UPDATES

ഇന്ത്യ

ഇടതു ബദലിനെ ആര്‍ക്കാണ് പേടി?

1929 മുതല്‍ 1939 വരെ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ തകര്‍ന്നു കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇടതുപക്ഷ ആശയങ്ങള്‍ കടമെടുത്ത് കെയിന്‍സിന്റെ നിര്‍ദേശങ്ങളിലൂടെ മുതലാളിത്തം വളര്‍ന്നു. ഭരണകൂടത്തിന്റെ ഇടപെടലും പൊതുമേഖലയും പൊതുവിതരണവും യാഥാര്‍ഥ്യമാക്കിക്കെണ്ടാണ് മുതലാളിത്തം വളര്‍ന്നത്. അതുകൊണ്ടു തന്നെ തൊഴിലാളിക്കനുകൂലമായ നയങ്ങളും നിയമങ്ങളും ഉണ്ടായി. ഒപ്പം പ്രകൃതി സന്തുലനത്തിലൂന്നിയ പരിപാടികളും നടപ്പിലാക്കപ്പെട്ടു. ഈ സാമ്പത്തിക പരിസരത്തില്‍ അവകാശ പോരാട്ടങ്ങളും വളര്‍ന്നു വന്നു. സുരക്ഷിതത്വ ബോധവും സുരക്ഷിതത്വ നടപടികളും കുറെയൊക്കെ യാഥാര്‍ഥ്യമായി. ജീവിതവും ജോലിയും സുരക്ഷിതമായി. മനുഷ്യാവകാശ ചിന്തകളും പതുക്കെ പതുക്കെ വളര്‍ന്നു വന്നു. ട്രേഡ് യൂണിയന്‍ കൂടുതല്‍ ശക്തമായി. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് സാംസ്‌കാരിക മണ്ഡലവും മാറി. 
 
ഇടതുപക്ഷ ആശയപരിസരത്തില്‍ രചിക്കപ്പെട്ട കഥകളും കവിതകളും പോരാട്ട വീര്യത്തെ ജ്വലിപ്പിക്കുന്നവയായിരുന്നു. ‘ചോരതുടിക്കും ചെറുകൈയ്യുകളെ പേറുക വന്നീ പന്തങ്ങള്‍’ എന്ന കവിതാശകലം മേല്‍പ്പറഞ്ഞ ആശയ പരിസരത്തെ ഓര്‍മിപ്പിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാതെയും സമ്പത്തിന്റെ വിതരണത്തിലൂടെയും ഏറെക്കുറെ സന്തുലിതമായ ഒരു സാമൂഹിക സാഹചര്യം ഉണ്ടായി വന്നിരുന്നു. പക്ഷേ ഈ പശ്ചാത്തലത്തിലും വീണ്ടും മുതലാളിത്ത കമ്പോളം തകരാന്‍ തുടങ്ങി. 1970-കളുടെ മധ്യത്തില്‍ തകര്‍ച്ച പൂര്‍ണമായി. മുതലാളിത്ത കമ്പോളം തകര്‍ന്നു. മുതലാളിത്തത്തെ കുറിച്ചുള്ള ഇടതുപക്ഷ അഭിപ്രായം ശരിയാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി. 
 

ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്
 
ഇടതുപക്ഷ ദാര്‍ശനിക പശ്ചാത്തലത്തില്‍ മനുഷ്യന് ഗുണകരമായ പല മാറ്റങ്ങളും ഉണ്ടായി എന്നതാണ് 1940-കള്‍ മുതല്‍ 1980-കള്‍ വരെയുള്ള അനുഭവം. പക്ഷേ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ പശ്ചാത്തലത്തിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ നിന്നും പാഠം പഠിച്ച് മുതലാളിത്തം പുതിയ അടവുനയമായി മുന്നോട്ടു വന്നു. അതാണ് നവലിബറല്‍ നയം. ഈ നയത്തിന്റെ പരമമായ ലക്ഷ്യം മനസിന്റെ ഉള്‍ക്കോണുകളില്‍ നിന്നു പോലും ഇടതുപക്ഷ ദര്‍ശനത്തേയും നിലപാടുകളേയും തുടച്ചു മാറ്റുക എന്നതാണ്. 
 
മൂലധന താത്പര്യങ്ങളെ വളര്‍ത്താന്‍ സമത്വ ചിന്തകള്‍ക്ക് കഴിയില്ല എന്ന് മുതലാളത്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. തന്മൂ അരാഷ്ട്രീയതയും അരാജകത്വവും ഉപഭോഗതൃഷ്ണനയും സ്വാര്‍ഥതയും സ്വയംസുഖവും മറ്റും വികസിപ്പിച്ചെടുത്ത് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന വ്യവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ മൂലധനം തീരുമാനിച്ചതിന്റെ ഫലമാണ് ആഗോളവത്ക്കരണം. ധനമൂലധനത്തിന് വളരാനുള്ള പശ്ചാത്തലം വളരെ വികൃതവും ബീഭത്സവുമാണ്. 
 
ഇന്ത്യയും 1991 മുതല്‍ ഇത് നടപ്പാക്കി തുടങ്ങി. ഇടതുപക്ഷ ദാര്‍ശനിക മൂല്യങ്ങളെ മനുഷ്യ മനസുകളുടെ ഉള്‍ക്കോണുകളില്‍ നിന്നു പോലും പിഴുതെറിയാന്‍ പ്രബുദ്ധമായ സാംസ്‌കാരിക ചരിത്രമുള്ള ഇന്ത്യ പോലും തയാറായി. സാംസ്‌കാരിക മൂല്യത്തകര്‍ച്ച, പാരിസ്ഥിതിക തകര്‍ച്ച, വ്യക്തിമൂല്യങ്ങളുടെ തകര്‍ച്ച, കുടുംബങ്ങളുടെ തകര്‍ച്ച, സാമൂഹിക ബന്ധങ്ങളുടെ തകര്‍ച്ച, രാഷ്ട്രീയരംഗത്തെ മൂല്യച്യുതി എന്നിവയെല്ലാം മേല്‍പ്പറഞ്ഞ രീതിശാസ്ത്രത്തിന്റെ അനിവാര്യമായ ഉത്പന്നങ്ങളാണ്. മറ്റ് പ്രസിദ്ധമായ രാഷ്ട്രങ്ങളിലും ഇതുതന്നെ കാണാന്‍ കഴിയും. അഴിമതിയും സ്വജനപക്ഷപാതവും കള്ളപ്പണവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും സാമ്പത്തിക അസമത്വവും പകര്‍ച്ചവ്യാധികളും രോഗാതുരതയും ജല, ജൈവവൈവിധ്യ ചൂഷണവുമെല്ലാം ഉത്തമ ഉദാഹരണങ്ങളാണ്. 
 

പോള്‍ ക്രൂക്മാന്‍
 
ഇടതുപക്ഷ ദാര്‍ശനിക മൂല്യങ്ങളെ തുടച്ചുമാറ്റിക്കൊണ്ട് മൂലധാന വികാസത്തിന് കളമൊരുക്കിയിട്ടും മുതലാളിത്ത വ്യവസ്ഥ തകര്‍ന്നു എന്നതാണ് വസ്തുത. The price of Inequality എന്ന പുസ്തകം എഴുതാന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സിനെ പോലും പ്രേരിപ്പിച്ചു. ചരിത്രം കണ്ട ഏറ്റവും വലിയ സാംസ്‌കാരിക അധ:പതനത്തിലേക്ക് പ്രബുദ്ധമായിരുന്ന ഇന്ത്യയും എത്തിച്ചേര്‍ന്നു. വിശ്വപ്രസിദ്ധമായ മതനിരപേക്ഷതയ്ക്കു പോലും ക്ഷതമേറ്റു എന്നത് സാമൂഹിക സത്യം മാത്രമാണ്. മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ തകര്‍ക്കപ്പെടുന്നു. അതുകൊണ്ടാണ് ഇടതുപക്ഷ ബദല്‍ സമ്പദ്‌വ്യവസ്ഥയ്ക്കു മാത്രമേ സമത്വാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സാമൂഹിക ക്രമത്തെ പുന:പ്രതിഷ്ഠിക്കാന്‍ കഴിയൂ എന്ന് വിശ്വപ്രസിദ്ധനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പോള്‍ ക്രൂക്മാന്‍ പോലും പറയുന്നത്. 
 
ചരിത്ര സത്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ നിഗമനത്തില്‍ ബൗദ്ധികലോകമെത്തുന്നത്. ഫെഡറല്‍ സംസ്‌കാരത്തേയും മതനിരപേക്ഷതയേയും സത്യസന്ധതയേയും നീതിപൂര്‍വകമായ വിതരണത്തേയും പുന:പ്രതിഷ്ഠിച്ചു മാത്രമേ സര്‍വസമ്പന്നമെങ്കിലും തകര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയെ രക്ഷിക്കാനാവൂ എന്നതു കൊണ്ടുകൂടിയാണ് ഇടതുപക്ഷ ബദല്‍ ആവശ്യമായി വരുന്നത്. ആ ബദലിനു വേണ്ടി രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ കാതോര്‍ക്കുന്നുമുണ്ട്. 
 
 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍