UPDATES

ഓഫ് ബീറ്റ്

ഗര്‍ഭ നിരോധം ദൈവ നിഷേധമോ?

അല്ലിന്‍ ഗേസ്റ്റല്‍ (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

തിരക്കുപിടിച്ച തൊടിയിലെ മൂലയിൽ നിന്നും എൽ ഹഡ്ജി ഫാലി ഡയാലോ സമ്മത ഭാവത്തോടെ തന്റെ വലിയ കുടുംബത്തെ നോക്കി. അരക്കെട്ടിൽ കുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകൾ ഗംഭീരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നു. കുട്ടികൾ ഖുർആനിലെ വാക്യങ്ങൾ അസ്‌പഷ്‌ടമായി ഉരുവിടുന്നുണ്ട്.

“30 കുട്ടികളിൽ ചിലരെ പാടത്തേക്കും, മറ്റു ചിലരെ മാടുകളെ മേയ്ക്കാനും അയക്കാം, കുറച്ചുപേർക്ക് വിദേശത്തേക്കും പോകാം. ഇത്ര വലിയ കുടുംബം ഒരുപാട് സമ്പത്ത് കൊണ്ടു വരും, അതുകൊണ്ട് തന്നെ ഇങ്ങനെയൊരു കുടുംബം അധികാരത്തിന്റെ ചിഹ്നം കൂടിയാണ്.” തന്റെ മൂന്നു ഭാര്യമാരെയും മക്കളേയും സൂചിപ്പിച്ചുകൊണ്ട് 76 വയസ്സുള്ള ഗ്രാമത്തലവനായ ഡയാലോ പറഞ്ഞു.

വലിയ കുടുംബം പ്രധാന വേഷം കെട്ടിയാടുന്ന കാലം തെളിയിച്ച വിജയത്തിന്റെ നിര്‍വചനം ഡയാലോയുടെ കൈയിലുണ്ട്. പക്ഷെ ഈ മാതൃക കുടുംബങ്ങളുടെ വലുപ്പം കുറയ്ക്കാനും ഗര്‍ഭനിരോധ ഉപാധികളുടെ ഉപയോഗം വർദ്ധിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ പുതിയ പദ്ധതിയുമായി കൂട്ടിമുട്ടിയിരിക്കയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 120 മില്ല്യൻ പേർക്കെങ്കിലും 2020ൽ ഗര്‍ഭനിരോധ ഉപാധികൾ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആഗോള സംഘടനകളാണ് ഈ പദ്ധതിക്ക്  ചുക്കാൻ പിടിക്കുന്നത്.  
 

പദ്ധതിയെ പിന്തുണക്കുന്നവർക്ക് ഗര്‍ഭനിരോധനത്തിന്റെ ഗുണങ്ങൾ വളരെ വ്യക്തമാണ്: സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, സാമ്പത്തികമായ പ്രയോജനങ്ങൾ, ചെറിയ സന്തുഷ്ടമായ കുടുംബം. 

ചെറിയ കുടുംബം – അതുമൂലമുണ്ടാകാൻ പോകുന്ന ചെറിയ ജനസംഖ്യ എന്ന ന്യായീകരണം സ്ത്രീകളുടെ ഈ  ആരോഗ്യ പരിപാടിയെ മത നേതാക്കളുടെ ശത്രുവാക്കി മാറ്റുകയും അന്താരാഷ്ട്ര സഹായങ്ങളുടെ ഉദ്ദേശ ശുദ്ധിയിലുള്ള സംശയം വീണ്ടും നീറിപ്പിടിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഡയാലോവിനും അവരുടെ മകനും ഇമാമുമായ ഇബ്രാഹിമ ഡയാലോവിനും അവരുടെ വലിയ കുടുംബം വെറുമൊരു സാമ്പത്തികമായ വരദാനം മാത്രമല്ല, ധര്‍മ്മപ്രബോധകന്റെ ആജ്ഞ കൂടിയാണ്. 

“ജനസംഖ്യ അധികരിക്കുന്നതിനാൽ ജനനം നിയന്ത്രിക്കണമെന്ന് യൂറോപ്യൻമാർ പറയുകയാണെങ്കിൽ ഇസ്ലാമിന് അതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.  കാരണം നിങ്ങൾ എന്റെ ജനങ്ങളാണ്, പെറ്റുപെരുകുക” എന്നാണ് ദൈവം പറഞ്ഞത്. കുടുംബത്തെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ദൈവത്തിനാണ്. യൂറോപ്യൻമാർക്കൊരിക്കലും കുടുംബാസൂത്രണം കൊണ്ടുവന്ന് “നിങ്ങളുടെ ജന സംഖ്യ വളരെ വലുതാണ്‌, നിങ്ങളതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും എന്ന് പറയാൻ സാധിക്കില്ല”, യുവ ഇമാം ക്ഷോഭിച്ചു.  

സെനെഗലിലെ 13 മില്ല്യൻ ജനങ്ങളിൽ 94 ശതമാനവും മുസ്ലിംമുകളാണ് അതുകൊണ്ട് തന്നെ ഡയാലോയെപ്പോലുള്ള ഇമാമുകളുടെ ആശയങ്ങൾക്ക് അതിന്റെതായ സ്ഥാനമുണ്ട്. 

ഗര്‍ഭനിരോധ ഉപാധികൾ ഏറ്റവും കുറഞ്ഞ രീതിയിൽ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ മുൻപന്തിയിലാണ്. പ്രാദേശിക അക്ട്ടിവിസ്റ്റുകൾ കുടുംബാസൂത്രണത്തിനു വേണ്ടി പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിക്കുകയാണ്, ഇപ്പോളവരുടെ മിക്ക പരിപാടികളും അന്താരാഷ്ട്ര സംഘടനകളുടെ സഹായത്താലാണ് നടക്കുന്നത്.
 

സെനഗലീസ് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന സിഗ്ഗില്‍ ജീഗീന്‍ (Siggil Jigeen) രണ്ടു പതിറ്റാണ്ടായി കുടുംബാസൂത്രണത്തിനുവേണ്ടി വാദിക്കുന്നു, സംഘടനയുടെ ഡയറക്‌ടറായ Fatou Ndiaye Turpin പദ്ധതിയുടെ മോശം പുരോഗതിയിൽ നിരാശയാണ്. ഏറ്റവും പ്രധാനപ്പെട്ട പ്രതിബന്ധം ഇസ്ലാമും ഗര്‍ഭനിരോധനത്തിന് പാര്‍ശ്വഫലമുണ്ടെന്ന കിംവദന്തിയുമാണ്‌. 

“ഗര്‍ഭനിരോധത്തെ മതം അനുകൂലിച്ചാൽ പിന്നെ യാതൊരു പ്രശ്നവുമുണ്ടാവില്ല” അവർ പറഞ്ഞു. 

സ്ത്രീകളുടെ ആരോഗ്യവും കുട്ടികളുടെ സംരക്ഷണവും അനിവാര്യമാണെന്ന് പറയുന്ന ഖുർആൻ വചനങ്ങൾ എടുത്തു കാട്ടി ഗര്‍ഭനിരോധത്തിന്  മതപരമായ ന്യായീകരണം നൽകുന്നതിനു വേണ്ടി സിഗ്ഗിൽ ജിഗിൻ ഇമാമുകളുടെ കൂടെയാണ് സാധാരണ പ്രവർത്തിക്കുന്നത്. “ഇത് ഖുർആനിൽ വിലക്കപ്പെട്ടതാണെന്ന് പുരുഷന്മാരാണ് പൊതുവെ വാദിക്കാറുള്ളത്, സ്ത്രീകൾക്ക് ആ പുസ്തകത്തിൽ എന്താണുള്ളതെന്നതിനെക്കുറിച്ച് യാതൊരറിവുമില്ല”, ടർപിൻ പറഞ്ഞു.
 

സെനഗലീസ് മൂല്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശക്തികളുടെ തോഴിയെന്ന ചീത്തപ്പേര് ടർപിനുണ്ട്. “ചിലർ ഞങ്ങളുടെ ലക്ഷ്യം മനസ്സിലാക്കാൻ ശ്രമിക്കും, പക്ഷെ അന്താരാഷ്ട്ര സംഘടനകൾ ഞങ്ങളെ സഹായിക്കുന്നു എന്ന ഒരേയൊരു കാരണത്താൽ മിക്കവരും ഇതിനെ രാജ്യത്തിനു പുറത്തു നിന്നുള്ള കടന്നുകയറ്റമായി കണക്കാക്കുന്നു”, ടർപിൻ പറഞ്ഞു. 

കഴിഞ്ഞ നവംബറിൽ എത്യോപ്യയിലെ ആഡിസ് അബാബയിൽ വെച്ച്  നടന്ന ആഗോള കുടുംബാസൂത്രണ സമ്മേളനത്തിലെ നിരവധി സെഷനുകള്‍ ജനസംഖ്യാ വർദ്ധനവിലുണ്ടായ കുതിച്ചു കയറ്റത്തെ സംബന്ധിച്ചതായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയും സഹേൽ പ്രദേശവും അതിന്റെ പ്രധാനപ്പെട്ട ഇരയാണെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. 2050 ആകുമ്പോഴേയ്ക്കും ജനസംഖ്യ മൂന്നു മടങ്ങ്‌ വർദ്ധിച്ച് ഇപ്പോഴുള്ള ഭക്ഷണ ക്ഷാമത്തെ മരണക്കിണറിലേക്ക് തള്ളിയിട്ട് 300 മില്ല്യനിലെത്തി നിൽക്കുമെന്നാണ് കണക്കുകൾ പ്രവചിക്കുന്നത്.  

ആരോഗ്യ മന്ത്രാലയത്തിലെ റീപ്രൊഡക്റ്റീവ് ഹെൽത്ത്‌ വിഭാഗത്തിന്റെ തലവനായ ബോകർ ഡാഫ് പറഞ്ഞു, “തന്റെ ലക്‌ഷ്യം ജനങ്ങളുടെ ആരോഗ്യമാണ്, കുറഞ്ഞ ജനന നിരക്ക് സുരക്ഷ, സ്കൂൾ, വൈദ്യുതി, എന്നിവയെ കാര്യമായി ബാധിക്കും, ജന സംഖ്യയുടെ കാര്യത്തെക്കുറിച്ചാണെങ്കിൽ ജനന നിരക്ക് കുറക്കലല്ല പ്രശ്നം പരിഹരിക്കാനുള്ള ശരിയായ മാർഗമെന്നാണെനിക്ക് തോന്നുന്നത്.”

പക്ഷെ സാമ്പത്തിക മന്ത്രാലയത്തിലുള്ള പോപ്പുലേഷൻ ആൻഡ്‌ ഡിവെലെപ്മെന്റ് വിഭാഗത്തിലെ ലാൻഫിയ ഡയാന് തന്റെ അഭിപ്രായത്തിൽ നല്ല വ്യക്തതയുണ്ടായിരുന്നു. “ജനസംഖ്യ വികസനത്തിന്റെ അടിത്തറയായിരിക്കണം, ഒരു സ്ത്രീക്ക് അഞ്ചു കുട്ടികളോ? ഭൂമിയിലെ ഒരു രാജ്യവും ഇത്തരത്തിൽ വികസിച്ചിട്ടില്ല”.
 

എന്നാല്‍ ഡയാലോയുടെ കളിമുറ്റത്ത് ഇതുപോലുള്ള വിശകലനങ്ങൾ വെറുമൊരു കളിക്കൊപ്പായി മാറും. “സെനഗലിൽ ഞങ്ങൾ ഐക്യദാര്‍ഢ്യത്തിലാണ് ജീവിക്കുന്നത്; നിങ്ങളുടെ സഹായത്തിനു വേണ്ടി എല്ലാവരും ഓടി വരും, പൂര്‍ണ്ണ ഐക്യത്തോടെ കഴിയുന്ന ജങ്ങൾക്ക് വലിയൊരു ജനതയെ പോറ്റാനാവും”, ഡയാലോ പറഞ്ഞു. 

തൊഴിലാളികളേക്കാൾ കൂടുതൽ അവരെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ടാകുമ്പോൾ ഉടലെടുക്കുന്ന സാമ്പത്തിക ഞെരുക്കം കുടുംബാസൂത്രണ ആക്ടിവിസ്റ്റുകൾ പൊതുവെ ഉയർത്തിക്കാട്ടാറുള്ളതാണ്. പക്ഷെ കുടുംബത്തിന്റെ വലിപ്പത്തിലുള്ള ശ്രദ്ധ ഗര്‍ഭനിരോധ പദ്ധതികളെ ജനസംഖ്യാ നിയന്ത്രണവുമായി(അനിസ്ലാമികം) ബന്ധപ്പെടുത്തുമെന്ന് മതനേതാക്കൾ ഭയപ്പെടുന്നു. 

“കുടുംബാസൂത്രണം പ്രത്യുല്‍പാദനാരോഗ്യത്തിനോ,കുട്ടികൾ തമ്മിലുള്ള ഇടവേളക്കുവേണ്ടിയോ അല്ലെങ്കിൽ സ്ത്രീകളുടെ നന്മയ്ക്കുവേണ്ടിയോ അല്ല, അത് ജനനം നിയന്ത്രിക്കാൻ വേണ്ടിയാണ്”. കുടുംബാസൂത്രണത്തിന്റെ വിമര്‍ശകനും തലസ്ഥാനമായ ദാക്കറിലുള്ള ടെലിവിഷൻ ചാനലുകളിലെ താരവുമായ ഇമാം അഹമദ് ഡായായ് പറഞ്ഞു. 

ഗര്‍ഭനിരോധനത്തെക്കുറിച്ച്  പരസ്പരം പകരുന്ന വിവരത്താലും ഗവണ്മെന്റ് റേഡിയോ അറിയിപ്പുകൾ, കമ്മ്യൂണിറ്റി ആരോഗ്യ പ്രവർത്തകർ എന്നിവ കാരണവും പതുക്കെപ്പതുക്കെ സെനഗലീസ് സ്ത്രീകൾ സ്വയം കുടുംബാസൂത്രണത്തിനുവേണ്ടി സന്നദ്ധരാവുന്നുണ്ട്. 
 

ആരോഗ്യ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഡയാലോ താമസിക്കുന്ന കോംപെന്‍റോം (Koumpentoum) ജില്ലയിലെ 4.7 ശതമാനം സ്ത്രീകൾ മാത്രമാണ് കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങൾ ഉപയോഗിക്കുന്നത്. ഇവരിൽ മിക്കപേരും ഭർത്താക്കന്മാരിൽ നിന്നും മറച്ചു വെച്ചാണ് ഉപയോഗിക്കുന്നതെന്നാണ് പ്രസവശുശ്രൂഷികമാർ പറയുന്നത്.    

ഡയാലോ കുടുംബത്തിന്റെ തൊട്ടടുത്ത ഗ്രാമത്തിൽ താമസിക്കുന്ന 40 കാരിയായ യാസ്സിൻ ഡയഫിന്റെ 10 മക്കളിൽ ആറുപേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഗര്‍ഭനിരോധോപാധി ഉപയോഗിച്ചിട്ടുള്ള അവർ ഭാവിയിലും ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കയാണ്. 

“ഇത് തന്നെ ധാരാളമാണ്, ദൈവത്തിനു നന്ദി. അവൻ തന്നെയാണ് എന്നോട് നിർത്താൻ പറഞ്ഞതും. ഇസ്ലാമിലിത് നിരോധിക്കപ്പെട്ടതായിരിക്കാം, പക്ഷെ പൂച്ച പെറുന്നതുപോലെ പ്രസവിച്ചു ഞങ്ങൾക്ക് മതിയായിരിക്കുന്നു, ഇനി ഞങ്ങൾ വിശ്രമിക്കട്ടെ”. തന്റെ മുലകുടി മാറാത്ത- നാലുമാസം പ്രായമുള്ള കുട്ടിയോട് കൊഞ്ചിക്കൊണ്ട് ഡയഫ് പറഞ്ഞു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍