ് ത്രീ മുറിവുകളാണ്. ഇതിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മാനസികപീഡകള്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് മൂത്രാശയഅണുബാധ, ആര്‍ത്തവപ്രശ്നങ്ങള്‍, വന്ധ്യത എന്നിവയും മരണം പോലും സംഭവിക്കാറുണ്ട്. 

ബ്രിട്ടനില്‍ ഈ ആചാരം വ്യാപകമായി നടക്കുന്നു എന്നതിനെ തെളിവുകളൊന്നും ഇല്ല. മുപ്പതു വര്‍ഷത്തിലേറെയായി ഈ ആചാരം ബ്രിട്ടനില്‍ നിയമവിരുദ്ധമാണ്. ആക്റ്റിവിസ്റ്റുകള്‍ പറയുന്നത് ഇമിഗ്രന്റ് കുടുംബങ്ങള്‍ ഈ ചടങ്ങുനടത്തേണ്ട സമയമാകുമ്പോള്‍ കുട്ടികളെ അവരവരുടെ രാജ്യങ്ങളില്‍ കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചുമാറ്റിയശേഷം തിരികെ കൊണ്ടുവരികയാണ് പതിവെന്നാണ്.

എന്നാല്‍ ഈ ചടങ്ങു ഇവിടെയും നടക്കാറുണ്ടെന്ന് അധികൃതര്‍ കരുതുന്നു. കഴിഞ്ഞയാഴ്ച ജനനേന്ദ്രിയം മുറിച്ചുമാറ്റിയതിനു ബ്രിട്ടനില്‍ ആദ്യത്തെ കേസ് ചാര്‍ജുചെയ്തു. 2012ല്‍ ഒരു സ്ത്രീ പ്രസവിച്ചയുടന്‍ അവരില്‍ ഈ ക്രിയ ചെയ്തതിന്റെ പേരില്‍ ആരോപണമുള്ള ഒരു ഡോക്ടറും മറ്റൊരു പുരുഷനുമാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ബ്രിട്ടനിലും മറ്റുപലരാജ്യങ്ങളിലും ഇത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായാണ് കരുതപ്പെടുന്നത്. എന്നാല്‍ ഹൈറിസ്ക്ക് സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളും ഒരു മാറ്റത്തിനുവേണ്ടി മുറവിളികൂട്ടാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്.
 

ബ്രിട്ടനിലെ ആരോഗ്യമന്ത്രിയായ ജേന്‍ എല്ലിസന്‍ പറയുന്നു: “ഇത് പ്രശ്നമുള്ള വിഷയമാണ്, ഇതിനെപ്പറ്റി സംസാരിക്കാന്‍ പോലും ആരും തയ്യാറല്ല എന്ന് രാഷ്ട്രീയക്കാര്‍ക്ക് ഇനി പറയാന്‍ പറ്റില്ല. സ്ത്രീകള്‍ തന്നെ മുന്നോട്ടുവന്ന് “നിങ്ങള്‍ എന്തെങ്കിലും ചെയ്തേപറ്റൂ എന്നാണ് പറയുന്നത്.”

ഫഹ്മാ മൊഹമ്മദ്‌ എന്ന പതിനേഴുകാരിയായ ബ്രിട്ടീഷ് സോമാലിയന്‍ സ്ത്രീയാണ് ഈയിടെ സ്കൂളുകളില്‍ കട്ടിംഗ് സീസണ്‍ നടക്കുന്ന വേനലവധിക്കുമുന്‍പ് നടന്ന ബോധവല്‍ക്കരണശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്.

ഈ പെണ്‍കുട്ടിയെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാഭ്യാസ സെക്രട്ടറിയായ മൈക്കല്‍ ഗോവ് രാജ്യത്തെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഈ വിഷയത്തെപ്പറ്റി എഴുതി. പെണ്‍കുട്ടികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും അനുശാസിച്ചു.

“ഉന്നതാധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന മനുഷ്യര്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാണ്. ഇത് പ്രതീക്ഷ തരുന്നു.”, ഫഹ്മ പറയുന്നു.

വിദ്യാഭ്യാസസെക്രട്ടറി മുന്നോട്ടുപോയി കുട്ടികളെ ഈ വിഷയം പഠിപ്പിക്കണമെന്നും കുട്ടികളുടെ പ്രായത്തിനുയോജിച്ച വിധത്തില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്നുമാണ് ഫഹ്മ പറയുന്നത്.
എന്നാല്‍ ഈ ആശയത്തോട് പലര്‍ക്കും യോജിപ്പില്ല.

“നിങ്ങളുടെ നിഷ്ക്കളങ്കയായ ഒന്‍പതുവയസുകാരി ഒരു ദിവസം സ്കൂളില്‍ നിന്നുതിരിച്ചുവരുന്നത് സ്ത്രീ ജനനേന്ദ്രിയ മുറിപ്പെടുത്തലിനെപ്പറ്റിയുള്ള പേടിപ്പിക്കുന്ന അറിവുകളുമായിട്ടാണെങ്കില്‍ നിങ്ങള്‍ക്ക് എന്തുതൊന്നും? എനിക്ക് അത് സഹിക്കാന്‍ പറ്റില്ല.” ഡെയിലി മെയിലിലെ കോളമിസ്റ്റ് ആയ സാര വൈന്‍ പറയുന്നു.
 

നെതര്‍ലന്‍ഡ്‌സില്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ പല സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. ഫ്രാന്‍സില്‍ നൂറിലേറെ മാതാപിതാക്കളെയും ഈ ചടങ്ങുചെയ്യുന്നവരെയും ജയിലിലടച്ചുകഴിഞ്ഞു.

ഈ ആചാരം നിര്‍ത്തലാക്കാനായി ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ് 58 മില്യന്‍ ഡോളറാണ് ചെലവിടുന്നത്. ഈ വേനലില്‍ പ്രസിഡന്‍റ് ഡേവിഡ് കാമറൂണ്‍ ഈ വിഷയത്തില്‍ ഒരു ഉച്ചകോടി നയിക്കും. ഈ വിഷയത്തെപ്പറ്റി ഗവണ്‍മെന്‍റ് പുതിയ പഠനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടും. ഇപ്പോഴുള്ള വിവരങ്ങള്‍ 2001ലെ സെന്‍സസിനെ അധികരിച്ചുള്ളവയാണ്. പുതിയ കണക്കുകള്‍ ഇപ്പോഴുള്ളതിലും കൂടുതലായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ആഫ്രിക്കയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടായതാണ് കാരണം. ഇത്തരം കേസുകളുടെ ഒരു കേന്രീകൃത ഡാറ്റബേസുണ്ടാക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഹെല്‍ത്ത് സര്‍വീസ് ക്ലിനിക്ക് നടത്തുന്ന മിഡ്വൈഫ് ആയ ജൂലിയറ്റ് ആല്‍ബര്‍ട് പറയുന്നത് അവരുടെ ആശുപത്രിയില്‍ പ്രസവിക്കുന്ന പത്തുശതമാനം സ്ത്രീകളെങ്കിലും ടൈപ് ത്രീ ജനനേന്ദ്രിയമുറിവുള്ളവരാണ് എന്നാണ്.

“മിഡ്വൈഫുമാരുടെയും ഡോക്ടര്‍മാരുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടേയും പാഠപുസ്തകങ്ങളില്‍ ഇല്ലാത്ത ഒരു വിഷയമാണിത്. അത് പക്ഷെ ഉണ്ടാകേണ്ടതാണ്.” അവര്‍ പറയുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍